കരുണയില്ലാതെ മസ്റ്ററിംഗ്


അഡ്വ.ഇ.ആര്‍.വിനോദ്

കേരള സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം ക്ഷേമ പെന്‍ഷനുകള്‍ കെപ്പറ്റുന്ന 46,89,140 ഗുണഭോക്താക്കളും ‘പരേതര്‍’ അല്ലെന്നും, അവരില്‍ ഉള്‍പ്പെട്ട വിധവകള്‍ പുനര്‍ വിവാഹിതരല്ലെന്നും തെളിയിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനം നേരിടുന്ന അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം മേല്‍ പ്രസ്താവിച്ച ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.34 ലക്ഷം ആളുകള്‍ വ്യാജ ഗുണ ഭോക്താക്കളാണെന്നും, മുഴുവന്‍ ഗുണഭോക്താക്കളുടെയും വിരലടയാളവും, കണ്ണിന്റെ അടയാളവും ശേഖരിക്കപ്പെടുന്നതോടുകൂടി സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കുറക്കാന്‍ സാധിക്കുമെന്ന ലളിതയുക്തിയാണ് ബയോ മെട്രിക് മസ്റ്ററിംഗ് എന്ന പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം. സംസ്ഥാനത്തെ 75 വയസ്സു കഴിഞ്ഞ വയോവൃദ്ധര്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന 1,200/- രൂപയാണ് ഏറ്റവും മുന്തിയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ എത്തിയതിനു ശേഷം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ രംഗത്ത് പുറത്തിറക്കിയ ആദ്യ ഉത്തരവ് 2016 ജൂലൈ 15-ന് പുറപ്പെടുവിച്ച ഏ.ഛ(ങട)282/2016/എശി.ആയിരുന്നു. ഈ ഉത്തരവിലൂടെ അതുവരെ നിലവിലുണ്ടായിരുന്ന മിനിമം പെന്‍ഷന്‍ 700/- രൂപയില്‍ നിന്ന് 1,000/- രൂപയാക്കി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വികലാംഗ പെന്‍ഷന്‍ കൈപ്പറ്റുന്നവരൊഴികെ മറ്റാര്‍ക്കും മേല്‍ തീയ്യതി മുതല്‍ ഒന്നിലധികം സാമൂഹ്യ സുരക്ഷാ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുകയില്ല എന്നു കൂടി സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ രംഗത്ത് അന്നുമുതല്‍ ആരംഭിച്ച അടിക്കടിയുള്ള പരിഷ്‌കരണ നടപടികളുടെ ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രമാണ് ബയോ മെട്രിക്ക് മസ്റ്ററിംഗ്. 2016 ജൂലൈ 23-ാം തീയ്യതി പുറപ്പെടുവിച്ച ഏ.ഛ.(ഞഠ) 6203/2016/എശി ഉത്തരവിലൂടെ പെന്‍ഷന്‍ തുകകള്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കാനുള്ള സര്‍വ്വെ നടത്താനായി സംസ്ഥാന കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തുകയും അതിനായി 3 കോടി രൂപ കുടുംബശ്രീക്ക് അനുവദിക്കുകയും ചെയ്തു. 2016 ഓഗസ്ത് 15-ന് സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങിയ ഏ.ഛ(ങട) 324/2016/എശി. ഉത്തരവിലൂടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ യോഗ്യതകള്‍ക്കും, വിതരണത്തിനും കടുത്ത നിയന്ത്രണം ധനവകുപ്പ് ഏര്‍പ്പെടുത്തി. വിതരണം ചെയ്യപ്പെടുന്ന പെന്‍ഷന്‍ തുകകള്‍ സ്ട്രീം ലൈന്‍ ചെയ്യാനായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനോട് (കഗങ) ഡാറ്റാ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 1,000/- രൂപയുടെ ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ മാത്രമേ ഒരാള്‍ക്ക് അവകാശമുണ്ടാ യിരിക്കുകയുള്ളൂ എന്നും, രണ്ടാമത്തെ പെന്‍ഷന്‍ വാങ്ങുന്നവരുണ്ടെങ്കില്‍ അത് 600/- രൂപ തോതില്‍ മാത്രമായിരിക്കുമെന്നും, ആര്‍ക്കെങ്കിലും അബദ്ധത്തില്‍ രണ്ടാമത്തെ പെന്‍ഷന്‍ തുക 600/- രൂപയില്‍ കൂടുതല്‍ വിതരണം ചെയ്തു പോയിട്ടുണ്ടെങ്കില്‍ അത് ഓണക്കാല പെന്‍ഷനില്‍ അഡ്ജസ്റ്റ് ചെയ്യുന്നതാണെന്നു പോലും ആ ഉത്തരവില്‍ ധനവകുപ്പ് വ്യക്തമാക്കി. കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി, ചുമട്ടു തൊഴിലാളി ക്ഷേമനിധി, അബ്കാരി തൊഴിലാളി ക്ഷേമനിധി, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി, കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി എന്നീ അഞ്ച് ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും, വികലാംഗര്‍ക്കും മാത്രമേ ഒന്നിലധികം പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കകയുള്ളൂ എന്നും, മറ്റൊരു വിഭാഗത്തില്‍ പെട്ടവര്‍ക്കും ഒരു കാരണവശാലും ഒന്നിലധികം പെന്‍ഷന്‍ അനുവദിക്കുകയില്ലെന്നും ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി.
2016 നവംബര്‍ 8-ന് രാത്രി 8.00 മണിക്കാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത് അന്നു നിലവിലുണ്ടായിരുന്ന രണ്ട് സുപ്രധാന കറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ പ്രഖ്യാപനം നടത്തിയതെങ്കില്‍ അന്നേ ദിവസം പകല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഏ.ഛ(ങട)437/2016/എശി. ഉത്തരവിലൂടെ സംസ്ഥാനത്തെ പെന്‍ഷന്‍ ഗുണഭോക്താക്കളോട് തങ്ങള്‍ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ വാങ്ങുന്നവരെല്ലന്നും, ആദായ നികുതി ദായകരല്ലെന്നും, തങ്ങള്‍ക്ക് സ്വന്തമായോ, തങ്ങളുടെ കുംടുംബാംഗങ്ങള്‍ക്കോ രണ്ടേക്കറില്‍ അധികം ഭൂമിയില്ലെന്നുമുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്‌മെന്റ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. കൂടാതെ, എല്ലാ വിധവകളും തങ്ങള്‍ പുനര്‍വിവാഹിതരല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എല്ലാ വര്‍ഷവും ഡിസംബര്‍ 31-ന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിക്കപ്പെട്ടത് ഇതേ ഉത്തരവിലൂടെയായിരുന്നു. സങ്കടകരമായ കാര്യം മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച സമയം 20-ാം തീയ്യതിവരെ (കേവലം 12 ദിവസം) മാത്രമായിരുന്നു എന്നതാണ്. ഈ ഉത്തരവ് ഇറങ്ങി ഗുണഭോക്താക്കള്‍ കാര്യം അിറഞ്ഞു വരുമ്പേഴേക്കും നിര്‍ദ്ദേശിക്കപ്പെട്ട സമയത്തിനകം ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ മാത്രം പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് വെട്ടി മാറ്റപ്പെട്ടത് പതിനായിരങ്ങളായിരുന്നു. പ്രതിപക്ഷവും, മാധ്യമങ്ങളും സര്‍ക്കാറിന്റെ ജനവിരുദ്ധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നയത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍ 2017 ജനുവരി 21-ന് പുറത്തിറക്കിയ ഏ.ഛ(ങട)34/2017/എശി. എന്ന ഉത്തരവിലൂടെ ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്കും ഒരു ക്ഷേമ പെന്‍ഷനോ, ഒരു സാമൂഹ്യ സുരക്ഷാ പെന്‍ഷനോ അര്‍ഹതയുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പക്ഷെ ആ നിബന്ധനയിലും ബോധപൂര്‍വ്വം ഒരു കുരുക്ക് ഒളിപ്പിച്ച് വെക്കാന്‍ ധനവകുപ്പ് പ്രത്യേകം ശ്രദ്ധിച്ചു. ഇത്തരം ആനുകൂല്യങ്ങള്‍ക്ക് നിലവിലുള്ള ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് മാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ എന്നും, പുതുതായി ഉണ്ടാകുന്ന ഒരൊറ്റ ഇ.പി.എഫ് പെന്‍ഷന്‍കാരനും ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയില്ലെന്നും വ്യക്തമാക്കപ്പെട്ടു.
2017 ഫെബ്രുവരി 6-ന് പുറത്തിറക്കിയ ഏ.ഛ(ങട) 67/2017/എശി. ഉത്തരവിലൂടെ നേരത്തെ പ്രസ്താവിച്ച അഞ്ച് വെല്‍ഫെയര്‍ ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും സാമൂഹ്യ സാരക്ഷാ പെന്‍ഷന്‍ 600/- രൂപ മാത്രമാക്കി നിജപ്പെടുത്തുകയായിരുന്നു ധനവകുപ്പ് ചെയ്തത്. കൂടാതെ നിലവിലുണ്ടായിരുന്ന വെല്‍ഫെയര്‍ ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂവെന്നും ഒരു സാഹചര്യത്തിലും രണ്ടാമത്തെ പെന്‍ഷന് പുതിയ ആളുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയില്ല എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. 2018 ജൂലെ 6-ന് പുറപ്പെടുവിച്ച ഏ.ഛ(ങട) 241/2018/എശി. ഉത്തരവിലൂടെ 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടുകളില്‍ താമസിച്ചുവരുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താവിന് തുടര്‍ന്നങ്ങോട്ട് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുകയില്ല എന്ന് നിര്‍ദ്ദേശിക്കപ്പെട്ടതിലൂടെ പതിനായിരങ്ങളെ വീണ്ടും ഗുണഭോക്തൃ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചു. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഈ നിര്‍ദ്ദേശം പിന്നീട് ഒഴിവാക്കപ്പെട്ടെങ്കിലും അപ്പോഴേക്കും ധാരാളം ഗുണഭോക്താക്കള്‍ പെന്‍ഷന്‍ നിഷേധിക്കപ്പെട്ട് പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട് കഴിഞ്ഞിരുന്നു.
2019 -ല്‍ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് നടത്താനായി സര്‍ക്കാര്‍ പറയുന്ന പ്രധാനപ്പെട്ട ന്യായം ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തില്‍ നടത്തിയ പൈലറ്റ് സര്‍വ്വെയില്‍ മരിച്ചു പോയ 338 ഗുണഭോക്താക്കളുടെ പേരില്‍ ഇപ്പോഴും പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്നുവെന്ന കണ്ടെത്തലാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാന വ്യാപകമായി 2.34 ലക്ഷം ആളുകള്‍ ഇത്തരത്തില്‍ വ്യജമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നും ഇതുമൂലം സര്‍ക്കാറിന് പ്രതിമാസം 29 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നുമാണ് ന്യായീകരണമായി സര്‍ക്കാര്‍ പറഞ്ഞത്. ഇതു തടയാനാണ് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിരലടയാളവും, കണ്ണ് പരശോധനയും നടത്തി മസ്റ്ററിംഗ് നടത്തുന്നതെന്നാണ് സര്‍ക്കാറിന്റെ ന്യായം. എന്നാല്‍ മസ്റ്ററിംഗിന്റെ പേരില്‍ സംസ്ഥാനത്തെ വയോവൃദ്ധര്‍ കൊടിയ മാനസിക – ശാരീരിക പീഡകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഡിസംബര്‍ 15 വരെ മസ്റ്ററിംഗ് തീയ്യതി നീട്ടിയിട്ടുണ്ടെങ്കിലും, ആരംഭിച്ച അന്നു തന്നെ സര്‍വര്‍ തകരാറിലായതു കാരണം പലരും കഠിന വെയിലില്‍ ക്യൂ നിന്ന് തളര്‍ന്നു മടങ്ങേണ്ടി വന്നു. പല അമ്മമാരും ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സങ്കടം പറയുന്ന കാഴ്ച അതിദയനീയമായിരുന്നു. തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അധികാരികളെ ബോധ്യപ്പെടുത്താന്‍ കേരളത്തിലെ 47 ലക്ഷം വരുന്ന വയോവൃദ്ധര്‍ പൊരിവെയിലില്‍ ക്യൂ നില്‍ക്കുന്ന അതിദയനീയ ചിത്രം ജപ്പാനിലും, കൊറിയയിലും ഭാര്യാസമേതനായി പര്യടനം നടത്തുന്ന കേരള മുഖ്യമന്ത്രി കാണുന്നുണ്ടാകുമോ എന്തോ? നിപ്പ വൈറസിനെ നെഞ്ചു വിരിച്ച് ഏകയായി പ്രതിരോധിച്ച് മലയാളികളുടെ പ്രിയപ്പെട്ട ‘ടീച്ചറമ്മായി’ പുരസ്‌കാരം വാങ്ങിയ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ മികവുറ്റതാക്കാന്‍ യൂറോപ്യന്‍ മാതൃക കൊണ്ട് സാധിക്കുമോ എന്നറിയാന്‍ സ്വിറ്റ്‌സര്‍ലാന്റ് പര്യടനം നടത്തുന്നതിനിടയില്‍ നെഞ്ചുപൊട്ടിക്കരയുന്ന കേരളത്തിലെ അമ്മൂമ്മമാരുടെ സങ്കട കരച്ചില്‍ കേള്‍ക്കുന്നുണ്ടാകുമോ എന്നുമറിയില്ല. (തുടരും)

SHARE