പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍

Iranian general Qasim Sulaimani killed in US attack on Baghdad airport

എം ഉബൈദുറഹ്മാന്‍

ഇറാന്‍ സൈനികത്തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധം നടന്ന് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അത് ആഗോളതലത്തില്‍ പൊതുവെയും പശ്ചിമേഷ്യന്‍ മേഖലയില്‍ വിശേഷിച്ചും സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ക്ക് ഇനിയും വിരാമമായിട്ടില്ല. സുലൈമാനിവധവും തുടര്‍ന്ന് ഇറാഖിലെ എര്‍ബല്‍, അല്‍ അസദ് അമേരിക്കന്‍ ക്യാമ്പുകള്‍ ലക്ഷ്യംവച്ച് ഇറാന്‍ നടത്തിയ ദീര്‍ഘ ദൂര മിസൈല്‍ അക്രമണവും 176 യാത്രികരുമായി ടെഹ്‌റാനിലെ ഖുമൈനി വിമാനത്താവളത്തില്‍നിന്നും പറന്നുപൊങ്ങിയ ഉക്രൈന്‍ യാത്രാ വിമാനത്തെ തകര്‍ത്തതും പിരിമുറുക്കം വര്‍ധിപ്പിച്ചെങ്കിലും അമേരിക്ക, എന്തുകൊണ്ടോ കാര്യമായി പ്രതികരിക്കാതിരുന്നത് മേഖലയിലെ സംഘര്‍ഷത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും അയവ് സൃഷ്ടിച്ച പ്രതീതിയുണ്ടാക്കി. പക്ഷേ, ഇറാന്‍ പ്രതികാര നടപടികളുമായി മുന്നോട്ടുപോകില്ലെന്നോ, പ്രവചനാതീത ചെയ്തികള്‍ക്ക് കുപ്രസിദ്ധനായ യു.എസ് പ്രസിഡണ്ട് ഇറാന്റെ മേല്‍ ഇനിയും അക്രമം അഴിച്ചു വിടില്ലെന്നോ ഇതിന് അര്‍ഥമില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം സൃഷ്ടിക്കാനിടയുള്ള ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അത് ആര്‍ക്കൊക്കെ ഗുണം ചെയ്യുമെന്നും പരിശോധനാവിധേയമാക്കേണ്ടതായിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ വിമര്‍ശകരെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ പ്രതിനിധിസഭയുടെ അംഗീകാരംപോലും വാങ്ങാതെ പ്രസിഡണ്ട് നേരിട്ട് നടത്തിയ ഇറാന്‍ ഓപറേഷന്‍ അദ്ദേഹത്തിന്റെ നയവൈകല്യങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തികച്ചും അവിവേകമായ നടപടിയായിട്ടാണ് സുലൈമാനി വധം അമേരിക്കയിലുടനീളം പൊതുവെ വിലയിരുത്തപ്പെടുന്നത്. സുലൈമാനി വധത്തിന്റെ പിറ്റേന്നാള്‍ ഇറങ്ങിയ ‘ദ ന്യൂയോര്‍ക് ടൈംസ്’, ‘ദ വാഷിംഗ്ടണ്‍ പോസ്റ്റ്’ ദിനപത്രങ്ങള്‍ കടുത്ത ഭാഷയിലാണ് പ്രസിഡണ്ടിന്റെ നടപടിയെ വിമര്‍ശിച്ചത്. ‘ദേശീയ സുരക്ഷ’ എന്ന തുരുപ്പ്ചീട്ട് ഉപയോഗിച്ചാണ് പ്രസിഡണ്ട് ട്രംപ് സുലൈമാനി വധത്തെ ന്യായീകരിക്കുന്നതെങ്കിലും മധ്യപൗരസ്ത്യദേശത്തും ആഫ്രിക്കയിലുമായി വിന്യസിച്ചിരിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന അമേരിക്കന്‍ സൈനികരുടെ ജീവനാണ് ഈ നടപടിമൂലം പ്രസിഡണ്ട് ട്രംപ് അപകടപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പ്രസിഡണ്ടിന്റെ ഇറാന്‍ നടപടിയെ വിശേഷിപ്പിച്ചത് ‘അത്യന്തം പ്രകോപനപരം’ എന്നാണ്. ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്ന പ്രസിഡണ്ട് ട്രംപ് വന്‍ രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചായിരുന്നു ഈ ഓപറേഷന് ഇറങ്ങിതിരിച്ചതെങ്കിലും രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയരുന്ന പ്രതികരണങ്ങള്‍ സുലൈമാനിവധം അദ്ദേഹത്തിന്തന്നെ വിനയായിമാറുന്നു എന്നാണ് തെളിയിക്കുന്നത്. പ്രസിഡണ്ടിന്റെ സൈനികാധികാരം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് ഡമോക്രാറ്റ് പ്രതിനിധി എലിസ സ്‌റ്റോക്കിന്‍ ജനുവരി 9 ന് അവതരിപ്പിച്ച പ്രമേയം 194 നെതിരെ 224 വോട്ടുകള്‍ക്കാണ് പ്രതിനിധിസഭ പാസാക്കിയത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള അമേരിക്കന്‍ സെനറ്റില്‍ പ്രമേയം പാസാവാന്‍ സാധ്യത നിലനില്‍ക്കുന്നില്ലെങ്കിലും ഈ വിഷയത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ‘മൂഡ്’ കൃത്യമായി വായിച്ചെടുക്കാന്‍ പ്രയാസമില്ല. ഇറാന്‍ നടത്തിയ ഉക്രൈന്‍ യാത്രാ വിമാന ആക്രമണത്തിന്‌പോലും ഹേതുവായത് അമേരിക്കയുടെ അവിവേകമായ ഇറാന്‍ നടപടിയാണെന്ന് വിലയിരുത്തുന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെയാണ്.
കടുത്ത സാമ്രാജ്യത്വ വിരോധിയും പ്രമുഖ ബ്രിട്ടീഷ് കോളമിസ്റ്റുമായ സൈമണ്‍ ജെംഗിന്‍സ് സുലൈമാനി വധാനന്തരം ഡൊണാള്‍ഡ് ട്രംപ് നടത്തിയ ന്യൂസ് ബ്രീഫിംഗിനെ ‘ചരമമടയുന്ന അമേരിക്കന്‍ സാമ്രാജ്യത്തിന്റെ അവസാന മോങ്ങലുകളും മുരളലുകളു’മായാണ് വിശേഷിപ്പിക്കുന്നത്. റോമന്‍, നെപ്പോളിയനിക്, ബ്രിട്ടീഷ് തുടങ്ങി ലോകം കണ്ട മഹാ സാമ്രാജ്യങ്ങളെല്ലാം തകര്‍ന്നടിഞ്ഞത് വന്‍ ശക്തികള്‍ അവയെ കീഴ്‌പ്പെടുത്തിയത്‌കൊണ്ടായിരുന്നില്ല. പ്രത്യുത, സാമ്രാജ്യത്തിന്റെ ഭൂമിശാസ്ത്രവും ഛത്രപതിമാരുടെ സ്വയംമതി വിഭ്രമവും മൂലമായിരുന്നു. ഇതേ ഗതി തന്നെയാണ് അമേരിക്കന്‍ സാമ്രാജ്യത്തെയും കാത്ത് കിടക്കുന്നത്, സൈമണ്‍ ജെംഗിന്‍സ് നിരീക്ഷിക്കുന്നു.
രക്തസാക്ഷിത്വത്തിന് ഉന്നത മതപരിവേഷം നല്‍കുന്ന ശിയാ വിഭാഗത്തിന് സുലൈമാനി വധത്തിലൂടെ ലഭ്യമാവുന്നത് ജീവിച്ചിരിക്കുന്നതിലും ശക്തനായ ഒരു വീരപുരുഷനെയായിരിക്കുമെന്ന് അമേരിക്ക മനസിലാക്കിക്കാണില്ല. രക്തസാക്ഷിത്വത്തിന് ഇറാനിലെ ശിയാ ഭരണകൂടം കല്‍പിക്കുന്ന ഔന്നത്യം എത്രത്തോളമെന്ന് 2019 മാര്‍ച്ചില്‍ ഖാസിം സുലൈമാനിക്ക് ഇറാനിലെ പരമോന്നത സൈനിക ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദുല്‍ ഫുക്കാര്‍’ സമര്‍പ്പിച്ചുകൊണ്ട് ആയത്തുല്ല അല്‍ ഖംനഇ നടത്തിയ പ്രഭാഷണത്തില്‍നിന്ന് വ്യക്തമാണ്: ‘അത്യുന്നതനായ ദൈവം സുലൈമാനിക്ക് അര്‍ഹമായ പ്രതിഫലം നല്‍കുമെന്നും അദ്ദേഹത്തെ ആനന്ദദായകമായ ജീവിതംകൊണ്ട് അനുഗ്രഹിക്കുമെന്നും അദ്ദേഹത്തിന് രക്തസാക്ഷിയായി ചരമമടയാന്‍ ഭാഗ്യം സിദ്ധിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.’
സുലൈമാനി വധം ആ രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെങ്കിലും അമേരിക്കന്‍ ഉപരോധം സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങളും എണ്ണ വില വര്‍ധനവും കാരണം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ഇറാന്‍ ജനതയുടെ രോഷം തല്‍ക്കാലത്തെങ്കിലും ശമിപ്പിക്കാന്‍ ഈ സംഭവത്തിന് കഴിഞ്ഞു എന്നതില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷമായിരുന്നല്ലോ ഇറാന്‍ ആണവ കരാറില്‍നിന്ന് അമേരിക്ക നിരുപാധികം പിന്‍വലിഞ്ഞതും ഇറാനുമേല്‍ സാമ്പത്തിക ഉപരോധം പുനസ്ഥാപിച്ചതും. കടുത്ത ഭിന്നത നില നിന്നിരുന്ന ഇറാന്‍ ഉത്പതിഷ്ണു വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം സ്ഥാപിക്കാനും സുലൈമാനി വധം വഴി തെളിയിച്ചു. പ്രകോപനമൊന്നുമില്ലാതെ ഒരു രാഷ്ട്രത്തിന്റെ സൈനിക തലവനെ വധിച്ചതും, അന്യായമായി ഉപരോധം ഏര്‍പ്പെടുത്തിയതും ഇറാന് അനുകൂലമായി അന്താരാഷ്ട്ര തലത്തില്‍ ഒരു അനുകമ്പാതരംഗം സൃഷ്ടിച്ചിട്ടുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.
സുലൈമാനി വധാനന്തരം രൂപം കൊണ്ട പൂര്‍വേഷ്യന്‍ പ്രതിസന്ധി ഗുണം ചെയ്യാന്‍ പോകുന്നത് മധ്യപൗരസ്ത്യ ദേശത്തെ ലബനാന്‍, ഇറാഖ് അടക്കമുള്ള രാഷ്ട്രങ്ങളിലെ സര്‍ക്കാറുകളെയാണ്. തൊഴിലില്ലായ്മക്കും, അഴിമതിക്കുമെതിരായി പ്രതിഷേധിക്കുന്നവരെ രാജ്യ സുരക്ഷയുടെപേരില്‍ നിലക്ക്‌നിര്‍ത്താന്‍ ഈ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് ഇനി അധികം വിയര്‍ക്കേണ്ടി വരില്ല. സുലൈമാനി വധവും അതേതുടര്‍ന്ന് ഉളവായ പൂര്‍വേഷ്യന്‍ പ്രതിസന്ധിയും കൂടുതല്‍ അസ്വസ്ഥതപ്പെടുത്തുന്നത് യു.എ.ഇ, സഊദി എന്നീ രാഷ്ട്രങ്ങളെയായിരിക്കും. ഇറാനുമായി ഭൂമിശാസ്ത്രപരമായി അടുത്ത് നില്‍ക്കുന്ന രാഷ്ട്രങ്ങളായത്‌കൊണ്ട് തന്നെ ഈ മേഖലയില്‍ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ വരെ ഈ രാഷ്ട്രങ്ങളെ ബാധിക്കും. അതുകൊണ്ട് തന്നെയാവണം സുലൈമാനി വധം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സഊദി പ്രതിരോധ മന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. സുലൈമാനി വധത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ തന്നെ ‘അനുകമ്പ’ നേടിയെടുത്ത ഇറാന്‍ ഉക്രൈനിയന്‍ യാത്രാ വിമാനം തകര്‍ത്ത നടപടിയിലൂടെ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും എതിര്‍പ്പിന് പാത്രമായിട്ടുണ്ട്. പക്ഷെ ഇതിലേക്കെല്ലാം നയിച്ചത് അന്താരാഷ്ട്ര മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട് അമേരിക്ക നടത്തിയ പ്രകോപനപരമായ നടപടിയായിരുന്നെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

SHARE