യഥാര്‍ഥത്തില്‍ ആര്‍ക്കാണ് മനോരോഗം

ഫൗസിയ ഷംസ്

സാമൂഹിക സാഹചര്യത്താലും സമ്മര്‍ദ്ദത്താലും അനവധിയാളുകള്‍ നിരന്തരമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി സാമൂഹിക ശാസ്ത്രജ്ഞരും മനോരോഗ വിദഗ്ധരും പല പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ അവര്‍ക്കും സമൂഹത്തിനും ഭാരമാകരുതെന്ന രീതിയില്‍ സ്വയം ചികിത്സക്കുവിധേയമാവുകയോ മറ്റുള്ളവര്‍ വിധേയമാക്കുകയോ ചെയ്യാറുണ്ട്. അല്ലാത്തവര്‍ പലപ്പോഴും നാട്ടില്‍ അലഞ്ഞുനടന്ന് അവര്‍ക്കും സമൂഹത്തിനും ഭാരമാകുന്ന പതിവുമുണ്ട്.
ഇന്ന് സമൂഹത്തിനു ഭാരമാകുന്ന ചില മനോരോഗികളുണ്ട്. പക്ഷേ അവരെ മനോരോഗികളാണെന്നു പറയുന്നത് കുടുംബമോ വിദഗ്ധ ഡോക്ടര്‍മാരോ ഒന്നുമല്ല. നമ്മുടെ രാജ്യത്തെയും നാടിനെയും കാക്കാന്‍വേണ്ടി പൗരന്റെ നികുതിപ്പണത്തില്‍നിന്നും മാസാമാസം ശമ്പളം വാങ്ങുന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരാണ്. അവര്‍ മനോരോഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍, ഒരു ചങ്ങലകൊണ്ടും കെട്ടിയാല്‍ തളച്ചിടാന്‍ പറ്റാത്തത്ര കടുത്ത മനോരോഗികളായി മാറുന്നത്, നാട്ടാരെ കൊല്ലാനും നാടിനെ നശിപ്പിക്കാനുമായി ബോംബും ഇതര സ്‌ഫോടക വസ്തുക്കളുമായി പിടിക്കപ്പെടുമ്പോള്‍ മാത്രമാണുതാനും. അതിന് ഒരൊറ്റ നിബന്ധനയുണ്ട്. അവന്‍ അമുസ്‌ലിം ആയിരിക്കണം. എന്‍.പി.ആര്‍ ചോദ്യാവലിയുമായി വരുന്നതിനിടയില്‍ പത്തു തലമുറക്കുമുമ്പ് അവന്റെ പിതാമഹന്മാര്‍ ആരെങ്കിലും ഒരു മുസ്‌ലിം പേരുള്ളവനായി കണ്ടെത്തിയാല്‍ ഈ മനോരോഗ സര്‍ട്ടിഫിക്കറ്റ് പൊലീസ് തരില്ല. ഇനി എത്ര തന്നെ മുസ്‌ലിം ഐഡിയോളജിയില്‍ വിശ്വാസമില്ലാത്തവനാണെന്നു പൊതു സമൂഹത്തിനു തോന്നിയാലും രക്ഷയില്ല. പേര് മുസ്‌ലിമിന്റെതായാല്‍ മതി. പെട്ടെന്ന് പിടിച്ച് അകത്തിടാന്‍ പറ്റിയില്ലെങ്കില്‍ പതിയെ പതിയെ അവര്‍ വളര്‍ത്തിക്കൊണ്ടുവരും; ലക്ഷണമൊത്ത കുറ്റവാളിയായി. അലനെയും താഹയെയും മാവോ ബന്ധം ആരോപിച്ച്് പിടിക്കപ്പെട്ടപ്പോള്‍ പത്താം ക്ലാസ് മുതലേ നമ്മളവരെ നിരീക്ഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. രാജ്യത്തെ ക്രമസമാധാനത്തിന് കാവല്‍ നില്‍ക്കുകയല്ല, മുസ്‌ലിം പേരുള്ളവനാണെങ്കില്‍ അവനെ ഒരു ക്രിമിനലായി വളര്‍ത്തിയെടുക്കുകയും കഠിന ക്രിമിനല്‍ അമുസ്്‌ലിം പേരുള്ളവനാണെങ്കില്‍ അവനെ മനോരോഗിയാക്കുകയും ചെയ്യുക എന്നതാണ് പൊലീസ് പണി. ഇങ്ങനെ ചിലര്‍ക്ക് മാനസിക വിഭ്രാന്തിയും മനോരോഗവും ഉണ്ടാക്കുന്ന പണി പെട്ടെന്നുണ്ടായതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ ജനുവരി 30ന് എഴുപത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. 1948 ജനുവരി 30ന് വൈകുന്നേരം അഞ്ച് മണിക്ക് ഡല്‍ഹിയിലെ ബിര്‍ളാഹൗസില്‍ പ്രാര്‍ത്ഥനായോഗസ്ഥലത്ത് വെച്ച് നാഥുറാം വിനായക് ഗോദ്‌സെ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവെച്ചു വീഴ്ത്തിയതുമുതല്‍ തുടങ്ങുകയാണ് ഈ മനോരോഗ മുദ്ര.
പക്ഷേ കുറ്റവാളി അമുസ്‌ലിമാവുമ്പോള്‍ ഇങ്ങനെ മുദ്രകള്‍ ചാര്‍ത്തിക്കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും ചെയ്യാത്ത തെറ്റിന്റെ പേരില്‍ മറ്റുള്ളവരെ കല്‍തുറുങ്കിലടച്ചു ഔദ്യോഗിക കുപ്പായമാറിലും തൊപ്പിയിലും കീര്‍ത്തിമുദ്രകള്‍ അണിയുകയും പതക്കങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുമ്പോഴും ഒരു സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നൊരിക്കലും മറക്കരുത്. പൊലീസ് സംവിധാനം മനോരോഗ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിനു മുമ്പേതന്നെ മംഗളുരു വിമാനത്താവളത്തിനകത്ത് ഇങ്ങനെയൊരു സംഭവം നടന്നതായി സൂചന കിട്ടിയപ്പോഴെക്കും അവിടെയൊരു മുസ്‌ലിം ഭീകരനെ സൃഷ്ടിക്കാന്‍ ബന്ധപ്പെട്ട വാര്‍ത്താചാനലുകളടക്കമുള്ളവര്‍ ശ്രമിച്ചിരുന്നു.
മലപ്പുറത്ത് ശോഭായാത്രയിലെ ബോംബ് സ്‌ഫോടന ശ്രമം മറ്റൊരു രൂപത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ അന്നത്തെ അവിടത്തെ കലക്ടര്‍ പറഞ്ഞതുപോലെ നാടിനെ വീണ്ടും പടച്ചവന്‍ രക്ഷിച്ചു; മുസ്‌ലിം സമുദായത്തിലെ കുറച്ചു ചെറുപ്പക്കാരെയും. റിപ്പബ്ലിക് ദിനം അടുത്തുവരുന്നതിനിടയിലാണ് ഈ മനുഷ്യന്‍ മംഗ്ലുരുവില്‍ സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റിലാവുന്നത്. അതുകൊണ്ട് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന് എവിടെയും സ്‌ഫോടനമുണ്ടായില്ല. മുന്‍ വര്‍ഷങ്ങളില്‍ പലപ്പോഴായി നാടിന്റെ പല ഭാഗങ്ങളിലും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്‌ഫോടനം ഉണ്ടാവുകയും ഏതാനും ചെറുപ്പക്കാര്‍ അറസ്റ്റിലാവുകയും ഇന്നും ജാമ്യം കിട്ടാതെ ജയിലിനകത്തു കിടക്കുന്നുണ്ട്. കോടതി കുറ്റവാളിയാണെന്നു വിധിച്ചിട്ടല്ല അവരൊന്നും ജയില്‍ മോചിതരാവാതെ കല്‍ത്തുറങ്കിനകത്തുകിടക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം വിവേചനപരമായി കുറ്റവാളികളെന്നു പറയുന്നവരെ ചൂണ്ടിക്കാണിക്കുകയും പൊലീസ് സംവിധാനം പറയുന്നതുമാത്രം കേട്ട് മുന്‍വിധിയോടെ വാര്‍ത്ത ചമക്കുന്ന മാധ്യമങ്ങളും കൈയ്‌മെയ് മറന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ് വിചാരണ പോലുമില്ലാതെ പലരും ജയിലിനകത്തുകഴിയേണ്ടിവന്നത്. അമേരിക്കന്‍ ഇസ്രാഈല്‍ അച്ചുതണ്ട് അവരുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി മുസ്‌ലിം യുവത്വത്തിനുമേല്‍ ഭീകരവാദ മുദ്രയടിക്കാന്‍ തുടങ്ങി ഒരു സമുദായത്തെ ഒന്നാകെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയ 2011നു ശേഷമുള്ള കാലയളവില്‍ തന്നെയാണ് ഇന്ത്യന്‍ ഫാസിസ്റ്റ് മനോഭാവക്കാരായ രാഷ്ട്രീയക്കാരുടെയും രഹസ്യാന്വേഷണ വിഭാഗക്കാരുടെയും ഒത്താശയോടെ ഒട്ടനേകം മുസ്‌ലിം ചെറുപ്പക്കാര്‍ ഭീകരമുദ്ര ചാര്‍ത്തി ഇവിടെയും ജയിലിലടക്കപ്പെട്ടത്.
സംസ്‌കാരങ്ങളുടെ ചരിത്രം ബന്ധപ്പെട്ട് കിടക്കുന്നത് ഭീകരതയുടെ മുഖം വിളിച്ചോതിക്കൊണ്ട് തന്നെയാണ്. സാംസ്‌കാരിക ഭീകരതയെന്നോ രാഷ്ട്രീയ ഭീകരതയെന്നോ നാമതിനെ പേരിട്ട് വിളിച്ചെന്ന് മാത്രം. തീവ്രവാദം ഒരു സമൂഹത്തിലോ വിഭാഗത്തിലോ രാഷ്ട്രത്തിലോ മാത്രം പരിമിതമായ ഒന്നല്ല, എന്നിരിക്കെ അതിന്റെ മൊത്തം കുത്തക ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ ചാര്‍ത്തുന്നത് ക്ഷന്തവ്യമോ നീതിയോ അല്ല. ഇതിനുവേണ്ടി ആഗോളതലത്തില്‍ സാമ്രാജ്യത്വം പയറ്റിയ തന്ത്രം തന്നെയാണ് ഇവിടെയും ഫാസിസം നടപ്പിലാക്കിയത്. മാധ്യമങ്ങളെ ഉപയോഗിച്ചാണ് തീവ്രവാദ വേട്ട കാര്യക്ഷമമായി ഭരണകൂടം മുന്നോട്ടുനീക്കിയത്. തീവ്രവാദത്തിന്റെ ലോക അംബാസിഡറാണ് സദ്ദാം ഹുസൈന്‍ എന്നു പറഞ്ഞ്് ഇറാഖ് ആക്രമിക്കുന്നതിനുമുമ്പേ അഫ്ഗാനിസ്താനില്‍ താലിബാനെതിരെ പടയൊരുക്കം നടത്തുന്നതിനുമുമ്പേ വിശാലമായ അര്‍ഥത്തില്‍ വമ്പന്‍ മാധ്യമപ്രചാരണം ലോകമെമ്പാടുമായി അന്നത്തെ അമേരിക്കന്‍ വിദേശകാര്യമന്ത്രി ഡിക്‌ചെനിയുടെയും പ്രതിരോധമന്ത്രി റൊണാള്‍ഡ് റംസ്‌ഫെല്‍ഡിന്റെയും നേതൃത്വത്തില്‍ നടന്നിരുന്നു. മാധ്യമങ്ങളെ ഉപയോഗിച്ചാണ് ഇന്ത്യയിലും ഈ വേല വളരെ മെച്ചമായി ഭരണകൂടം നടപ്പിലാക്കിയത്. ഈ ചെറുപ്പക്കാര്‍ നിരപരാധികളാണെന്ന് പറയുമ്പോള്‍ പെട്ടിക്കോളത്തില്‍ ഉള്‍പേജില്‍ വാര്‍ത്തയൊതുക്കുന്ന പത്രമാധ്യമങ്ങളും അത് വാര്‍ത്ത പോലും ആക്കാതെ പോകുന്ന ചാനലുകളും ഇവരെ തീവ്രവാദിയാക്കി സമൂഹമധ്യേ അവതരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് വിസ്മരിച്ചുകൂടാത്തതാണ്. ജുഡീഷ്യറിക്കുമുമ്പേ വിധി പറയാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. കോടതിക്കുപോലും സ്വീകാര്യമല്ലാത്ത തെളിവുകള്‍ ഹാജരാക്കി പ്രതികളെന്നു പേരു ചേര്‍ക്കപ്പെട്ടവരെ സമൂഹമധ്യേ വിചാരണ ചെയ്യുന്ന പണിയാണ് മാധ്യമങ്ങള്‍ അന്ന് ചെയ്തത്. ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട മാധ്യമങ്ങള്‍ അനാവശ്യമായി കുരച്ചപ്പോള്‍ ഒട്ടനേകം ചെറുപ്പക്കാരും അവരുടെ കുടുംബവും സമൂഹമധ്യേ തീവ്രവാദ മുദ്ര ചാര്‍ത്തി അപഹസിക്കപ്പെട്ടു. എവിടെയെങ്കിലും സ്‌ഫോടനമുണ്ടായെന്നു കേള്‍ക്കേണ്ട താമസം മീഡിയകള്‍ പാഞ്ഞത് അഞ്ചാം ക്ലാസ് മാത്രം മതവിദ്യ നല്‍കുന്ന ശുഷ്‌കമായ മുസ്‌ലിം മതപാഠശാലകളിലേക്കാണ്. മലയാളത്തിലെ മുഖ്യധാരാചാനലുകള്‍ തീവ്രവാദം എന്നു കേള്‍ക്കുമ്പോള്‍ ക്യാമറകള്‍ ചെരിച്ചുവെച്ചത് പര്‍ദ്ദയിട്ട മുസ്്‌ലിം പെണ്ണിലേക്കും തൊപ്പിയിട്ട നിഷ്‌ക്കളങ്കരായ മദ്രസാവിദ്യാര്‍ഥികളിലേക്കുമായിരുന്നു. മുഹ്‌സിന്‍ എന്ന ചെറുപ്പക്കാരനെ വേട്ടയാടി നശിപ്പിച്ച മാധ്യമങ്ങള്‍ യഥാര്‍ഥ പ്രതിയെ കിട്ടിയപ്പോള്‍ മനോരോഗിയാക്കി മാറ്റിയ വിദ്യ നാം കണ്ടതാണ്.
ജുഡീഷ്യറിയേക്കാള്‍ മുമ്പേ മാധ്യമ വിചാരണ നടത്തിയ വിഷയങ്ങളാണ് 2006ലെ മുംബൈ സ്‌ഫോടനം, 2006ലെ മാലേഗാവ് സ്‌ഫോടനം, 2001ലെ സംഝോത എക്‌സ്പ്രസ,് 2002ലെ മക്കാ മസ്ജിദ,് 2001ലെ അജ്മീര്‍, 2006ലെ നന്ദേഡ് സംഭവങ്ങള്‍ എന്ന് സാമാന്യ പത്രവായനക്കാര്‍ക്കു മനസ്സിലാക്കാം. എന്നിട്ടും ഇതിലെ പ്രതികള്‍ നിരപരാധികളാണെന്നു തെളിഞ്ഞപ്പോള്‍ അത് വേണ്ടവിധം ചര്‍ച്ച ചെയ്യാനേ ശ്രമിക്കുന്നില്ലായെന്നത് ഇതെല്ലാം ഭരണകൂടത്തിനുവേണ്ടി മാധ്യമങ്ങള്‍ കല്‍പ്പിച്ചുകൂട്ടി നടത്തിയതാണെന്ന സംശയം ബലപ്പെടുന്നു. ജനാധിപത്യത്തിന്റെ മറ്റൊരു തൂണാണ് ജുഡീഷ്യറി. ജുഡീഷ്യറി വിധിപറയും മുമ്പേ ഒരാളെ പ്രതിയാക്കി കുറ്റവിചാരണ നടത്തി വിധി കല്‍പ്പിക്കാനുള്ള അധികാരം ഇല്ലായെന്ന് മാധ്യമ നടത്തിപ്പുകാര്‍ മറന്നുപോകുന്നത് അതൊരു വമ്പന്‍ വ്യവസായമായി മാത്രം മാറിക്കൊണ്ടിരുന്നതുകൊണ്ടായിരിക്കും. തീവ്രവാദ കേസില്‍ മാത്രമല്ല, കേരളം ആഘോഷിച്ച ലവ് ജിഹാദ് വിഷയത്തിലും ഈ ഇരട്ടത്താപ്പ് കണ്ടതാണ്. പ്രണയത്തെയും മിശ്രവിവാഹത്തെയും ഏറെ ആഘോഷിക്കുന്ന വിപ്ലവ നാട്ടിലെ മാധ്യമങ്ങള്‍ ലവ് ജിഹാദെന്ന വിഷയം കുത്തിപ്പൊക്കി കൊണ്ടുവരികയും അതിന് പ്രചാരവേല നല്‍കുകയും ചെയ്തു. ഇതൊരു കെട്ടുകഥയാണെന്നു സംസ്ഥാന, കേന്ദ്ര പൊലീസ് വകുപ്പുകള്‍ ഉത്തരവിറക്കിയിട്ടും തല്‍സംബന്ധമായ പ്രചാരവേല അവസാനിപ്പിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. ഒടുവില്‍ ലവ് ജിഹാദ് വിഷയത്തില്‍ എല്ലാ അന്വേഷണങ്ങളും നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി തന്നെ ഉത്തരവിറക്കിയപ്പോള്‍ പത്ര ചാനല്‍ നടത്തിപ്പുകാരുടെ ഉള്ളിലിരിപ്പാണ് പൊളിഞ്ഞുപോയത്. എന്നിട്ടും ഇപ്പോഴും ലവ് ജിഹാദ് വിഷയം പെരുപ്പിച്ചുനിര്‍ത്താന്‍ തന്നെയാണ് ചില മാധ്യമങ്ങള്‍ക്ക് താല്‍പര്യം.
പ്രമുഖ ദാര്‍ശനികനായ നോംചോസ്‌കിയുടെ വിലയിരുത്തലുകള്‍ ഇവിടെ ശ്രദ്ധേയമാണ്. ‘മാധ്യമങ്ങള്‍ക്ക് സാമൂഹികമായ ഒരു താല്‍പര്യമുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ വികസന പ്രക്രിയയില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉണ്ടാകുമോ എന്ന ഭീതിയില്‍നിന്ന് ഉപരിവര്‍ഗത്തിന്റെയും ഭരണകൂടത്തിന്റെയും അധികാര കുത്തകകളെ സംരക്ഷിക്കുന്നതാണ് ആ താല്‍പര്യം. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെ പ്രതിഷേധത്തില്‍നിന്നും അഭിജാത വര്‍ഗത്തെ സംരക്ഷിക്കുന്നതാണ് മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രം. അങ്ങനെയാണ് വസ്തുതകള്‍ക്ക് പകരം നുണകളുടെ കാല്‍പനികതയായി വാര്‍ത്തകള്‍ മാറിയത്’. 2001 സെപ്തംബര്‍ 11നുശേഷം മുഖ്യധാരാ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ലോകത്ത് നടക്കുന്ന എല്ലാ സ്‌ഫോടനങ്ങളുടെയും പീഡനങ്ങളുടെയും പിന്നില്‍ ഒരു പ്രത്യേക സമുദായമാണെന്ന പൊതുബോധം മാധ്യമങ്ങളില്‍കൂടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
മുതലാളിത്ത രാഷ്ട്രീയം പടുത്തുയര്‍ത്തപ്പെട്ടത് ചില നിര്‍ണിത മാനങ്ങളിലാണ്. ലഹരിയും സ്ത്രീ നഗ്‌നതയുമാണതിന്റെ കാമ്പും കാതലും. അതിന്റെ അടിത്തറ നിലകൊള്ളുന്നത് പലിശയെന്ന പൈശാചികതയിലാണ്. ഒരിക്കലും മുതലാളിത്ത അരാജകത്വത്തോട് രാജിയാകാത്ത ഇസ്‌ലാമിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയാല്‍ മാത്രമേ അധീശത്വ സങ്കുചിതത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവൂ എന്ന തിരിച്ചറിവാണ് യഥാര്‍ഥത്തില്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന ഇസ്‌ലാം വേട്ടയുടെ പിന്നില്‍. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതിക്ക് ബദലായി സാമ്പത്തിക നയങ്ങള്‍ മുന്നോട്ട്‌വെച്ച റഷ്യയുടെ അഭാവത്തില്‍ ചൂഷണാത്മക സാമ്പത്തിക വ്യവസ്ഥിതിയെ വെല്ലുവിളിച്ച് മുന്നോട്ട് നീങ്ങുന്ന ഇസ്‌ലാമും അതിന്റെ ജനകീയ മുന്നേറ്റങ്ങളും ചെറുത്തുനില്‍പ്പുമാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ ഭീകരത ആരോപിക്കുന്നതിന് കാരണം. അതിനവര്‍ കണ്ടെത്തിയ ശക്തമായ ആയുധമാണ് മാധ്യമങ്ങള്‍. അതേ പണി തന്നെയാണ് ഇന്ത്യന്‍ മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ പേരു പറഞ്ഞ് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു സൂചിച്ചിച്ച ദേവീന്ദര്‍ സിങ് കശ്മീരില്‍ പാകിസ്താന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായിട്ടില്ലെങ്കില്‍ ഒരു പക്ഷേ ഇതുപോലെ പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യം ക്ഷോഭിച്ചുനില്‍ക്കുന്ന സമയത്ത് അനേകം മുസ്‌ലിം ചെറുപ്പക്കാരെ ജയിലടക്കാനുള്ള സഫോടന പരമ്പരകള്‍തന്നെ അരങ്ങേറുമായിരുന്നു. പാകിസ്താനേക്കാള്‍ ശക്തമായ സെനിക സുരക്ഷാസംവിധാനമുള്ള ഇന്ത്യയില്‍ വന്ന് പാകിസ്താനികള്‍ സംഘര്‍ഷം ഉണ്ടാക്കിപ്പോവുന്നതു കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും മനസ്സലില്‍ ഉയരേണ്ട ചോദ്യമായിരുന്നു ഇതെങ്ങനെ സാധിച്ചുവെന്ന്. പുല്‍വാമയിലെ നൂറുകണക്കിനു ശക്തമായ സുരക്ഷാഅകമ്പടിയോടെ പോകുന്ന സൈനിക വ്യൂഹത്തിനുള്ളില്‍ നുഴഞ്ഞുകയറി സ്‌ഫോടനമുണ്ടാക്കിയത് പാകിസ്താനികള്‍ തന്നെയെന്നാണ് വിശ്വാസം. പക്ഷേ അവരെങ്ങനെ ഈ ശക്തമായ മറ ഭേദിച്ചു. ആരാണതിനു കൂട്ടുനിന്നത് എന്ന ചോദ്യം പത്രങ്ങള്‍ ഉയര്‍ത്തിയില്ല. ഏതാനും പേരുടെ ആവര്‍ത്തിച്ചുള്ള സംശയത്തിന് പത്രങ്ങള്‍ ചെവി കൊടുത്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് പല മുസ്‌ലിം ചെറുപ്പക്കാരെയും എല്ലാ അര്‍ഥത്തിലും വഴിയാധാരമാക്കി ജയിലില്‍നിന്നും നിരപരാധിയാണെന്നു പൂര്‍ണമായി ബോധ്യപ്പെട്ടു തുറന്നുവിടുമ്പോള്‍ പക്ഷേ ഭീകരമായ സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തിയ യഥാര്‍ഥ പ്രതി ആരാണെന്ന് ആരും ബോധിപ്പിച്ചില്ല. വലിയ വായില്‍ ചാനല്‍ മുറിയിലിരുന്ന് ചര്‍ച്ചചെയ്ത് ഈ മുസ്‌ലിംകുട്ടികളെ ഭീകരരാക്കിയവര്‍ അവര്‍ നിരപരാധിയാണെന്ന് ന്യായാസനങ്ങള്‍ വിധിയെഴുതിയപ്പോള്‍ അത് റിപ്പോര്‍ട്ടുചെയ്യാനോ ചാനല്‍ ചര്‍ച്ചക്ക് സമയം കണ്ടെത്താനോ തുനിഞ്ഞില്ല. കശ്മീരില്‍നിന്നും തീവ്ര ചിന്ത ഉപേക്ഷിച്ച് യുവാക്കള്‍ പലരും ദേശീയ മുഖ്യധാരയില്‍ വരുന്ന സമയത്താണ് തീര്‍ത്തും മതേതര സമൂഹം നിലകൊള്ളുന്ന കേരളത്തില്‍നിന്നും രണ്ട് മുസ്‌ലിം ചെറുപ്പക്കാര്‍ തീവ്രവാദ പ്രവര്‍ത്തനത്തിനിടെ സുരക്ഷാഉദ്യേഗസ്ഥരുടെ വെടിയേറ്റ് മരിച്ച റിപ്പോര്‍ട്ട് വരുന്നത്. അവന്റെ മയ്യിത്ത്‌പോലും തനിക്ക് കാണേണ്ടെന്നു പെറ്റ മകനെ തള്ളിപ്പറഞ്ഞ് രാജ്യസ്‌നേഹം പ്രകടിപ്പിക്കുമ്പോഴും ചാനല്‍ ക്യാമറകള്‍ തിരിച്ച്‌വെച്ചത് ഓരോ മുസ്‌ലിം പെണ്ണിന്റെയും പര്‍ദയിലേക്കും പള്ളി മിനാരങ്ങളിലേക്കുമാണ്. പക്ഷേ വലിയൊരു ചോദ്യം അവിടെ ഉണ്ടായിരുന്നു. ഒരൊറ്റ പത്രക്കാരും അതുയര്‍ത്തിയില്ല. ശക്തമായ മതേതര അടിത്തറയുള്ള കേരളത്തില്‍ നിന്നും എങ്ങനെ രണ്ടു പേര്‍ അവിടെ എത്തി. ആരായിരുന്നു എത്തിച്ചത്. പിന്നില്‍ ആരാണ്. നിഷ്‌കപടമായി ചോദിച്ചിരുന്നുവെങ്കില്‍ അഫ്‌സല്‍ ഗുരുവിനെ പാര്‍ലമെന്റിലേക്കയച്ച ദേവീന്ദര്‍ സിങിനെപോലെ പദക്കങ്ങള്‍ക്കും പദവികള്‍ക്കും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെ കാണുമായിരുന്നു.
സകരിയ്യ എന്ന വിചാരണ തടവുകാരനായ ചെറുപ്പക്കാരന്‍ രോഗബാധിതയായ ഉമ്മയെ കാണാനായി വന്നപ്പോള്‍ ഒരു പത്രമുത്തശി വാര്‍ത്തയെഴുതിയത് തീവ്രവാദ കേസിലെ പ്രതി ഉമ്മയെ കാണാന്‍ വന്നു എന്നാണ്. ജുഡിഷ്യറിക്ക് മുന്നേ പത്രങ്ങള്‍ വിധി നടത്തുകയാണ്. പുരോഗമന കാഴ്ചപ്പാടും മതേതര നിലപാടും കൂടുതല്‍ ഉള്ള കേരളത്തിലെ നിലവാരമാണത്. ഗുജറാത്ത് കലാപത്തില്‍ കൈമെയ് മറന്ന് ഭരണകൂടത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ തെളിവാണ് പ്രജ്ഞാസിങ് എന്ന ക്രിമിനല്‍ ഇന്ന് ജയിലിനുപകരം പാര്‍ലമെന്റിലെ ശീതളഛായയിലിരുന്ന് രാജ്യ നിവാസികളെ പുറത്താക്കാന്‍ മെനക്കെടുന്നത്. സി.സി ടി.വി ദൃശ്യത്തിന്റെ വിവരം ലടിച്ച ഉടനെ അയാള്‍ ബോംബ്‌വെക്കാന്‍ പോകുന്ന ക്ഷേത്രമേതാണെന്നുകൂടി പറഞ്ഞ് പൊതുസമൂഹ സംശയം മുസ്‌ലിം സമുദായത്തിലേക്ക് വരുത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ഈ മനോരോഗിയുടെ ഊരോ പേരോ രേഖയോ ഒന്നും സമൂഹത്തിനുമുമ്പില്‍ വെളിവാക്കിയില്ല. എഞ്ചിനിയറിങിലെ ഉന്നത ബിരുദമുണ്ടായിട്ടും ജോലി കിട്ടാതെയുള്ള നിരാശയാണ് കോര്‍പറേറ്റ് കൂലിയെഴുത്തുകാര്‍ കണ്ടെത്തിയ കാരണം. എന്നാല്‍ ഒരു തീപ്പെട്ടിക്കോലു പോലും കയ്യിലില്ലാതിരിന്നിട്ടും പിടികൂടി ദേശദ്രോഹിയായി മുദ്രകുത്തി വേട്ടയാടാന്‍ കൂട്ടുനിന്ന പത്രങ്ങള്‍ വഴിയാധാരമാക്കിയത് ഉന്നത ബിരുദങ്ങളും ഉന്നത ജോലിയുമുള്ള മുസ്‌ലിം യുവത്വത്തെയായിരുന്നു.
പുലര്‍ച്ചെ ഉമ്മറ വാതില്‍ തുറന്ന് കണികാണുന്ന പത്രത്തില്‍ തുടങ്ങി രാത്രി കിടക്കാന്‍ നേരം വരെ കാണുന്ന ചാനല്‍ ചര്‍ച്ചയില്‍വരെ തീവ്രവാദത്തിന്റെ ആഗോള വ്യവസായിയായി മുസ്‌ലിമിനെ പ്രതിഷ്ഠിക്കുമ്പോള്‍ അയല്‍വീട്ടിലെ കാക്കമാരില്‍നിന്നും പെണ്‍മക്കളെ രക്ഷിക്കാന്‍ പാടുപെടുന്ന ഗോ മാതാക്കളായി നമ്മുടെ നിര്‍മലരായ സ്ത്രീ സമൂഹം പോലും മാറുകയാണ്. ലഘുലേഖകള്‍ കൈവശം വെക്കുന്നത് തീവ്രവാദ പ്രവര്‍ത്തനമല്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും താഹയെയും അലനെയും യു.എ.പി.എ ചുമത്തി കേന്ദ്ര സേനക്ക് ഏല്‍പിക്കുമ്പോള്‍ മനസ്സിലൊരു ഓര്‍മ വേണമായിരുന്നു. മുസ്‌ലിം മാത്രമല്ല ഇന്നത്തെ ഫാസിസ്റ്റ് ഇന്ത്യന്‍ ഭരണാധികാരികളുടെ ശത്രു എന്ന്. കമ്യൂണിസ്റ്റ് കൂടി അവര്‍ക്ക് ഇവിടെനിന്നും നാടുകടത്തേണ്ട ശത്രുവാണ്. അതുകൊണ്ടാണ് പൊലീസ് മുസ്‌ലിമിനെ പോലെതന്നെ കമ്യൂണിസ്റ്റുകാരനിലും മാവോ ബന്ധം ആരോപിക്കുന്നത്. അലനെയും താഹയെയും പോലെ കമ്യൂണിസവും ഇസ്‌ലാം പേരും ഒത്തിണങ്ങിയവരായാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്കൂടി സൗകര്യമായി. പണി പിണറായിക്ക് കീഴിലാണെങ്കിലും മനസ്സ് അമിത്ഷാക്ക് കീഴിലാണ് ചിലരുടെയെങ്കിലും. സെന്‍കുമാറിന്റെ മനസ്സ് കണ്ടതുപോലെ ഇനിയും ഒരുപാട് പേരുടേത് കാണാന്‍ ബാക്കിയുണ്ട്. കീര്‍ത്തികളും അലങ്കാര പട്ടങ്ങളുമാഗ്രഹിച്ച് ഫാസിസത്തിന് പണിയെടുക്കുന്നവര്‍ പെരുകുന്ന കാലത്ത് ജനാധിപത്യ മതേതര ഇന്ത്യയെ താങ്ങിനിര്‍ത്തുന്ന പത്രങ്ങളുടെ കാലുകളെങ്കിലും തുരുമ്പെടുക്കാതിരിക്കട്ടെ.

SHARE