ദുരന്തമുഖത്തും വെറുപ്പുല്‍പ്പാദനം

ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി

കോവിഡിനെതിരെ ലോകം ഒന്നിച്ച് പൊരുതുമ്പോഴും ഭീകര- അതിവാദ സംഘങ്ങള്‍ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പ്രയോഗവത്ക്കരിക്കാനുള്ള അവസരം അന്വേഷിക്കുകയാണ്. സമൂഹത്തില്‍ വെറുപ്പും ഛിദ്രതയും വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരെ കോവിഡ് മഹാമാരിയോ മറ്റു പ്രതിസന്ധികളോ തടയുന്നില്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രം അത്രമേല്‍ അവരുടെ ഹൃദയത്തെ മരവിപ്പിച്ചിരിക്കുന്നു.
കുറേ കാലമായി ദാഇശിന്റെ/ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരവാര്‍ത്തകള്‍ കാണാറില്ല. എന്നാല്‍ മുസ്ലിംലോകം റമസാനിലെ ആരാധനകളില്‍ മുഴുകുന്ന അവസരത്തില്‍ അവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സന്തോഷിക്കുകയാണ് ഐ എസ്. കോവിഡ് മൂലം ആയിരങ്ങള്‍ മരിക്കുന്നതോ, ലക്ഷകണക്കിന് മനുഷ്യര്‍ പ്രയാസപ്പെടുന്നതോ ദുഷിച്ച മാര്‍ഗത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ പറ്റിയതല്ല.
ദാഇശ് എന്ന ഭീകരപ്രസ്ഥാനത്തെ ലോകം തകര്‍ത്തുവെന്ന് അവകാശപ്പെടുമ്പോഴും വേരുകള്‍ പിഴുതെറിയാന്‍ സാധിച്ചിട്ടില്ല. അവരുടെ നട്ടെല്ല് തകര്‍ത്തുവെങ്കിലും പല പേരുകളിലും രൂപങ്ങളിലും പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഇറാന്റെ ഇടപെടല്‍ കൊണ്ടും സാമ്യാജ്യത്വമോഹവും നിമിത്തം തകര്‍ന്ന് കിടക്കുന്ന ഇറാഖില്‍ ദാഇശിന് ജീവന്‍ നല്‍കാന്‍ പല ബാഹ്യശക്തികളും ഇടപെടുന്നു. ഇറാഖില്‍ ദാഇശ് വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ അതിന്റെ നേട്ടം കൊയ്യാന്‍ കാത്തിരിക്കുന്നത് ഇറാഖില്‍ എന്നും കണ്ണുവെയ്ക്കുന്ന ഇറാനാണ്. ഈ ദുഷിച്ച കളി ശ്രദ്ധയില്‍ പെട്ടിട്ട് തന്നെയാണ് ഇറാഖ് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ ഇറാന്റെ ഇടപെടലിനെ കുറിച്ച് തുറന്നടിച്ചത്. ഇറാന്‍ വളര്‍ത്തി കൊണ്ടു വരുന്ന സായുധ ഗ്രൂപ്പുകളായ ഫൈലഖുല്‍ ഖുദ്‌സ്, ലബനാനിലെ ഹിസ്ബുല്ല, ഇറാഖിലെ തന്നെ അല്‍ഹശ്ദു ശഅ്ബി തുടങ്ങിയ ഭീകര സംഘങ്ങള്‍ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് ദാഇശിനെ കടത്തികൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുന്നു.
ലോക രാഷട്രങ്ങളും ഇറാന്റെ അയല്‍ രാജ്യങ്ങളും കോവിഡിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവരെയെല്ലാം ഭയപ്പെടുത്താന്‍ ദാഇശിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ഇറാന്‍. നിലനില്‍പ്പ് തന്നെ ഭീഷണിയിലായ ദാഇശിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് സാമ്രാജ്യത്വമോഹത്തിന് പുതിയ ചിറകുകള്‍ മുളപ്പിക്കുന്ന ഇറാന്റെ ദുഷ്ടതന്ത്രം എത്രമേല്‍ നിന്ദ്യമാണ്.
മൂസ്വില്‍ പട്ടണത്തില്‍ ഈ കോവിഡ് കാലത്തും ദാഇശ് സായുധ സംഘങ്ങള്‍ നിര്‍ബന്ധിത ചുങ്കം പിരിവ് നടത്തുകയാണെന്ന് വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ വരുന്നു. ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷം പരിക്ക് പറ്റിയ ഇറാന്‍ അത് പരിഹരിക്കാന്‍ ഇത് പോലുള്ള തീകളിക്കാണ് ശ്രമിക്കുന്നത്. ലബനോന്‍ ഹിസ്ബുല്ലയുടെ നേതാവ് ഹസന്‍ നസ്‌റുല്ല ഹിസ്ബുല്ല ഭടന്മാരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് നീക്കികൊണ്ടിരിക്കുന്നു. ഡമസ്‌ക്കസ്, ബയ്‌റൂത്ത് ബാഗ്ദാദ് എന്നീ പട്ടണങ്ങളുടെ സമ്പൂര്‍ണ ശിയാവത്ക്കരണവും സൈനിക ആധിപത്യവുമാണ് അവരെല്ലാം ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ ദാഇശ് വിവിധ ഭൂഖണ്ഡങ്ങളില്‍ നടത്തിയ വ്യത്യസ്ത ഭീകരാക്രമണങ്ങള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഓരോ രാജ്യത്തും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഭീകരാക്രമണം നടത്തുക വഴി വലതുപക്ഷ തീവ്രവാദികള്‍ക്ക് സ്വര്‍ണതളികയില്‍ ഇസ്ലാംഭീതി പരത്താനുള്ള അവസരം നല്‍കുകയായിരുന്നു. ലോകത്ത് നിലനില്‍ക്കുന്ന സ്വസ്ഥതയും സമാധാനവും നിര്‍ഭയത്വവും നശിപ്പിച്ച് അരാജകത്വം വിതക്കുകയെന്നതായിരുന്നു ദാഇശ് ലക്ഷ്യം. ലോകം അസാധാരണമായ ഐക്യത്തോടെ ദാഇശിനെ നേരിട്ടത് കൊണ്ട് ഫലം കണ്ടു. പക്ഷേ, വേരുകള്‍ ഇപ്പോഴും കിടക്കുകയാണ്. ആരെങ്കിലും നനച്ച് കൊടുത്താല്‍ അത് കിളിര്‍ക്കും. ദാഇശിന്റെ ഐഡിയോളജി സജീവമാക്കി നിലനിര്‍ത്താന്‍ വിവിധ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നു. അവര്‍ സൈബറിടങ്ങളില്‍ കെണിവെച്ച് കാത്തിരിക്കുകയാണ്.
മതത്തെ ഇത്രയേറെ തെറ്റുധരിപ്പിക്കുന്ന മറ്റൊരു കൂട്ടരും ഇല്ലെന്ന് തെളിയിക്കുന്ന രൂപത്തിലാണ് ഇവരുടെ ദുര്‍വ്യാഖ്യാനം. സുഊദി അറേബ്യയുടെ നേതൃത്വത്തില്‍ നാല്‍പ്പത് രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഭീകരതക്കെതിരെ ഒന്നിച്ചു റിയാദ് ആസ്ഥാനമായി പൊതു വേദിയുമുണ്ടാക്കി. എന്നാലും ഭീകരതയെ ചെറുക്കാന്‍ മാധ്യമരംഗത്തും രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും സമഗ്രമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
മനുഷ്യകുലത്തിന്റെ ഭദ്രമായ നിലനില്‍പിന് ഇത് ആവശ്യമാണ്. ദാഇശിനെതിരെ ഇത് വരെ നേടിയ വിജയങ്ങളുടെ തുടര്‍ച്ച ഉണ്ടാവാന്‍ ഏറെ ജാഗ്രത ആവശ്യമാണ്. കോവിഡ്മൂലം ലോകം മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാതിരിക്കുമ്പോള്‍ വിദ്വേഷപ്രത്യയശാസ്ത്രത്തിന് കടന്ന് കയറാനുള്ള ഇടങ്ങള്‍ തിരയുന്ന തിരക്കിലാണ് തീവ്രവാദി കൂട്ടങ്ങള്‍.
വെറുപ്പിന്റെ ആശയം അടിത്തറയായി സ്വീകരിക്കുന്ന ഒട്ടുമിക്ക സംഘങ്ങളും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ പ്രതിസന്ധി കാലം ഉപയോഗിക്കുന്നത് കാണുന്നു. ദാഇശ് കരുതുന്നത്, കോവിഡ് മൂലം അറബ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ന്ന് കിട്ടുമല്ലോയെന്നാണ്. എത്ര ദുഷിച്ച മനസാണ് ഭീകര സംഘങ്ങള്‍ വഹിക്കുന്നത് എന്ന് ചിന്തിക്കുക.

SHARE