ഹാജി ഖാദറിന്റേയും ആചാര്യ യുഗല്‍ കിഷോറിന്റേയും ഇന്ത്യ

ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ 1008 മത സംഘടനാനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 25 മുതല്‍ 27 വരെ ധര്‍മ്മസം സാദ് എന്ന പേരില്‍ പ്രതിഷേധം നടന്നത് നരേന്ദ്രമോദിയുടെ നടപടികള്‍ക്കെതിരെയായിരുന്നു. കാശി വിശ്വനാഥക്ഷേത്രത്തിനടുത്തുള്ള പുരാതന അമ്പലങ്ങള്‍ പൊളിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്വാമി അവിമുക്‌തേഷ് സരസ്വതിയായിരുന്നു. അമ്പലങ്ങള്‍ പൊളിക്കുന്നതിലൂടെ സമീപത്തുള്ള ജ്ഞാന്‍ വ്യാപിയെന്ന പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അതിപുരാതന പള്ളി പൊളിച്ചു മാറ്റുന്നതിന്‌വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നടപടി. ഹിന്ദുമതത്തിനും ഹിന്ദു ധര്‍മ്മത്തിനുമെതിരാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്വാമിജിയുടെ മൂന്നു ദിവസം നീണ്ടുനിന്ന പ്രതിഷേധം. മോദി ഗവണ്‍മെന്റ് ഇന്ത്യന്‍ ജനതയെ വഞ്ചിക്കുകയും വിഡ്ഢികളാക്കുകയുമാണെന്ന് കുറ്റപ്പെടുത്തുന്നതോടൊപ്പം ഹിന്ദു ധര്‍മ്മം മുറുകെപിടിക്കാത്തവര്‍ എങ്ങനെ ഹിന്ദുവാകുമെന്നും സ്വാമി ചോദിച്ചു.
ഇതര സംസ്‌കാരങ്ങളെയും മത ദര്‍ശനങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത പാരമ്പര്യവും പൈതൃകവുമാണ് ഹിന്ദുമതത്തിനുള്ളത്. നിര്‍ഭാഗ്യവശാല്‍ ഹിന്ദുമത ദര്‍ശനങ്ങളെയും അതിന്റെ വിശാലതയേയും തകര്‍ക്കുകയും സങ്കുചിതമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഫാസിസ്റ്റ് ഹിന്ദുത്വവാദികള്‍. ഇന്ത്യയിലേക്ക് കടന്നുവന്ന അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാസമരം നടത്തിയവരാണ് ഇവിടുത്തെ ഹിന്ദു മുസ്‌ലിം സമരപോരാളികള്‍. പതിനാറാം നൂറ്റാണ്ടിലെ പറങ്കികളുടെ പടക്കോപ്പുകള്‍ക്കുമുമ്പില്‍ സാമൂതിരിയുടെ കൂടെ നെഞ്ചുവിരിച്ചു ജീവന്‍ നല്‍കിയവരായിരുന്നു ബഹുഭൂരിപക്ഷ ന്യൂനപക്ഷങ്ങള്‍. തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ആദ്യ കേരള ചരിത്ര ഗ്രന്ഥത്തിലും ഫത്ഹുല്‍ മുബീന്‍ എന്ന യുദ്ധ കാവ്യങ്ങളിലുമെല്ലാം ദേശീയബോധത്തിലൂന്നിയ ഒരുമയേയും ഐക്യത്തെയുമാണ് പ്രതിപാദിക്കുന്നത്. ഈ മാനവിക നന്മയെ തകര്‍ക്കുന്ന കിരാത നടപടികള്‍ക്കെതിരെയാണ് ഇന്ത്യന്‍ ജനത ശബ്ദിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ സനാതന മൂല്യങ്ങളെ മുറുകെ പിടിക്കുകയും ജനാധിപത്യ വിശ്വാസങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തതിന്റെ പേരില്‍ കര്‍സേവകരുടെ തോക്കിനാല്‍ ജീവന്‍ ബലിയര്‍പ്പിച്ച ഗുരുവര്യനാണ് അയോധ്യയില്‍ നിന്നുള്ള സ്വാമി ലാല്‍ ദാസ്. ബാബരി മസ്ജിദ് പൊളിക്കാന്‍വന്ന കര്‍സേവകരോട് നിങ്ങള്‍ രാമനെ സ്‌നേഹിക്കുന്നവരും രാജ്യത്തോട് കൂറുപുലര്‍ത്തുകയും ചെയ്യുന്നവരെങ്കില്‍ നിങ്ങള്‍ പള്ളി പൊളിക്കരുതെയെന്ന് കേണപേക്ഷിച്ച സ്വാമിജിയുടെ നെഞ്ചകം തകര്‍ത്തുകൊണ്ടാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ആ ധീര ദേശ മത സ്‌നേഹിയോട് പകരം വീട്ടിയത്.
സംഘ്പരിവാര്‍ ശക്തികള്‍ ഹിന്ദു മതത്തെയും അതിന്റെ മൂല്യങ്ങളെയും തകര്‍ക്കുകയാണന്ന് മനസ്സിലാക്കി പ്രസ്ഥാനത്തില്‍നിന്ന് വിട്ടുനിന്ന ആചാര്യനാണ് ബാബരി മസ്ജിദിന് തൊട്ടുപിറകിലുള്ള സരയൂ കുഞ്ച് ക്ഷേത്രത്തിലെ മഹന്ത് ആചാര്യ യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി. രാമക്ഷേത്ര പ്രസ്ഥാനത്തിന് സംഘ്പരിവാര്‍ തുടക്കമിടുമ്പോള്‍ വിശ്വഹിന്ദു പരിഷത്തിന്റെ അയോധ്യ ജില്ലാസെക്രട്ടറിയായിരുന്നു. എന്നാല്‍ രാമക്ഷേത്ര പ്രസ്ഥാനം ബാബരി മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പണിയാനുള്ള കര്‍മ്മപരിപാടിയിലേക്ക് നീങ്ങിയപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും കര്‍സേവകരോട് അരുതെന്നു പറയാന്‍ തയ്യാറാവുകയും ചെയ്ത ആചാര്യരാണ് യുഗല്‍ കിഷോര്‍. രാജ്യത്ത് അരക്ഷിതാവസ്ഥയും അസമാധാനവും സൃഷ്ടിക്കാന്‍ കാരണമാക്കുന്ന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുകയും തുടര്‍ന്ന് സദ്ഭാവനാപ്രസ്ഥാനവുമായി സഞ്ചരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് യുഗല്‍ കിഷോര്‍.
മതത്തിന്റെ പേരില്‍ ഇന്ത്യയുടെ മതേതര മൂല്യങ്ങളെ തുണ്ടം തുണ്ടമാക്കുന്നതിനിടയിലും, ഇരുപതിലധികംപേര്‍ പൊലീസ് നരനായാട്ടില്‍ മരണത്തിന് കീഴടങ്ങിയപ്പോഴും സ്‌നേഹത്തിന്റെ കുളിര്‍മ നല്‍കുന്ന വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹാജി ഖാദറില്‍ നിന്നുണ്ടായത്. ഫിറോസാബാദില്‍ നടന്ന പൗരത്വ പ്രതിഷേധത്തെതുടര്‍ന്ന് ആള്‍ക്കൂട്ടം അജയകുമാര്‍ എന്ന പൊലീസുകാരനെ വളഞ്ഞിട്ട് തല്ലുമ്പോഴായിരുന്നു നമസ്‌കാരത്തിലായിരുന്ന ഹാജി ഖാദര്‍ ഈ വിവരമറിയുന്നത്, ഉടനെതന്നെ അജയനെ നെഞ്ചോട് ചേര്‍ത്ത് വീട്ടില്‍ കൊണ്ടുപോയി വെള്ളവും വസ്ത്രവും നല്‍കുകയും സുരക്ഷിതനാണന്ന് സമാധാനിപ്പിക്കുകയും ചെയ്തതിന്‌ശേഷം സ്റ്റേഷനില്‍ കൊണ്ടുവിടുകയും ചെയ്തു. മാലാഖയെപ്പോലെ വന്ന് എന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ മരണത്തിനു കീഴടങ്ങുമായിരുന്നുവെന്നാണ് അജയകുമാര്‍ പറഞ്ഞത്. അക്രമിക്കപ്പെട്ടിട്ടും അരികിലേക്ക് ചേര്‍ത്തുപിടിച്ച ഹാജി ഖാദറും ആചാര്യ യുഗല്‍ കിഷോറും നല്‍കുന്ന മാനവിക സ്‌നേഹവും മതേതര ബോധവും ഇന്ത്യാ മഹാരാജ്യത്ത് അന്യപ്പെടാതിരിക്കാന്‍ ഒരു ജനത തെരുവിലിറങ്ങികൊണ്ടിരിക്കുമ്പോള്‍ ഏതു സിംഹാസനമാണ് ഭയപ്പെടാതിരിക്കുക.

SHARE