Connect with us

Video Stories

പൗരത്വവും രാഷ്ട്രവും ജീവിതവുമില്ലാത്ത ജനത

Published

on

 

സലീം മടവൂര്‍

പടിഞ്ഞാറന്‍ മ്യാന്‍മാറിലെ റോക്കിന്‍ സംസ്ഥാനം ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ നെല്ലുത്പാദന കേന്ദ്രവും സാംസ്‌കാരിക-കച്ചവട കേന്ദ്രവുമായിരുന്നു. വര്‍ഷങ്ങളായുള്ള വംശീയ കലാപം ഇന്ന് ഈ പ്രദേശത്തെ മ്യാന്‍മറിലെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന മേഖലയാക്കി മാറ്റിയിരിക്കുന്നു. ലോകത്തെ രാഷ്ട്ര രഹിത സമൂഹത്തിന്റെ പത്ത് ശതമാനവും ഈ മേഖലയിലാണ് അധിവസിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രരഹിത സമൂഹം റാക്കിനിലെ റോഹിംഗ്യന്‍ വംശജരാണ്.
പടിഞ്ഞാറന്‍ മ്യാന്‍മറിലെ മലനിരകളാല്‍ വേര്‍തിരിക്കപ്പെട്ട റാക്കിന്‍ സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശത്ത് ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന മേഖലയില്‍ നൂറ്റാണ്ടുകളായി ജീവിച്ചുവരുന്ന ജനവിഭാഗമാണ് റോഹിംഗ്യകള്‍. പതിനാലാം നൂറ്റാണ്ട് മുതല്‍ ഇവര്‍ ഇവിടെ ജീവിച്ചതിന് തെളിവുകളുണ്ട്. ഇവരില്‍ ഒരു വിഭാഗം ജോലി ആവശ്യാര്‍ഥം പല കാലഘട്ടങ്ങളിലായി ബംഗ്ലാദേശില്‍ നിന്നും ഇവിടെയെത്തിയവരാണ്. 1785 ല്‍ ബുദ്ധമതാനുയായികളായ രാജാക്കന്‍മാര്‍ റാക്കിന്‍ കീഴടക്കിയതോടെ ഇവിടെയുള്ള റോഹിംഗ്യന്‍ മുസ്‌ലിംകളെ ആട്ടിയോടിക്കുന്നതും കൊന്നൊടുക്കുന്നതും പതിവായി. 1970ലും 1991ലും 2012ലും നടന്ന കലാപങ്ങളുടെ ബാക്കിപത്രമായി ലക്ഷക്കണക്കിന് റോഹിംഗ്യകള്‍ ആഭ്യന്തര അഭയാര്‍ഥി ക്യാമ്പുകളിലും അതിലധികം പേര്‍ ബംഗ്ലാദേശിലെയും ഇന്ത്യയിലെയും അഭയാര്‍ഥി ക്യാമ്പുകളിലുമായി നരകജീവിതം കഴിച്ചുകൂട്ടുന്നു.
നൂറ്റാണ്ടുകളായി ജീവിച്ചുവരുന്ന രാജ്യത്ത് പൗരത്വമോ സ്വന്തമായി ഭൂമിയോ സഞ്ചാരസ്വാതന്ത്ര്യമോ ഇല്ലാത്ത ജനവിഭാഗമാണ് റോഹിംഗ്യകള്‍. 2014 ലെ തെരഞ്ഞെടുപ്പ് മുതല്‍ ഇവരില്‍ പൗരത്വം ലഭിച്ചവര്‍ക്കോ (കേവലം 4000 പേര്‍) താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്കോ (9000 പേര്‍) പോലും മത്സരിക്കാനോ വോട്ട് ചെയ്യാനോ ഉള്ള അവകാശം ഇല്ല. പ്രാഥമികവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ മ്യാന്‍മറിലെയും റാക്കിനിലെയും ഭരണകൂടങ്ങള്‍ തിരിഞ്ഞുനോക്കുന്നേയില്ല. എല്ലാ ജനാധിപത്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ജന്മനാട്ടില്‍ അഭയാര്‍ഥികളാവാന്‍ വിധിക്കപ്പെട്ട ജനത.
സ്വതന്ത്ര മ്യാന്‍മറില്‍ ഏറ്റവും വലിയ കലാപങ്ങള്‍ക്കൊന്നിനാണ് 2012 സാക്ഷ്യം വഹിച്ചത്. വംശീയ കലാപത്തില്‍ 134 മുസ്‌ലിംകളും 58 ബുദ്ധമതക്കാരുമടക്കം 192 പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ വ്യാപകമായി അഗ്‌നിക്കിരയായി. 8614 വീടുകള്‍ നശിപ്പിക്കപ്പെട്ടു. ഇതില്‍ 7422 വീടുകളും റോഹിംഗ്യകളുടേതായിരുന്നു. 140000 പേര്‍ ആഭ്യന്തര അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു. ഇതില്‍ 120000 പേര്‍ ഇപ്പോഴും ഈ ദുരിത സാഹചര്യത്തില്‍ജീവിച്ചുകൊണ്ടിരിക്കുന്നു (കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്).
പ്രദേശത്ത് ക്യാമ്പു ചെയ്യുന്ന മ്യാന്‍മര്‍ സൈന്യവും പ്രദേശത്തെ ബുദ്ധ തീവ്രവാദികളും റോഹിംഗ്യന്‍ വംശജരുടെ വീടുകള്‍ കത്തിക്കലും ഉപജീവനോപാധികള്‍ നശിപ്പിക്കലും സ്ത്രീകളെ ബലാത്സംഗം ചെയ്യലും പതിവായതോടെ തീവ്രവാദ സംഘടനകള്‍ക്ക് വേരോട്ടം ലഭിക്കാന്‍ സാഹചര്യമൊരുങ്ങി. തീവ്രവാദികള്‍ മ്യാന്‍മര്‍ അതിര്‍ത്തി പൊലീസിലെ ഒന്‍പത് പേരെ കൊന്നതോടെ നിരപരാധികളായ നൂറുകണക്കിന് റോഹിംഗ്യകള്‍ അക്രമിക്കപ്പെട്ടു. ആയിരങ്ങള്‍ ഭവനരഹിതരായി. ദരിദ്രരും ഹതാശയരുമായ രോഹിംഗ്യകള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് കൂട്ട പലായനമാരംഭിച്ചു.
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തില്‍ പ്രതിസന്ധിയിലായ മ്യാന്‍മര്‍ ഗത്യന്തരമില്ലാതെ ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ റാക്കിന്‍ ഉപദേശക സമിതി രൂപീകരിച്ചു. സ്‌റ്റേറ്റ് കൗണ്‍സിലറും നോബല്‍ സമ്മാന ജേതാവുമായ ആങ്‌സാങ് സൂക്കി, കമ്മീഷന്റെ കണ്ടെത്തലുകള്‍ നടപ്പാക്കാമെന്ന് വാഗ്ദാനവും ചെയ്തു. പക്ഷേ 2016 സപ്തംബര്‍ 5 ന് കമ്മീഷന്‍ ചുമതലയേറ്റെടുത്ത് ഒരു മാസം കഴിഞ്ഞപ്പോഴേക്കും നടന്ന തീവ്രവാദി ആക്രമണം പ്രശ്‌ന പരിഹാരത്തിന് കരിനിഴല്‍ വീഴ്ത്തി. ഇത് സൂക്കി ഗവണ്‍മെന്റിന് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള പിടിവള്ളിയായി.
കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 2017 ആഗസ്റ്റ് 23 ന് സര്‍ക്കാരിനു സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ റോഹിംഗ്യകളുടെ ഏതാണ്ടെല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു. റോഹിംഗ്യകള്‍ എന്ന പേര് പരാമര്‍ശിക്കാന്‍ കമ്മീഷന് അനുവാദമില്ലാതിരുന്നതുകൊണ്ട് റാക്കിനിലെ മുസ്‌ലിം സമുദായം എന്നാണ് കമ്മീഷന്‍ പരാമര്‍ശിച്ചത്. റാക്കിനിലെ മുസ്‌ലിംകള്‍ക്ക് മ്യാന്‍മര്‍ പൗരത്വം നല്‍കണമെന്നും മേഖലയില്‍ ബിസിനസ് നടത്തുന്നതിനും മറ്റും നിലവിലുള്ള തടസ്സങ്ങള്‍ നീക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക് ജന്‍മനാ പൗരത്വം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. റോഹിംഗ്യകള്‍ക്ക് പൗരത്വം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന 1982 ലെ പൗരത്വ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കണം. ഈ നിയമപ്രകാരം സ്വാഭാവികമ്യാന്‍മര്‍ പൗരത്വത്തിനുള്ള അവകാശം രാജ്യത്ത് 1823 ന്മുമ്പേ നിലവിലുള്ള 135 വംശീയ വിഭാഗങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇവര്‍ ഏതെങ്കിലും ഒരു മ്യാന്‍മര്‍ ഭാഷ സംസാരിക്കുകയും വേണം. എന്നാല്‍ 1430ന് മുമ്പേ രാജ്യത്ത് നിലവിലുണ്ടായിരുന്ന റോഹിംഗ്യകള്‍ക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ഈ മാനദണ്ഡങ്ങള്‍. സമയബന്ധിതമായി പൗരത്വ പ്രശ്‌നം പരിഹരിക്കണമെന്നും പൗരത്വവും വംശവും ബന്ധിപ്പിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. റോഹിംഗ്യകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നല്‍കണമെന്നും രാജ്യത്തെ അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടി 120000 വരുന്ന റോഹിംഗ്യകളെ സ്വാഭാവിക ജീവിതചുറ്റുപാടിലേക്ക് തിരികെയെത്തിക്കണമെന്നും കമ്മീഷന്‍നിര്‍ദ്ദേശിച്ചു.
കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടാംദിവസം തീവ്രവാദികള്‍ അതിര്‍ത്തിയിലെ 24 പൊലീസ ്‌പോസ്റ്റുകള്‍ അക്രമിച്ച് 11 പേരെ കൊലപ്പെടുത്തിയത് അന്തരീക്ഷം വീണ്ടും കലുഷിതമാക്കി. കൂട്ടക്കശാപ്പിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച 33 ാം റജിമെന്റിലെ പട്ടാളക്കാരും തദ്ദേശീയരായ ബുദ്ധമത തീവ്രവാദികളും ചേര്‍ന്ന് അഴിച്ചുവിട്ട പ്രത്യാക്രമണത്തിന്റെ ഫലമായി 90000 അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെത്തിയിരിക്കുന്നത്. ഇതിനു മുമ്പേ എത്തിയവരെകൂടി കൂട്ടിയാല്‍ 125000 പേര്‍. ബംഗ്ലാദേശ് അതിര്‍ത്തിയിലെ നാഫ് നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. കൂട്ടക്കശാപ്പുകളും കൂട്ടബലാത്സംഗങ്ങളും നിത്യസംഭവമായി.
മ്യാന്‍മര്‍ സര്‍ക്കാരിന്റെ റോഹിംഗ്യകളെക്കുറിച്ചുള്ള നിലപാട് ഇവര്‍ പ്രത്യേക വംശമല്ലെന്നും ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്നുമാണ്. ഇവര്‍ സംസാരിക്കുന്നത് ബംഗാളി ഭാഷയാണെന്നും കഴിക്കുന്നത് ബംഗാളി ഭക്ഷണമാണെന്നും ധരിക്കുന്നത് ബംഗാളി വസ്ത്രമാണെന്നും സര്‍ക്കാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വാദങ്ങള്‍ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
റോഹിംഗ്യന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍കമ്മീഷന്‍ ഒരു വര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രസക്തി ഇപ്പോഴത്തെ റോഹിംഗ്യന്‍ വിരുദ്ധകലാപം വര്‍ധിപ്പിക്കുകയാണ്. ഇച്ഛാ ശക്തിയുള്ള സര്‍ക്കാര്‍ മ്യാന്‍മറില്‍ അധികാരത്തില്‍ വന്നാലേ ഇതിലെ കണ്ടെത്തലുകള്‍ ഉള്‍ക്കൊണ്ട് ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കൂ. പട്ടാളത്തിനു മേല്‍ ജനാധിപത്യ ഭരണകൂടത്തിന്പരിമിത നിയന്ത്രണങ്ങള്‍ മാത്രമുള്ള മ്യാന്‍മറില്‍ ഇത് വലിയ വെല്ലുവിളിയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശിന് ഇത്രയധികം അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ശേഷിയില്ല. അതിര്‍ത്തിപ്രദേശങ്ങളില്‍ കിട്ടാവുന്നിടത്തെല്ലാം ഷെഡുകളാണ്. വയലുകളും കാടും ഒഴിഞ്ഞ കെട്ടിടങ്ങളുമെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുന്ന വിമര്‍ശകരോട് റോഹിംഗ്യന്‍ അനുകൂലികള്‍ തിരിച്ചടിക്കുന്നത്, 1970 കളില്‍ ബംഗ്ലാദേശ് ജനത പാക് പട്ടാളത്തിന്റെ അക്രമണത്തില്‍ പൊറുതിമുട്ടി ഇന്ത്യയിലേക്ക് പലായനം ചെയ്തപ്പോള്‍ ഇന്ത്യയും ഇന്ദിരാഗാന്ധിയും അവര്‍ക്ക് സംരക്ഷണം നല്‍കിയത് ചൂണ്ടിക്കാണിച്ചാണ്.
രാഷ്ട്രം തീവ്രവാദ സ്വഭാവം സ്വീകരിക്കുന്നതും പ്രതികാരവാഞ്ഛയോടെ ഒരു ജനവിഭാഗത്തെ കൊന്നൊടുക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതാണ്. റാക്കിനിലെ ന്യൂനപക്ഷമായ റോഹിംഗ്യകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട പട്ടാളം തന്നെ കൂട്ടക്കശാപ്പിന് നേതൃത്വം നല്‍കുന്നത് എല്ലാ സാമാന്യ യുദ്ധ തത്വങ്ങളുടെയും ലംഘനമാണ്. യഥാര്‍ഥ ഭരണകൂട ഭീകരതയാണ് അവിടെ അരങ്ങേറുന്നത്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending