ഏകം സദ് വിപ്ര: ബഹുധാവദന്തന്തി

യൂസഫ് മമ്മാലിക്കണ്ടി

‘സത്യം ഏകമാണ്: ജ്ഞാനികള്‍ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നു’ (ഏകം സദ് വിപ്ര: ബഹുധാവദന്തന്തി) എന്ന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കവാടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മുദ്രണം വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യന്‍ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്നു. ദേശീയമായ ചിന്താ ബോധത്തില്‍ നിന്നും സര്‍വ്വതിനേയും സ്വീകരിക്കാനുള്ള ധര്‍മ്മ സമ ഭാവനയെന്ന സങ്കല്‍പ്പത്തില്‍ നിന്നും രൂപം കൊണ്ട ‘തുല്യമായ പരിഗണനകള്‍ നല്‍കി രാഷ്ട്രം മതങ്ങളെ സഹായിക്കും; ഒരു മതത്തിനും പ്രത്യേക പരിഗണന ലഭിക്കില്ല’ എന്ന് പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്നു. ആ ഉറപ്പിന്റെ ബലത്തില്‍ ഓരോ ഇന്ത്യക്കാരനും സന്തുഷ്ടരായിരുന്നു. ആ ഉറപ്പിന്റെ സംരക്ഷണത്തില്‍ സമാധാനമായി ഉറങ്ങിയത് ഏഴ് പതിറ്റാണ്ടുകളായിരുന്നു. ഉള്ളവനും, ഇല്ലാത്തവനും ഒരു രാജ്യത്ത് അവന്റെ ജീവിതം കെട്ടിപ്പടുക്കാന്‍ ഭയലേശമന്യേ അവനവന്റെ ജീവിത സന്ധാരണത്തിനായ് ഒഴുക്കിയ വിയര്‍പ്പ് അവന്റെ മാതൃ രാജ്യത്തിന്റെ മണ്ണില്‍ വീണുടയുമ്പോള്‍, വല്ലാത്തൊരു അനുഭൂതി അനുഭവിക്കുമായിരുന്നു.. പരിഭവമൊന്നുമില്ലാതെ മതമേതെന്ന് നോക്കാതെ പരസ്പരം ആശ്ലേഷിച്ച് സമാധാനത്തോടെ ഉള്ളത് കൊണ്ട് ജീവിക്കുകയായിരുന്നു. ഇന്ന് ആ ഇന്ത്യക്കാരന്റെ ഒരുമയിലേക്ക് ഭ്രാന്തമായ മത നിന്ദ കൊണ്ടുവന്ന് അവന്റെ മൗലിക ബോധത്തേയും, കൂറിനേയും തമസ്‌ക്കരിക്കാന്‍ ഇറങ്ങിയ ഏകാധിപതികളായ ഭരണാധികാരികള്‍ ഓര്‍മ്മിച്ചെടുക്കണം, സമാന ചിന്താഗതിയുമായ് മുമ്പേ നടന്നവരുടെ നാണം കെട്ട ചരിത്രത്തെ.
വിശേഷങ്ങള്‍ ഏറെയുള്ള ഭാരതത്തിന് സര്‍വ്വതിനേയും ഉള്‍കൊള്ളാനുള്ള മനസുണ്ട്, സഹസ്രാബ്ദങ്ങളായ് കൊണ്ടു നടക്കുന്ന പരസ്പര സ്‌നേഹത്തിന്റെ നിലത്ത് നിന്നും ഒരു സമൂഹത്തെ മാത്രം അകറ്റി നിര്‍ത്താന്‍ രാജ്യം അനുവദിക്കില്ല, ആ പ്രതിരോധത്തിന്റെ ശൗര്യമാണ് തെരുവായ തെരുവുകളിലെല്ലാം മുഴങ്ങുന്നത്. ആ പ്രതിരോധം ഏറ്റെടുത്തത് സര്‍വ്വ മതങ്ങളുമാണ്. അത് ഈ രാജ്യത്തിന്റെ ഇഴ പിരിയാത്ത സൗഹൃദത്തിന്റെ പ്രതീകമാണ്.
സഹിഷ്ണുതയൂടെ ഉദാത്ത മാതൃകയാണ് ഭാരതം. രാജ്യത്തിന്റെ നീതിയിലധിഷ്ഠിതമായ വ്യവസ്ഥിതിയെ മതാന്ധതയുടെ വേരിറങ്ങാത്ത ദുരാഗ്രഹത്തെ പടൂത്തുയര്‍ത്താന്‍ ഒരുമ്പിടുമ്പോള്‍, ഒരു ജനാധിപത്യമത നിരപേക്ഷ രാഷ്ട്രമെന്ന ഖ്യാതി കൊണ്ട് നേടിയതെന്തെന്ന് കൂടി മനസിലാക്കാന്‍ സാധ്യമാകാത്ത പ്രാകൃത മനുഷ്യരാണ് ആധുനികമായ ഈ രാജ്യത്തെ ഭരിച്ചു കൊണ്ടിരിക്കുന്നത്.
ഭാരതത്തെ ഒരു മത രാഷ്ട്രമാക്കണമെന്ന് പറഞ്ഞത് വി ഡി സവര്‍ക്കറും, എം എസ് ഗോള്‍വാള്‍ക്കറും കൂടിയാണ്. മനുസ്മൃതിയുടെ രണ്ടാം പതിപ്പായി വിചരധാരയില്‍ കൂടി പുറത്ത് വന്ന ഹിന്ദുത്വ അജണ്ട പ്രഖ്യാപിക്കുന്ന ശത്രുക്കള്‍ മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി, ജൂത മത വിഭാഗങ്ങളെയാണ്. അവരെ എന്ത് ചെയ്യണമെന്ന് 1930ല്‍ ഗോള്‍വാള്‍ക്കര്‍ ഹിന്ദു സൈന്യ വ്യവസ്ഥയുടെ പ്രമാണത്തില്‍ കൃത്യമായി നിര്‍വ്വചിച്ചു.’ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഹിന്ദു സംസ്‌കാരവും, ഭാഷയും സ്വീകരിക്കുകയോ, ഹിന്ദു മതത്തോട് ആദരവും, ഭയ ഭക്തി ബഹുമാനവും പ്രകടിപ്പിക്കുകയോ വേണം. ഹിന്ദു വംശത്തേയും സംസ്‌കാരത്തേയും മഹത്വവല്‍ക്കരിക്കുകയല്ലാതെ മറ്റൊരൊശയവും വെച്ച് പുലര്‍ത്താന്‍ പാടില്ല. ഈ രാജ്യത്തോടും അതിന്റെ ചിരന്തനമായ പാരമ്പര്യത്തോടും അസഹിഷ്ണുത വെച്ച് പുലര്‍ത്തുന്ന സമീപനം നിര്‍ബന്ധമായും ഉപേക്ഷിക്കണം. മാത്രമല്ല, സ്‌നേഹത്തിന്റേയും, സമര്‍പ്പണത്തിന്റേയും ഗുണാത്മക സമീപനം അവര്‍ അനുവര്‍ത്തിക്കണം. അവരുടെ വിദേശിയത അവസാനിപ്പിക്കുകയും വേണം. അതല്ലെങ്കില്‍ ഹിന്ദു രാഷ്ട്രത്തിന് പൂര്‍ണ്ണമായി കീഴടങ്ങി ജീവിക്കണം. യാതൊന്നും അവകാശപ്പെടാതെ, അവകാശങ്ങളൊന്നുമില്ലാതെ, യാതൊരു പ്രത്യേക പരിഗണനയുമില്ലാതെ, പൗരത്വാവകാശം പോലുമില്ലാതെ ഈ രാജ്യത്ത് ജീവിക്കാം’.
മുസോളനിയുടെ ഫാഷിസവും, ഹിറ്റ്‌ലറുടെ നാസിസവും കടം കൊണ്ട് രൂപപ്പെടുത്തിയ ഇന്ത്യന്‍ ഫാഷിസത്തിന്റെ ഭീകര മുഖമായ ആര്‍ എസ് എസ്, അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ അടിവരയിടുന്ന ആഗ്രഹങ്ങളാണിത്. അവിവേകം കൊണ്ടും അറിവില്ലയ്മ കൊണ്ടും പര്‍ലമെന്ററി ജനാധിപത്യത്തെ ബോധ്യപ്പെടാന്‍ പറ്റാത്ത വിധം അരാജകത്വം പേറുന്നവരുടെ അത്യഗ്രഹമായ് ഇത് അവശേഷിപ്പിക്കേണ്ടി വരും.
ഹിന്ദുത്വ വാദത്തിന്റെ അസ്തിത്വമന്യേഷിക്കുമ്പോള്‍ അത് രൂപപ്പെടുത്താനുളള ബൗദ്ധിക പിന്‍ബലം പോലും ഭാരതത്തില്‍ ഇല്ലാതെ പോവുകയും, അതി ദേശീയതയുടെ വക്താക്കള്‍ അന്യദേശത്തെ ഏറ്റവും കുപ്രസിദ്ധമായ സിദ്ധാന്തത്തെ ആശ്രയിക്കേണ്ടി വരികയും ചെയ്തു. 1931ല്‍ ആര്‍ എസ് എസ് ന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഡോ.ബി എസ് മുംജെ ഇറ്റലി സന്ദര്‍ശിക്കുകയും, മുസോളനിയുമായി നടത്തിയ ദീര്‍ഘമായ കൂടി കാഴ്ച്ചയില്‍ ഫാഷിസ്റ്റ് സംഘടാനയുടെ പ്രവര്‍ത്തന രീതി പഠിച്ചു മനസ്സിലാക്കുകയും ചെയ്തു. ആണ്‍ കുട്ടികളെ ബാല്യത്തില്‍ തന്നെ പിടി കൂടുക എന്ന ഫാഷിസ്റ്റ് സിദ്ധാന്തം ഇറ്റാലിയന്‍ ഫാഷിസ്റ്റ് യുവജന വിഭാഗമായ ‘ബലില്ല’യില്‍ നിന്നാണ് മുംജെ മനസ്സിലാക്കിയത്. ‘ശത്രുവിന് പരമാവധി നാശം വരുത്തും വിധം കൂട്ടത്തോടെ കൊല്ലാനും, പരുക്കേല്‍പ്പിക്കുവാനും ശാഖകളില്‍ അണികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം’.
അങ്ങിനെ അഹിംസ കൊണ്ട് രൂപപ്പെടുത്തിയ ഒരു രാജ്യത്തിന്റെ പ്രാണനു മുകളില്‍ പ്രതിഷ്ഠിച്ച ഹിംസയുടെ രാഷ്ട്ര ബോധത്തെ അക്കാലങ്ങളില്‍ തന്നെ ഗാന്ധിജിയും, നെഹ്രുവും അതിജീവിച്ചത് മനുഷ്യത്വത്തിന്റെ ഉള്‍കരുത്ത് കൊണ്ടായിരുന്നു. ഏകാധിപത്യത്തിന്റേയും, കോളനി വല്‍ക്കരണത്തിന്റേയും ദുഷിച്ച ശീലങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട ഭാരതീയ ജീവിതത്തെ സ്വതന്ത്രമാക്കപ്പെടാന്‍ വേണ്ടിയുള്ള നിരന്തര പ്രയത്‌നത്തില്‍ മുഴുകിയപ്പോള്‍, 1936 മാര്‍ച്ച് മാസം ആദ്യവാരത്തില്‍ ഫാഷിസ്റ്റ് ഏകാധിപതി മുസോളനിയുടെ നിര്‍ബന്ധ പൂര്‍ണ്ണമായ ക്ഷണം നിരസിച്ചു കൊണ്ട് നെഹ്രു പറഞ്ഞു, ‘ഫാസിസവും, നാസിസവും എന്തിലാണ് മിഴുകിയത്, ആ ആക്രമണത്തിന്റെ ഭൗതികമായ പ്രകടനങ്ങള്‍ മാത്രമല്ല, അവയുടെ നിതാന്ത സഹചാരികളായ കുടിലതയും, മൃഗീയതയും മാത്രവുമല്ല, അവയൊക്കെ എത്ര ഭീകരമായിരുന്നിട്ടും ഞങ്ങളെ ബാധിച്ചത്, അവര്‍ നിലയുറപ്പിച്ചതും വലിയ ശബ്ദഘോഷത്തോടും, നാണമില്ലാതേയും ഉദ്‌ഘോഷിച്ചതുമായ തത്വങ്ങള്‍, അവര്‍ ആഗ്രഹിച്ച ജീവിത ക്രമങ്ങള്‍ എല്ലാം യുഗ യുഗാന്തരങ്ങളായി മനുഷ്യരാശി വിശ്വസിച്ചു പോന്നതിനും നേര്‍ വിപരീതമായിരുന്നു’.
രണ്ട് കൊല്ലത്തിന് ശേഷം വീണ്ടും നെഹ്രുവിനെ തേടിയെത്തിയത്, നാസി ഭരണ തലവന്‍ ഹിറ്റ്‌ലറുടെ ക്ഷണമയിരുന്നു. ക്ഷണ കത്തിന്റെ കൂടെയുള്ള കുറിപ്പില്‍ കുറിച്ചത്, ‘നാസിസത്തോട് അങ്ങയ്ക്കുള്ള വിയോജിപ്പ് ഞങ്ങള്‍ക്കറിയാമെങ്കിലും അങ്ങേയ്ക്ക് നേരിട്ട് ജര്‍മ്മനി സന്ദര്‍ശ്ശിക്കാമെന്നും’ കത്തില്‍ വിശദീകരിക്കുന്നു. പേരോട് കൂടിയോ, സ്വന്തം ഇഷ്ടപ്രകാരമോ, അജ്ഞാതനായിട്ടോ ജര്‍മ്മനിയിലെ എവിടെ വേണമെങ്കിലും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പോകാനുള്ള ക്ഷണവും നെഹ്രു നിരസിച്ചു. തുടര്‍ന്ന് ഫാസിസ്റ്റ്നാസി വിരുദ്ധ നിലപാടുകള്‍ ബ്രിട്ടീഷ് മന്ത്രിസഭയിലെ മന്ത്രിമാരുമായും, രാജ്യ പ്രമുഖരുമായും വിശദീകരിക്കുകയും ചെയ്തു’.
ജീവിതത്തെ സത്യന്യേഷണത്തിന് സമര്‍പ്പിച്ച സനാതന ധര്‍മ്മം പേറുന്ന രാമ ഭക്തനായ ഗാന്ധിജിയെ കൊന്ന രാജ്യത്തെ കൊടും ഭീകരനായ ഗോഡ്‌സെ, സഹിഷ്ണുതയുടെ ആര്‍ദ്ര മധുരമായ ഹേ.. റാം എന്ന രാമ സ്തുതിയില്‍ നിന്നും ജയ് ശ്രീരാം എന്ന ഹിംസാ മന്ത്രത്തിലേക്ക് പരി വര്‍ത്തിപ്പിച്ചപ്പോള്‍ അത് വംശ ഹത്യയുടെ അടയാളമാക്കിയവര്‍ ഉയര്‍ത്തുന്ന സങ്കുചിത രാജ്യ സങ്കല്‍പ്പമാണ് ഹിന്ദുത്വ രാഷ്ട്ര വാദം. ഈ വാദത്തിന്റെ സാക്ഷാല്‍ക്കാരത്തിന്നായ് തുറന്നു വിട്ട ഭൂതങ്ങളിലൊന്നാണ് പൗരത്വം!
രാജ്യത്തെ പ്രബലമായ ഒരു ശക്തിയെ ആദ്യം കീഴ്‌പ്പെടുത്തുക. പിന്നീട് ഫാസിസത്തിന്റെ ദൃംഷ്ടം ഉയരുന്നത് ഇന്ന് പറയാത്ത , ചെറുത്ത് നില്‍പ്പിന് പ്രാപ്തി പ്രാപ്തി കുറഞ്ഞ ചെറു ചെറു മത വിഭാഗങ്ങളേയും, ഹിറ്റ്‌ലര്‍ ഗ്യാസ് ചേമ്പറിലിട്ട് കൊന്ന് തീര്‍ത്ത കമ്മ്യൂണിസ്റ്റുകളേയും, ദലിതരേയും, കീഴാളനെയുമായിരിക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒടുങ്ങാത്ത പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങളില്‍ അമിത് ഷാ സരക്ഷിക്കുമെന്ന് പറയുന്ന ഹിന്ദു തന്നെ ചോദിക്കുന്നു, അന്യ ദേശത്തെ ഹിന്ദുക്കളെ കൊണ്ട് വന്ന് നിറക്കാനുള്ള കുടിയേറ്റ കേന്ദ്രമാണോ ഈ നാട് എന്നാണ്.
സ്വന്തം നാട് വിടേണ്ടി വരുന്ന ഒരു പൗരനെ സംമ്പന്ധിക്കുന്ന വാദങ്ങളെല്ലാം നിരര്‍ത്ഥകമാണെന്ന് ബോധ്യപ്പെടും, വംശ വെറി മൂത്ത അമിത് ഷാ ഔദാര്യമായി അനുവദിച്ച അയല്‍ നാടുകളിലെ ഹിന്ദുവിനോട് ‘നിങ്ങള്‍ക്കൊരുക്കി വെച്ച സ്വര്‍ക്ഷ രാജ്യമാണ് ഇന്ത്യ’,
അവിടെ പോകുന്നില്ലേ എന്ന് ചോദിക്കുമ്പോള്‍, ഭരണഘടനയില്‍ പ്രത്യേക സംരക്ഷണമെന്ന് എഴുതി വെച്ചില്ലെങ്കിലും, ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഉയര്‍ത്തി കൊണ്ടു വരുന്ന ‘സാങ്കല്‍പ്പിക പീഡിത’രായവര്‍ സ്വന്തം മണ്ണോട് ചേര്‍ന്ന ജീവിതത്തെ വിട്ട് എവിടേയും പോകില്ലവര്‍. അതവരുടെ രാജ്യ സ്‌നേഹമാണത്.
ഇന്ത്യക്കാര്‍ക്ക് വേണ്ടത് ഹിന്ദു മഹാ സഭയും, ജനസംഘവും, ആര്‍ എസ് എസ്സംഘ് പരിവാര്‍ വരെ രൂപപ്പെടുത്തിയ, നാസിസത്തില്‍ നിന്നും, ഫാസിസത്തില്‍ നിന്നും
പ്രചോദനം കൊണ്ട ഹിന്ദുത്വ രഷ്ട്രമല്ല, മഹത്തായ ഇന്ത്യന്‍ ഭരണ ഘടന വിഭാവന ചെയ്ത ഗാന്ധിജിയും, നെഹ്രുവും, അംമ്പേദ്ക്കറും വിഭാവനം ചെയ്ത, ഏഴ് പതിറ്റാണ്ട്
കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മത നിരപേക്ഷ ഇന്ത്യയാണ്. ‘ഏകം സദ് വിപ്ര: ബഹുധാവദന്തന്തി’ ഏകമായ സത്യത്തെ ജ്ഞാനികള്‍ വ്യത്യസ്ഥമായി വ്യാഖ്യാനിക്കുന്നത് തന്നെ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യന്‍ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്ന, നൂറ്റിമുപ്പത് കോടി ജനതയുടെ മൗലീകവകാശം കുറിക്കപ്പെടുന്ന പാര്‍ലമെന്റ്അതിന്റെ അടിത്തറ നില നിര്‍ത്തണം.

SHARE