ദയവായി, രാജ്യത്തെയോര്‍ത്ത്

പുത്തൂര്‍ റഹ്മാന്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്താനും അതുവഴി ജനമനസ്സുകളുടെ വിഭജനം സാധിക്കാനും രാജ്യം വെട്ടിപ്പിടിക്കാനുമുള്ള ഹിന്ദുത്വശക്തികളുടെ നിഴല്‍യുദ്ധം മാത്രമാണെന്നു കരുതുവാന്‍ ഇനി നിര്‍വാഹമില്ല. എന്‍.ആര്‍.സി നടപ്പാക്കുമെന്ന് ആവര്‍ത്തിക്കുന്ന ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് 2024ലെ അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പേ അതു പൂര്‍ത്തിയാക്കുമെന്നാണ്. രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരെ മുഴുവന്‍ പുറത്താക്കുന്നതിനാണ് ഈ നിയമം നടപ്പാക്കുന്നതെന്നും അദ്ദേഹം പറയുന്നു. എലിയെ പേടിച്ചു ഇല്ലം ചുടുമെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നതെന്ന് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിയൊന്നും വേണ്ട. രാജ്യനിവാസികളായ നൂറ്റിമുപ്പതു കോടി ജനങ്ങളെയും പീഡിപ്പിച്ചിട്ടു വേണം അനധികൃതമായി രാജ്യത്തു കഴിയുന്നവരെ പുറത്താക്കാന്‍. നേരത്തെ രാജ്യത്തുള്ള കള്ളപ്പണം മുഴുവന്‍ കണ്ടെത്താന്‍ നോട്ടുനിരേധനം നടത്തിയവര്‍ക്ക് ഏതെങ്കിലും ലക്ഷ്യം നേടണമെന്ന നിര്‍ബന്ധം ഒന്നിലുമില്ല. കള്ളപ്പണം കണ്ടെത്തിയില്ലെന്നു മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയും ചെയ്തു. തങ്ങളുടെ ധാര്‍ഷ്ട്യവും ഹുങ്കും ജനങ്ങളെ അടിച്ചേല്‍പിക്കുക. അതുവഴി രാജ്യത്തൊന്നാകെ അരക്ഷിതാവസ്ഥയും ദുരിതവും വിതക്കുക. ജനങ്ങളെ ഏതു വിധേനയും ഭിന്നിപ്പിക്കുക. ഭയം പടര്‍ത്തി തങ്ങളുടെ അധീശാധിപത്യത്തിനു വഴിയൊരുക്കുക. ഇതില്‍ കവിഞ്ഞ യുക്തിയോ കരുണയോ സംഘപരിവാറില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നത് ഇതോടെ ഉറപ്പായിരിക്കുന്നു. നോട്ടുനിരോധനവും തെറ്റായ സാമ്പത്തിക നയവും കാരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നെങ്കില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതോടെ തച്ചുടക്കപ്പെടുന്നത് രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയായിരിക്കും.
ഭീതിയും നിരാശയും പടര്‍ത്തുക എന്നത് ഒരു ഭരണമാതൃകയാക്കി മാറ്റിയിരിക്കുകയാണ് രാജ്യത്തെ ഭരണകൂടം. കഴിഞ്ഞ വാരം വന്നൊരു വാര്‍ത്തയില്‍ കേരളത്തിലെ പോലും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ജനനസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവു വന്ന കാര്യം കാണുകയുണ്ടായി. എന്‍.ആര്‍.സി നടപ്പാക്കുമെന്ന പ്ര്യഖ്യാപനത്തിന് ശേഷം ജനനസര്‍ട്ടിഫിക്കറ്റ് തെരഞ്ഞെത്തുന്നവരുടെ എണ്ണം പത്തിരട്ടിയിലധികമാണ് വര്‍ദ്ധിച്ചതെന്നും കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രം 1970നു മുമ്പുള്ള ജനനരേഖകള്‍ക്കായി ഡിസംബര്‍ മാസത്തില്‍ അമ്പതോളം അപേക്ഷകരെത്തി എന്നുമാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. നേരത്തെ നാലോ അഞ്ചോ മാത്രമാണ് ഇത്തരം അപേക്ഷകരുടെ എണ്ണമെന്നും അപേക്ഷകരുടെ എണ്ണത്തിലെ ഈ കുതിച്ചുചാട്ടം എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട ആശങ്ക കാരണമാണെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ തന്നെ നിരീക്ഷിക്കുന്നുമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 1970മുതലുള്ള രേഖകള്‍ ഡിജിറ്റല്‍ ആയി സൂക്ഷിച്ചിട്ടുണ്ട്. അതിന് മുന്‍പുള്ളവ കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാവില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ വിശദീകരണം നല്‍കുന്ന അവസ്ഥയുമുണ്ടായി. പൗരത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ കണ്ടെത്താനാവാതെ പൗരന്മാര്‍ പ്രയാസപ്പെടേണ്ടി വരുന്ന അവസ്ഥ താരതമ്യേനെ കുറവുള്ള കേരളത്തിലേ ജനങ്ങളെ പേലും ഈ നിയമം എങ്ങനെ നിരാശരും ഭയചകിതരും ആക്കിയിരിക്കുന്നു എന്നതില്‍ നിന്നും അറിയാം ഇന്ത്യാ മഹരാജ്യത്തെ കോടാനുകോടി മനുഷ്യര്‍ സ്വന്തം അസ്തിത്വം തെളിയിക്കേണ്ടി വരുന്ന ഒരവസ്ഥയില്‍ എത്ര കണ്ടു അരക്ഷിതരും അസ്വസ്ഥരുമാകുമെന്നത്. രാജ്യത്തിന്റെ സാമൂഹികാവസ്ഥ തകര്‍ത്തുകൊണ്ടാവും ഈ നിയമം നടപ്പാവുക. സ്വന്തം പൗരത്വം തെളിയിക്കാന്‍ കുറ്റകൃത്യങ്ങളും തെറ്റായ വഴികളും ആശ്രയിക്കേണ്ടി വരും. അസമിലെ സാധാരണക്കാര്‍ എത്രയേറെയാണ് ഇതിനായി കഷ്ടപ്പെട്ടതും ഏതൊക്കെ തരത്തിലാണ് കൈക്കൂലിയും അനധികൃത പണമിടപാടുകളും നടത്തേണ്ടി വന്നതും എന്നതു നമ്മുടെ മുമ്പിലുണ്ട്. എന്നിട്ടും പട്ടികയില്‍ നിന്നും രാജ്യത്തിനു സൈനിക സേവനം ചെയ്ത സീനിയര്‍ സിറ്റിസന്‍സ് വരെ പുറം തള്ളപ്പെട്ട അവസ്ഥയുണ്ടായി. സംഘപരിവാറിനു വേണ്ടപ്പെട്ടവരും പട്ടികക്കു പുറത്താവുന്ന അവസ്ഥയുണ്ടായി. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ഘടക കക്ഷികള്‍ അങ്ങനെയാണ് പ്രക്ഷോഭം തുടങ്ങിയത്. അസമിലെ മുന്‍ മുഖ്യമന്ത്രി മുതല്‍ മുന്‍ രാഷ്ട്രപതി ഫഖ്രുദ്ദീന്‍ അലി അഹ്മദിന്റെ സന്താനങ്ങള്‍ വരെ സ്വന്തം പൗരത്വം തെളിയിക്കേണ്ട അവസ്ഥ വന്നു. ഈ നിയമം എത്ര വലിയ അസംബന്ധമാണെന്ന് ഇതൊക്കെ തെളിയിക്കുന്നു.
കേന്ദ്രഭരണകൂടത്തിന്റെ ഈ അസംബന്ധ നിയമങ്ങള്‍ക്കും ദുരുദ്ധേശ്യപരമായ താല്‍പര്യങ്ങള്‍ക്കും എതിരെ രാജ്യമാകെ ഉയരുന്ന ജനരോഷവും രാജ്യത്തെ ഭാവി തലമുറ അതീവജാഗ്രതയോടെ നടത്തുന്ന പ്രക്ഷോഭങ്ങളും ജനങ്ങള്‍ ഒറ്റക്കെട്ടാവുന്നതും രാജ്യത്തെ വിവിധ സംസ്ഥാന ഭരണകൂടങ്ങള്‍ തെറ്റായ നിയമങ്ങളെ അനുകൂലിക്കില്ലെന്നു പ്രഖ്യാപിച്ച് അവയെ ഭരണഘടനക്കു വിധേയമായി ചോദ്യം ചെയ്യുന്നതും ഏറെ ശുഭപ്രതീക്ഷ പകരുമ്പോഴും ജനങ്ങളെ ബാധിക്കുന്ന നിരാശ രാജ്യത്തെ വളരെക്കാലം പിന്നോട്ടു നടത്തുമെന്നതാണ് യാഥാര്‍ത്ഥ്യം.
ഭരണകൂടവും നിയമ വ്യവസ്ഥയും രാജ്യത്തെ വിവിധ സ്ഥാപനങ്ങളും ജനഹിതത്തെ മാനിക്കാത്ത വിധം പെരുമാറുന്ന ഒരു കാലം വന്നിരിക്കുന്നു. കോടതികള്‍ക്കു പോലും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥ വരികയും ജഡ്ജിമാര്‍ക്കുമുണ്ടാവില്ലേ സ്വന്തം ജീവനില്‍ കൊതി എന്നു അതിനെപ്പറ്റി രാജ്യത്തെ ജനങ്ങള്‍ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യുന്ന ഒരവസ്ഥ. ഈ രാജ്യത്ത് ഇനിയെന്താണ് കളങ്കപ്പെടാന്‍ ബാക്കിയുള്ളതെന്നു സാധാരണക്കാര്‍വരെ മൂക്കത്തു വിരലുവെച്ചു പോകുന്ന അവസ്ഥ. രാജ്യത്തിന്റെ ഭാവിയെപ്പറ്റി ആലോചിക്കുമ്പോള്‍ ഈ അവസ്ഥയെയാണ് ഭയപ്പെടേണ്ടത്. മനുഷ്യത്വരഹിതമായ മര്‍ദ്ധന മുറകളാണ് ഇന്ത്യയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്കെതിരെ അരങ്ങേറിയത്. നിയമപാലകര്‍ നോക്കി നില്‍ക്കേ, പ്രത്യേകം നിയമിക്കപ്പെട്ട ഗുണ്ടാപ്പട സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്ന രാജതലസ്ഥാനം. ഭരണകൂടം, പോലീസ്, ജുഡീഷ്യറി എന്നിവയെല്ലാം ജനങ്ങളില്‍ നിന്നകന്നു പോകുന്ന നിസ്സഹായത. സര്‍വ്വകലാശാലകളിലെ ബി.ജെ.പി രാജ് എല്ലാ അതിരുകളും കടന്നിരിക്കുന്നു. ഫാഷിസം ഭരണകൂടഭീകരതയായി പരിണമിക്കുന്ന അത്യന്തം ഭയാനകമായ ഈ നേര്‍കാഴ്ചകളില്‍ മോദി-അമിത്ഷാ കൂട്ടുകെട്ടു വിഭാവനം ചെയ്യുന്ന ഭാവി ഇന്ത്യ തെളിഞ്ഞു വരുന്നുണ്ട്. ഒപ്പം ഇന്ത്യയെന്ന അഭിമാനം പതുക്കേ നമുക്കെല്ലാവര്‍ക്കും നഷ്ടപ്പെടുന്നുമുണ്ട്. വിദേശ രാജ്യങ്ങളില്‍ ഭരണകര്‍ത്താക്കളും പൗരന്മാരും ഏറെ ആദരവോടെയും താല്‍പര്യത്തോടെയും ഇന്ത്യയെ കുറിച്ചു പറയുകയും പുകഴ്ത്തുകയും ചെയ്തിരുന്ന കാലം അവസാനിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ സ്വന്തം രാജ്യത്തെ അവസ്ഥകള്‍ കാരണം തലകുനിക്കേണ്ടി വരുന്ന അവസ്ഥ വരുന്നത് എന്തൊരു മാനഹാനിയാണ്. വിദേശ രാജ്യങ്ങളിലുള്ള സംഘ്പരിവാര്‍ അനുഭാവികള്‍ക്കുവരെ ഈയൊരവസ്ഥ നേരിടേണ്ടി വരുന്നു. പ്രവാസലോകത്തെ ഭാരതീയര്‍ രാജ്യത്തെ പ്രതി വേദനിക്കുന്നതിനൊപ്പം ഇങ്ങനെയൊരു മാനസികാഘാതം പേറേണ്ടി വരികയും ചെയ്തിരിക്കുന്നു. ഇതൊന്നും ഒരിക്കലും ഇങ്ങനെയായിരുന്നില്ല.
ദേശീയ പൗരത്വ നിയമം (സി.എ.എ), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിര്‍ലജ്ജമായ നുണകളും പരസ്പരവിരുദ്ധവുമായ കാര്യങ്ങളുമാണ് ബി.ജെ.പി നേതാക്കളും ഭരണകര്‍ത്തക്കളും ദിവസവും പറയുന്നത്. നേരത്തെ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന യുനീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ അഥവാ ആധാര്‍ കാര്‍ഡ് ആരംഭിച്ച സംഘത്തില്‍ ഒരാളായിരുന്ന യു.ഐ.ഡി.എ.ഐ സിവില്‍ സൊസൈറ്റി ഔട്ട് റീച്ച് മുന്‍ കോഓര്‍ഡിനേറ്ററും ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് യു.എസ്.എയുടെ കോ ഫൗണ്ടറുമായ രാജു രാജഗോപാല്‍ വിശേഷിപ്പിച്ച പോലെ കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തൊട്ടാകെ എന്‍.ആര്‍.സി നടപ്പാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണു ചെയ്യുന്നത്. ക്രൂരതയുടെ ദേശീയ രജിസ്റ്റര്‍’ (ഠവല ചമശേീിമഹ ഞലഴശേെലൃ ീള ഇൃൗലഹ്യേ) എന്നാണ് രാജുരാജഗോപാല്‍ അതിനെ വിലയിരുത്തുന്നത്. രാജ്യവ്യാപകമായി എന്‍.ആര്‍. സി നടപ്പാക്കുന്ന കാര്യം കേന്ദ്ര മന്ത്രിസഭ ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നുണ പറയുന്ന അവസ്ഥയുണ്ടായത് പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ രാജ്യം ഒറ്റക്കെട്ടാവുന്നതു കണ്ടപ്പോഴാണ്. ഈ ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഏതു തന്ത്രമാകും ഭരണകൂടം സ്വീകരിക്കുക എന്ന ഭീതി പക്ഷേ നമ്മുടെ മുന്നിലുണ്ട്. ഭരണകൂടം പ്രതിസന്ധിയിലാകുമ്പോള്‍ ദേശീയത ആളിക്കത്തിക്കാനുള്ള ഇന്ധനങ്ങള്‍ കണ്ടെത്തുക ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ പതിവു പദ്ധതിയാണ്. അതിനെപ്പോഴും അതിര്‍ത്തിയിലെ സൈനികരോ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ഹതഭാഗ്യരോ ഇരയാകുന്നു. തനിനിറം വെളിപ്പെടുമെന്നു വരുമ്പോള്‍ ഏതു കരുവാകും നീക്കുക എന്നതു ഭയപ്പെടേണ്ടതു തന്നെയാണ്. ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ പിടിക്കപ്പെട്ട ഡി.വൈ.എസ.്പി ആരാണെന്ന അന്വേഷണങ്ങള്‍ പുറത്തുവരുമ്പോള്‍ ഈ ഭയം ഇരട്ടിക്കുകയാണ്. ഭരണകൂടം ഭീകരതക്കെതിരെ നിലക്കാത്ത പോരാട്ടത്തിലെന്നു വീമ്പിളക്കുമ്പോഴാണ് ഹിസ്ബുല്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെടെ രണ്ടു ഭീകരര്‍ക്കൊപ്പം ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങ് അറസ്റ്റിലായത്. ഭീകരരെ ന്യൂഡല്‍ഹിയിലേക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബി.ജെ.പി പ്രതിക്കൂട്ടിലായ ശവപ്പെട്ടി കുംഭകോണത്തിന്റെ സമയത്ത് സംഭവിച്ച പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അഫ്‌സല്‍ ഗുരു, താന്‍ പ്രവര്‍ത്തിച്ചത് ഇതേ ദേവേന്ദര്‍ സിംഗിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് അന്നേ പലവട്ടം വ്യക്തമാക്കിയിരുന്നു. അന്നതിനാരും ചെവികൊടുക്കുകയുണ്ടായില്ല. ഇന്നതു പക്ഷേ രാജ്യത്തെ ഭീതിയിലാഴ്ത്തുന്ന വര്‍ത്തമാനമായി തിരിച്ചു വന്നിരിക്കുന്നു. ഇതിനെക്കുറിച്ചൊന്നും നുഴഞ്ഞുകയറ്റക്കാരെ പിടിക്കാന്‍ രാജ്യവാസികളെ ഒന്നാകെ വെയിലത്തു നിര്‍ത്തുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരക്ഷരം പറയുന്നുമില്ല.
ദേശീയതയുടെ തെറ്റായ ആഖ്യാനങ്ങളും അതീവ വ്യാപകമായ മുസ്‌ലിം വിരുദ്ധ വര്‍ഗീയതയുടെ വ്യാപനവും ലക്ഷ്യം വെച്ചുള്ളതല്ല പൗരത്വ നിയമ ഭേദഗതികള്‍. ദശലക്ഷക്കണക്കിന് പാവങ്ങളെ പ്രത്യേകിച്ച് ദലിതരെയും ആദിവാസികളെയും ആവശ്യമായ രേഖകള്‍ ഹാജരാക്കി മാത്രം വീണ്ടും ഇന്ത്യക്കാരാകാന്‍ നിര്‍ബന്ധിതരാക്കും. ഒപ്പം തന്നെ ആയിരക്കണക്കിന് യഥാര്‍ത്ഥ പൗരന്മാരെ, പ്രത്യേകിച്ച് മുസ്‌ലിംകളെ ഈ രാജ്യത്തെ പൗരന്മാരല്ലെന്ന് വിധിച്ചു പുറംതള്ളാനും ബി.ജെ.പിക്ക് അവസരം നല്‍കും. ഇതിനെല്ലാം അപ്പുറം ഇന്ത്യ എന്ന സങ്കല്‍പം തകരുകയും നമ്മുടെ മഹത്തായ ഭരണഘടന വെറുതെയാവുകയും ഇന്ത്യ എന്ന യാഥാര്‍ത്ഥ്യം നരകതുല്യമാവുകയും ചെയ്യും.
ബ്രാഹ്മണ മേധാവിത്വത്തിന്റെ കൈപ്പിടിയില്‍ രാജ്യം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുണ്ടായിരുന്നുവെന്നു പറയുന്ന ശാസ്ത്രപുരോഗതിയിലേക്കല്ല, മുമ്പത്തെ ജാതിതുല്യമായ വ്യവസ്ഥയിലേക്കാണു മടങ്ങുക.

SHARE