മുസ്‌ലിം ഉന്മൂലനത്തിനുള്ള പൗരത്വഭേദഗതി

എം.എം അക്ബര്‍

പൗരത്വനിയമ ഭേദഗതിയില്‍ മുസ്‌ലിംകള്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഉറപ്പില്‍ യാതൊരു കഴമ്പുമില്ലെന്ന് കരുതുന്നത് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന പച്ചക്കള്ളങ്ങളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് കൃത്യമായ ബോധമുള്ളതുകൊണ്ട് കൂടിയാണ്. ഗവര്‍ണര്‍ മുതല്‍ ന്യൂനപക്ഷമോര്‍ച്ചയുടെ നേതാക്കള്‍ വരെയുള്ള മുസ്‌ലിം പേരുള്ളവര്‍ അതിനെ ന്യായീകരിക്കുന്നത് അവര്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നതിനോ പുതിയ സ്ഥാനങ്ങള്‍ ലഭിക്കുന്നതിനോ വേണ്ടിയായിരിക്കാം. എന്നാല്‍ പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ അങ്ങനെ ചെയ്യുന്നത് ഏതെങ്കിലും സ്ഥാനങ്ങള്‍ക്ക് വേണ്ടിയോ അധികാരങ്ങള്‍ക്ക് വേണ്ടിയോ അല്ല, പിറന്ന മണ്ണില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്‌വേണ്ടിയും അവരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. അവര്‍ക്ക് ജീവന്‍മരണ പോരാട്ടമാണ്. സംഘ്പ്രത്യയശാസ്ത്രം അറിയുന്നവര്‍ പോരാട്ടത്തില്‍ അണിനിരക്കുന്നത് അവരുടെ സ്വപ്‌നം എത്രത്തോളം ബീഭത്സമാണെന്ന് മനസ്സിലാക്കുന്നത്‌കൊണ്ടാണ്; സംഘ് സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടാല്‍ ഇന്ത്യ നിലനില്‍ക്കുക പേരില്‍ മാത്രമായിരിക്കുമെന്ന് അറിയാവുന്നതു കൊണ്ടാണ്; ഫാഷിസവും നാസിസവും ഉണ്ടാക്കിയതിനേക്കാള്‍ വലിയ നാശമാണ് അത് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് ശങ്കിക്കുന്നത്‌കൊണ്ടാണ്; പൗരത്വഭേദഗതി മുസ്‌ലിം ഉന്മൂലനമെന്ന സംഘ്‌സ്വപ്‌നത്തിലേക്കുള്ള ആദ്യത്തെ പടിയാണെന്ന സത്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്.

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ താത്വികാചാര്യനായ ഗോള്‍വാള്‍ക്കര്‍ തന്നെ തങ്ങളുടെ സ്വപ്‌നഭൂമിയിലെ ഹിന്ദുക്കളല്ലാത്തവരുടെ സ്ഥിതിയെന്തായിരിക്കുമെന്ന് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്: ‘ബൗദ്ധികമായി ഉയര്‍ന്ന രാഷ്ട്രങ്ങളുടെ അനുഭവങ്ങളില്‍നിന്ന് നാം എത്തുന്ന നിലപാട് ഇതാണ്. ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളല്ലാത്തവര്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദുമതത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ പഠിക്കുകയും ഹിന്ദുരാഷ്ട്രത്തെ വാഴ്ത്തിക്കൊണ്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാതിരിക്കുകയും വേണം. കാലാകാലങ്ങളായി അവര്‍ ഈ നാടിനോടും ഇതിന്റെ ചുരപുരാതന പാരമ്പര്യത്തോടും പുലര്‍ത്തിപ്പോരുന്ന അസഹിഷ്ണുതയും കൃതഘ്‌നതയും അവസാനിപ്പിക്കുകയും അതിനോട് സ്‌നേഹത്തിന്റെയും ഭക്തിയുടേയും സൃഷ്ടിപരമായ സമീപനം വളര്‍ത്തിക്കൊണ്ടുവരികയും വേണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവര്‍ വിദേശികളായി നില്‍ക്കുന്നത് അവസാനിപ്പിക്കുകയോ ഹിന്ദുരാഷ്ട്രത്തോട് പൂര്‍ണമായും കീഴൊതുങ്ങി ജീവിക്കുകയോ വേണം. യാതൊരു അവകാശങ്ങളും അവര്‍ ആവശ്യപ്പെടരുത്. അവര്‍ക്കിവിടെ യാതൊരു പരിഗണയുമുണ്ടാവുകയില്ല. പൗരന്മാരുടെ അവകാശങ്ങള്‍പോലും ആവശ്യപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടാവുകയില്ല. നാം ചിരപുരാതനമായ ഒരു രാഷ്ട്രമാണ്. നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ തീരുമാനിച്ച വിദേശജാതികളോട് പുരാതന രാജ്യങ്ങള്‍ ചെയ്യേണ്ടതെന്താണോ അത് തന്നെയാണ് നമ്മളും ചെയ്യേണ്ടത്.’

പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഗോള്‍വാള്‍ക്കറിന്റെ ഈ സ്വപ്‌നമാണ് പൂവണിയുന്നത്. ‘ബൗദ്ധികമായി ഉയര്‍ന്ന രാഷ്ട്രങ്ങളുടെ അനുഭവങ്ങളില്‍നിന്ന് എത്തുന്ന നിലപാട്’ എന്ന ആമുഖത്തോടെയാണ് ഹിന്ദുക്കളെന്ന് തങ്ങള്‍ കരുതുന്നവര്‍ അല്ലാത്തവരെല്ലാം പൗരാവകാശങ്ങളില്ലാതെ അടിമകളായി ജീവിക്കേണ്ടവരാണെന്ന മനപ്പായസം അദ്ദേഹം അവതരിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏതാണീ ബൗദ്ധികമായി ഉയര്‍ന്ന രാഷ്ട്രങ്ങള്‍? ഇറ്റലിയും ജര്‍മനിയുമെന്ന ഉത്തരമുള്‍ക്കൊള്ളുന്ന നൂറു പുറങ്ങള്‍ക്ക്‌ശേഷമാണ് ഇന്ത്യയെക്കുറിച്ച് തന്റെ സ്വപ്‌നം ഗോള്‍വാള്‍ക്കര്‍ തുറന്നുപറയുന്നത്. ചിരപുരാതനമായ സംസ്‌കാരമുള്ള ഭാരതത്തില്‍ വിദേശികള്‍ എങ്ങനെയാണോ കഴിയേണ്ടത് അതേപോലെ യാതൊരു പൗരാവകാശങ്ങളുമില്ലാതെ കഴിയേണ്ടവരാണ് ഹിന്ദുക്കളും ബുദ്ധന്മാരും ജൈനന്മാരും സിക്കുകാരുമല്ലാത്ത എല്ലാവരും എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്‌നം. പൗരത്വ വിഷയത്തില്‍ മുസ്‌ലിംകള്‍ സംശയിക്കപ്പെടേണ്ടവരാണെന്ന് പറയാതെപറയുന്ന പൗരത്വഭേദഗതി നിയമം വഴി ഈ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പൗരന്മാരുടെ അവകാശങ്ങളൊന്നുമില്ലാതെ ഹിന്ദുരാഷ്ട്രത്തോട് കീഴടങ്ങി ജീവിക്കേണ്ടവരാണ് അവര്‍ എന്ന് തന്നെയാണ് പൗരത്വഭേദഗതിനിയമം പറയാതെപറയുന്നത്.

സംഘ്‌നിര്‍മാതാക്കളുടെ സ്വപ്‌നസാക്ഷാത് കാരത്തിന് ആദ്യം മുസ്‌ലിംകളുടെ മനസ്സില്‍ തങ്ങള്‍ അന്യരാണെന്ന ബോധം സൃഷ്ടിക്കണം; ഇന്ന് നടക്കുന്ന കോലാഹലങ്ങളുടെ ആത്യന്തികമായ ഫലം തങ്ങള്‍ ഈ രാജ്യത്തിന് വേണ്ടാത്തവരാണെന്ന ബോധം മുസ്‌ലിം മനസ്സില്‍ സൃഷ്ടിക്കുകയാണ്. അന്യവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ നശിപ്പിക്കുക എളുപ്പമാണെന്ന് മുസോളനിയില്‍ നിന്നും ഹിറ്റ്‌ലറില്‍ നിന്നും പഠിച്ചവര്‍ക്ക് നന്നായി അറിയാം. ഒന്നുകില്‍ സ്വന്തം വ്യക്തിത്വം പൂര്‍ണമായി പണയംവെച്ച് നാട്ടില്‍ അടിമകളെപ്പോലെ ജീവിക്കുക; അതല്ലെങ്കില്‍ നാടുമായി പോരടിച്ച് മരിക്കുക. മുസ്‌ലിംകള്‍ക്ക് മുമ്പില്‍ രണ്ടേ രണ്ട് മാര്‍ഗങ്ങളെയുള്ളൂവെന്ന ധാരണയുണ്ടാക്കാനാണ് പരിശ്രമങ്ങള്‍ മുഴുവന്‍. ഈ ബോധം കത്തിച്ചുകൊണ്ടിരിക്കാനാണ് ഫാഷിസം അതിന്റെ ശക്തമായ ആയുധത്തെ ഉപയോഗിക്കുന്നത്. മീഡിയയാണ് ആ ആയുധം. അടിമകളെപോലെ ജീവിക്കാന്‍ തയാറില്ലാത്തവര്‍ക്ക്മുമ്പില്‍ കലാപങ്ങളുണ്ടാക്കി നശിക്കുകയെന്ന മാര്‍ഗം മാത്രമേയുള്ളൂവെന്ന ബോധം അപകടകരമാണ്. ഈ രണ്ട് മാര്‍ഗങ്ങള്‍ മാത്രമല്ല ഉള്ളതെന്നും അഭിമാനകരമായ അസ്തിത്വത്തിനുവേണ്ടിയുള്ള നിയതവും നീതിബോധം ജ്വലിപ്പിക്കുന്നതും ശരിയോടൊപ്പം നില്‍ക്കുന്നവരെയെല്ലാം ഉള്‍ക്കൊള്ളുന്നതുമായ പോരാട്ടത്തിലൂടെ രാഷ്ട്രനിര്‍മ്മിതിയില്‍ അര്‍ഹമായ പങ്കാളിത്തം നേടിയെടുക്കാനാവുമെന്ന ബോധം സൃഷ്ടിച്ചുകൊണ്ടാവണം നാടിനെ നേടിയെടുക്കാന്‍ വേണ്ടിയുള്ള ഈ സമരം മുന്നോട്ടുപോകേണ്ടത് എന്ന് പറയുന്നത് അതുകൊണ്ടാണ്.

പോരാടേണ്ടത് നാടുമായിട്ടല്ലെന്നും നാടിനെ നശിപ്പിക്കുന്നതിനുവേണ്ടി നിര്‍മിച്ച നിയമത്തിനെതിരാണെന്നും മുസ്‌ലിംകളടക്കമുള്ള സമരരംഗത്തുള്ളവര്‍ തിരിച്ചറിയുന്നതിനെയാണ് ഫാഷിസം വെറുക്കുന്നത്. ഇന്ത്യക്കാരായി ജനിച്ചവര്‍ക്കെല്ലാം ഇവിടെ അഭിമാനകരമായ അസ്തിത്വമുണ്ടാവുന്നതിനുവേണ്ടിയുള്ളതാണ് ഈ പോരാട്ടമെന്ന തിരിച്ചറിവോട്കൂടിയാണ് ഇത് നയിക്കേണ്ടതും നയിക്കപ്പെടേണ്ടതും. മതം തിരിച്ചുള്ള ആര്‍പ്പുവിളികളല്ല, ബഹുസ്വരതയെന്ന നാടിന്റെ സ്വത്വത്തിനുവേണ്ടിയുള്ള നാടിനെ സ്‌നേഹിക്കുന്നവരുടെ പടഹധ്വനികളാണ് ഇവിടെ ഉയരേണ്ടത്. അറിയുക, പൗരത്വം നിഷേധിക്കപ്പെടേണ്ടവര്‍ മുസ്‌ലിംകള്‍ മാത്രമാണെന്നല്ല സംഘ്‌നിര്‍മാതാക്കള്‍ സ്വപ്‌നം കണ്ടിരിക്കുന്നത്. അടുത്തത് ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ്. അവര്‍ കഴിഞ്ഞാല്‍ ദലിതുകള്‍ക്ക്‌നേരെയുണ്ടാകാന്‍ പോകുന്നത് പൗരത്വഭീഷണിയല്ല; അടിമത്വ ഭീഷണിയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്ന ഭരണഘടനയിലെ ചണ്ഡളന്റെ സ്ഥാനമെന്തായിരിക്കുമെന്ന് ഊഹിക്കാന്‍ ആര്‍ക്കാണ് കഴിയാത്തത്.
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളില്‍ ഒന്നാമത്തെവരാണ് മുസ്‌ലിംകളെന്ന സംഘ്‌നിര്‍മ്മാതാക്കളുടെ കാഴ്ചപ്പാടിന് പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നിരവധി കാരണങ്ങളുണ്ട്. ഇസ്‌ലാമിക തത്വങ്ങളും അതിന്റെ ജീവിതദര്‍ശനവുമെല്ലാം സംഘ്‌സ്വപ്‌നമായ വര്‍ണാശ്രമവ്യവസ്ഥയോട് കലഹിക്കുന്നതാണ് എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.

വര്‍ണാശ്രമവ്യവസ്ഥയുടെ സാമൂഹ്യനിമിത്തങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പരമാവധി പരിശ്രമിച്ച മുസ്‌ലിം ഭരണാധികാരികളോടുള്ള സംഘ്‌വിരോധം തീര്‍ക്കുന്നത് അവര്‍ ക്രൂരന്മാരായ മതഭ്രാന്തന്മാരായിരുന്നുവെന്ന് വരുത്തിത്തതീര്‍ത്തുകൊണ്ടാണ്. ‘ഉജ്ജയിനിലെ മഹകുലേശ്വര്‍ ക്ഷേത്രം, ചിത്രകൂടത്തിലെ ബാലാജി ക്ഷേത്രം, ഗോഹട്ടിയിലെ അംബരാന്ദന ക്ഷേത്രം, ഗത്രഞ്ചയിലെ ജൈനമത ക്ഷേത്രം എന്നിവക്കും നിരവധി ഗുരുദ്വാരങ്ങള്‍ക്കും മറ്റും സ്വത്ത് നല്‍കിയതായുള്ള രേഖകള്‍’ താന്‍ കണ്ടിട്ടുണ്ടെന്ന് ഒറീസാ ഗവര്‍ണറും ചരിത്രകാരനുമായിരുന്ന ബി. എന്‍ പാണ്ഡെ സാക്ഷ്യപ്പെടുത്തുകയും ‘ചരിത്രകാലത്ത് ഏറ്റവും ഉയര്‍ന്ന ജി.ഡി.പിയിലെത്താന്‍ മാത്രം നല്ല രീതിയില്‍ ഇന്ത്യയുടെ സാമ്പത്തികക്രമത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞയാളെന്ന്’ അന്താരാഷ്ട്രവേദികളില്‍ ഏറെ തിളങ്ങിയിട്ടുള്ള ശരി തരൂര്‍ സ്ഥാപിക്കുകയും ചെയ്ത ഔറംഗസീബ് ‘ഹിന്ദുവിരോധി’യായ ചക്രവര്‍ത്തിയായി ചിത്രീകരിക്കപ്പെട്ടത് അടിമകളായി ജീവിച്ചിരുന്ന അടിസ്ഥാന വര്‍ഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ അദ്ദേഹം സന്നദ്ധമായതുകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.

ഉയര്‍ന്ന ജാതിക്കാരുടെ മുമ്പില്‍ മാറു മറയ്ക്കാതെ പ്രത്യക്ഷപ്പെടണമെന്നും അതല്ലാത്തവരുടെ മുലകള്‍ അരിഞ്ഞുകളയണമെന്നും നിയമമുണ്ടായിരുന്നിടങ്ങളില്‍ അടിസ്ഥാന വര്‍ഗ സ്ത്രീകള്‍ക്ക് മാറ് മറക്കാന്‍ അവകാശം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതാണ് ടിപ്പുസുല്‍ത്താനെ ‘ഹിന്ദുവിരോധി’യാക്കിത്തീര്‍ത്ത പല കാരണങ്ങളിലൊന്ന്. വര്‍ണാശ്രമവ്യവസ്ഥയെ ദാര്‍ശനികമായും പ്രായോഗികമായും പ്രതിയോഗിച്ചവരോടുള്ള പകയാണ് മുസ്‌ലിം വിരോധത്തിന്റെ അടിസ്ഥാനകാരണമെന്ന് മനസ്സിലാകണമെങ്കില്‍ വിചാരധാരയുടെ പത്താം അധ്യായം മാത്രം ഒരു തവണ മനസ്സിരുത്തി വായിച്ചാല്‍ മതി. വര്‍ണാശ്രമവ്യവസ്ഥയുടെ സംരക്ഷണത്തില്‍ സസുഖം കഴിഞ്ഞിരുന്ന ഭാരതീയരെ ഭിന്നിപ്പിക്കുകയും വഴി തെറ്റിക്കുകയും ചെയ്തവരോടുള്ള, അതിലെ വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന വിരോധം ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയും. പ്രസ്തുത വിരോധം കൊണ്ടുതന്നെയായിരിക്കണം ഭാരതത്തിന്റെ ആന്തരിക ശത്രുക്കളില്‍ ഒന്നാമത്തേതാണ് മുസ്‌ലിംകളെന്ന് എഴുതാനുള്ള കാരണം.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഏതെങ്കിലുമൊരു സംഘിയുടെ പേര് പറയാന്‍ കഴിയുമോയെന്ന ചോദ്യത്തിന്മുമ്പില്‍ വിയര്‍ക്കുന്ന പരിവാര കുടുംബത്തിലെ കാരണവന്മാര്‍ മലയാളം ചാനല്‍ ചര്‍ച്ചകള്‍ കാണുന്നവരുടെ ദിവസക്കാഴ്ചകളാണ്. സംഘ്കുടുംബത്തിലുള്ളവരൊന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലെന്ന് പറയുമ്പോള്‍ അവരെല്ലാം ബ്രിട്ടീഷ് അനുകൂലികളോ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കരുതെന്ന് കരുതിയിരുന്നവരോ ആയിരുന്നുവെന്ന് ആരും തെറ്റിദ്ധരിച്ചുകൂടാത്തതാണ്. അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് സ്വാതന്ത്ര്യം ഇഷ്ടമില്ലാത്തത് കൊണ്ടായിരുന്നില്ല; പ്രത്യുത അവരല്ലാത്തവരെല്ലാം ഒരുമിച്ച് സമരം ചെയ്ത് സ്വാതന്ത്യം നേടിത്തന്നുകഴിഞ്ഞതിന്‌ശേഷമാണ് യഥാര്‍ത്ഥ സമരം നടക്കാന്‍ പോകുന്നതെന്നും അതിന്നായി സംഭരിച്ച് വെക്കേണ്ടതാണ് സംഘത്തിന്റെ ഊര്‍ജ്ജമെന്നും കരുതിയത്‌കൊണ്ടായിരുന്നു.

1942ല്‍, പതിനാലാമത്തെ വയസ്സില്‍ തന്നെ ആര്‍.എസ്.എസില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിക്കുകയും ഗാന്ധിവധത്തോടനുബന്ധിച്ച് നെഹ്‌റുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ പിടിക്കപ്പെടാന്‍ മാത്രം സംഘഭക്തി കാണിക്കുകയും ജയിലിലെ പരന്ന വായനയില്‍ നിന്നുണ്ടായ മനംമാറ്റം വഴി സംഘത്തടവില്‍നിന്ന് ശരീരത്തെയും മനസ്സിനെയും മോചിപ്പിക്കുകയുംചെയ്ത ദേശ്‌രാജ് ഗോയല്‍ എഴുതുന്നത് കാണുക: ‘നേതൃത്വത്തിന്റെ സമീപനം എന്തുതന്നെയായിരുന്നുവെങ്കിലും, നാട്ടില്‍ നിലനിന്നിരുന്ന സമരത്തിന്റേതായ പൊതുവായ അന്തരീക്ഷത്താലാണെന്ന് തോന്നുന്നു, ആര്‍.എസ്.എസിലേക്ക് കടന്നുവന്ന യുവാക്കള്‍ പലപ്പോഴും അക്ഷമരാകാന്‍ തുടങ്ങി. അവരോട് പറയപ്പെട്ടത് ഇങ്ങനെയായിരുന്നു: ‘നാം നമ്മുടെ സമയമെത്തുന്നത്‌വരെ കാത്തിരിക്കണം. നമ്മുടെ അവസരം വന്നെത്തും; ആ സമയത്തിനുവേണ്ടിയാണ് നാം നമ്മുടെ ശക്തി സംഭരിച്ച്‌വെക്കേണ്ടത്.’യുവത്വത്തിന്റെ അക്രമണോത്‌സുകതയുടെ ബഹിസ്ഫുരണത്തെ വികാരതീവ്രമായ പ്രസംഗങ്ങളിലേക്കും ചിലപ്പോഴെല്ലാം മുസ്‌ലിംകളുമായുള്ള സംഘട്ടനങ്ങളിലേക്കും തിരിച്ചുവിട്ടു. അങ്ങനെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വികാരത്തെ മുസ്‌ലിംകള്‍ക്കെതിരെയുള്ള നടപടികള്‍ക്ക് വഴിതിരിക്കുകയാണ് ചെയ്തത്.’

ഇന്ത്യയെ കാര്‍ന്നുതിന്നുന്ന ഒരു രോഗമായി മുസ്‌ലിംകളെ കാണണമെന്നും പ്രസ്തുത രോഗത്തെ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയുമായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് സംഘത്തിന്റെ സൈദ്ധാന്തികന്മാര്‍ ചെയ്തുവന്നതെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകളുണ്ട്. 1942 മെയ് മൂന്നാം തിയതി നടന്ന ആര്‍.എസ്.എസ് ഓഫീസര്‍മാരുടെ ട്രെയിനിങ് ക്യാമ്പില്‍ ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പറഞ്ഞതായി ബ്രിട്ടീഷ് സി.ഐ.ഡി രേഖകളില്‍ കാണാം. ‘ഈ സംഘമാരംഭിച്ചത് മുസ്‌ലിം അതിക്രമത്തെ പ്രതിരോധിക്കാന്‍വേണ്ടി മാത്രമല്ല. പ്രത്യുത ആ രോഗത്തെ പൂര്‍ണമായും വേരോടെ ഇല്ലാതാക്കുന്നതിന്‌വേണ്ടിയാണ്… സംഘത്തിന് സ്വരാജ്യം ആവശ്യമുണ്ട്; പക്ഷേ അവരുടെ ഊര്‍ജ്ജം അവര്‍ പാഴാക്കി കളയുകയില്ല; ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനായി അത് അവര്‍ മാറ്റിവെച്ചിരിക്കുകയാണ്’
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതെ സൂക്ഷിച്ചുവെച്ച സംഘ ഊര്‍ജത്തിന്റെ ബഹിര്‍സ്ഫുരണമാണ് ജബല്‍പൂരില്‍ മുതല്‍ ഗുജറാത്തില്‍ വരെ നടന്ന ആയിരക്കണക്കിന് മുസ്‌ലിംകളുടെ നാശത്തിന് നിമിത്തമായ വര്‍ഗീയ കലാപങ്ങളില്‍ കാണുന്നത്.

ഇന്നിപ്പോള്‍ ഉത്തര്‍പ്രദേശില്‍ കണ്ടുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ലക്ഷ്യം വളരെയേറെ പ്രകടമാണ്; മുസ്‌ലിംകളുടെ ഉന്മൂലനം. ഒരുതരം വംശശുദ്ധീകരണം. ഇത് ഇന്ത്യയില്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കാം എന്നാണ് സംഘം കരുതുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം മുസ്‌ലിംസമരമാക്കിത്തീര്‍ക്കേണ്ടത് സംഘത്തിന്റെ ആവശ്യമാണ്. അത്‌വഴി മുസ്‌ലിംകളെ ഒറ്റപ്പെടുത്തി നശിപ്പിക്കാമെന്നാണ് സംഘം കരുതുന്നത്. അതിനവര്‍ പലരെയും വിലക്കെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. കുരിശുയുദ്ധകാലം മുതല്‍ക്കുള്ള മുസ്‌ലിംകളോടുള്ള വിരോധം തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിക്കാമെന്ന് കുഞ്ഞാടുകളെ ഉപദേശിക്കുന്ന ഇടയന്മാര്‍ ഇങ്ങനെ വിലക്കെടുക്കപ്പെട്ടവരാണെന്ന് വ്യക്തമാണ്. തങ്ങള്‍ കുഴിച്ചുകൊണ്ടിരിക്കുന്നത് സ്വന്തം കുഴിമാടം തന്നെയാണെന്ന് തിരിച്ചറിയാന്‍ ഇടയന്‍മാര്‍ക്ക് സമയമെടുക്കും.

പൗരത്വഭേദഗതിയെ മുസ്‌ലിംപ്രശ്‌നമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളമിട്ടുകൊടുക്കുന്നതാവരുത് ഇരകളായ മുസ്‌ലിംകളുടെ സമരരീതികളും പ്രതികരണങ്ങളുമെന്ന് പക്വതയുള്ളവര്‍ പറയുമ്പോള്‍ അവരുടെ ആത്മാര്‍ത്ഥതയെ സൂക്ഷ്മദര്‍ശിനിയില്‍ പരിശോധിച്ച് വിമര്‍ശിക്കുന്നതിന് പകരം അതിലെ സന്ദേശം മനസ്സിലാക്കാനാണ് എല്ലാ മുസ്‌ലിംകളും സംഘടനകളും സന്നദ്ധമാകേണ്ടത്. ഇന്ത്യക്കാരുടെ മൊത്തം പ്രശ്‌നമാണിതെന്ന സത്യം വര്‍ത്തമാനത്തിലൂടെ മാത്രമല്ല വര്‍ത്തനങ്ങളിലൂടെയും തെളിയിക്കാന്‍ മുസ്‌ലിംകള്‍ സന്നദ്ധമാകേണ്ടതുണ്ട്. ശബരിമലയിലെ ആരാധനാസ്വാതന്ത്ര്യം തടയപ്പെട്ടാല്‍ വിശ്വാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നമുക്ക് സംസാരിക്കാം; അതിനുവേണ്ടിയുള്ള സമരങ്ങള്‍ക്ക്മുന്നില്‍ നില്‍ക്കാം; പക്ഷെ, അതിനുവേണ്ടി നടക്കുന്ന പ്രക്ഷോഭത്തിലെ മുദ്രാവാക്യം ‘സ്വാമിയേ, ശരണമയ്യാപ്പാ’ യെന്നാണെങ്കില്‍ അതോടൊപ്പം നില്‍ക്കാന്‍ എത്ര മുസ്‌ലിംകള്‍ക്ക് കഴിയുമെന്ന് ചിന്തിക്കാന്‍ കഴിയണം. അതിനുള്ള വിവേകം യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമില്ലെങ്കില്‍ അവരെ ബോധ്യപ്പെടുത്താന്‍ കൂടെയുള്ള മുതിര്‍ന്നവര്‍ക്ക് കഴിയേണ്ടതാണ്. മുസ്‌ലിംകളെ ഒറ്റപ്പെടുത്തി നിഷ്‌കാസനം ചെയ്യുകയെന്ന സംഘ പദ്ധതി വിജയിക്കുകയാണ് സമരം മുസ്‌ലിംകളുടെത് മാത്രമാകുമ്പോള്‍ ചെയ്യുകയെന്ന സത്യം എല്ലാവരും മനസ്സിലാക്കണം. അത് തിരിച്ചറിയാതെയുള്ള നടപടികള്‍ക്ക് സമുദായം നല്‍കേണ്ട വില വളരെ വലുതായിരിക്കുമെന്ന് ഉള്‍ക്കൊള്ളുകയാണ്, വെറുതെ വികാരം കൊള്ളുകയല്ല ചെയ്യേണ്ടത്.

സമരങ്ങള്‍ക്കകത്ത് വികാരപ്രകടനങ്ങള്‍ സ്വാഭാവികമാണ്; പക്ഷേ നയങ്ങളെ നയിക്കേണ്ടത് വികാരമല്ല; വിവേകമാണ്. വൈകാരിക സമരങ്ങള്‍ വഴിയുള്ള വീരചരിതങ്ങളല്ല, വിവേകത്തോടെയുള്ള പോരാട്ടങ്ങള്‍ വഴിയുണ്ടാവുന്ന പരിവര്‍ത്തങ്ങളിലായിരിക്കണം നയങ്ങള്‍ രൂപീകരിക്കുന്നവര്‍ ശ്രദ്ധയൂന്നേണ്ടത്. അപ്പോഴാണ് ‘സംഘ്പരിവാറിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ അവരെ അനുവദിക്കരുത്. ആര്‍.എസ്.എസിന്റെ ആസ്ഥാനമായ നാഗ്പൂരിലേക്കുള്ള മടക്ക ടിക്കറ്റ് നല്‍കിക്കൊണ്ടായിരിക്കണം ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടത്.’ എന്ന് പറഞ്ഞ സൗത്ത് ഏഷ്യ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ രവി നായരെപ്പോലെയുള്ളവര്‍ക്ക് ഇന്ത്യയെ നേടിയെടുക്കാന്‍ വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നമ്മുടെ മുന്നില്‍ നില്‍ക്കാനാവുക. അദ്ദേഹം പറഞ്ഞ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുകയും ചെയ്യുക അപ്പോള്‍ മാത്രമായിരിക്കും.

SHARE