കലോത്സവങ്ങളിലെ കലാപങ്ങള്‍

പി. ഇസ്മായില്‍ വയനാട്

സ്‌കൂള്‍ കലോത്സവത്തില്‍ മത്സരാര്‍ത്ഥിയാവാനുള്ള അവസരം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ചുണ്ടിനും കപ്പിനുമിടയിലാണ് നഷ്ടപ്പെട്ടത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ യൂത്ത് ഫെസ്റ്റ് വെലില്‍ നാടകത്തില്‍ അഭിനയിക്കാനായിരുന്നു മമ്മൂട്ടി മോഹിച്ചത്. നാടകത്തിലേക്ക് പരിഗണിക്കണമെങ്കില്‍ മേക്കപ്പ് സാധനങ്ങള്‍ വാങ്ങാന്‍ 50 പൈസ വേണമെന്ന ഉപാധി സംവിധായകന്‍ മുന്നോട്ട്‌വെച്ചു. പിതാവിനോട് നേരിട്ട് പൈസ ചോദിക്കാന്‍ മമ്മൂട്ടിക്ക് ധൈര്യകുറവുള്ളതിനാല്‍ ഉമ്മയോട് പണം തരപ്പെടുത്തിതരാന്‍ പറഞ്ഞു. രണ്ട് ദിവസത്തെ കാത്തിരിപ്പിന്‌ശേഷമാണ് ബാപ്പയുടെ കയ്യില്‍നിന്നും പൈസ ശരിയാക്കി കൊടുക്കാന്‍ ഉമ്മക്ക് പറ്റിയത്. അന്‍പത് പൈസയുമായി സംവിധായകന്റെ അരികിലെത്തിയപ്പോള്‍ അദ്ദേഹം കൈമലര്‍ത്തി. ആളു തികഞ്ഞു. ഒരു രക്ഷയുമില്ല. അഭിനയിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും മോഹം ഉപേക്ഷിച്ചില്ല. അഭിനയത്തോടൊപ്പം എഴുത്തും വായനയും തപസ്യയായി സ്വീകരിച്ച് ഇന്ത്യയിലെതന്നെ എണ്ണം പറഞ്ഞ താരചക്രവര്‍ത്തിമാരില്‍ ഒരാളായിമാറാന്‍ പില്‍ക്കാലത്ത് മമ്മൂട്ടിക്ക് സാധിച്ചു. സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ കുട്ടികള്‍ക്ക് കാലിടറിയാല്‍ എല്ലാം നഷ്ടപ്പെടും എന്ന വേവലാതിയോടെ കലാപ സ്വരം ഉയര്‍ത്തുന്ന എക്കാലത്തെയും രക്ഷിതാക്കള്‍ക്ക്മുന്നില്‍ തുറന്ന പാഠപുസ്തകമാണ് മഹാനടന്റെ സ്‌കൂള്‍ കലോത്സവ ജീവിതം. അമൃതസമാനമായ ആനന്ദം പ്രദാനം ചെയ്യേണ്ട സ്‌കൂള്‍ കലോത്സവങ്ങള്‍ അപ്പീലുകളുടെ പ്രളയത്തില്‍ നിന്ന് ഇക്കുറിയും മോചനം സാധ്യമായിട്ടില്ല. സബ് ജില്ല, ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളിലെ വിധി നിര്‍ണ്ണയത്തിലെ പക്ഷപാതങ്ങളും പാകപിഴവുകളുമാണ് സംസ്ഥാന മേളയില്‍ അപ്പീലുകളുടെ വര്‍ധനവിന് കാരണം. വിദ്യാഭ്യാസ വകുപ്പ്, ബാലവകാശ കമ്മീഷന്‍, ഹൈക്കോടതി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തുടങ്ങിയ കടമ്പകള്‍ താണ്ടിയാണ് പകുതിയിലേറെ പേരും മത്സരാര്‍ത്ഥിയായിഎത്തുന്നത്.
സംഗീതം, പ്രസംഗം, മിമിക്രി, കവിതാപാരായണം, മോണോ ആക്ട് തുടങ്ങിയ കുറച്ച് ഇനങ്ങള്‍ മാത്രമാണ് കാണാമറയത്തുള്ള ജഡ്ജിമാരുടെ തീര്‍പ്പില്‍നിന്ന് ഒഴിവായി നില്‍ക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഒപ്പന, ദഫ്മുട്ട,് കോല്‍ക്കളി, മാര്‍ഗംകളി തുടങ്ങിയ കുറേയേറെമത്സരങ്ങളിലെ വിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ജഡ്ജിമാരും പരിശീലകരും തമ്മിലുള്ള ഒത്തുകളി പിടികൂടുന്നതിന് വിജിലന്‍സിനെപോലും നിയോഗിക്കേണ്ടിവന്നിട്ടുണ്ട്. മാമുക്കോയ, കല്‍പ്പറ്റ നാരായണന്‍, അനൂപ് ചന്ദ്രന്‍, സജിത മഠത്തില്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരെല്ലാം സമാന്തര ജ്യൂറിമാരായി മത്സരം നിയന്ത്രിക്കേണ്ട അവസ്ഥ പോലും മുമ്പുണ്ടായിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീലുമായെത്തിയവരെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് ലുക്കൗട്ട് നോട്ടീസ്‌പോലും ഇറക്കേണ്ടിവന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവത്തിലാണ്. രക്ഷിതാക്കളും പരിശീലകരും തമ്മിലുള്ള ചേരിപ്പോരിന് ആക്കംകൂട്ടുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ നടന്ന കലോത്സവത്തില്‍ സംഘാടകര്‍ക്കും പിഴവുപറ്റുകയുണ്ടായി. കവിതാമോഷണത്തിന്റെ പേരില്‍ തലകുനിക്കേണ്ടി വന്ന ദീപാ നിശാന്തിനെ വിധി കര്‍ത്താവായി എഴുന്നള്ളിപ്പിച്ച് പ്രതിഷേധം ഇരന്നുവാങ്ങുകയുണ്ടായി. കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തെ പുനര്‍നിര്‍ണ്ണയത്തിന് നിയോഗിച്ചുകൊണ്ടായിരുന്നു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍നിന്ന് തലയൂരിയത്. വിധി കര്‍ത്താക്കള്‍ക്ക് കോഴ വാഗ്ദത്തംചെയ്തും വഴങ്ങാത്തവര്‍ക്ക്‌നേരെ ഭീഷണിമുഴക്കിയും കലോത്സവത്തിന്റെ അന്തഃസത്ത കെടുത്തികളയുന്ന ദുഷ്പ്രവണതക്ക് അവസാനം കാണേണ്ടതുണ്ട്. രക്ഷിതാക്കളും പരിശീലകരും മത്സരാര്‍ത്ഥിയായി മാറുന്നതാണ് പ്രശ്‌നത്തിന്റെ മൂലകാരണം. യേശുദാസും ജി. വേണുഗോപാലും എം.ജി ജയചന്ദ്രനുംചിത്രയും കലോവങ്ങളില്‍ മത്സരാര്‍ത്ഥികളായി എത്തിയത് മാതാപിതാക്കളുടെ അകമ്പടി സേവിച്ചുകൊണ്ടായിരുന്നില്ല. കുട്ടികള്‍ക്കും കലകള്‍ക്കും കൂടി അവസരം കിട്ടത്തക്ക രീതിയില്‍ കലോത്സവത്തിന്റെ അലകിലും പിടിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുന്നതിനായി ഗ്രേഡ് കിട്ടണമെന്ന ദുര്‍വാശിയെ മനസ്സില്‍നിന്ന് ആട്ടിയോടിപ്പിക്കല്‍ മാത്രമാണ് ശുദ്ധികലശത്തിനുള്ള ഒറ്റമൂലിയെന്ന് ഓരോരുത്തരും തിരിച്ചറിയണം. കേരളത്തിന്റെ കലാ സംസ്‌കാരത്തെ ആവാഹിച്ചും കാലത്തിന്റെ മിടിപ്പുകള്‍ ഏറ്റുവാങ്ങിയും വര്‍ഷാവര്‍ഷം നടമാടുന്ന ഒരേയൊരുത്സവമാണ് സ്‌കൂള്‍ കലോത്സവം. നര്‍ത്തകീ നര്‍ത്തകന്‍മാരും അഭിനയ മികവുള്ളവരും വളരുന്നതോടൊപ്പം സാഹിത്യ രംഗത്തും പ്രസംഗത്തിലുംചിത്രകല കലയിലും ശോഭിക്കുന്നവരെ കണ്ടെത്താന്‍കൂടി കലോത്സവത്തിന് സാധ്യമാവണം. അവരുടെ അപദാനങ്ങള്‍ ഏറ്റു പറയാനും ക്യാമറകണ്ണുകളും അച്ചടി മാധ്യമങ്ങളും മനസ്സ് കാട്ടണം.

SHARE