ആര്‍ട്ടികിള്‍ 370 എടുത്തുകളഞ്ഞ നടപടി; സുപ്രിംകോടതിയില്‍ വാദം തുടങ്ങി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടികിള്‍ 370 എടുത്തുകളഞ്ഞത് ചോദ്യം ചെയ്തുള്ള പൊതു താത്പര്യ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. ജസ്റ്റീസ് എന്‍ വി രമണ അധ്യക്ഷനായ ജസ്റ്റിസുമാരായ എസ് കെ കൗള്‍, സുഭാഷ് റെഡ്ഡി, സൂര്യ കാന്ത്, ബി ആര്‍ ഗവായി എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

അതേസമയം, വിഷയം ഏഴംഗ ബെഞ്ചിന് വിടുന്ന കാര്യവും കോടതി പരിഗണിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ദിനേശ് ദ്വിവേദിയാണ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍, വിഷയം വലിയ ബെഞ്ചിലേക്ക് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ബാഹ്യ വസ്തുക്കള്‍ വായിച്ചതിനുശേഷം ഞാന്‍ പശ്ചാത്തല കാര്യങ്ങള്‍ ഒരുപാട് പഠിക്കാന്‍ തുടങ്ങിയതായി ജസ്റ്റിസ് കൗള്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 മാറ്റാനുള്ള നീക്കം മന്ത്രിസഭയുടെ സഹായവും ഉപദേശവും കൂടാതെ ഗവര്‍ണറില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും പ്രത്യേക പദവി മാറ്റാനുള്ള നിര്‍ദ്ദേശം ജമ്മു കശ്മീരിലെ ജനങ്ങളില്‍ നിന്ന് ഉരുത്തിരിയേണ്ടതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഉന്നയിച്ചിട്ടുണ്ട്.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഓഗസ്റ്റ് 5, 6 തീയതികളിലെ രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവുകളെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളാണ് സുപ്രീംകോടതി മുന്നാലെ എത്തിയത്. ജമ്മു കശ്മീര്‍ പനഃസ്ഥാപനവും, കേന്ദ്രസഭാ പ്രദേശങ്ങളായി ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ വിഭജിച്ചതും, നിയമത്തിന്റെ ഭരണഘടനാ സാധുതയും കോടതിയുടെ പരിശോധനയില്‍ വരും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീര്‍ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. അനുച്ഛേദം 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ആരോപണം.

അതേസമയം ജമ്മുകശ്മീരില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം തുടരുകയാണ്. നിതിന്‍ ഗഡ്ഗരി, കിരണ്‍ റിജിജു അടക്കം പത്ത് കേന്ദ്രമന്ത്രിമാരാണ് സംസ്ഥാനത്തെത്തി പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം വിശദീകരിക്കുക. ജനുവരി 24 വരെ സന്ദര്‍ശനം തുടരും.