കെട്ടിട നിര്‍മ്മാണ മേഖലയില്‍ വില വര്‍ദ്ധനവിന് സാധ്യത


( ചെയര്‍മാന്‍, മലബാര്‍ ഗ്രൂപ്പ്)

കഴിഞ്ഞ നവംബര്‍ 8ാം തീയതിയിലെ ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം കേരള കെട്ടിടനിര്‍മ്മാണ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുകയാണല്ലോ. ഇതിന് മുമ്പ് നിലനിന്നിരുന്ന നിര്‍മാണ ചട്ടങ്ങളില്‍ ഇത്തരം സമഗ്രമായ ഭേദഗതികള്‍ ആവശ്യം ഉണ്ടായിരുന്നോ എന്നത് പുനഃപരിശോധിക്കേണ്ടതുണ്ട്. ചെറിയ അപാകതകളും കാലാനുസൃതമായ ചില പരിഷ്‌കാരങ്ങളും പഴയ നിയമത്തിന് അനിവാര്യമായിരുന്നു എന്ന് സമ്മതിക്കുന്നു. എന്നാല്‍ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളിലും പെട്ട് ഉഴലുന്ന നിര്‍മ്മാണ വ്യവസായത്തെ ഈ നിയമഭേദഗതി സാരമായി ബാധിക്കും. നിര്‍മാണ മേഖല മാത്രമല്ല മറ്റു വ്യവസായങ്ങളും സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുകയാണ്. വിപണിയില്‍ മണി ഫ്‌ളോ തീര്‍ത്തും കുറവാണ്. ജി.എസ്.ടി, ആര്‍.ഇ.ആര്‍.എ തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ കടന്നുപോകുന്ന സമയത്ത് നിര്‍മാണ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഈ വ്യവസായത്തെ സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടുന്നതിന് കാരണമാവും. ഇത് ഫഌറ്റുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവിന് ഇടയാക്കും. തൊഴിലില്ലായ്മ രൂക്ഷമാകും. നിര്‍മാണ വ്യവസായം വീണ്ടും മാന്ദ്യത്തിലേക്ക് മടങ്ങുമ്പോള്‍ ഏറ്റവും നഷ്ടം വരുന്നത് സര്‍ക്കാര്‍ ഖജനാവിന് തന്നെയായിരിക്കും. കാരണം, ഒരു ഫഌറ്റ് പണിയുമ്പോള്‍ ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും വാങ്ങുന്ന തുകയുടെ നല്ലൊരു ശതമാനം സര്‍ക്കാരിലേക്കാണ് പോകുന്നത്. ജി.എസ്.ടി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജസ്, സര്‍വീസ് കണക്ഷന്‍ എടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കേണ്ട തുക, തുടങ്ങിയവയെല്ലാം ഇതില്‍ പെടും. വരുമാന നികുതി ഇതിനുപുറമേയാണ്. കേരളത്തിലേയും അന്യസംസ്ഥാനങ്ങളിലേയും തൊഴിലാളികള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നു. നിര്‍മ്മാണമേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ വലിയൊരു ജനവിഭാഗം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങും. ഉപഭോക്താക്കളുടെ കാര്യമെടുത്താല്‍, ഇപ്പോള്‍തന്നെ ഫഌറ്റുകളുടെ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണ്. പുതിയ മാറ്റങ്ങള്‍ ഏറ്റവും കുറഞ്ഞത് 700 മുതല്‍ 900 രൂപ വരെ ഓരോ ചതുരശ്ര അടിയിലും വില കൂടും. ഉദാഹരണത്തിന് ഒരു വ്യത്യാസം വരുത്തിയിരിക്കുന്നത് ഫ്‌ളോര്‍ ഏരിയ റേഷ്യോ അഥവാ എഫ്.എ.ആറില്‍ ആണ്. പ്രത്യക്ഷത്തില്‍ ഇത് കുറച്ചിട്ടില്ല. പക്ഷേ ഫ്‌ളോര്‍ ഏരിയ റേഷ്യോ കണക്കാക്കുന്നതിന് അവലംബിക്കുന്ന കെട്ടിട വിസ്തീര്‍ണ്ണം പുനര്‍നിര്‍ണയിച്ചിരിക്കുകയാണ്. ഇപ്രകാരം ഒരു കെട്ടിടത്തിലെ കാര്‍പാര്‍ക്കിംഗ് ഉള്‍പ്പെടെ എല്ലാ നിലകളുടെയും വിസ്തീര്‍ണ്ണം എഫ്.എ.ആര്‍ കണക്കാക്കാന്‍ എടുക്കേണ്ടതുണ്ട്. ഇതുകാരണം ഉപയോഗപ്രദമായ തറയുടെ വിസ്തീര്‍ണ്ണം 25 മുതല്‍ 30 ശതമാനം വരെ കുറയും. എഫ്.എ.ആര്‍ മൂന്നിന് മേലെ വരുന്ന ഓരോ ചതുരശ്ര മീറ്ററിനും 5000 രൂപ വീതം അധിക ഫീസ് കെട്ടിവക്കുകയും വേണം. ഇത് ഫീസിനത്തില്‍ തന്നെ ഒരു ചതുരശ്ര അടിക്ക് 464 രൂപ വരെ ചിലവ് വര്‍ദ്ധിപ്പിക്കും. നേരത്തെ 5, 6, 7 മീറ്ററുകള്‍ വീതിയുള്ള വഴികളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ആകുമായിരുന്നെങ്കില്‍ പുതുക്കിയ നിയമത്തില്‍ അഞ്ചു മീറ്ററില്‍ നിര്‍മ്മിക്കാവുന്ന ചെറിയ കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ 7 മീറ്ററില്‍ മാത്രമേ ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിക്കാനാവു. ഇത് ബഹുനില മന്ദിരങ്ങള്‍ക്ക് അനുയോജ്യമായ ഭൂമിക്ക് കാര്യമായ ദൗര്‍ലഭ്യം ഉണ്ടാക്കും. മറ്റൊരു പ്രധാന ഭേദഗതി കെട്ടിടത്തിന് ഉയരത്തിന് ആനുപാതികമായി അധിക സെറ്റ് ബാക്ക് അതാത് നിലകളില്‍ കൊടുക്കുന്നതിന് പകരം ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെóകൊടുക്കണം എന്നാണ്. ഇത് കെട്ടിടത്തിന്റെ കവറേജ് ചുരുങ്ങാന്‍ കാരണമാകും. നേരത്തെ ജി.എസ്.ടി. ഇന്‍പുട്ട് ക്രെഡിറ്റ് കിട്ടിയിരുന്നെങ്കില്‍ പുതിയ സംവിധാനത്തില്‍ ജി.എസ്.ടി പൂര്‍ണമായും വഹിക്കാന്‍ നിര്‍മാതാക്കള്‍ ബാധ്യസ്ഥരാണ്. ഇത് ജി.എസ്.ടിയുടെ അന്തസത്തക്കു തന്നെ വിരുദ്ധമാണ്. നിര്‍മ്മാതാക്കള്‍ക്കും, ഉപഭോക്താക്കള്‍ക്കും, തൊഴിലാളികള്‍ക്കും, സര്‍ക്കാരിനും ഒക്കെ ദുരിതം മാത്രം വിതക്കുന്ന ഇത്തരം അപ്രായോഗികമായ ഭേദഗതികള്‍ ദീര്‍ഘവീക്ഷണമില്ലാത്ത ചില ഉദ്യോഗസ്ഥരുടെ വികലമായ കാഴ്ചപ്പാടിന്റെ പരിണിതഫലമാണ്. തീര്‍ത്തും അശാസ്ത്രീയവും, നിര്‍മ്മാണ വ്യവസായത്തെ സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടുന്നതുമായ ഈ നിയമം എത്രയും വേഗം പിന്‍വലിച്ചു നിലവിലുണ്ടായിരുന്ന നിയമം അതേ പടിയില്‍ തുടരുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നുമാണ് അപേക്ഷ.

SHARE