കുട്ടികളുടെ കൂട്ടുകാരാവാം

പി. ഇസ്മയില്‍ വയനാട്

ശാസ്ത്രലോകത്ത് അത്ഭുതങ്ങള്‍ തീര്‍ത്ത തോമസ് ആല്‍വാഎഡിസണ് കുറഞ്ഞ മാസങ്ങള്‍ മാത്രമാണ് സ്‌കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത്. ചെറുപ്രായത്തില്‍ ഉണ്ടായ ഇന്‍ഫക്ഷന്‍ കാരണം കേള്‍വി കുറവ് അദ്ദേഹം നേരിട്ടിരുന്നു. ഒരു ദിവസം എഡിസണ്‍ വീട്ടിലെത്തിയത് സ്‌കൂളില്‍നിന്നു കൊടുത്തയച്ച കത്തുമായായിരുന്നു. എഡിസണ്‍ അമ്മയോട് പറത്തു. ഈ കത്ത് അമ്മയുടെ കയ്യില്‍ തന്നെ എല്‍പിക്കണമെന്ന് ടീച്ചര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. പൊട്ടിക്കരഞ്ഞു അമ്മ അവന് കേള്‍ക്കാനായി കത്ത് ഉറക്കെ വായിച്ചു. നിങ്ങളുടെ മകന്‍ ഒരു പ്രതിഭയാണ്. ഈ സ്‌കൂള്‍ അവനെ പഠിപ്പിക്കാന്‍ പര്യാപ്തമല്ല. അവനെ പരിശീലിപ്പിക്കാന്‍ പറ്റിയ നല്ല അധ്യാപകരും ഇവിടെയില്ല. ദയവായി നിങ്ങള്‍തന്നെ അവനെ പഠിപ്പിക്കുക. പിന്നീട് അവന്റെ അമ്മ അധ്യാപികയും വീട് വിദ്യാലയവും സര്‍വകലാശാലയുമായി മാറി. എഡിസണ്‍ വളര്‍ന്നു. ഇലക്ട്രിക് ബള്‍ബ്, ഫോണോ ഗ്രാഫ്, മോഷന്‍ പിക്ചര്‍ ക്യാമറ അങ്ങിനെ നിരവധി കണ്ടുപിടുത്തങ്ങള്‍ അദ്ദേഹം നടത്തി. 1093 പേറ്റന്റിന്റെ ഉടമസ്ഥനായി മാറി. അമേരിക്കയിലെ വ്യവസായ പ്രമുഖരിലൊരാളായി മാറാനും സാധിച്ചു. ഒരിക്കല്‍ വീട്ടിലെ പഴയ സാധനങ്ങളുടെ തിരച്ചലിനിടയില്‍ ഒരു കടലാസ് ശ്രദ്ധയില്‍പെട്ടു. അത് ആ പഴയ കത്തായിരുന്നു. നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത കുട്ടിയാണ്. ഇനി മുതല്‍ അവന്‍ സ്‌കൂളില്‍ വരേണ്ടതില്ല. കത്ത് വായിച്ച എഡിസണ്‍ മണിക്കൂറുകളോളം കരഞ്ഞു. തന്റെ ഡയറിയില്‍ എഴുതി. ഹീറോ ആയ ഒരമ്മ കാരണം നൂറ്റാണ്ടിന്റെ ജീനിയസായ ബുദ്ധിയില്ലാത്ത കുട്ടിയാണ് തോമസ് ആല്‍വാ എഡിസണ്‍.
മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കുട്ടികള്‍ അനാഥത്വം പേറുന്ന അവസ്ഥയാണ് ഇന്ന് പല വീടുകളിലുമുള്ളത്. മക്കള്‍ക്ക്‌വേണ്ടി മികച്ച ബ്രാന്‍ഡഡ് കമ്പനികളുടെ വസ്ത്രവും ഷൂസും വാച്ചും കളി പാട്ടങ്ങളുംവാങ്ങി കൊടുക്കാനും ഇഷ്ടം പോലെ പോക്കറ്റ് മണി കൈമാറാനും അച്ഛനമ്മമാര്‍ മത്സരിക്കാറുണ്ട്. അത്തരം കാര്യങ്ങള്‍ തരപ്പെടുത്താനുള്ള രക്ഷിതാക്കളുടെ ഓട്ട പാച്ചിലിനിടയില്‍ കുട്ടികളെ തലോടാനോ ചുംബിക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്നു കേള്‍ക്കാനോ സ്വപ്‌നങ്ങളെ കുറിച്ച് അറിയാനോ പലരും മറക്കുകയാണ്. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടെലിവിഷന്‍, ഐഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് കിട്ടുന്ന പരിഗണനപോലും പല വീടുകളിലും കുട്ടികള്‍ക്കു കിട്ടാറില്ല. മക്കളോടൊപ്പം ചിലവഴിക്കേണ്ട ക്വാളിറ്റി ടൈം വാട്‌സപ്പ്, ഫെയ്‌സ്ബുക്ക്തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്ക് മുന്നില്‍ രക്ഷിതാക്കള്‍ ചിലവഴിക്കുമ്പോള്‍ വീടുകള്‍ കുട്ടികള്‍ക്ക്് തടവറകളായി മാറുന്നു. അങ്ങിനെയുള്ള ഭവനങ്ങളിലെ കൗമാരക്കാരാണ് ആത്മഹത്യയുടെയും വീടുവിട്ടിറങ്ങലിന്റെയും വഴികളില്‍ എത്തിപ്പെടാറ്. മക്കള്‍ക്ക് കളിക്കളവും കല്യാണ വീടുകളിലെ കൂട്ടായ്മകളും മരണവീടുകളിലെ ഒത്തുചേരലുകളും നിഷേധിക്കുന്ന പ്രവണതയും അധികരിക്കുകയാണ്. ബന്ധുജനങ്ങളോട് അടുപ്പം പുലര്‍ത്തുന്നതും അയല്‍പക്ക ബന്ധം സ്ഥാപിക്കുന്നതും നിരുത്സാഹപ്പെടുത്തുന്ന അച്ഛനമ്മമാരെയും കാണാന്‍ സാധിക്കും. പ്രാരാബ്ധങ്ങളും പ്രയാസങ്ങളും കളിയും ചിരിയും മഴയും വെയിലുമെല്ലാം അറിഞ്ഞ് വളരാന്‍ അവസരമില്ലങ്കില്‍ ജീവിതത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ കുട്ടികള്‍ ക്ക് കാലിടറും.
മതഭക്തിയില്‍ ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ മദ്യവും മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരായി തീരാറുണ്ട്. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ മോഷ്ടാക്കളായി മാറാറുണ്ട്. വഴക്കാളികളായ മാതാപിതാക്കള്‍ക്കിടയില്‍ വളര്‍ന്നിട്ടും ചില കുട്ടികളെ ശാന്തരായി കാണാറുണ്ട്. കുട്ടികളുടെ ചില കൂട്ടുകെട്ടുകളാണ് അവരെ നേര്‍വഴിയിലെത്തിക്കുന്നതും വഴിതെറ്റിക്കാറുള്ളതും. ലോകത്ത് ഒരാള്‍ക്കും മാതാപിതാക്കളെയോ സഹോദരങ്ങളെയോ തെരഞ്ഞെടുക്കാന്‍ കഴിയില്ല. ജീവിതത്തില്‍ ഒരു വ്യക്തിക്ക് സുഹൃത്തിനെ മാത്രമാണ് തെരഞ്ഞെടുക്കാന്‍ കഴിയുന്നത്. പല വിഷയങ്ങളിലും മാതാപിതാക്കളേക്കാളും സ്വാധീനം കൂട്ടുകാര്‍ക്ക് സൃഷ്ടിക്കാന്‍ പറ്റും. ഒരേ പ്രായവും കൂടുതല്‍ സമയങ്ങളിലെ സഹവാസവുമാണ് അതിന്റെ നിദാനം. വധുവരന്‍മാരെ കണ്ടെത്തുന്നതിലും ജീവസന്ധാരണ മാര്‍ഗങ്ങളുടെ തെരഞ്ഞെടുപ്പിലുമെല്ലാം സൗഹൃദത്തിന്റെ നിഴലാട്ടങ്ങള്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ ആരാണെന്ന് നിങ്ങള്‍ എന്നോട് പറയണം. നിങ്ങള്‍ ആരാണെന്ന് ഞാന്‍ പറയാമെന്ന സ്പാനിഷ് ചിന്തകന്‍ സാര്‍ വെന്റസിന്റെ വാക്കുകള്‍ ഓരോ വീടുകളിലും കുട്ടികളും രക്ഷിതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാവണം. സ്വന്തം കുട്ടികളെ കുറിച്ച് മാത്രമല്ല അവന്റെ കൂട്ടുകാരെകുറിച്ചും കൂട്ടുകാരുടെ വീട്ടുകാരെകുറിച്ചം അന്വേഷിക്കുന്ന കൂട്ടുകാരായി മാറാനും രക്ഷിതാക്കള്‍ക്ക് കഴിയണം.

SHARE