പൗരത്വഭേദഗതിയും നിയമത്തിനു മുന്നിലെ സമത്വവും

അലി മുഹമ്മദ് തയ്യില്‍
ജില്ലാ ജഡ്ജ് (റിട്ട)

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നു പറയപ്പെടുന്ന ഇന്ത്യയുടെ ഭരണഘടനയാണ് ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന. നമ്മുടെ സ്വാതന്ത്രസമര ചരിത്രത്തില്‍ നിന്ന് ഭരണഘടനയുടെ ചരിത്രത്തെ വേര്‍ത്തിരിക്കാന്‍ കഴിയില്ല. അന്നേവരെ ലോകം സാക്ഷിയായിട്ടില്ലാത്ത അത്രമാരകമായ ഒരു മഹായുദ്ധത്തിന്റെ ചരിത്രവും അതിനുണ്ട്. പ്രകൃതി ദുരന്തങ്ങളില്‍ നിന്നോ മറ്റോ അല്ല മനുഷ്യന് മനുഷ്യനില്‍ നിന്നു തന്നെയാണ് ഏറ്റവും വലിയ സംരക്ഷണം ലഭിക്കേണ്ടത് എന്ന ഒരു പൊതു ബോധം അതു സൃഷ്ടിച്ചു എന്നു പറയാം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളാല്‍ തന്നെ ജനം അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത അത്രക്രൂരതകള്‍ക്കും വംശനാശങ്ങള്‍ക്കും വിധേയരാക്കപ്പെട്ടു. ജനാധിപത്യം പോലും ഏകാധിപത്യത്തിലേക്കും ആള്‍ക്കൂട്ടാധിപത്യ (മോബോക്രസി) ത്തിലേക്കും വഴിതിരിഞ്ഞു പോകുന്ന അവസ്ഥ. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള പരിഗണനയില്ലാതെ മനുഷ്യനായി ജനിച്ചു എന്നുള്ള കാരണം കൊണ്ടുതന്നെ ആരാലും എടുത്തുക്കളയാന്‍ പാടില്ലാത്ത ചില അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് മനുഷ്യന്‍ അര്‍ഹനാവേണ്ടതുണ്ട് എന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടാവാന്‍ ഇടയാക്കിയ ഒരു പശ്ചാത്തലം രൂപപ്പെട്ടുവന്നു. അതുകൊണ്ടൊക്കെ തന്നെ ചില മൗലികമായ മനുഷ്യാവകാശങ്ങള്‍ നമ്മുടെ ഭരണഘടനയിലും സ്ഥാനം പിടിക്കേണ്ടതുണ്ട് എന്ന് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ തീരുമാനിച്ചു.
ബ്രിട്ടീഷ് ഭരണം അവസാനിക്കുമ്പോള്‍ നിലനിന്നിരുന്ന ഇന്ത്യയുടെ അവസ്ഥ ഇതോടൊപ്പം പരിഗണിക്കേണ്ടതാണ്. ഇന്നത്തെ പോലെയുള്ള ഒരു ഏകീകൃത രാജ്യമായിരുന്നില്ല അത്. പല നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഭരണപ്രദേശങ്ങളും ഒക്കെയായി കൂടിച്ചേര്‍ന്നു കിടക്കുകയായിരുന്നു അന്നത്തെ ഇന്ത്യ. അതിലുപരി വിവിധ മതജാതിവര്‍ഗ്ഗവര്‍ണ്ണ വിഭാഗങ്ങളായി കിടക്കുന്ന ജനത. സ്വാഭാവികമായും വിവിധങ്ങളും വ്യത്യസ്തങ്ങളുമായ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും സ്വാതന്ത്രമാകാന്‍ പോകുന്ന ഒരു ഇന്ത്യയെകുറിച്ച് അവര്‍ വച്ചുപുലര്‍ത്തിയിരുന്നു. മിക്കവാറും എല്ലാവരും തന്നെ ഒരുമിച്ച് സ്വാതന്ത്രസമരത്തില്‍ പങ്കാളികളായി എന്നത് സത്യം തന്നെ. ഈ ഒരു പശ്ചാതലത്തിലായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ഇന്ത്യക്ക് ഒരു ഭരണഘടന രൂപപ്പെടുകയും ചെയ്തത്. അതുകൊണ്ടുതന്നെ ഒരു ഏകീകൃത ഇന്ത്യക്ക് രൂപവും ശക്തിയും നിലനില്‍പും നല്‍കുന്ന ഒരു ഭരണഘടനയാണ് നമ്മുടെ ഭരണഘടനാനിര്‍മ്മാതാക്കള്‍ രൂപകല്‍പന ചെയ്തത്. ലോകത്തില്‍ ഇന്ത്യക്കുമാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഈ വൈവിധ്യവൈജാത്യങ്ങളെ ഒന്നിച്ച് ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന നിലയില്‍ വിളക്കിചേര്‍ക്കുക എന്ന അതിസാഹസികവും അത്യത്ഭുതകരമായ ഒരു ദൗത്യമായിരുന്നു മഹത്തായ നമ്മുടെ ഭരണടനക്ക് നിര്‍വഹിക്കാനുണ്ടായിരുന്നത്. ഈ ഒരു മഹാദൗത്യം നിര്‍വഹിക്കപ്പെട്ടത് ഭൂരിപക്ഷതീരുമാന പ്രകാരമോ മറ്റോ ആര്‍ക്കും എടുത്തുകളയാന്‍ പറ്റാത്ത ചില മൗലികവകാശങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തികൊണ്ടായിരുന്നു. അവ നമ്മുടെ ഭരണഘടനയുടെ മൂന്നാം ഭാഗം എണ്ണിപ്പറയുന്നു.
മൗലികവകാശ അനുച്ഛേദങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് നിയമത്തിനുമുന്നില്‍ സമത്വം ഉറപ്പുനല്‍കുന്ന പതിനാലാം അനുഛേദം. നമ്മുടെ ഭരണഘടന നല്‍കുന്ന ഏറ്റവും മാനുഷികവും മാനവികവുമായ അവകാശങ്ങളില്‍പ്പെട്ട ഒന്നാണിത്. ഭരണഘടനയുടെ പിതിനാലാം അനുഛേദം ഇന്ത്യയുടെ അതിര്‍ത്തികകത്തുള്ള എല്ലാവര്‍ക്കും നിയമത്തിനു മുന്നില്‍ സമത്വം മൗലികവകാശമായി നല്‍കുന്നു. പൗരമാര്‍ എന്നോ അല്ലാത്തവര്‍ എന്നോ ഉള്ള വ്യത്യാസമില്ലാതെ പതിനെഞ്ചും പതിനാറും അനുഛേദങ്ങള്‍ ചില പ്രത്യേക കാര്യങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ട് അക്കാര്യങ്ങളില്‍ പൗരന്മാര്‍ക്കിടയില്‍ വിവേചനം പാടില്ല എന്നു പറയുന്നു. അനുഛേദം പതിനാല് കൂടുതല്‍ വിശാലമായതും പൊതുവായതുമായ സമത്വത്തെപ്പറ്റി പറയുമ്പോള്‍ മറ്റു രണ്ടു അനുഛേദങ്ങളും ഇതിന്റെ വിശദീകരണങ്ങളെന്നും ഉദാഹരണങ്ങളെന്നും പറയാവുന്ന തരത്തില്‍ പൗരന്മാര്‍ക്കിടയില്‍ അതു പാലിക്കേണ്ട ചില സന്ദര്‍ഭങ്ങളും ഉദാഹരണങ്ങളും എടുത്തു പറയുന്നു. അനുഛേദം പതിനഞ്ചിലേയും പതിനാറിലേയും അവകാശങ്ങള്‍ പൗരമാര്‍അല്ലാത്തവര്‍ക്കുലഭ്യമല്ല എന്നത് ശരിയാണ്. പക്ഷേ അവ പതിനാലാം അനുഛേദപ്രകാരം പൊരന്മാര്‍ അല്ലാത്തവര്‍ക്ക് കൂടി അവകാളപ്പെട്ടകൂടുതല്‍ വിശാലവും പൊതുവായതുമായ നിയമത്തിനു മുന്നില്‍ തുല്യതക്കുള്ള അവകാശത്തെ ബാധിക്കുന്നില്ല.
അനുഛേദം പതിനാലില്‍ ഈ ക്വല്‍ പ്രൊട്ടക്ഷന്‍ ഒഫ് ലോവ്‌സ് ( നിയമങ്ങലുടെ തുല്യ സംരക്ഷണം) എന്നുകൂടി പറയുന്നു. തുല്യാവസ്ഥയിലുള്ളവര്‍ക്കിടയിലാണ് തുല്യത വേണ്ടത് എന്നാണ് അതിന്റെ വിവക്ഷ എന്ന് നമ്മുടെ പരമോന്നത നാതിപീഠം വ്യക്തമാക്കിയിട്ടുള്ളതാണ്. തുല്യതയില്ലാത്ത വിഭാഗങ്ങളെ വേര്‍തിരിച്ചു കൊണ്ട് ഭരണകൂടത്തിന് നിയമനിര്‍മ്മാണം നടത്താം. പക്ഷേ ആ വേര്‍ത്തിരിവ് ഇന്‍ഡലിജിബിള്‍ ഡിഫറന്‍ഷ്യയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം. അഥവാ കഌസിഫിക്കേഷന്‍ നീതിയുക്തവും യുക്തിസഹവുമായിരിക്കണം (റീസണബിള്‍ ആന്‍ഡ് റാഷണല്‍) അല്ലാതെ സ്വേഛാപരം (ആര്‍ബിട്ടറി) ആയിരിക്കരുത്. ഇതെല്ലാം ന്മമുടെ സുപ്രീം കോടതിയടക്കം വ്യക്തമാക്കിയ കാര്യമാണ്. പൗരന്മാര്‍ എന്ന ഒരു വിഭാഗവും പൗരന്‍മാരല്ലാത്തവര്‍ എന്ന ഒരു വിഭാഗവുമായി ഭരണകൂടത്തിന് രണ്ടു വിഭാഗത്തേയും നിയമനിര്‍മാണത്തിനായി വേര്‍ത്തിരിക്കാവുന്നതാണ്. പക്ഷേ ഇതില്‍ ഏതെങ്കിലും ഒരു വിഭാഗതിതുനകത്ത് വീണ്ടും കൃത്രിമമായി മറ്റൊരു വിഭാഗത്തെ സൃഷ്ടിക്കുന്നതാണ് സ്വേഛാപരവും പതിനാലാം അനുഛേദത്തിന് വിരുദ്ധമായിട്ടുള്ളതും. അതു ക്രിയേറ്റിംഗ് എ ക്ലാസ് വിതിന്‍ എ ക്ലാസ് എന്നതും ആര്‍ബിടര്‍ട്ടറിയും ആയിരിക്കും. ഇതും നമ്മുടെ സുപ്രീം കോടതിയടക്കം വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല വിഭചനം (ക്ലാസിഫിക്കഷന്‍) കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യവുമായി ഈ വിഭജനത്തിന് ഒരു യുക്തിസഹമായ ബന്ധം (റാഷണല്‍ നെക്‌സസ്) ഉണ്ടായിരിക്കണമെന്നതും ന്മമുടെ നീതിപീഠങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മേല്‍പറഞ്ഞ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ പുതിയ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രണ്ടുകാര്യങ്ങളാണ് പരിശോധിക്കാനുള്ളത്. പൗരന്‍മാര്‍ക്കിടയില്‍ വിവേചനം നടന്നിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് പതിനാലാം അനുഛേദത്തിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കത്തക്കതാണോ എന്നും പൗരന്മാര്‍ അല്ലാത്തവര്‍ക്കിടയില്‍ നടത്തിയ വിവേചനം ഈ അനുഛേദത്തിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കത്തക്കതാണോ എന്നും.
പൗരത്വഭേദഗതിയെ അനുകൂലിക്കുന്നവര്‍ പറയുന്നത് ഇന്ത്യയിലെ മുസ്ലീംകള്‍ അഥവാ ഇന്ത്യന്‍ പൗരന്മാരായ മുസ്ലീംകള്‍ ഭയപ്പെടേണ്ടതില്ല എന്നും അവര്‍ വിവേചനത്തിനു വിധേയരാക്കപ്പെട്ടിട്ടില്ല എന്നുമാണ് ഇത് എത്രകണ്ട് ശരിയാണെന്ന് നോക്കാം. ഭേദഗതിക്കു മുന്‍പുള്ള സിറ്റിസണ്‍ഷിപ്പ് ആക്റ്റില്‍ മതവിവേചനം പറയുന്നില്ല. പൗരത്വം നിര്‍ണയിക്കുന്ന ചില മാനദണ്ഡങ്ങള്‍ പറയുന്നുണ്ട്. ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വത്തെ പറ്റിയും ആര്‍ജ്ജിച്ചെടുക്കാവുന്ന പൗരത്വത്തെ പറ്റിയും ഈ നിയമം പ്രസ്താവിക്കുന്നുണ്ട്. ഇവിടെ പ്രസക്തമായിട്ടുള്ള കാര്യം ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വമാണ് എന്നുകാണാം. ഭേദഗതി നിയമത്തിലെ രണ്ടാം വകുപ്പു പ്രകാരം പഴയ നിയമത്തിലെ (പാരന്റ – ആക്ട്) രണ്ടാം വകുപ്പിലെ ഒന്നാം വകുപ്പിലെ ക്ലോസ് ബിയോടുകൂടി ഒരു പ്രോവിസോ കൂട്ടിച്ചര്‍ത്തുകൊണ്ട് 2014 ഡിസംബര്‍ 31 നോ അതിനു മുന്‍പോ അഫ്ഗാനിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ പാകിസ്താനില്‍ നിന്നോ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരായി വന്ന ഹിന്ദു, സിഖ്, ബിദ്ധിസ്റ്റ്, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയില്ല എന്നു പറയുന്നു. മുസ്ലീംകളെ ഈ ആനുകൂല്യത്തില്‍ നിന്ന് ഒഴിവായിരിക്കുന്നു. ഈ ഇളവ് മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ നിന്നു വരുന്ന പൗരമാരല്ലാത്തവരെ സംബന്ധിച്ച് ഉള്ളതാണ ്എന്നു പറഞ്ഞേക്കാം. ഇവിടെയാണ് പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും തമ്മില്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം മനസ്സിലാക്കേണ്ടത്. പൗരത്വ നിയമം ഇന്നയിന്ന കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ജനിച്ചവര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കും എന്ന നിയമം പ്രസ്താവിക്കുമ്പോള്‍ ആ പൗരത്വം തെളിയിക്കേണ്ട കാര്യത്തെ പറ്റി പരാമര്‍ശിക്കുന്നില്ല. പൗരത്വ രജിസ്റ്റര്‍ വരുമ്പോള്‍ അത് തെളിയിക്കേണ്ടതിലേക്കുള്ള വിവരങ്ങളും രേഖകളും സമര്‍പ്പിക്കേണ്ട ബാധ്യത എല്ലാവരിലും വന്നുചേരും. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ നിന്നു വന്നവരാണോ, ഇവിടെ ജനിച്ചു വളര്‍ന്നവരാണോ എന്നു തെളിയിക്കേണ്ട ബാധ്യത ആര്‍ക്കാണ്, അതിന്റെ മാനദണ്ഡം എന്താണ് എന്നൊന്നും വ്യക്തമാക്കപ്പെടുന്നില്ല. ഫോറിനേഴ്‌സ് ആക്ട് ഒമ്പതാം വകുപ്പിന്റെ പ്രസക്തിയും ഇവിടെ പരിഗണനീയമാണ്. അതു പ്രകാരം ഒരാള്‍ വിദേശിയാണോ അല്ലേ എന്ന ചേദ്യം വരുമ്പോള്‍ അല്ലാ എന്നു തെളിയിക്കണ്ട ബാധ്യത ഇന്ത്യന്‍ തെളിവു നിയമത്തിനു വിപരീതമായി പ്രസ്തുത വ്യക്തിയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ഈ വസ്തുതകളുടെയൊക്കെ അടിസ്ഥാനത്തിലാണ് കുറേപേര്‍ പൗരത്വ രജിസ്റ്ററിനു പുറത്താവാനുള്ള സാധ്യതയുണ്ടാവുന്നത്. ഇതില്‍ ഇന്ത്യന്‍ പൗരന്മാരും അല്ലാത്തവരും ഉണ്ടാകാം. പക്ഷേ പുതിയ ഭേതഗതിയുടെ ബലത്തില്‍ മുസ്ലീംകളല്ലാത്ത മറ്റു വഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നു. ഇവിടെയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ തന്നെയുള്ള കടുത്ത വിവേചനം ഉണ്ടാകുന്നത്. സാധാരണ പൗരത്വം കാണിക്കുന്ന രേഖകളില്‍ ചിലത് എണ്ണി പറഞ്ഞുകൊണ്ട് അതൊന്നും പൗരത്വം തെളിയിക്കാന്‍ പര്യാപ്തമല്ല എന്നുള്ള ചില അധികാരസ്താനങ്ങളില്‍ നിന്നു വരുന്ന പ്രസ്താവനകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ ഈ നിയമഭേതഗതി ഇന്ത്യന്‍ പൗരന്മാര്‍ക്കിടയിലും യുക്തിസഹമോ നീതിയുക്തമോ ആയ യാതൊരു അടിസ്ഥാനവുമില്ലാതെ മുസ്ലീംകള്‍ എന്നും മറ്റുള്ളവര്‍ എന്നുമുള്ള രണ്ടു വിഭാഗങ്ങ (ക്ലാസു) ളെ സൃഷ്ടിക്കുകയും അതില്‍ ഒരു വിഭാഗത്തോട് നീതീകരിക്കത്തക്കതല്ലാത്ത വിവേചനം കാണിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ വിഭചനം കൊണ്ട് നേടിയെടുക്കേണ്ട എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നോ ഉണ്ടെങ്കില്‍ തന്നെ ഈ വിഭജനവും ആ ലക്ഷ്യവും തമ്മില്‍ യുക്തിസഹമോ അല്ലാത്തതോ ആയ വല്ല ബന്ധവും ഉണ്ടോ എന്നും കാണിക്കുന്നില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ഈ ഭേദഗതി അനുഛേദം പതിനാലിന്റെ നഗ്നമായ ലംഘനമാണ് എന്നു കാണാവുന്നതാണ്.
അനുഛേദം പതിനഞ്ചിന്റെ വെളിച്ചത്തിലും ഈ ഭേദഗതിയെ വിലയിരുത്താവുന്നതാണ്. അനുഛേദം പതിനഞ്ചിന്റെ ഒന്നാം ഉപഅനുഛേദം വ്യക്തമായി പറയുന്നുണ്ട് മതം, ജാതി, ലിംഗം തുടങ്ങി അതില്‍ എണ്ണിപ്പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണകൂടം പൗരന്‍മാര്‍ക്കെതിരില്‍ വിവേചനം കാണിക്കാന്‍ പാടില്ല എന്ന്. ഇവിടെ ഇന്ത്യന്‍ പൗരന്‍മാരായ മുസ്‌ലീംകള്‍ക്കെതിരില്‍ കടുത്ത വിവേചനം സംഭവിക്കുന്നതുകൊണ്ട് അനുഛേദം പതിനഞ്ചിന്റെ നഗ്നമായ ലംഘനവും ഇവിടെ നടന്നിരിക്കുന്നു. ഇനി മേല്‍ പറഞ്ഞ മൂന്നു രാജ്യങ്ങളില്‍ നിന്നു വരുന്നവരുടെ കാര്യമെടുക്കാം. പൗരന്മാരല്ലാത്തവര്‍ എന്ന നിലക്ക് ഇന്ത്യന്‍ പൗരന്മാരില്‍ നിന്നു വേറിട്ട ഒരു ക്ലാസായി അവരെ എടുക്കുന്നതില്‍ തെറ്റില്ല എന്നു പറയാം. പക്ഷേ അവര്‍ക്കിടയില്‍ മസ്ലീംകള്‍ എന്ന മറ്റൊരു ക്ലാസ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഈ ക്ലാസിഫിക്കേഷനും അനുഛേദം പതിനാലിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കാന്‍ പ്രയാസമായിരിക്കും. ഇതില്‍ മുസ്ലീംകള്‍ മതപീഠനത്തിനു ഇരയാവുകയില്ല എന്നാണ് വാദം. അതു കൊണ്ടു തന്നെ അവര്‍ അഭയാര്‍ഥികളാവുകയില്ല എന്നാണ് ന്യായീകരിക്കണം അങ്ങിനെ അവര്‍ അഭയാര്‍ഥികളായി വളരാന്‍ കാരണമില്ലെങ്കില്‍ പിന്നെ മുസ്ലീംകളെ മാത്രം ഒഴിവാക്കികൊണ്ട് ഒരു നിയമനിര്‍മ്മാണം എന്തിനാണ്. ഒരു മതേതര രാഷ്ട്രമെന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് തകര്‍ക്കാനല്ലാതെ. മതപീഠനമെന്നോ മറ്റോ ഉള്ള ഒരു കാരണവും ഈ ഭേദഗതി നിയമത്തില്‍ പറഞ്ഞുകാണാനില്ല എന്നത് ഇവിടെ പ്രത്രേകം പ്രസ്താവ്യമാണ്. മതപീഠനങ്ങള്‍ മാത്രമല്ലാതെ മറ്റു തരത്തിലുള്ള പീഠനങ്ങള്‍ കൊണ്ടോ അതുപോലെയുള്ള മറ്റു കാരണങ്ങള്‍ കൊണ്ടോ അഭയാര്‍ഥികള്‍ വരാനുള്ള സാധ്യതകള്‍ തള്ളിക്കളയാവുന്നതല്ല. മതപരമായ പീഡനങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യയുമായി അതിര്‍ഥിപങ്കിടുന്ന മ്യാന്‍മറില്‍ നിന്നും ധാരാളം മുസ്ലീംകള്‍ ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്നു. അവര്‍ക്കെന്തു കൊണ്ട് ഈ ആനുകൂല്യം കൊടുക്കുന്നില്ല. ഇന്ത്യയോട് വളരെ അടുത്തുകിടക്കുന്ന ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ കാര്യമെന്തേ ഈ നിയമത്തില്‍ പരാമര്‍ശിക്കാതിരുന്നത്?
ഇത്തരത്തിലുള്ള പല ചേദ്യങ്ങള്‍ക്കും വ്യക്തവും സ്വീകാര്യവുമായ ഉത്തരമില്ല. ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ പൗരന്മാര്‍ അല്ലാത്തവര്‍ക്കിടയില്‍ നടത്തിയ ഈ വിഭജനവും ഒരു ക്ലാസിനകത്ത് യാതൊരു ന്യായീക്കരിക്കത്തകതായ അടിസ്ഥാനവുമില്ലാതെ മറ്റൊരു ക്ലാസിനെ സൃഷ്ടിക്കലും സ്വേഛാപരവും (ആര്‍ബിട്ടറി) ആണെന്നു കാണാന്‍ പ്രയാസമില്ല. അതിനാല്‍ ഈ വിഭചനവും അനുഛേദം പതിനാലിന്റെ ലംഘനമാണ് എന്നും കാണാം. കേവലം ഏതെങ്കിലും ഒരു മൗലികാവകാശത്തെ ഹനിക്കുക എന്നതിലുപരി നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായ മതേതരത്വം എന്ന ആശയമാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. അതാണെങ്കില്‍ സുപ്രസിദ്ധമായ കേശവാന്ദഭാരതി കേസ് മുതല്‍ ഇന്നേ വരെയുള്ള നമ്മുടെ സുപ്രീം കോടതിയുടെ പലവിധികളുടേയും നഗനമായ ലംഘനമായിരിക്കും.
നമ്മുടെ മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്യം വിവിധ മതജാതി വര്‍ഗ്ഗങ്ങളില്‍പ്പെട്ട ദേശസ്‌നേഹികളുടെ ജീവിതവും ജീവനും കൊടുത്തു നേടിയെടുത്തതാണ്. മിക്കവാറും എല്ലാവരും തന്നെ വ്യത്യസ്തതകള്‍ മറന്ന് ഒന്നിച്ചു പൊരുതി എന്നതാണ് അതിന്റെ മഹത്തായ ചരിത്രം. ആ സ്വാതന്ത്ര്യം ഇന്ത്രക്കാര്‍ക്കെല്ലാവര്‍ക്കും അനുഭവവേദ്യമാകണം എന്നതും ഈ വിവിധ വിഭാഗങ്ങളെ ഒരുമിച്ചു ചേര്‍ത്തുകൊണ്ടുള്ള ഒരു ഇന്ത്യയാവണം നമ്മുടെ രാജ്യം എന്നതുമായിരുന്നു മഹാന്‍മാരായ നമ്മുടെ സ്വാതന്ത്രസമര നേതാക്കളുടേയും ഭരണഘടനാശില്‍പികളുടെയും സ്വപ്‌നം. ആ സ്വപ്‌നത്തെയാണ് നമ്മുടെ ഭരണഘടന പ്രതിനിധീകരിക്കുന്നത്. ഇത്തരം നിയമ ഭേദഗതികളിലൂടെ തകരാന്‍ പോകുന്നത് ആ ഒരു സ്വപ്‌നം കൂടിയാണ് എന്നോര്‍ക്കുക.

SHARE