പൗരത്വ നിഷേധം 1939ല്‍ പ്രഖ്യാപിച്ചത്

പൗരത്വ നിഷേധം 1939ല്‍ പ്രഖ്യാപിച്ചത്

സദ്‌റുദ്ദീന്‍ വാഴക്കാട്

പൗരത്വം നിഷേധിക്കപ്പെട്ടും ആര്യന്‍ വംശീയതക്ക് പൂര്‍ണ്ണമായും കീഴ്‌പ്പെട്ടും മാന്യമായ പെരുമാറ്റത്തിനുപോലും അര്‍ഹതയില്ലാതെയും മുസ്‌ലിംകളും ക്രിസ്ത്യാനികളും കീഴാളരെന്ന് മുദ്രവെക്കപ്പെട്ടവരും അടിമകളായി ജീവിക്കേണ്ടിവരുന്ന ജാതി രാഷ്ട്രത്തെക്കുറിച്ച്, ആര്‍.എസ്.എസിന്റെ താത്വികാചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ 1939ല്‍ തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസും അവരുടെ മറ്റെല്ലാ പോഷക സംഘടനകളും ഉള്‍ക്കൊള്ളുന്ന സംഘ്പരിവാര്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന വംശീയ ജാതി രാഷ്ട്രം എന്താണെന്ന് സംശയത്തിനിടമില്ലാത്തവിധം വിശദീകരിക്കുന്ന, ഗോള്‍വാള്‍ക്കറുടെ ‘നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്ന പുസ്തകം വായിച്ചാല്‍ തന്നെ, ബി.ജെ.പി ഗവണ്‍മെന്റ് കൊണ്ടുവന്ന പൗരത്വ വിവേചന നിയമത്തിന്റെ ലക്ഷ്യം കൃത്യമായി മനസ്സിലാക്കാനാകും. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുക മാത്രമാണ് എന്‍.ആര്‍.സിയുടെ ലക്ഷ്യം, ഒരു ഇന്ത്യന്‍ പൗരനെയും അത് ബാധിക്കില്ല, മുസ്‌ലിംകളാരും രാജ്യത്തുനിന്ന് പുറത്ത്‌പോകേണ്ടി വരില്ല തുടങ്ങിയ വര്‍ത്തമാനങ്ങള്‍ തീര്‍ത്തും കള്ളമാണെന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകത്തിലെ ഒരേയൊരു ഉദ്ധരണി മതി.
‘ഈ വിദേശികള്‍ക്കുമുമ്പില്‍ രണ്ടു വഴികള്‍ മാത്രമേയുള്ളൂ. ഒന്നുകില്‍, ദേശീയ വംശധാരയില്‍, അതിന്റെ സംസ്‌കാരം സ്വീകരിച്ചുകൊണ്ട് ലയിച്ചു ചേരുക. അല്ലെങ്കില്‍, ദേശീയ വംശജര്‍ അനുവദിക്കുന്ന കാലമത്രയും അവരുടെ കാരുണ്യത്തില്‍ ജീവിക്കുകയും അവര്‍ ആജ്ഞാപിക്കുമ്പോള്‍ രാജ്യം വിട്ടുപോവുകയും ചെയ്യുക. ന്യൂനപക്ഷ പ്രശ്‌നത്തിനുള്ള ഒരേയൊരു പരിഹാരം ഇതാണ്. ഇന്ത്യയിലെ വിദേശ ശക്തികള്‍, ഹിന്ദു ഭാഷയും സംസ്‌കാരവും നിര്‍ബന്ധമായും സ്വീകരിക്കണം. ഹിന്ദു മതത്തെ ആദരിക്കാനും മുറുകെപ്പിടിക്കാനും അവര്‍ പഠിക്കണം. ഹിന്ദു വംശത്തെയും സംസ്‌കാരത്തെയും ന്യായീകരിക്കുകയല്ലാതെ, മാറ്റൊരു ആശയവും സ്വീകരിക്കരുത്. അവരുടെ വേറിട്ട അസ്ഥിത്വം കളഞ്ഞുകൊണ്ട് ഹിന്ദു വംശത്തില്‍ ലയിക്കണം. അല്ലെങ്കില്‍, ഹിന്ദു രാഷ്ട്രത്തിന് സമ്പൂര്‍ണമായി കീഴടങ്ങിക്കൊണ്ട് ഇവിടെ ജീവിക്കണം. പിന്നീടവര്‍ യാതൊന്നും അവകാശപ്പെടാവതല്ല, ഒരു വിശേഷാവകാശത്തിനും അര്‍ഹരായിരിക്കില്ല. ഉത്തമ പെരുമാറ്റം പോലും അവര്‍ക്ക് അന്യമായിരിക്കും. പൗരത്വ അവകാശം പോലും അവര്‍ക്കുണ്ടാകില്ല. അവര്‍ക്ക് കൈക്കൊള്ളാവുന്ന മറ്റൊരു പോംവഴിയുമില്ല’ (മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍, നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു, പേജ് 105-106).
ഈ ഉദ്ധരണിയിലെ അവസാന വരികള്‍ പ്രത്യേകം ശ്രദ്ധിക്കുക; ‘പൗരത്വാവകാശം പോലുമുണ്ടാകില്ലെന്ന്’ (ിീ േല്‌ലി രശശ്വേലി’ െൃശഴവെേ) എത്ര വ്യക്തമായാണ് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വം നിഷേധിക്കേണ്ട ‘വിദേശികള്‍’ എന്ന് സംഘ്പരിവാര്‍ ആചാര്യന്‍മാര്‍ വിശേഷിപ്പിക്കുന്നത്, ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞു കയറിയവരെയല്ല, നീണ്ട പാരമ്പര്യത്തോടെ ഇന്ത്യയില്‍തന്നെ ജനിച്ചു വളര്‍ന്നവരെങ്കിലും വിദേശത്ത് രൂപംകൊണ്ട മതങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്നവരെയാണ്. ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും മുസ്‌ലിംകളും ആ നിലക്ക് സംഘ്പരിവാറിന് വിദേശികളാണ്. വംശഹത്യ ചെയ്‌തോ, ആട്ടിപ്പുറത്താക്കിയോ, അടിമകളാക്കിയോ ഉന്‍മൂലനം ചെയ്യണ്ട ആഭ്യന്തര ശത്രുക്കളാണ് ഈ മൂന്ന് വിഭാഗങ്ങളുമെന്ന് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട് (വിചാരധാര, 217 242). വംശീയമായും സാംസ്‌കാരികമായും ഹിന്ദുക്കളല്ലാത്തവര്‍ ജാതിരാഷ്ട്രത്തില്‍നിന്ന് പുറത്ത്‌പോകണമെന്ന് പച്ചയായിത്തന്നെ ഗോള്‍വാള്‍ക്കര്‍ ആവശ്യപ്പെടുന്നു; ‘ഹിന്ദുസ്ഥാനില്‍ നിലനില്‍ക്കുന്നതും നിലനില്‍ക്കേണ്ടതും പ്രാചീന ഹിന്ദു രാഷ്ട്രമല്ലാതെ മറ്റൊന്നുമല്ല. ദേശീയതയില്‍, അതായത് ഹിന്ദുവംശം, മതം, സംസ്‌കാരം, ഭാഷ എന്നിവയില്‍ ഉള്‍പ്പെടാത്ത സകലരും സ്വാഭാവികമായി യഥാര്‍ത്ഥ ദേശീയ ജീവിതത്തിന്റെ പരിധിക്ക് പുറത്തേക്ക് നിപതിക്കുന്നു’ (നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു, പേജ് 99). വംശവിശുദ്ധിയില്ലാത്തവരും ഹിന്ദുത്വത്തില്‍ ലയിക്കാത്തവരും രാജ്യദ്രോഹികളും ദേശീയതയുടെ ശത്രുക്കളും വിവരംകെട്ടവരുമാണ് എന്നും ഗോള്‍വാള്‍ക്കര്‍ ആക്ഷേപിക്കുന്നുണ്ട്.
വംശവെറിയിലും ജാതി ഭ്രാന്തിലുമധിഷ്ഠിതമായ ഈയൊരു പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലാണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയിട്ടുള്ളത്. തികഞ്ഞ കേഡര്‍ സംഘടനയായ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ നടത്തുന്ന ഏതൊരു രാഷ്ട്രീയ നീക്കത്തെയും അവരുടെ ആശയ പരിസരത്തും ചരിത്ര വേരുകളിലും നിന്നുകൊണ്ടു മാത്രമേ മനസ്സിലാക്കാന്‍ പാടുള്ളൂ. സമകാലികം മാത്രമായ രാഷ്ട്രീയ നിലപാടുകളായി അവയെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ചരിത്രപരമായ അബദ്ധമായിരിക്കും. ബി.ജെ.പിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ, ബി.ജെ.പിയുടെ ആഭ്യന്തര മന്ത്രി അമിത്ഷായുടെയോ തീവ്ര നിലപാടുകളുടെ മാത്രം ഭാഗമല്ല പൗരത്വ വിവേചന നിയമം. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ കൊണ്ടുവന്ന സാമുദായിക സംഘര്‍ഷ അജണ്ടയുമല്ല ഇത്. അവര്‍ രണ്ടുപേര്‍ അധികാരത്തില്‍നിന്ന് മാറുകയോ, സാമ്പത്തിക പ്രതിസന്ധി തീരുകയോ ചെയ്താല്‍ അവസാനിക്കുന്നതുമല്ല ഈ ഭീഷണി. രണ്ടുപേരും ഉപകരണങ്ങള്‍ മാത്രമാണ്. ജാതി രാഷ്ട്രത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ, അവര്‍ പുറത്താവുകയും മറക്കുപിന്നിലെ മേല്‍ജാതിക്കാര്‍ സിംഹാസനസ്ഥരാവുകയും ചെയ്യും.
നൂറു വര്‍ഷത്തിലേറെ പഴക്കമുള്ളതും ഇന്ത്യാ വിഭജനത്തോടെ പാതി പൂര്‍ത്തീകരിക്കപ്പെട്ടതുമായ ഒരു അജണ്ടയുടെ ഭാഗമാണ് പൗരത്വ നിഷേധ നിയമം.1880 -1905 കാലത്ത് ബംഗാളിലും മറ്റും രൂപംകൊണ്ട ജാതിമേധാവിത്വത്തിന്റെ വര്‍ഗീയ നിലപാടുകളിലാണ് ഇതിന്റെ വേരുകള്‍ ചെന്ന് നില്‍ക്കുന്നത്. തുടര്‍ന്ന് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ച ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക കാല്‍വെപ്പാണത്. സവര്‍ക്കര്‍ ‘ഹിന്ദുത്വ’ എഴുതിത്തീര്‍ന്ന 1922 ന് ഒരു നൂറ്റാണ്ട് തികയുന്ന 2022 ല്‍ എന്‍.ആര്‍. സി പൂര്‍ത്തിയാക്കുകയും 1925 ലെ ആര്‍.എസ്.എസ് രൂപീകരണത്തിന് ഒരു നൂറ്റാണ്ട് തികയുന്ന 2025 ല്‍ പൂര്‍ണ്ണ ജാതിരാഷ്ട്രം പ്രഖ്യാപിക്കുകയും ചെയ്യലാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. 2022 ല്‍ എന്‍.ആര്‍.സി പൂര്‍ത്തീകരിക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം ഇതാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യക്കകത്തും പുറത്തും ശക്തിപ്പെട്ട വിപുലമായ ജനകീയ പ്രക്ഷോഭത്തെ തണുപ്പിക്കാനോ, ആശയക്കുഴപ്പം സൃഷ്ടിച്ച് മറികടക്കാനോ വേണ്ടി ബി.ജെ.പി ഗവണ്‍മെന്റും പാര്‍ട്ടി വൃത്തങ്ങളും നടത്തുന്ന പ്രസ്താവനകളും സമാധാനിപ്പിക്കലും കേവലം കബളിപ്പിക്കലാണ്. വംശഹത്യ തന്നെയാണ് സംഘ്പരിവാറിന്റെ അജണ്ടയെന്നും അതിലൂടെയാണ്, ജാതി രാഷ്ട്രത്തിന്റെ സംസ്ഥാപനം പൂര്‍ണമാകുന്നതെന്നും ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ചോദ്യവും ഉത്തരവും കാണുക; ‘നിസ്തര്‍ക്കമായും ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ ദേശമാകണങ്കില്‍, അത് ഹിന്ദു രാഷ്ട്രത്തിന്റെ പരിപോഷണത്തിന് മാത്രമുള്ളൊരു പ്രതലമാണെങ്കില്‍, ഹിന്ദു വംശത്തിലും മതത്തിലും സംസ്‌കാരത്തിലും ഉള്‍പ്പെടാതെ ഇവിടെ ജീവിക്കാന്‍ ഇടയായവരുടെ വിധി എന്തായിരിക്കണം?’ (നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു, പേജ് 101 ). സംഘ്പരിവാര്‍ ആധിപത്യമുള്ള ജാതിരാഷ്ട്രത്തില്‍, ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും വിധി എന്ത് എന്നതാണ് ഇവിടെ പ്രശ്‌നവത്കരിക്കുന്നത്. അവര്‍ ജാതി രാഷ്ട്രത്തില്‍ പൂര്‍ണമായും ലയിക്കുകയോ, വംശഹത്യക്ക് വിധേയമാവുകയോ ചെയ്യണമെന്ന് ഗോള്‍വാള്‍ക്കര്‍ തന്നെ മറുപടിയും പറയുന്നു; ‘ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ആ ആശയത്തിന്റെ പരിധിക്ക് പുറത്താക്കുന്ന ഒരാള്‍ക്കും ദേശീയ ജീവിതത്തില്‍ യാതൊരു സ്ഥാനവുമില്ല. തങ്ങളുടെ വ്യത്യാസങ്ങള്‍ ഉപേക്ഷിച്ച്, രാഷ്ട്രത്തിന്റെ മതവും സംസ്‌കാരവും ഭാഷയും സ്വീകരിച്ച്, പൂര്‍ണമായും ദേശീയ വംശത്തില്‍ ഇഴുകിച്ചേര്‍ന്നാല്‍ മാത്രമേ അവരെ രാഷ്ട്രത്തിന്റെ ഭാഗമായി ഗണിക്കാനാകൂ. അവര്‍ തങ്ങളുടെ വംശീയവും മതപരവും സാംസ്‌കാരികവുമായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തുന്നിടത്തോളം കാലം അവര്‍ക്ക് വിദേശികളായിരിക്കാനേ സാധിക്കൂ’ (പേജ് 101). ആര്യ പാരമ്പര്യത്തിലെ പൗരാണിക രാഷ്ട്രങ്ങള്‍ ചില വിഭാഗങ്ങളോട് ചെയ്തതുതന്നെ നാം ഇവരോടും ചെയ്യുമെന്ന് ഗോള്‍വാള്‍ക്കര്‍ തുടര്‍ന്ന് താക്കീത് ചെയ്തിട്ടുമുണ്ട്. ആര്യാധിനിവേശം ഇന്ത്യയിലും ആര്യന്‍ വംശ വിശുദ്ധിവാദം ജര്‍മ്മനിയിലും ചെയ്തത് എന്താണെന്നതിന്റെ അനുഭവ ചരിത്രം മുമ്പിലുണ്ടല്ലോ. ഈ വംശഹത്യ ഇവിടെയും ആവര്‍ത്തിക്കുമെന്ന് ഗോള്‍വാള്‍ക്കര്‍ മുന്നറിയിപ്പ് നല്‍കുന്നു; ‘വംശബോധം ഉണര്‍ന്നെണീറ്റിരിക്കുന്നു. സിംഹം മരിച്ചതല്ല, ഉറങ്ങുക മാത്രമായിരുന്നു. പുനരാര്‍ജവം നേടിയ ഹിന്ദു രാഷ്ട്രം അതിന്റെ അത്യന്തം പ്രബലമായ കരങ്ങളാല്‍ ശത്രുവിനെ അടിച്ചുവീഴ്ത്തുന്നത് ലോകം കാണാനിരിക്കുന്നതേ ഉള്ളൂ. അനതിവിദൂരമായ ഭാവിയില്‍ ലോകമത് കാണുകയും ഭയത്താല്‍ വിറകൊള്ളുകയും ആനന്ദത്താല്‍ നൃത്തം വെക്കുകയും ചെയ്യും’ (പേജ് 12). ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന മുദ്രാവാക്യവും പണിതുയര്‍ത്തുന്ന ഡിറ്റന്‍ഷന്‍ ക്യാമ്പുകളും ഉത്തര്‍പ്രദേശിലെയും കശ്മീരിലേയും പോലീസ് ഭീകരതയും ഈ വാക്യങ്ങളുടെ വെളിച്ചത്തില്‍ വേണം മനസ്സിലാക്കാന്‍.
രാഷ്ട്രത്തിന് ഔദ്യോഗിക മതമുണ്ട്, അത് ഹിന്ദു മതമാണ്, ഹിന്ദുത്വ ദേശീയതയിലാണ് ഇന്ത്യ നിലകൊള്ളേണ്ടത്, മറ്റു മത വിഭാഗങ്ങള്‍ക്ക് അതിനകത്ത് സ്വതന്ത്ര അസ്തിത്വമില്ല എന്നൊക്കെയുള്ള സംഘ്പരിവാര്‍ വാദങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഗോള്‍വാള്‍ക്കറുടെ ‘നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിന് അവതാരിക എഴുതിയ ഡോ. മാധവ് ശ്രീഹരി അനേയ്, തന്റെ വിയോജിപ്പ് അതില്‍തന്നെ രേഖപ്പെടുത്തിയത്. ‘ഈ ഗ്രന്ഥത്തില്‍ മുഹമ്മദീയരുടെ പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍, ഹിന്ദു ദേശീയതക്കും ഹിന്ദു പരമാധികാര സ്റ്റേറ്റിനുമിടയിലെ വ്യത്യാസം ഗ്രന്ഥകാരന്‍ എല്ലായ്‌പ്പോഴും മനസില്‍ കരുതിയിട്ടില്ലെന്ന് പറയേണ്ടിയിരിക്കുന്നു. സാംസ്‌കാരിക ദേശീയത എന്ന നിലയിലുള്ള ഹിന്ദു രാഷ്ട്രത്തില്‍നിന്ന് തികച്ചും വിഭിന്നമാണ് ഒരു പരമാധികാര സ്റ്റേറ്റ് എന്ന നിലയിലെ ഹിന്ദു രാഷ്ട്രം. സ്വാഭാവികമായോ, നിയമാനുസരണമോ പൗരത്വം നല്‍കപ്പെട്ടവരാണെങ്കില്‍ (ിമൗേൃമഹശലെറ), വ്യത്യസ്ത ദേശീയതകളുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സ്റ്റേറ്റിന്റെ പൗരത്വം നിഷേധിച്ചിട്ടുള്ള ഒരു ആധുനിക രാജ്യവുമില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ യുദ്ധാനന്തര ഉടമ്പടിയില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പൗരത്വ അവകാശങ്ങള്‍ കേവലം ആസ്വദിക്കുന്നതുകൊണ്ട് മാത്രം അവരുടെ വ്യത്യസ്തമായ ദേശീയതയെ സംരക്ഷിക്കാനാകില്ല’ (പേജ് 26).
സ്വാതന്ത്ര്യസമര സേനാനിയും പിന്നീട് ബീഹാര്‍ ഗവര്‍ണറും കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മെമ്പറുമായിരുന്ന മാധവ് ശ്രീഹരി അനേയ് ജാതി മേധാവിത്തത്തിലൂന്നിയ മതാത്മക ദേശീയതയുടെ വക്താവായിരുന്നു. പക്ഷേ, സംഘ്പരിവാറിന്റെ തീവ്രവംശീയതയോട് വിയോജിപ്പുള്ളതുകൊണ്ടാകണം, പൗരത്വത്തിന് മതം മാനദണ്ഡമാക്കുകയും മത പരിവര്‍ത്തനത്തിനായി ഇതര വിഭാഗക്കാരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനെ അദ്ദേഹം വിമര്‍ശിച്ചത്; ‘ഇതര വിഭാഗങ്ങള്‍ പൗരത്വത്തിന്‌വേണ്ടി മതപരിവര്‍ത്തനം ചെയ്യണമെന്ന് നിബന്ധനവെക്കാന്‍ ഇരുപതാം നൂറ്റാണ്ടില്‍ സാധ്യമല്ല. സ്റ്റേറ്റിനോടുള്ള കര്‍ത്തവ്യം പൂര്‍ത്തീകരിക്കുകയും പാര്‍പ്പിടം, സംഘംചേരല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കുകയും ചെയ്യുന്നപക്ഷം മറ്റു വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കേണ്ടതാണ്. വിവേകപൂര്‍വം നിലപാടെടുത്തിട്ടുള്ള ആധുനിക രാഷ്ട്രങ്ങളില്‍ ഒരാള്‍ക്ക് പൗരത്വം ലഭിക്കാന്‍ സ്റ്റേറ്റിന്റെ മതത്തിലേക്കുള്ള പരിവര്‍ത്തനം നിബന്ധനയായിട്ടുള്ള ഒരു സംഭവവും എനിക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല’ എന്ന് അദ്ദേഹം എഴുതുകയുണ്ടായി (പേജ് 28). മതാധിഷ്ഠിത പൗരത്വമെന്ന ആര്‍.എസ്.എസ് നിലപാട് 1940കളില്‍തന്നെ തിരിച്ചറിയപ്പെട്ടിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സംഘ്പരിവാര്‍ സാഹിത്യങ്ങള്‍ പ്രഖ്യാപിക്കുന്നതനുസരിച്ച്, ജര്‍മ്മനിയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഹിറ്റ്‌ലര്‍ നടപ്പിലാക്കിയ വംശഹത്യക്ക് സമാനമായ കൂട്ടക്കുരുതികള്‍ക്ക്‌ശേഷം, ഇന്ത്യയില്‍ ബാക്കിയാകുന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളും മറ്റു ‘ആഭ്യന്തര ശത്രുക്കളും’ ഒരുതരം അടിമകളായി ആര്‍.എസ്.എസിന്റെ ജാതിരാഷ്ട്രത്തില്‍ നരകിക്കേണ്ടിവരും. ഈ തത്വങ്ങളുടെ പ്രയോഗവത്കരണത്തിനുള്ള നീക്കമാണ് എന്‍.പി.ആര്‍, എന്‍.ആര്‍.സി, സി.എ.എ എന്നിവ. അതിന്റെ സ്വഭാവം മനസ്സിലാകണമെങ്കില്‍, ബുദ്ധ മതത്തിന്റെ ഉന്മൂലനവും ജാതി വ്യസ്ഥയിലെ കീഴാള പീഢനവും കറുത്ത വര്‍ഗക്കാരും മറ്റും പേറിയിരുന്ന അടിമജീവിതവും സാമാന്യമായൊന്ന് പരിശോധിച്ചാല്‍ മതി.

NO COMMENTS

LEAVE A REPLY