കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തേണ്ട

മതേതര കക്ഷികള്‍ക്ക് നേരിടേണ്ടിവന്ന കനത്ത തോല്‍വിക്ക് കാരണമായി പലരും ഇപ്പോള്‍ കോണ്‍ഗ്രസിനെ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാത്തതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയാണ്. അത്തരത്തിലൊരു നരേറ്റീവ് സൃഷ്ടിച്ചെടുക്കുന്നത് പലരുടേയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാണെന്ന് കാണാതിരിക്കുന്നില്ല. എന്നാല്‍ അതിന് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പരമാവധി സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസ് മതേതര പാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ വേണ്ടിത്തന്നെയാണ് പരിശ്രമിച്ചിട്ടുള്ളത്. കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാര്‍ എന്നിവയൊക്കെ അതിന് ഉദാഹരണമാണ്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സഖ്യത്തിന് പറ്റിയ ശക്തിയുള്ള പ്രാദേശിക കക്ഷികള്‍ ഉണ്ടായിരുന്നതുമില്ല. സഖ്യം യാഥാര്‍ത്ഥ്യമാവാതെപോയ പ്രധാന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും ബംഗാളുമാണ്, പിന്നെ ഡല്‍ഹിയും. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വിഘാതമായത് അവിടങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുടെ കടുംപിടുത്തങ്ങളും ദുരഭിമാനവും അവരില്‍ പലരുടേയും പ്രധാനമന്ത്രിപദ മോഹവുമായിരുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനെ അവഹേളിച്ചും മൂലക്കിരുത്തിയും സഖ്യമുണ്ടാക്കാന്‍ നോക്കിയാല്‍ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസിന് മാത്രമായി കഴിയില്ല.
ഡല്‍ഹിയില്‍ ആകെയുള്ള 7 സീറ്റുകളില്‍ 4 എണ്ണം ആം ആദ്മി പാര്‍ട്ടിക്ക് നല്‍കി ബാക്കി മൂന്നെണ്ണത്തില്‍ മാത്രം കോണ്‍ഗ്രസ് മത്സരിക്കാമെന്ന വാഗ്ദാനമാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചത്. എന്നാല്‍ കേജ്രിവാള്‍ അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഹരിയാനയില്‍ക്കൂടി സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചതിനാലാണ് സഖ്യം യാഥാര്‍ത്ഥ്യമാവാതെപോയത്. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ ഡല്‍ഹിയിലെ 5 മണ്ഡലങ്ങളിലും കോണ്‍ഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത് വന്നത് എന്ന് കാണാവുന്നതാണ്. ആപ് കാര്യമായ മത്സരമുയര്‍ത്തിയത് രണ്ട് സീറ്റില്‍ മാത്രമാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 22.5 ഉം ആപിന്റേത് 18.1 ഉം ആണ്. ഹരിയാനയിലാവട്ടെ, വെറും 0.36 ശതമാനം വോട്ട് മാത്രമാണ് ആപിന് നേടാനായത്.
ഉത്തര്‍പ്രദേശിലും സ്ഥിതി ഏതാണ്ട് ഇതുതന്നെയായിരുന്നു. 80 ല്‍ രണ്ട് സീറ്റ് മാത്രമായിരുന്നു എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിന് വെച്ചുനീട്ടിയത്. ബി.എസ്.പിക്ക് 19.3 ശതമാനവും എസ്.പിക്ക് 18 ശതമാനവും വോട്ട് ലഭിച്ച സംസ്ഥാനത്ത് കോണ്‍ഗ്രസിന് 6.31 ശതമാനം വോട്ട് ലഭിക്കുന്നുണ്ട്. ആ നിലക്ക് പത്ത് സീറ്റെങ്കിലും കോണ്‍ഗ്രസിന് നീക്കിവെക്കാന്‍ എസ്.പി, ബി.എസ്.പി തയ്യാറായിരുന്നുവെങ്കില്‍ സഖ്യം യാഥാര്‍ത്ഥ്യമാവുമായിരുന്നു. ജയിച്ച സീറ്റിന് പുറമേ മൂന്ന് സീറ്റില്‍ രണ്ടാം സ്ഥാനത്തെത്തിയതും കോണ്‍ഗ്രസാണെന്ന് കാണേണ്ടതുണ്ട്.
എന്നാല്‍ ബംഗാളില്‍ മറ്റ് എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നാലും മമതാബാനര്‍ജിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കണമായിരുന്നു എന്നതാണ് എന്റെ അഭിപ്രായം. സി.പി.എമ്മിന്റെ അണികളും നേതാക്കളും ഒരുപോലെ ബി.ജെ.പി കൂടാരത്തിലേക്കൊഴുകിയെത്തിയ ആ സംസ്ഥാനത്ത് കോണ്‍ഗ്രസ് തൃണമൂല്‍ സഖ്യം ഉണ്ടായിരുന്നുവെങ്കില്‍ പത്ത് സീറ്റിലെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു. ഓരോ സംസ്ഥാനത്തേയും സാഹചര്യം വിലയിരുത്തി യുക്തിസഹമായ സഖ്യങ്ങള്‍ ഉണ്ടാക്കുക എന്നത് തന്നെയാണ് മതേതര കക്ഷികള്‍ക്ക് മുന്നോട്ടുള്ള വഴി. എന്നാല്‍ അത് മുഴുവന്‍ കോണ്‍ഗ്രസിന്റെ ബാധ്യതയാണെന്ന് കരുതി സ്വന്തം കോട്ടകള്‍ സംരക്ഷിക്കുന്നതിനപ്പുറം വിശാലമായ ദേശീയ താല്‍പര്യവും പ്രകടിപ്പിക്കാത്തവരായി പ്രാദേശിക കക്ഷികള്‍ തുടരുന്നിടത്തോളം ആ വഴി അതീവ ദുഷ്‌ക്കരമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.


വി.ടി ബല്‍റാം
SHARE