ബാഫഖി തങ്ങള്‍ വിടവാങ്ങിയിട്ട് 47 വര്‍ഷം

ഖാഇദെ മില്ലത്തിന്റെ വേര്‍പാടിനുശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ സാരഥ്യമേറ്റെടുത്ത പ്രസിഡന്റും കേരള സംസ്ഥാന മുസ്‌ലിംലീഗിന്റെ പ്രഥമ അധ്യക്ഷനുമായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെ സംബന്ധിച്ച് പ്രസിദ്ധനായ പത്രാധിപരും ദേശീയപ്രസ്ഥാന നായകനും രാജ്യതന്ത്രജ്ഞനുമായിരുന്ന കെ.പി കേശവമേനോന്‍ എഴുതി: ഉന്നത സ്ഥാനത്തെത്തിയ പലരുടെയും ജീവിതത്തില്‍നിന്ന് നമുക്ക് പലതും പഠിക്കാനുണ്ടാകും. ബാഫഖി തങ്ങളുടെ ജീവിതവും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ചില സംഗതികള്‍ ഓര്‍മ്മപ്പെടുത്താതിരിക്കില്ല. പ്രസംഗപീഠത്തിലാകട്ടെ, സംഭാഷണത്തിലാവട്ടെ, ആവശ്യമുള്ളതിലധികം പറയാതിരിക്കുക, എതിരാളികളെ വിമര്‍ശിക്കുമ്പോഴും മിതമായ ഭാഷ ഉപയോഗപ്പെടുത്തുക എന്നീ ഗുണങ്ങള്‍ വിശേഷിച്ചും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരുമായി തീവ്രമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും അവരുമായുള്ള സമ്പര്‍ക്കത്തില്‍ അത് പ്രകടമാക്കാതെ തികഞ്ഞ മര്യാദയും സഹിഷ്ണുതയും പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തിന്റെ ജീവിതം വ്യക്തമാക്കുന്നു. സമുദായങ്ങളെയോ പാര്‍ട്ടികളെയോ ഭിന്നിപ്പിക്കുന്നതിന് തങ്ങള്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അവരെ ഒന്നിച്ചുനിര്‍ത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പല ഘട്ടങ്ങളിലും ബാഫഖി തങ്ങളുടെ ഈ സ്വഭാവ വിശേഷം വെളിപ്പെട്ടിട്ടുണ്ട്.’
താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ സാക്ഷ്യം മാത്രമല്ല; പില്‍ക്കാല കേരള രാഷ്ട്രീയത്തിന്റെയും രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ഗതിവിഗതികള്‍കൂടി തന്റെ ജീവചരിത്രത്തിന്റെ അനുബന്ധമാക്കാന്‍ കഴിഞ്ഞ സിദ്ധിവിശേഷത്തിനുടമയായിരുന്നു ബാഫഖി തങ്ങള്‍. നിരക്ഷരരും ദരിദ്രരും ഭരണകൂടങ്ങളാല്‍ അവഗണിക്കപ്പെട്ടവരുമായ ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ കഠിന പ്രയത്‌നം ചെയ്തു. ഈ ജനതയെ അധ:സ്ഥിതിയില്‍നിന്ന് മോചിപ്പിച്ച് പൊതുജീവിതത്തിലെ എല്ലാ തുറകളിലും നേതൃത്വപരമായ പങ്കു വഹിക്കുന്നതിനു പ്രാപ്തമാക്കി. രാഷ്ട്രീയത്തോടൊപ്പം മത, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലും നിറഞ്ഞുനിന്നു. മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന അധ്യക്ഷപദവിയിലിരിക്കെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സമുദായംഗങ്ങളില്‍ ബാല്യം തൊട്ടേ മത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും മതനിഷ്ഠ പുലര്‍ത്തുന്ന തലമുറകളെ വാര്‍ത്തെടുക്കുന്നതിനും വിപുലവും വ്യവസ്ഥാപിതവുമായ മദ്രസാപ്രസ്ഥാനത്തിന് ബാഫഖി തങ്ങള്‍ അടിത്തറയിട്ടു. ജാമിഅ: നൂരിയ്യ ഉള്‍പ്പെടെ നിരവധി അറബിക് കോളജുകള്‍, അനാഥശാലകള്‍, ദര്‍സുകള്‍ എന്നിവ അദ്ദേഹത്തിന്റെ മുന്‍കൈയാല്‍ സ്ഥാപിതമായി. ഫാറൂഖ് കോളജ് തുടങ്ങി ഭൗതിക വിദ്യാഭ്യാസ രംഗത്ത് അനേകം സ്ഥാപനങ്ങള്‍ നിലവില്‍വരുന്നതിന് നേതൃത്വം നല്‍കി. പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിനും ന്യൂനപക്ഷ സമൂഹങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും മുന്നില്‍നിന്നു. ചന്ദ്രികയുടെ മൂന്നാമത് മാനേജിങ് ഡയറക്ടറായി 1946 മുതല്‍ നേതൃത്വമേറ്റെടുത്ത ബാഫഖി തങ്ങള്‍ പത്രത്തിന്റെ നവീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചു. ദരിദ്രരായ അനേകം വിദ്യാര്‍ത്ഥികളെ സ്വന്തം ചെലവില്‍ ഉപരിപഠനത്തിനയച്ചു. അക്ഷരാര്‍ത്ഥത്തില്‍ നാടിനും സമൂഹത്തിനും പാവപ്പെട്ടവര്‍ക്കുമായി ജീവിച്ച ജനനേതാവ്. 1973 ജനുവരി 19ന് മക്കയില്‍ ഹജ്ജ് വേളയില്‍ മരണമടഞ്ഞു.

SHARE