പൗരത്വ ഭേദഗതി നിയമത്തിനെതിരെ വനിതാലീഗിന്റെ സഹനസമരം

അഡ്വ. നൂര്‍ബീന റഷീദ്

പൗരത്വനിയമഭേദഗതി നിയമമായെങ്കിലും അതിനെതിരെയുള്ള പ്രതിഷേധജ്വാലകള്‍ ഇപ്പോഴും തെല്ലും മങ്ങാതെ തുടരുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരെയുള്ള നിയമനിര്‍മാണം ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബഹുജനങ്ങള്‍ അനുനിമിഷം ഉറക്കെ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. ശാസ്ത്രജ്ഞന്മാരും പണ്ഡിതന്മാരും മാത്രമല്ല സാധാരണജനങ്ങളും മഹത്തായ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി തുടരുകയാണ്. മഹാത്മാഗാന്ധിയെ ഇകഴ്്ത്തി നാഥുറാം വിനായക് ഗോഡ്്‌സെയെ പുകഴ്ത്തി ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തെ തകര്‍ത്തുകൊണ്ട് രാജ്യത്തെ നയിക്കുന്ന അഭിനവ ഗോഡ്്‌സെമാരെ തിരുത്താന്‍ വേണ്ടിയാണ് രാജ്യമെങ്ങും വര്‍ണ,വര്‍ഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ സമരം നടക്കുന്നത്.
യുവാക്കളും രാഷ്ട്രീയപ്രവര്‍ത്തകരും മാത്രമല്ല, വിദ്യാര്‍്ത്ഥിസമൂഹവും സമരത്തില്‍ ഉജ്ജ്വലമായ അധ്യായം തീര്‍ത്ത് മുന്നേറുകയാണ്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ സമരമുഖത്താണ്. ഹൈദരബാദിലെ മൗലാനാ ആസാദ് ഉറുദു യൂണിവേഴ്‌സിറ്റി. ബനാറസ് സര്‍വകലാശാല, അലിഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. നിരവധി ക്യാമ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയുണ്ടായി. രാഷ്ട്രീയ സംഘടനകളും പ്രസ്ഥാനങ്ങളും പൗരത്വനിയമനത്തിനെതിരെ ശക്തമായി മുന്നോട്ടുവന്നിരിക്കുകയാണ്.
പൗരത്വനിയമം ഭേദഗതി ചെയ്ത് നടപ്പാക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ കാണിച്ച തിടുക്കം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. വിശദമായ ചര്‍ച്ചക്കോ സംവാദങ്ങള്‍ക്കോ ഇടം നല്‍കാതെ ലോക്്‌സഭയിലും രാജ്യസഭയിലും ഉള്ള ഭൂരിപക്ഷം മറയാക്കി ബില്‍ പാസാക്കുകയായിരുന്നു. 1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുകയാണുണ്ടായത്. ഭേദഗതിയിലെ ഉള്ളടക്കമാണ് ഏറ്റവും രസകരം. മുസ്്‌ലിം സമുദായത്തെ ഒന്നായി മാറ്റി നിര്‍ത്തുക എന്ന അജണ്ടയാണ് അതിന് പിന്നിലുള്ളതെന്ന് വ്യക്തം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബറിന് മുമ്പ് ഇന്ത്യയില്‍ താമസമാക്കിയ ഹിന്ദു, സിക്ക്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ് നിയമത്തില്‍ പറയുന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് കൂടുതലായി എത്താന്‍ സാധ്യതയുള്ള മുസ്്‌ലിംകളെ പറ്റി പരാമര്‍ശവുമില്ല. ഇത്തരത്തില്‍ ഇന്ത്യന്‍ ജനതയെ വിഭാഗീയതയിലേക്ക് നയിക്കുന്ന സമീപനമാണ് നിയമത്തിലുള്ളത്. അതുകൊണ്ടുതന്നെ നിയമത്തിനെതിരെ മതേതര ഇന്ത്യ അതിശക്തിമായി പ്രതികരിക്കുകയായിരുന്നു.
2019 ഡിസംബര്‍ നാലിനാണ് കേന്ദ്രമന്ത്രിസഭ പൗരത്വനിയമ ഭേദഗതി ചര്‍ച്ച ചെയ്തത്.ഡിസംബര്‍ 10ന് ലോക്്‌സഭയും 11ന് രാജ്യസഭയും ബില്ലിന് അംഗീകാരം നല്‍കി. 12ന് തന്നെ രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ജനുവരി പത്ത് മുതല്‍ നിയമം പ്രാബല്യത്തിലായി. ജനപ്രാതിനിധ്യസഭകളിലെ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് നിയമം ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയത്. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ മറ്റു നടപടികളിലേക്ക് കടക്കാനുള്ള ധൈര്യം ബി.ജെ.പി സര്‍ക്കാറിന് കിട്ടിയിട്ടില്ല. ജനസംഖ്യാ രജിസ്റ്റര്‍, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി വിവരശേഖരണം തുടങ്ങാന്‍ കേന്ദ്രം മുന്നോട്ടുവന്നുവെങ്കിലും മിക്ക സംസ്ഥാനങ്ങളും ഇത് അംഗീകരിച്ചിട്ടില്ല. കേരളത്തില്‍ സി.എ.എയും എന്‍.പി.ആറും നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാള്‍, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളും അതേ ദിശയിലാണ് നീങ്ങുന്നത്. മഹാരാഷ്ട്രയില്‍ ശിവസേന ചില ചാഞ്ചാട്ടങ്ങള്‍ നടത്തുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും നിയമത്തിനെതിരെ രാജ്യവ്യാപകമായി തുടരുന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാറിന് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല.നിയമവിദഗ്ധരും ബുദ്ധിജീവികളും നിയമത്തിനെതിരെ രംഗത്ത് വന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹിറ്റ്‌ലറിന്റെ നാസിസത്തിന്റെ മറ്റൊരു വകഭേദം നടപ്പാക്കാനാണ് മോദിയുടെ ശ്രമം. ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്രവാദം അരക്കിട്ടുറപ്പിക്കാനും നീക്കം നടക്കുന്നു. മതനിഷ്ഠമായ ഫ്യൂഡല്‍ യുഗത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ചവരില്‍ മുസ്്‌ലിംലീഗ് ദേശീയ നേതൃത്വവും ഉണ്ട്്. രാജ്യത്തിന്റെ മഹത്തായ മതേതര പാരമ്പര്യം ഉയര്‍ത്തിപിടിക്കുകയായിരുന്നു മുസ്്‌ലിംലീഗ്. കേസിന്റെ ഭാവി എന്തായാലും മുസ്്‌ലിംലീഗ് പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുടെ വിത്തിടുകയും ചെയ്യുന്ന പൗരത്വഭേദഗതി നിയമം അതിന്റെ തനിരൂപം കാണിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ കെടുതികള്‍ നേരിടുക രാജ്യത്തെ സ്്ത്രീകളും കുട്ടികളുമായിരിക്കും. അതുകൊണ്ടുതന്നെ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ സ്ത്രീകളുണ്ട്. ഷാഹിന്‍ബാഗിലും മുംബൈ ആസാദ് മൈതാനിയിലും സമരം കത്തിപ്പടരുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് ഈ സമരമെന്ന് ഷാഹിന്‍ബാഗിലെ സമരവേദിയില്‍ നിന്ന് വീട്ടമ്മമാര്‍ പറയുന്നു. അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനാണ് പ്രക്ഷോഭകര്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ നിന്ന് പൊലീസ് അവരെ വിലക്കിയെങ്കിലും സമരക്കാര്‍ തെല്ലും പിന്നോക്കം പോയിട്ടില്ല. മുംബൈ ആസാദ് മൈതാനിയിലെ സമരം വിലക്കിയ ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് മുംബൈ ഹോക്കോടതി ഇടപെട്ടതും ശ്രദ്ധേയമാണ്.ഈ സാഹചര്യത്തില്‍ സഹനസമരവുമായി ദേശീയ വനിതാലീഗ് രംഗത്തെത്തുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വനിതാലീഗ് പ്രവര്‍ത്തകര്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ (റമംി ീേ റലസെ)യാണ് സഹനസമരം. ഈ സമരപോരാട്ടത്തിന്റെ തുടക്കം ഇന്ന് കോഴിക്കോട് കടപ്പുറത്ത് ആരംഭിക്കും. മുദ്രാവാക്യങ്ങളോ, മറ്റ് കോലാഹലങ്ങളോ ഇല്ലാതെ തികച്ചും ഗാന്ധിയന്‍ മാതൃകയില്‍ നടത്തുന്ന സമരമാണിത്. ഉദ്ഘാടനം, സമാപനം എന്നീ പതിവുചടങ്ങുകളൊന്നും ഉണ്ടാവില്ല. സമരവേദി സന്ദര്‍ശിക്കുന്ന നേതാക്കളും മറ്റും ചെറുപ്രസംഗങ്ങള്‍ നടത്തും. ബംഗളൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വരുംദിവസങ്ങളില്‍ വനിതാലീഗിന്റെ ആഭിമുഖ്യത്തില്‍ സമാനമായ സമരം നടക്കും. രാജ്യത്തിന്റെ മതനിരപേക്ഷതയും സംസ്‌കാര വൈജാത്യവും നിലനിര്‍ത്താനുള്ള പോരാട്ടമാണ് വനിതാലീഗിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോവുന്നത്. ജനാധിപത്യവിശ്വാസികളുടെ മുഴുവന്‍ സഹകരണവും ഇക്കാര്യത്തില്‍ വനിതാലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നു.

SHARE