പൗരത്വഭേദഗതി ബില്ലും രാജ്യത്തിന്റെ ഭാവിയും

റസാഖ് ആദൃശ്ശേരി

‘ബൈബിളിനെയോ ഖുര്‍ആനിനെയോ പറ്റി ഞാന്‍ നല്‍കുന്ന നിര്‍വ്വചനത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ ക്രിസ്ത്യാനിയെന്നോ മുസല്‍മാനെന്നോ വിളിച്ചാല്‍ ഞാനിത് രണ്ടുമാണെന്നു പറയാന്‍ മടിക്കില്ല. അങ്ങനെയെങ്കില്‍ ഹിന്ദുവും കൃസ്ത്യനും മുസ്‌ലിമും പരസ്പര പൂരകങ്ങളായ സംജ്ഞകളാകും. അങ്ങേ ലോകത്ത് ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ് ലിമെന്നോ വ്യത്യാസം ഇല്ലെന്നു ഞാന്‍ തീര്‍ത്തും വിശ്വസിക്കുന്നു. ആരുടെയും ഔദ്യോഗിക മുദ്ര നോക്കിയല്ല അവരുടെ വിധി നടത്തപ്പെടുന്നത്. അവരവരുടെ പ്രവര്‍ത്തികളായിരിക്കും അതിനാധാരം’.
-ഗാന്ധിജി

ഇന്ത്യ ഹിന്ദു രാഷ്ട്രമാവുകയാണോ, മതേതരത്വം നീക്കം ചെയ്യുകയാണോ തുടങ്ങിയ ചോദ്യങ്ങള്‍ എല്ലായിടത്ത് നിന്നും ഉയരുമ്പോഴും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പരിവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കിയെടുത്ത ദേശീയ പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തിന്റെ മതേതരജനാധിപത്യ ഫെഡറല്‍ ഘടനയെ മാറ്റി ഫാസിസ്റ്റ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള ആര്‍.എസ്.എസ് അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇക്കാര്യത്തില്‍ ഇസ്രായേല്‍ എന്ന രാഷ്ട്രമാണ് സംഘ് പരിവാറിനു വഴികാട്ടിയാവുന്നത്. ഫലസ്ത്വീനില്‍ തദ്ദേശീയരായ 80 ലക്ഷം മുസ്‌ലിംകളെ ആട്ടിയോടിച്ചും പതിനായിരങ്ങളെ കൊന്നൊടുക്കിയും ഇസ്രായേല്‍ എന്ന ജൂത രാഷ്ട്രം സ്ഥാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന യഹൂദമത വിശ്വാസികളോട്

‘ വാഗ്ദത്ത ഭൂമി’യിലേക്ക് മടങ്ങി വരാന്‍ ആഹ്വാനം ചെയ്തു. അവര്‍ക്കെല്ലാം ആ രാജ്യം പൗരത്വം നല്‍കി. ഒറ്റ നിബന്ധന മാത്രം.അവര്‍ ജൂതമത വിശ്വാസികളായിരിക്കണം. അമിത്ഷായും ആവര്‍ത്തിക്കുന്നത് ഇത് തന്നെയാണ്. ഹിന്ദുക്കള്‍ എവിടെ ജീവിക്കുന്നവരായാലും ഏത് ഭാഷ സംസാരിക്കുന്നവരായാലും ശരി, അവരെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് ഇന്ത്യയില്‍ പൗരത്വത്തിനു അവകാശമുണ്ട്.
ഈ നിയമ നിര്‍മ്മാണത്തിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ആര്‍.എസ്.എസ്സിന്റെ വംശഹത്യാ രാഷ്ട്രീയം പ്രവൃത്തി പഥത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ മുസ്‌ലിം ഇതര സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന ഈ ബില്‍ രാജ്യത്തെ ജനങ്ങളെ മതപരമായും ജാതീയമായും വിഭജിക്കും എന്ന കാര്യത്തില്‍ സംശയമില്ല.രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിക്കുകയും രാജ്യത്തിനെതിരെ ഒരു വിഭാഗീയ പ്രവര്‍ത്തനവും ഇന്നുവരെ നടത്താത്തതും രാജ്യത്തിന്റെ പുരോഗതിയില്‍ ഇന്ത്യയിലെ മറ്റേത് സമുദായത്തേക്കാളേറെ പങ്ക് വഹിക്കുകയും ചെയ്തവരാണ് മുസ്‌ലിംകള്‍. അങ്ങനെയുള്ള ഒരു ജനവിഭാഗത്തെയാണ് മതത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളാക്കാനുള്ള ശ്രമം നടക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ സമത്വ മൗലികാവകാശങ്ങളുടെ കീഴില്‍ വരുന്ന ആര്‍ട്ടിക്കിള്‍ 14 ന്റെ നഗ്‌നമായ ലംഘനമാണീ ബില്‍. ‘ ഇന്ത്യന്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍, ഒരു വ്യക്തിയുടെയും നിയമത്തിന്റെ മുന്നിലെ സമത്വമോ നിയമത്തിന്റെ തുല്യ സംരക്ഷണമോ മതം, വര്‍ഗം, ജാതി, ലിംഗം, ജന്മനാട് എന്നിവയുടെ പേരില്‍ നിഷേധിക്കാന്‍ രാജ്യത്തിനു കഴിയില്ല.’ എന്നതാണ് ആര്‍ട്ടിക്കിള്‍ 14 ന്റെ സാരം. ഭരണഘടന ഉറപ്പ് നല്‍കിയ ഈ അവകാശമാണ് ഇല്ലാതാവുന്നത്. മതം, ജാതി, ഭാഷ എന്നിവയിലെല്ലാം വ്യത്യസ്തമായി നിലകൊള്ളുന്ന ഒരു ജനതക്ക് രാഷ്ട്രമെന്ന സങ്കല്പത്തില്‍ വിശ്വാസമുണ്ടാക്കുക എന്ന പ്രധാന ദൗത്യമാണ് ഭരണഘടന നിര്‍വ്വഹിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും പാടില്ലയെന്നു അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അത് വ്യക്തമാക്കുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തിലേറിയതോടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ ഭൂരിപക്ഷമതത്തിന്റെ ഇംഗിതങ്ങള്‍ക്ക് വിധേയമാണെന്ന മട്ടിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിലും പ്രതിപക്ഷ അനൈക്യം മുതലെടുത്തുമാണ് അവര്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നത്.ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ ആഗ്രഹമാണ് പൗരത്വ ഭേദഗതി ബില്‍ എന്നു പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളില്‍ ഈ അഹങ്കാര ധ്വനിയുണ്ട്.

ഇന്ത്യയില്‍ അധികാരം ലഭിക്കുന്നതിനു വേണ്ടി സങ്കുചിത ദേശീയതയും പരമത വിദ്വേഷവും സമര്‍ത്ഥമായി സംഘ് പരിവാര്‍ പ്രചരിപ്പിച്ചു.അതിനായി നൂറ് കണക്കിനു മനുഷ്യരെ കൊന്ന് ന്യൂനപക്ഷങ്ങളുടെ മാറിടത്തിലൂടെ രഥമുരുട്ടിയ പാരമ്പര്യവും അവര്‍ക്കുണ്ട്.അങ്ങനെ മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യരെ വിഭജിച്ച് അവര്‍ അധികാരത്തിലെത്തി. എത്രയോ വര്‍ഷങ്ങളായി ഇന്ത്യയില്‍ പലയിടത്തും മുസ്‌ലിംകള്‍ പൗരത്വ വിവേചനം നേരിടുന്നു.പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കാര്യങ്ങളിന്നു പൗരത്വ വിവേചനത്തില്‍ നിന്നും പൗരത്വ നിഷേധത്തിലേക്ക് എത്തിയിരിക്കുന്നു.

ഇന്നു ലോകത്ത് മനുഷ്യപദവി നിശ്ചയിക്കപ്പെടുന്നത് തന്നെ പൗരത്വത്തിലൂടെയാണ്. പൗരനല്ലാതെ നിങ്ങള്‍ക്ക് ഒരവകാശവും ലഭിക്കില്ല. നിങ്ങളുടെ ഒരു സംസാരവും ആരും കേള്‍ക്കില്ല.ഇന്ത്യയില്‍ മുസ്‌ലിംകള്‍ ധാരാളം വിവേചനങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ തന്നെയും പൗരത്വത്തിന്റെ സുരക്ഷ അവര്‍ക്കുണ്ടായിരുന്നു.
ആ സുരക്ഷയാണ് ഇപ്പോള്‍ ഇല്ലാതാവുന്നത്. അതിനര്‍ത്ഥം ഗവണ്‍മെന്റിന്റെ ഒത്താശയോടെ രാജ്യം വംശഹത്യയിലേക്ക് നീങ്ങുന്നുവെന്നാണ് .പൗരത്വ നിഷേധത്തിലൂടെ മുസ്‌ലിംകളുടെ നിയമ പരിരക്ഷ എടുത്ത് കളയുകയാണ്. അങ്ങനെ അവരെ പിറന്ന നാട്ടില്‍ തന്നെ അഭയാര്‍ത്ഥികളാക്കി മാറ്റുക എന്ന ഗൂഢതന്ത്രമാണ് ബി.ജെ.പി ആവിഷ്‌ക്കരിക്കുന്നത്.

ഇന്ത്യ ഇതുവരെ മുറുകെ പിടിച്ച ‘മതേതര ബഹുസ്വര സമൂഹം’ എന്ന ഐഡന്റിറ്റിയാണ് പൗരത്വബില്‍ നടപ്പിലാകുന്നതോടെ ഇല്ലാതാകുന്നത്. അതു കൊണ്ടു തന്നെ പ്രശ്‌നം മുസ്‌ലിംകളുടേത് മാത്രമല്ല. ഇത് രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിന്നു കാണണമെന്നു ആഗ്രഹിക്കുന്ന എല്ലാവരുടെതുമാണ്.ഇന്ത്യ എന്ന ആശയത്തെയും അതിന്റെ ബഹുസ്വരതയെയും തിരിച്ചുപിടിക്കേണ്ട സമയമാണിത്.

കാശ്മീര്‍ പ്രശ്‌നം, പൗരത്വബില്‍ തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ ഭരണ വര്‍ക്ഷത്തിനു മറ്റൊരു ലക്ഷ്യം കൂടിയുണ്ട്.നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ സമ്പദ്ഘടനയുടെ തകര്‍ച്ച ജനജീവിതത്തെ ആകെ തരിപ്പണമാക്കി കഴിഞ്ഞു. സാമ്പത്തിക മാന്ദ്യം കുടുംബ ചിലവുകളെ പോലും താളം തെറ്റിക്കുന്നു. ദിവസം തോറും ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലനിലവാരം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയവ മൂലം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്.പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വില്പന നടത്തുന്നു.രാഷ്ട്രത്തിന്റെ മുഴുവന്‍ സമ്പത്തും കോര്‍പറേറ്റുകളുടെ നിയന്ത്രഞത്തിലേക്ക് വരുന്നു. ഇങ്ങനെ ധാരാളം ജനവിരുദ്ധ നടപടികള്‍ സര്‍ക്കാരിന്റെ കീഴില്‍ പൊടിപൊടിക്കുന്നു. ഇതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നത്.

ദേശീയ പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും പ്രാബല്യത്തില്‍ വരുന്നതോടുകൂടി മത ന്യൂനപക്ഷങ്ങളും ഗോത്ര ന്യൂനപക്ഷങ്ങളും അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടും. വടക്കുകിഴക്കന്‍ മേഖലയിലും മറ്റു സംസ്ഥാനങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനം പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തും.സംഘര്‍ഷങ്ങള്‍ ഉടലെടുക്കും. അതില്‍ നിന്നും ബി.ജെ.പിക്ക് മുതലെടുക്കാം. ഒരു അയോധ്യയോ രാമനോ ഇല്ലാതെ തന്നെ വീണ്ടും അധികാരം പിടിച്ചെടുക്കാം.
ബംഗാളില്‍ നിന്നു മമതാ ബാനര്‍ജിയും പഞ്ചാബില്‍ നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമാണ് പൗരത്വ ബില്ലിനെതിരെ തല്‍ക്ഷണം രംഗത്ത് വന്ന മുഖ്യമന്ത്രിമാര്‍. താനുണ്ടായിരിക്കെ ബംഗാള്‍ ജനതയെ തൊടാന്‍ ആരും ഇങ്ങോട്ടു വരേണ്ടന്നു മമത പ്രഖ്യാപിക്കുമ്പോള്‍, മുസ്‌ലിംകളുടെ രക്ഷ സി.പിഎമ്മിലൂടെയാണെന്നു നാവിട്ടു അലക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആദ്യമാധ്യം മൗനം പാലിക്കുകയായിരുന്നു. മുസ്‌ലിംകളെ മാത്രം ഒഴിവാക്കി മറ്റു മത വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം ആര്‍.എസ്.എസ്സിന്റെ അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്ന കാര്യത്തില്‍ പിണറായി വിജയനു സംശയമുണ്ടാവില്ല. എന്നിട്ടും എന്ത് കൊണ്ടാണ് ഫാസിസവുമായി നീക്കുപോക്കുണ്ടാക്കാനെന്ന സംശയിക്കത്തക്കവിധം ഒരു ഇടതുപക്ഷ മുഖ്യമന്ത്രി തീരുമാനമെടുക്കാന്‍ കാലവിളംബം വരുത്തിയത്.

ഇത്തരം നിയമനിര്‍മ്മാണങ്ങളിലൂടെ, ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും ഇന്ത്യയെ പിന്നോട്ടു നയിക്കുകയാണ്. സംഘര്‍ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഇന്ത്യയാണ് അവര്‍ വിഭാവനം ചെയ്യുന്നത്.രാജ്യത്തെ ജനങ്ങളുടെ സംസ്‌ക്കാരവും വിശ്വാസവും അവകാശങ്ങളുമെല്ലാം ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറല്ല. എല്ലാവര്‍ക്കും തുല്യാവകാശം, എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശം, എല്ലാവര്‍ക്കും സുരക്ഷ തുടങ്ങിയവയൊന്നും അവരുടെ അജണ്ടയില്‍ ഇല്ല. സവര്‍ണ്ണ ഫാസിസത്തിന്റെയും അസഹിഷ്ണുതയുടെയും കൂടിച്ചേരലാണ് അവര്‍ ആഗ്രഹിക്കുന്നത്.ഇന്ത്യയുടെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കി, മഴവില്‍ വര്‍ണ്ണങ്ങളെല്ലാം മായ്ച്ചു കളഞ്ഞ് എങ്ങും കാവി പൂശലാണ് അവരുടെ അജണ്ട. അത് കൊണ്ടു തന്നെയാണ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭയും കടന്ന ദിനം സ്വതന്ത ഭാരതത്തിന്റെ ചരിത്രത്തില്‍ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നു നിരീക്ഷിക്കുന്നത്.

കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ രാജ്യസഭയില്‍ പറഞ്ഞത് പോലെ, ലോകത്തെങ്ങുമുള്ള എല്ലാ മതവിഭാഗങ്ങള്‍ക്കും അഭയം നല്‍കിയ പുണ്യഭൂമിയായിട്ടാണ് സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ പ്രസംഗത്തില്‍ ഭാരതത്തെ കുറിച്ച് അഭിമാനിച്ചത്.ആ മൂല്യങ്ങളെയാണിപ്പോള്‍ സര്‍ക്കാര്‍ തകര്‍ത്തെറിയുന്നത്.
ഒരു കാര്യം തീര്‍ച്ച.നരേന്ദ്ര മോദിയും അമിത്ഷായും ഒക്കെ കൂടി ഫാസിസത്തിന്റെ വേരോട്ടത്തിനു പാകമാക്കിയ ഭൂമികയില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടപ്പെടാന്‍ സാധ്യതയുണ്ട്. അത്തരമൊരവസ്ഥയെ നേരിടാന്‍ ന്യൂനപക്ഷങ്ങള്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ലയെന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും ഇന്ത്യയിലെ ബഹു ഭൂരിഭാഗം വരുന്ന മതേതര വിശ്വാസികളില്‍ അവര്‍ക്കുള്ള പ്രതീക്ഷ തന്നെയാണ് ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നത്. ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്ത മുസ്‌ലിം സമൂഹം വിശാലമനസ്‌ക്കരായ ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണയോടു കൂടി തന്നെ ഇതിനെയും അതിജീവിക്കും .

SHARE