അമ്പുകൊള്ളാത്തവരുണ്ടോ ഗുരുക്കളില്‍

പ്രൊഫ. പി.കെ.കെ. തങ്ങള്‍

‘അപകടത്തിന് നിയമങ്ങളില്ല’ – ഈ പഴഞ്ചൊല്ലില്‍ പതിരില്ല എന്നത് പരമസത്യം. എന്നാല്‍ ഇന്ന് നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന അപകടങ്ങളോ? അവയില്‍ ബഹുഭൂരിഭാഗവും യഥാര്‍ത്ഥ അപകടങ്ങളല്ല; മറിച്ച് മനുഷ്യന്റെ പൂര്‍ണ്ണമായ അശ്രദ്ധയും ധാര്‍ഷ്ട്യവും വഴി ഉണ്ടാക്കുന്ന അത്യാഹിതങ്ങളാണ് -മനുഷ്യനിര്‍മ്മിത അത്യാഹിതങ്ങള്‍ (ങമി ാമറല ല്‌ലിൗേമഹശശേല)െ. അങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ അതിനുള്ള ന്യായീകരണങ്ങള്‍ കണ്ടുപിടിക്കുക എന്നതാണ് അധികമായും നാം കണ്ടുകൊണ്ടിരിക്കുന്നത്.
മറ്റെല്ലാ പ്രതിഭാസങ്ങളെയും പോലെ അപകടവും എപ്പോഴും സാദ്ധ്യതയുള്ള ഒന്നാണ്. ഭൂകമ്പം, പ്രളയം, ഇടിമിന്നല്‍ എന്നിവയൊന്നും അപകടങ്ങളല്ല, മറിച്ച് നിലനില്‍ക്കുന്ന പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്. എപ്പോള്‍ എവിടെ എങ്ങിനെ സംഭവിക്കുമെന്നതിനെപ്പറ്റി മനുഷ്യന് മുന്നറിവ് അസാദ്ധ്യമായ കാര്യങ്ങളാണ്. അവയെല്ലാം മനുഷ്യനിയന്ത്രണത്തിന് അതീതവുമാണ്. എങ്കിലും അവയില്‍ നിന്നെല്ലാമുള്ള വിപല്‍ സാദ്ധ്യതകള്‍ മനസ്സിലാക്കി സാധിക്കുന്ന മുന്‍കരുതലുകളുമായി കഴിഞ്ഞുകൂടുക മാത്രമേ മനുഷ്യസാദ്ധ്യമായിട്ടുള്ളൂ. അങ്ങിനെ സാദ്ധ്യമായ മുന്‍കരുതലുകളുമായി കഴിഞ്ഞു കൂടുമ്പോഴും ചിലപ്പോള്‍ ഇവയിലേതെങ്കിലും വന്നുഭവിച്ചാല്‍ അതിനെ വിധി എന്നു പറഞ്ഞു നമ്മള്‍ സമാശ്വസിക്കും; അത് ന്യായവുമാണ്. ഇങ്ങിനെയാണെങ്കിലും സാദ്ധ്യമായത് ചെയ്യാതിരുന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ കുറ്റക്കാരാവുകയും ചെയ്യും- കാരണം, ആധുനിക നാഗരിക കാലഘട്ടത്തില്‍ ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാനാവശ്യമായ സാങ്കേതിക പരിജ്ഞാനവും പ്രായോഗികമാര്‍ഗങ്ങളും ഭരണകൂടത്തിന്റെ സമക്ഷം ലഭ്യമാണ് എന്നതു തന്നെ. മനുഷ്യനില്‍ ബുദ്ധിയും, അറിവും, ആലോചനാശക്തിയും, കായികശേഷിയും, സൃഷ്ടിപരമായ ഭാവനയും ഒപ്പം അധികാരവുമെല്ലാമുള്ളവനാണല്ലോ -വിശേഷിച്ചും ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്നവര്‍. അപ്പോള്‍ അവന്റെ ഫലപ്രദമായ ഇടപെടല്‍ ഇത്തരം ദുര്‍ഘടഘട്ടങ്ങളില്‍ ദുരിതനിവാരണത്തില്‍ നിര്‍ണ്ണായകമാണ് -അതില്ലാതെ വന്നാല്‍ കുറ്റകരവുമാണ്.
നാമെല്ലാവരെയും ഇപ്പോള്‍ ചിന്താധീനരാക്കുന്നതും വികാരപരവശരാക്കുന്നതും ഇക്കഴിഞ്ഞ ദിവസം അതിദാരുണമാംവിധം നമ്മെ വിട്ടുപിരിഞ്ഞ നിഷ്‌കളങ്കയും, മുതിര്‍ന്നവരുടെ മുഷ്‌ക്കും ജാഢയും ഒന്നും അറിഞ്ഞുകൂടാത്ത, ഗുരുവിനെ ദൈവതുല്യമായി കണക്കാക്കുന്ന, കുരുന്നു പ്രായക്കാരി ഷഹ്‌ല ഷെറിന്‍ എന്ന കൊച്ചു ബാലികയുടെ അതിദാരുണമായ അന്ത്യമാണ്. ആ ഹതഭാഗ്യയുടെ അതേ പ്രായക്കാരികളായ കൂട്ടുകാരികള്‍ വിളിച്ചു പറയുന്നതു നാമെല്ലാവരും കണ്ടതും കേട്ടതുമല്ലേ.. ‘മാളത്തില്‍ നിന്നു കടിയേറ്റെന്ന വിവരം- എന്നിട്ടാരും അത് ഗൗരവമായെടുത്തില്ല എന്നൊക്കെ..?’ സത്യത്തില്‍ കൊന്നതല്ലേ ആ പൊന്നുമോളെ? ആരാണുത്തരവാദികള്‍? സ്‌കൂള്‍ മാനേജ്‌മെന്റും അദ്ധ്യാപകരുമല്ലേ..? നമ്മുടെ ഭാരതീയ തത്വശാസ്ത്രമനുസരിച്ച് ദൈവത്തെക്കാള്‍ മുന്നെയുള്ള പദവി അലങ്കരിക്കുന്നവരല്ലേ അദ്ധ്യാപകര്‍? മാതാ പിതാ ഗുരു ദൈവം എന്നല്ലേ നാം കേട്ടിട്ടുള്ളത്? അസ്ത്രവിദ്യ മുഴുവന്‍ പഠിച്ചുകഴിഞ്ഞപ്പോള്‍, ഗുരുവായ ദ്രോണാചാര്യര്‍ക്ക്, അസ്ത്രവിദ്യയുടെ താക്കോലായ വലതു തള്ളവിരല്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഏകലവ്യന്‍ എന്ന ശിഷ്യന്റെ മാതൃക നമ്മുടെ സംസ്‌കൃതിയുടെ പാരമ്പര്യമായി നാം അഭിമാനിക്കാറില്ലേ? എന്നിട്ടെവിടെ അത്തരം ആദരണീയ ഗുരുക്കന്‍മാര്‍ ഏതു കാലഘട്ടത്തിലും വിദ്യാര്‍ത്ഥി സമൂഹവും രക്ഷിതാക്കളും അദ്ധ്യാപകര്‍ക്ക് നല്‍കിപ്പോരുന്ന സ്ഥാനം വളരെ വലുതാണ്. കുറെ മൂല്യശോഷണങ്ങളൊക്കെ കടന്നുകൂടുന്നുണ്ടെങ്കിലും പൊതുനിലപാട് ഇപ്പോഴും അങ്ങനെത്തന്നെയാണ്. ആനക്ക് ആനയുടെ വലിപ്പം അറിഞ്ഞുകൂടാ എന്നു പറയുന്നതുപോലെ ആയിപ്പോകുന്നുണ്ടോ ആധുനിക അദ്ധ്യാപകര്‍- എങ്കില്‍ അത് സങ്കടകരമാണ്. കൊച്ചുകുരുന്നുകള്‍ അവരുടെ ഗുരുനാഥന്മാര്‍ക്ക് നല്‍കുന്ന സ്ഥാനം, അവര്‍ സ്വന്തം മാതാപിതാക്കള്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ വലുതാണെന്ന വസ്തുത അദ്ധ്യാപകര്‍ തിരിച്ചറിയേണ്ടതല്ലേ? നോട്ടുപുസ്തകത്തിലെ തെറ്റ് വീട്ടില്‍വെച്ച് അച്ഛനോ അമ്മയോ കണ്ടെത്തിയാല്‍ അത് തിരുത്താന്‍ മാതാപിതാക്കളെ കുട്ടി അനുവദിക്കാറില്ല. അവര്‍ പറയുക ‘നിങ്ങള്‍ തിരുത്തേണ്ട, അത് ടീച്ചര്‍ ശരിയിട്ടതാണ്, അതുകൊണ്ട് അതു തന്നെയാണ് ശരി’ എന്നാണ്. യഥാര്‍ത്ഥത്തില്‍ പരിശോധനക്കിടയില്‍ അദ്ധ്യാപകന് നോട്ടപ്പിശക് പറ്റിയതാണെങ്കില്‍പോലും കുട്ടിയുടെ ദൃഷ്ടിയില്‍ അദ്ധ്യാപകന്‍ തന്നെയാണ് ശരി -അത്രയും ആരാധനയാണ് കുട്ടികള്‍ക്ക് അദ്ധ്യാപകരെ. അത്തരം അദ്ധ്യാപകര്‍ കുട്ടികള്‍ക്കെന്തു തിരിച്ചു നല്‍കുന്നു. ചിന്തിക്കേണ്ടതല്ലേ…?
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച അതിപ്രഗത്ഭനായ വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ്‌കോയ അദ്ധ്യാപകരെക്കുറിച്ച് അവരുടെ തന്നെ പൊതുപരിപാടിയില്‍ ഫലിതം പറഞ്ഞിരുന്നു, അതായത്- ‘അദ്ധ്യാപകര്‍ ക്ലോക്ക് നോക്കികളും കലണ്ടര്‍ നോക്കികളുമാണെന്ന്.’ ഇതു കേട്ടപ്പോള്‍ അമ്പുകൊണ്ടവര്‍ കരഞ്ഞു- അല്ലാത്തവര്‍ മന്ദഹസിച്ചു. ഇപ്പറഞ്ഞത് യാഥാര്‍ത്ഥ്യം തന്നെയാണോ എന്ന് ഇത്തരം ക്രൂരമായ നിസ്സംഗത കാണുമ്പോള്‍ തോന്നിപ്പോവുകയാണ്.
അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാമാണ്. പാഠങ്ങള്‍ പഠിപ്പിക്കുന്നതു മാത്രമല്ല- മാര്‍ഗദര്‍ശി, എല്ലാ വിധേനയും അദ്ധ്യാപകന്റെ സമയനിഷ്ഠ, വേഷവിധാനം, സംസാരം, മുഖഭാവം -നോട്ടമുള്‍പ്പെടെ എല്ലാം കുട്ടികള്‍ക്ക് മാതൃകയാണ്. അത് അദ്ധ്യാപകര്‍ തിരിച്ചറിയണം. അല്ലാത്തപക്ഷം അവര്‍ അന്യത്ര സൂചിപ്പിച്ച ഉദാഹരണത്തിലെപ്പോലെ തന്നെയായിരിക്കും. കുട്ടികള്‍ സ്‌കൂളിലെത്തിക്കഴിഞ്ഞാല്‍ അവരെ വെറും ക, ച, ട, ത, പ പഠിപ്പിക്കല്‍ മാത്രമല്ല ഒരദ്ധ്യാപകന്‍ ചെയ്യേണ്ടത്. സ്‌കൂളില്‍ കുഞ്ഞുങ്ങളുടെ സര്‍വ്വകാര്യങ്ങളിലും അദ്ധ്യാപകന് ചുമതലയുണ്ട്. അദ്ധ്യാപകവൃത്തി തുല്യതയില്ലാത്ത ഒന്നാണെന്ന്കൂടി അദ്ധ്യാപകന്‍ തിരിച്ചറിയണം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഏറെക്കുറെ സമാനമായ ദാരുണാന്ത്യം തമിഴ്‌നാട്ടില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിനിക്കുണ്ടായി -ഫാത്തിമാ ലത്തീഫിന്റെ ദാരുണാന്ത്യം. അത് ഉന്നത വിദ്യാഭ്യാസ രംഗത്താണെന്നേ വ്യത്യാസമുള്ളൂ. അവിടെയും പ്രതിക്കൂട്ടില്‍ നാം കാണുന്നത് ഗുരുനാഥന്മാരെ തന്നെയാണ്. ഏറ്റവും പരിപാവനമായി സാധാരണ ജനം കണക്കാക്കുന്ന വൈജ്ഞാനിക മേഖലയില്‍ നടമാടുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ഉദ്ബുദ്ധസമൂഹം വളരെ ക്രിയാത്മകമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്.
വെടിവെച്ചു കൊന്നാല്‍ നമ്മുടെ മന്ത്രിമാരും നേതാക്കളും പറയും- ഇതവസാനത്തേതാവണം, ഇനിയുണ്ടാവരുതെന്ന്. വെട്ടിക്കൊന്നാലും പറയും ഇതവസാനത്തേതാവണമെന്ന്; ബോംബെറിഞ്ഞു കൊന്നാലും അത് അവസാനത്തേതാവണം -മാളത്തില്‍ നിന്ന് പാമ്പുകടിച്ചു കൊന്നപ്പോഴും പറയുന്നു, ഇനി അങ്ങനെയുണ്ടാവരുതെന്ന്- എന്നുവെച്ചാല്‍ മാളത്തില്‍ നിന്ന് പാമ്പുകടിയേറ്റ് ഒരു കുട്ടിയും മരിക്കില്ലെന്ന ഗ്യാരണ്ടിയാണോ? ഇനി അഥവാ പൊട്ടിക്കീറി നില്‍കുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ ചുമരു പൊട്ടിവീണ് വിദ്യാര്‍ത്ഥി മരിച്ചാലും (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ) അപ്പോഴും സര്‍ക്കാര്‍ പറയും ഇത്തരം ഇത് അവസാനത്തേതാണെന്ന്- അപഹാസ്യമല്ലേ ഇത്തരം വാചകങ്ങള്‍!
ഇതെല്ലാം പറയുമ്പോള്‍ തന്നെ പൊതുജനാരോഗ്യരംഗത്ത് വയനാട് മേഖലയുടെ പിന്നോക്കാവസ്ഥ എത്രമാത്രമാണെന്ന് തിരിച്ചറിയേണ്ടതുമുണ്ട്. വിദ്യാഭ്യാസരംഗത്തെ അധികാരികള്‍ക്ക് മാത്രമല്ല, ആരോഗ്യവകുപ്പിന്റെ മേലും അമ്പ് തറക്കേണ്ടതുണ്ട്. ‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്നപോലെ തന്നെ മറ്റൊരു മൊഴി കൂടിയുണ്ട്; ‘ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ’ -ശ്രദ്ധിക്കുക; വയനാട്ടില്‍ ആരോഗ്യവും വിദ്യാഭ്യാസവും ഐ.സി.യു.വില്‍ ആണ്. അത് തിരുത്താന്‍ അഴകൊഴമ്പന്‍ നപടപടികളോ വാചാലതയോ പോരാ, മറിച്ച് തീവ്രയത്‌ന ദീര്‍ഘകാല പരിപാടികള്‍ തന്നെ അത്യാവശ്യമാണ്. ഇവിടെ അമ്പുകൊണ്ടവര്‍ പൊട്ടിക്കരയട്ടെ- അമ്പുകൊള്ളാത്തവര്‍ ഒന്നുകൂടി ജാഗരഗൂരാവട്ടെ. ജീവത്യാഗം ചെയ്യേണ്ടിവന്ന നിഷ്‌കളങ്കര്‍ക്കുവേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കട്ടെ.

SHARE