കലാ കേരളത്തിന്റെ ഹൃദയം കവര്‍ന്ന് കാസര്‍കോടിന്റെ നന്‍മ മനസ്സ്


കെ.എ ഹര്‍ഷാദ്

60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാടിന്റെ മണ്ണില്‍ നിന്ന് വിടവാങ്ങിയപ്പോള്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഈ നാടിന്റെ നന്‍മയെ കുറിച്ചാണ്. നേരത്തെ നഗരപ്രദേശങ്ങളില്‍ മാത്രം നടത്തിയിരുന്ന കലാമേള ഇത്തവണ ഗ്രാമീണ മേഖലയിലേക്ക് എത്തിയപ്പോള്‍ പലരും നെറ്റിചുളിച്ചിരുന്നു. സൗകര്യങ്ങള്‍ എങ്ങനെ ഒരുക്കുമെന്നതായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ എല്ലാ ആകുലതകളും അസ്ഥാനത്താക്കിയാണ് സപ്തഭാഷാ സംഗമ ഭൂമിയില്‍ നിന്നും കലോത്സവം പടിയിറങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ സ്‌നേഹത്താല്‍ തുറന്നുവെച്ച മനസ്സും അതിഥികള്‍ക്കായി വാതിലുകള്‍ തുറന്നിട്ട വീടും ഒരുക്കി കാഞ്ഞങ്ങാട് തെളിയിച്ചത് ആതിഥ്യത്തിന്റെ പുതിയ മാതൃക. കലയെ നെഞ്ചേറ്റി വന്ന മത്സരാര്‍ത്ഥികള്‍ക്കും അധ്യാപക-രക്ഷാകര്‍ത്താക്കള്‍ക്കും സ്വന്തം വീട് തന്നെ വിട്ടുനല്‍കിയവരായിരുന്നു കാസര്‍കോടന്‍ ജനത. വീടുകളില്‍ തങ്ങിയവര്‍ക്ക് ഭക്ഷണം നല്‍കാനും തിരികെ വേദികളിലെത്താനുമുള്ള സൗകര്യങ്ങള്‍ നല്‍കാനും കാഞ്ഞങ്ങാടുകാര്‍ തന്നെ മുന്നിട്ടിറങ്ങി. പാതിരാത്രിയില്‍പോലും റെയില്‍വേസ്റ്റേഷനുകളില്‍ വന്നിറങ്ങിയവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ഓടിനടന്ന വിവിധ ക്ലബുകളും പൊതു പ്രവര്‍ത്തകരും മീറ്റര്‍ ചാര്‍ജ് മാത്രം വാങ്ങിയ ഓട്ടോക്കാരുമെല്ലാം ഈ നാടിന്റെ നന്‍മയെ വാനോളമുയര്‍ത്തി.
നാലു ദിനങ്ങളില്‍ 28 വേദികളിലായി നടന്ന 239 ഇനം മത്സരങ്ങള്‍ കാണാനായി ജനലക്ഷങ്ങളാണ് കാഞ്ഞങ്ങാട്ടേക്ക് ഒഴുകിയെത്തിയത്. നീണ്ട 28 വര്‍ഷത്തിന് ശേഷമാണ് കാസര്‍കോട് ജില്ല സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളിയത്. വൈകിവന്ന ആ വസന്തത്തെ ആഘോഷമാക്കുകയായിരുന്നു കാസര്‍കോടുകാര്‍. എല്ലാ വേദിക്കു മുമ്പിലുമുള്ള നിറഞ്ഞ സദസ്സുകള്‍ എല്ലാ കലകള്‍ക്കും പാകത്തിലുള്ളതാണ് പെരുങ്കളിയാട്ടത്തിന്റെ മണ്ണെന്ന് തെളിയിക്കുന്നതായി.
പ്രധാനമായും വേദികള്‍ തമ്മിലുള്ള അകലമാണ് മത്സരാര്‍ത്ഥികളെ ഇത്തവണ ഏറെ കുഴക്കിയത്. അഞ്ചാംവേദിയില്‍ നിന്ന് ആറാം വേദിയിലേക്കെത്താന്‍ പതിനാലു കിലോമീറ്ററോളമാണ് സഞ്ചരിക്കേണ്ടി വന്നത്. ഐങ്ങോത്തെ ഒന്നാം വേദിയില്‍ നിന്ന് നാലു കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു ഊട്ടുപുരയിലേക്ക്. എന്നാല്‍ മറ്റു ചില വേദികളില്‍ നിന്ന് ഊട്ടുപുരയിലേക്കുള്ള ദൂരം പന്ത്രണ്ടുകിലോമീറ്റര്‍ വരെയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മത്സരദിവസങ്ങളുടെ എണ്ണം കുറച്ചതോടെ വേദികളുടെ എണ്ണം കൂടി. ഇത് വേദികള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതിനും കാരണമായി. പ്രധാന വേദി ഏറെ തിരക്കുള്ള ദേശീയ പാതയോരത്ത് ആയതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. വേദികളുടെ നിര്‍ണ്ണയവും, ചില സാങ്കേതിക പ്രശ്‌നങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാം കൊണ്ടും ബഹുജോറായിരുന്നു കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം.
അതിന് കലാകേരളം നന്ദി പറയേണ്ടത് എല്ലാംകൊണ്ടും കാസര്‍കോടുകാരുടെ പ്രത്യേകിച്ച് കാഞ്ഞങ്ങാട്ടുകാരുടെ ആ നല്ല വലിയ മനസ്സിനോടാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 951 പോയിന്റ് നേടി സ്വര്‍ണ്ണക്കപ്പ് പാലക്കാട് തന്നെ നിലനിര്‍ത്തി. രണ്ടുപോയിന്റ് വ്യത്യാസത്തില്‍ (949) കോഴിക്കോടും കണ്ണൂരുമാണ് രണ്ടാംസ്ഥാനം പങ്കിട്ടത്. 940 പോയിന്റോടെ തൃശ്ശൂര്‍ ജില്ലയാണ് മൂന്നാംസ്ഥാനത്ത്. കൊല്ലത്താണ് അടുത്തവര്‍ഷത്തെ കലോത്സവം നടക്കുക.

SHARE