Connect with us

Views

രാഷ്ട്രീയത്തില്‍ നിന്ന് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നവിധം

Published

on

നിസ്സിം മണ്ണത്തൂക്കാരന്‍

ഒരു ജനാധിപത്യത്തിലെ ഭൂരിപക്ഷം എപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നടത്താന്‍ കെല്‍പ്പുള്ളവയായിരിക്കും.– എഡ്മണ്ട് ബര്‍ക്ക്

അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാക്കിസ്താന്‍ ആഗ്രഹിക്കുന്നതായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു. ‘ഉത്കണ്ഠാജനകമായ കാര്യ’മാണിത്. അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയായാല്‍ ഭീഷണിയാകുന്നതെന്താണെന്നതാണ് നിര്‍ണായക ചോദ്യം. എല്ലാറ്റിലുമുപരി, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ള ഒരു ഇന്ത്യന്‍ പൗരനാണ് അദ്ദേഹം. ഇവിടെ ഞെട്ടിപ്പിക്കുന്ന കാര്യം, അദ്ദേഹമൊരു ഇന്ത്യന്‍ മുസ്‌ലിമാണെന്നതാണ്. കാരണം അദ്ദേഹത്തിന്റെ മതം പാക്കിസ്താന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചതാണെന്ന ധാരണ സ്വയമേവ തിരിച്ചറിയപ്പെടുന്നു. 2014 മുതല്‍ ഏറെ വ്യവസ്ഥാപിതമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിം പൗരന്മാരുടെ രാഷ്ട്രീയ തിരോധാനം അല്ലെങ്കില്‍ അദൃശ്യവത്കരണവും അതുമൂലം വലിയൊരു ന്യൂനപക്ഷത്തിനു നിഷേധിക്കപ്പെടുന്ന രാഷ്ട്രീയ ഇടങ്ങളുമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ ഏറ്റവും അപകടകരമായ യാഥാര്‍ഥ്യങ്ങളിലൊന്ന്. ഹിന്ദു ഭൂരിപക്ഷവാദത്തിന്റെയും മുസ്‌ലിം അപരവത്കണത്തിന്റെയും സര്‍വ വ്യാപിയായ ഹിന്ദുത്വ പദ്ധതിയുടെ അന്തഃസത്ത ഇതാണെന്ന് പറയേണ്ടിവരും.

മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും നേരെ നടക്കുന്ന പൈശാചികമായ ശാരീരിക അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വിദേശ മാധ്യമങ്ങളില്‍ നിന്നുവരെ ശക്തമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. (2014 മേയ് മുതലുള്ള കാലയളവില്‍ അപൂര്‍വമായ രീതിയില്‍ മോദി സര്‍ക്കാരിന്റെ മതതീവ്രവാദവും, അസഹിഷ്ണുതയും, സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും സംബന്ധിച്ച് 16 മുഖപ്രസംഗങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്). എന്നാല്‍, മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം മെല്ലെ ഒഴിവാക്കിക്കൊണ്ടുവരുന്നത് അത്രക്ക് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. തീര്‍ത്തും ‘നിയമവിധേയ’വും ‘ജനാധിപത്യപര’വുമായ മാര്‍ഗങ്ങളിലൂടെ നടക്കുന്ന ഈ ‘രാഷ്ട്രീയ ഉന്മൂലനം’ പ്രത്യക്ഷമായ അക്രമങ്ങള്‍ പോലെ എതിര്‍ക്കപ്പെടില്ലല്ലോ. എല്ലാറ്റിലുമുപരി, ഭൂരിപക്ഷത്തിന്റെ ഹിതം നടപ്പിലാക്കലല്ലേ ജനാധിപത്യത്തിന്റെ വിവക്ഷ തന്നെയെന്നു ആളുകള്‍ ചോദിച്ചേക്കാവുന്നതാണ്. ഹിന്ദുത്വയുടെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം മുസ്‌ലിം പ്രാതിനിധ്യം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിനുള്ള ഉത്തരം. 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടോക്യവല്ലി പറഞ്ഞ ‘ഭൂരിപക്ഷത്തിന്റെ കിരാതവാഴ്ച’ ഇതല്ലാതെ മറ്റെന്താണ്? ഈ ഏകാധിപത്യ വാഴ്ചയുടെ ഭീതിതമായ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഇന്ത്യ കണ്ടത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഭീതിതമായ അതിര്‍ത്തിക്കല്ലായിരുന്നു. ആദ്യമായാണ് ഒരൊറ്റ മുസ്‌ലിം എം.പി പോലും ഇല്ലാതെ ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നത്. ബി.ജെ.പിയുടെ ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മൊത്തം 482 പേരില്‍ വെറും ഏഴ് മുസ്‌ലിംകളാണ് (അതില്‍ അഞ്ച് പേര്‍ ജമ്മുകശ്മീരില്‍ നിന്നും ഒരാള്‍ ബംഗാളിലും) ഇടം നേടിയിരുന്നത്. 1957 നു ശേഷം ഏറ്റവും താഴ്ന്ന മുസ്‌ലിം പ്രാതിനിധ്യമുള്ള (നാല് ശതമാനം) പാര്‍ലമെന്റാണ് ഇപ്പോഴുള്ളത്.

ഉത്തര്‍പ്രദേശില്‍ ജനസംഖ്യയുടെ 19.2 ശതമാനം (4.3 കോടി) മുസ്‌ലിംകളാണ്. അത് ഏതാണ്ട് അര്‍ജന്റീനയുടെ മൊത്തം ജനസംഖ്യക്കൊപ്പം വരും. എങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിപോലും ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. ഒറ്റയടിക്ക് യു.പി നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം 17.1 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി കൂപ്പുകുത്തി. ജനസംഖ്യയുടെ 34.2 ശതമാനം മുസ്‌ലിം സാന്നിധ്യമുള്ള അസ്സമില്‍ ബി.ജെ.പിക്കുള്ള 61 എം.എല്‍.എമാരില്‍ ഒരാള്‍ മാത്രമാണ് മുസ്‌ലിം. 16.9 ശതമാനവും 14.5 ശതമാനവും 11.54 ശതമാനവും ജനസംഖ്യാ പ്രാതിനിധ്യമുള്ള ബീഹാറിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഒരൊറ്റ മുസ്‌ലിം നിയമസഭാസാമാജികനില്ല. മഹാരാഷ്ട്രയില്‍ 122 പേരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്തു.

2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായി വന്നതിനു ശേഷം ഇതുവരെ ഗുജറാത്തില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിച്ചിട്ടില്ല. 1980 ല്‍ ഗുജറാത്ത് നിയമസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം 6.6 ശതമാനമായിരുന്നു. അന്ന് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 9.67 ശതമാനവും. ഈ രാഷ്ട്രീയ ഉന്മൂലനത്തിലൂടെ മുസ്‌ലിം പ്രാതിനിധ്യം 1.6 ശതമാനമായി. ഇനി പറയാന്‍ പോകുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ 1418 ബി.ജെ.പി എം.എല്‍.എമാരുള്ളതില്‍ ആകെ നാല് പേരാണ് മുസ്‌ലിംകള്‍. 14.2 ശതമാനം ജനങ്ങള്‍ മുസ്‌ലിംകളായ ഇവിടെ അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം 0.28 ശതമാനം മാത്രമാണ്. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 300 എം.എല്‍.എമാരുണ്ട്; മൊത്തം എം. എല്‍.എമാരുടെ 13 ശതമാനമാണിത്.

രാഷ്ട്രീയത്തില്‍ മാത്രമല്ല, സൈന്യത്തിലും സിവില്‍ സര്‍വീസിലും ജുഡീഷ്യറിയിലുമുള്ള മുസ്‌ലിം അംഗസംഖ്യ നോക്കിയാല്‍ മതി ‘മുസ്‌ലിം സമുദായ പ്രീണനം’ എന്ന ബി.ജെ.പിയുടെ വാദത്തിന്റെ മുനയൊടിയാന്‍. കോണ്‍ഗ്രസ് സമ്പൂര്‍ണമായി ഭരിച്ചിരുന്ന 1952-1977 കാലത്ത് രണ്ട് ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലായിരുന്നു പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം. ഏറ്റവും കൂടിയ മുസ്‌ലിം പ്രാതിനിധ്യം 1980 ല്‍ ആയിരുന്നു. അന്ന് പത്ത് ശതമാനമായിരുന്നു. 1951 മുതല്‍ 1977 വരെയുള്ള കാലഘട്ടത്തില്‍ ഉത്തര്‍ പ്രദേശ് നിയമസഭയിലെ മുസ്‌ലിം സാന്നിധ്യം അക്കാലത്തെ ജനസംഖ്യ അനുപാതത്തില്‍ ഏറെ താഴെ ആയിരുന്നു (5.9-9.5 ശതമാനം). 2012ലാണ് ഇത് 17 ശതമാനം ആയെങ്കിലും അപ്പോഴും ജനസംഖ്യയുമായുള്ള അനുപാതത്തില്‍ കുറവായിരുന്നു. ബീഹാറില്‍ കോണ്‍ഗ്രസും ജനതാദളും ആര്‍.ജെ.ഡിയും അടക്കമുള്ള കക്ഷികള്‍ മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. അവിടെ പോലും 1985 ല്‍ ഉണ്ടായ 10.46 ശതമാനം ആണ് ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം. അവിടത്തെ മുസ്‌ലിം ജനസംഖ്യ 16.9 ശതമാനമാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.

അതുകൊണ്ട് തന്നെ മുസ്‌ലിം അംഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് കാലങ്ങളായി ഭൂരിപക്ഷ സമുദായങ്ങള്‍ അനുഭവിച്ചിരുന്ന വിവേചനം അവസാനിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തത് എന്ന ചിന്ത അബദ്ധജടിലമാണ്. ‘വിജയസാധ്യതയുള്ള മുസ്‌ലിം സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാലാണ് ബി.ജെ.പി അവരെ മത്സരിപ്പിക്കാത്തത് എന്ന വാദവും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കല്‍ തന്നെ. യു.പി തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വന്‍തോതില്‍ വോട്ട് ചെയ്ത മുസ്‌ലിം സ്ത്രീകളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബി. ജെ.പി പ്രവര്‍ത്തിക്കുന്നത് എന്നതും അയഥാര്‍ത്ഥമാണ്. (ബിജെപിക്ക് മുസ്‌ലിം സമുദായത്തിലെ സ്ത്രീകളോട് പ്രതിപത്തിയുണ്ടെങ്കില്‍, എന്തുകൊണ്ട് അവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുന്നില്ല എന്ന് ചോദിക്കേണ്ടി വരുന്നു.)

ജനാധിപത്യത്തെ വിശാലമാക്കുന്നതിന് ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സമൂഹത്തില്‍ ഏകശിലാത്മക ഭൂരിപക്ഷങ്ങളോ ന്യൂനപക്ഷങ്ങളോ ഇല്ലെന്ന് തിരിച്ചറിയുക എന്നതാണ് ഇതിന്റെ ആദ്യപടി. ഹിന്ദുത്വയുടെ നിലനില്‍പ്പ് തന്നെ ജാതിവര്‍ഗ അസമത്വങ്ങളുടെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് അവയില്‍ തന്നെ അധിഷ്ഠിതമായ ഏകമാനമായ ഹിന്ദു സമൂഹം നിര്‍മിക്കുക എന്നതാണ്. ഉനയിലും ഭീമ കൊറെഗാവിലും നടന്ന സംഭവങ്ങള്‍ തുറന്നുകാട്ടുന്നത് ആ അജണ്ട തന്നെയാണ്. മുസ്‌ലിംകളോടുള്ള സമീപനത്തില്‍ നിന്നും വ്യത്യസ്തമായി ദലിതരോട് ചില കൃത്രിമ ഐക്യപ്പെടലുകള്‍ അവര്‍ നടത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം. മുസ്‌ലിം സമുദായവും ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ ആഴത്തില്‍ വേര്‍തിരിഞ്ഞതാണെന്നതാണ് സത്യം. ഈ സമുദായത്തിലെ മുന്നോക്ക വിഭാഗക്കാരായ അഷ്‌റഫികള്‍ സമുദായത്തിന്റെ 15-20 ശതമാനം വരും. പസ്മന്ദ പോലെയുള്ള പിന്നാക്ക-ദലിത് മുസ്‌ലിം വിഭാഗങ്ങളെ പിന്തള്ളിക്കൊണ്ട് ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ചെറിയ ചില ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ഇവരാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ യു.പിയില്‍ നിയമസഭയില്‍ എത്തിയ മുസ്‌ലിംകളില്‍ 70 ശതമാനം അഷ്‌റഫികള്‍ ആയിരുന്നു എന്ന് ഗില്‍സ് വേര്‍നിയേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ രാജ്യത്തെ 29 ല്‍ 19 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് പേരിനെങ്കിലും മുസ്‌ലിം പ്രാതിനിധ്യമുള്ളത്. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം മാറ്റി ‘മുസ്‌ലിം മുക്ത ഭാരതം’ എന്നാക്കേണ്ട രീതിയിലേക്കാണ് അവരുടെ പോക്ക്. മതത്തിന്റെയും ജാതിയുടെയും ഇരട്ട അടിച്ചമര്‍ത്തല്‍ നേരിടുന്ന പസ്മന്ദ വിഭാഗക്കാര്‍ ആണ് ഇതിന്റെ ദോഷഫലങ്ങള്‍ എറ്റവും കൂടുതല്‍ അനുഭവിക്കുക. രാജ്യത്തിന്റെ സാമ്പത്തിക സാംസ്‌കാരിക ജീവിതത്തിലെ അരികുകളിലാണ് അവരിപ്പോഴും ജീവിക്കുന്നത്.
രാഷ്ട്രീയപരമായി ന്യൂനപക്ഷങ്ങളെ അദൃശ്യരും അസ്പ്രശ്യരും ആക്കാന്‍ തുനിയുന്ന ഏതൊരു ജനാധിപത്യവും സ്വയം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ഒരു ജനാധിപത്യത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ തമ്മില്‍ വൈരം ഉണ്ടാക്കുമ്പോള്‍ അത് യഥാര്‍ത്ഥ ജനാധിപത്യം അല്ലാതായിത്തീരുന്നു.

(കാനഡ ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് വിഭാഗം തലവനാണ് ലേഖകന്‍. കടപ്പാട്: indianexpress.com)

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

Trending