അഞ്ചേക്കര്‍ ഭൂമി നല്‍കുന്ന ന്യായാധിപന്മാര്‍

മുജീബ് കെ. താനൂര്‍

‘കോടതികള്‍ക്ക് ഒരു വിലയുമില്ല, ഈ രാജ്യത്ത് എന്താണ് നടക്കുന്നത്. ആരാണ് ഈ അസംബന്ധങ്ങള്‍ക്കു പിന്നിലെന്ന് ഞങ്ങള്‍ക്കറിയില്ല. എനിക്ക് അങ്ങേയറ്റം രോഷമുണ്ട്, ഈ കോടതിയില്‍ ഞാന്‍ ജോലി ചെയ്യരുതായിരുന്നു എന്ന് എനിക്ക് തോന്നുന്നുണ്ട്. ഞങ്ങളുടെ മനസ്സാക്ഷിയെ നടുക്കുന്ന കാര്യങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പണത്തിന്റെ ശക്തികൊണ്ട് ഇവിടെ പലതും നടക്കുന്നു. ഞങ്ങളുടെ ഉത്തരവുകള്‍ക്കുമീതെ വിധി പറയുന്ന കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്’. കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചു വിളിച്ചുപറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വാക്കുകളാണിത്. സഹിക്കെട്ട് ഭരണകൂടത്തിനെതിരെ രോഷാകുലനായ അരുണ്‍ മിശ്രമാര്‍ പലരുമുണ്ടെങ്കിലും ആരെയോ ഭയക്കുന്നതിനാലും വിപത്തുകള്‍ നേരിടാന്‍ കെല്‍പ്പില്ലാത്തതിനാലും മിക്ക ന്യായാധിപന്മാരും മൗനത്തിലാണ്. ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ കൊലക്കേസില്‍ വിചാരണ വൈകിപ്പിച്ച സി.ബി.ഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച മുംബൈ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സത്യരഞ്ജന്‍ ധാരമാധികാരി കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. മറ്റൊരു സംസ്ഥാനത്തേക്കു സ്ഥലം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് രാജി. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ അന്യായ തടങ്കലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു സഹോദരി സാറാ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പേ ജഡ്ജി ശന്തനു ഗൗഡര്‍ പിന്മാറി. കാരണം പറഞ്ഞത് നിക്ഷ്പക്ഷതക്കായി സ്വയം പിന്മാറുന്നു എന്നായിരുന്നു.

ഇന്ത്യയില്‍ ജുഡീഷ്യറി എക്‌സിക്യൂട്ടീവിലേക്കു വഴുതി മാറുന്നതായി ഭരണഘടന വിദഗ്ധരും നിയമ പണ്ഡിതരും വിളിച്ചു പറയുന്നു, ഭരണഘടന കൊത്തിക്കീറി കടലിലെറിയുന്ന അവസ്ഥ വന്നിട്ടും പല സുപ്രീംകോടതി ജസ്റ്റിസുമാരും മിണ്ടാപ്രാണികളാകുന്നത് ദുരൂഹത പരത്തുന്നതായി മുന്‍ ചീഫ് ജസ്റ്റിസുമാരടക്കമുള്ളവര്‍ പറയാന്‍ തുടങ്ങി. സി.എ.എ, എന്‍.ആര്‍.സി, റാഫേല്‍ കരാര്‍, സി.ബി. ഐ മുഖ്യന്റെ കേസ്, ബാബരി മസ്ജിദ് വിധി, കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയല്‍, ഇലക്ഷന്‍ ബോണ്ട് തുടങ്ങിയ മിക്ക കേസുകളിലും സുപ്രീംകോടതി ഭരണകൂടത്തിനനുകൂലമായി നിലപാട് സ്വീകരിച്ചുവരുന്നു എന്നാണ് മുന്‍ ജസ്റ്റിസുമാര്‍ തെളിവ് നിരത്തി പറയുന്നത്. എന്തിനും എല്ലാഴ്‌പ്പോഴും എതിരാളികളില്‍ രാജ്യദ്രോഹകുറ്റം കാണുന്ന ഭരണകൂടത്തെ സാധൂകരിക്കുന്ന നിലപാടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നു മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷാ തുറന്നടിക്കുന്നു. നാലാമത് എല്‍.സി ജെയിന്‍ സ്മാരക പ്രഭാഷണം ഡല്‍ഹിയില്‍ നിര്‍വഹിക്കുന്നതിനിടയിലാണ് ജസ്റ്റിസ് എ.പി ഷാ നിലവിലുള്ള സുപ്രീംകോടതി നിലപാടുകളെ കീറിമുറിച്ചു വിമര്‍ശനം നടത്തിയത്.

ദേശീയ താല്‍പര്യവും രാജ്യദ്രോഹവും ചൂണ്ടിക്കാട്ടി ഭരണകൂട വിമര്‍ശകര്‍ക്ക്‌നേരെ വാളോങ്ങുന്ന നിലപാട് രാജ്യത്ത് മുമ്പൊന്നും കണ്ടിട്ടില്ല എന്ന് ജസ്റ്റിസ് ഷാ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മാധ്യമ പ്രമുഖനായ കരണ്‍ ഥാപ്പറുമായുള്ള ചാനല്‍ അഭിമുഖത്തില്‍ ജസ്റ്റിസ് ഷാ ഇതെല്ലം വീണ്ടും അടിവരയിട്ടു. ഇന്ത്യയിലും വിദേശത്തും ന്യായാധിപന്മാര്‍ സ്വീകരിച്ചുവരുന്ന ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഗൗതം ഭാട്ടിയയും സുപ്രീംകോടതി വിധിന്യായങ്ങളിലെ അസ്വാഭാവികത പരസ്യമാക്കുന്നു. സി.എ.എക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അലഹബാദ് ഹൈക്കോടതി പറഞ്ഞത് യു.പി സര്‍ക്കാരും അവിടെയുള്ള പൊലീസും നിരത്തിയ വാദങ്ങള്‍ തന്നെയാണ്. അത് അനീതിയുമാണെന്നു ഷാ തുറന്നടിക്കുന്നു. ആരുടെ ദേശീയ താല്‍പര്യമാണെന്ന് കോടതി പറയുന്നില്ല. എല്ലാവരെയും പിടിച്ചു ജയിലിലിടാന്‍ ഭരണകൂടത്തെപോലെ കോടതിയും താല്‍പര്യം കാണിച്ചാല്‍ പിന്നെ രാജ്യത്തെ ജനങ്ങള്‍ ആരെയാണ് ആശ്രയിക്കുക.

വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് ഗോഗോയ് ഗുജറാത്തിലെ നാഷണല്‍ ലോ യൂണിവാഴ്‌സിറ്റിയില്‍ വെച്ച് കോടതിയെ ജനങ്ങള്‍ വിശ്വസിക്കണമെന്നും ജുഡീഷ്യറിയെക്കുറിച്ച് ചിന്തിക്കണമെന്നും പറയുകയുണ്ടായി. കോടതിയില്‍ കേന്ദ്ര ഭരണകൂടം അവിഹിതമായി ഇടപെടുന്നു എന്ന് പറഞ്ഞു പത്രസമ്മേളനം നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ഗോഗോയ് എന്നും എ.പി ഷാ ഓര്‍മ്മിപ്പിച്ചു. ഇത് പറഞ്ഞ ഗോഗോയ് രാജ്യം കണ്ട ഏറ്റവും സുപ്രധാന കേസിലെ വിധിയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കി പ്രശ്‌ന പരിഹാരം നടത്തിയതും നീതിപൂര്‍വമായിരുന്നോ എന്നു ഷാ ചോദിക്കുന്നു. മറ്റൊരു മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു ബാബരി മസ്ജിദ് കേസ് ജസ്റ്റിസ് ഗോഗോയ് അട്ടിമറിച്ചു എന്നും അതിനായി ഒരു പെണ്‍ കേസ് ഗൊഗോയ്‌ക്കെതിരെ കെട്ടിച്ചമച്ചു ചിലര്‍ കാര്യം നേടുകയായിരുന്നുവെന്നും വ്യക്തമാക്കി. സി.ബി.ഐ ജഡ്ജി ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ലോയയുടെ കേസ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി നിലപാടിനെയും കഡ്ജു പരിഹസിച്ചു. എല്ലാ രേഖകളും നല്‍കി അവസാനം അഞ്ചേക്കര്‍ ഭൂമി നല്‍കിയ പോലെ ആകുമോയെന്നു സംശയമുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കശ്മീര്‍ കാര്യത്തില്‍ ആറു മാസമായിട്ടും കോടതി ഒരു മനുഷ്യാവകാശവും കാണാത്തതില്‍ ആശ്ചര്യമുണ്ടെന്നും പൗരന്റെ അവകാശം ഇവിടെ നിഷേധിക്കപ്പെടുകയാണെന്നും ജസ്റ്റിസ്എ.പി ഷാ കുറ്റപ്പെടുത്തുന്നു. സി.എ.എ നിയമം ഭരണഘടന ആര്‍ട്ടിക്കിള്‍ 14 ന്റെ കൃത്യമായ ലംഘനമാണെന്ന് പറയാന്‍ മടിക്കുന്ന ന്യായാധിപന്മാരില്‍നിന്നും സമൂഹം എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നു. പൗരത്വ ബില്ലിനെതിരെ സമരക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞത് ആദ്യം സമരം നിര്‍ത്തു എന്നായിരുന്നു. എന്നാല്‍ ഷഹീന്‍ബാഗിലെ സമരപന്തലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന പരാതിയില്‍ ഉടന്‍ തന്നെ തീരുമാനം അറിയിക്കുകയുണ്ടായി. ജസ്റ്റിസ് ബോബ്‌ഡെ ചിലതു പറയാന്‍ മടിക്കുന്നതും ചിലതു പെട്ടെന്ന് തന്നെ നിരീക്ഷിക്കുന്നതും നിയമ വൃത്തങ്ങളില്‍ സംശയം ജനിപ്പിക്കുന്ന വിധമാണ്. സി.എ.എയും എന്‍. ആര്‍.സി.യും നടപ്പിലാക്കുന്നതിലൂടെ ഭരണഘടന നടപ്പില്‍വരുത്തിയവരെ വെല്ലുവിളിക്കുകയാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചെയ്യുന്നതെന്ന് എ.പി ഷാ പറയുന്നു.

പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്നത് മുസ്‌ലിംകള്‍ മാത്രമല്ല. രാജ്യത്തെ പ്രൊഫഷണലിസ്റ്റുകളും യുവാക്കളും സ്ത്രീകളും കര്‍ഷകരും സാമൂഹ്യപ്രവര്‍ത്തകരും ജാതി മത ഭേദമൊന്നുമില്ലാതെയാണ് സമരത്തില്‍ അണിനിരക്കുന്നത്. രാജ്യത്തെ എണ്‍പതു ശതമാനം ഹിന്ദുക്കള്‍ വെറുപ്പോടെ കാണുന്ന ഒരു പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ള ഭരണകൂട ആര്‍ത്തിക്കെതിരെ കോടതിയുടെ ഭാഗത്തുനിന്നും കൂടുതല്‍ ജാഗ്രതയാണ് വേണ്ടത്. ദേശീയ പതാക പാറിച്ചു ആസാദി മുഴക്കുന്നത് രാജ്യദ്രോഹമാണെന്നു പറയുന്ന യോഗി ആദിത്യനാഥിനെയും മറ്റും നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെകുറിച്ച് പഠിപ്പിക്കണം. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടത്തിയതിനു ഗാന്ധിജിക്കെതിരെയും മറ്റു സ്വാതന്ത്ര്യ സമരക്കാര്‍ക്കെതിരെയും രാജ്യദ്രോഹ കുറ്റം ചുമത്തിയ ബ്രിട്ടീഷ് നടപടിക്ക് സമ്മാനമാണിത്. ആര്‍ട്ടിക്കിള്‍ 19 (1) നെ കടപുഴക്കാനുള്ള ശ്രമമാണിത്. റോഡ് ഉപരോധവും ദേശവിരുദ്ധമല്ല. ഇന്ത്യയുടെ പരമ്പരാഗതമായ സമരമുറയാണ് റോഡ് ഉപരോധം. കര്‍ഷക നേതാവ് ശരത് ജോഷി അടക്കമുള്ളവര്‍ കാണിച്ച പാതയാണത്. അതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ല. ജസ്റ്റിസ് ഷാ പൗരത്വ സമരത്തെകുറിച്ചുള്ള തന്റെ വിധി പറയുന്നു. ഗൗതം ഭാട്ടിയയുടെ പുസ്തകത്തിലെ ഡെന്നിങ് പ്രഭുവിന്റെ Judge is becomin-g more executive minded than executive എന്ന വാക്യ മാണ് ഷാ കോടതിയിലെ ചില ന്യായാധിപന്മാരുടെ ഇടപെടലുകളെക്കുറിച്ച് ഉദാഹരിക്കുന്നത്.

ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ എല്ലാ അധികാര ദുര്‍വിനിയോഗങ്ങളും നടത്തുകയും വോട്ടിങ് മെഷിനുകളില്‍ കൃത്രിമം കാണിച്ചും ബി.ജെ.പി നേടിയത് മുപ്പതു ശതമാനം വോട്ടാണ്. ഇതിലധികം ബി.ജെ.പിക്ക് രാജ്യത്തെവിടെയും വോട്ടു ലഭിക്കില്ലെന്ന് രാഷ്ട്രീയ നിരൂപകരും പ്രഖ്യാപിക്കുന്നു. പുല്‍വാമ സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ ബി.ജെ.പിക്ക് വോട്ടിങ് യന്ത്രങ്ങളില്‍ പോലും കൃത്രിമം നടത്താനുള്ള അവസരം ലഭിക്കില്ലായിരുന്നുവെന്നാണ് ഡല്‍ഹി ഫലത്തെക്കുറിച്ച് യോഗേന്ദ്ര യാദവ് പ്രതികരിച്ചത്. പൗരത്വബില്ലിനെതിരെ ഹാം ഭാരത് കെ ലോഗ് ബാനറില്‍ ദേശ വ്യാപകമായി പൊതുജനം തെരുവിലിറങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. സിക്ക് അഭിഭാഷകനായ ഡി.എസ് ബിന്ദ്ര തന്റെ അപാര്‍ട്‌മെന്റ് വിറ്റ കാശിനു ഷഹീന്‍ബാഗിലെ സമരപ്പന്തലിലുള്ള സ്ത്രീകള്‍ക്ക് ഭക്ഷണം വിളമ്പി വരികയാണ്. മഹാരാഷ്ട്രയില്‍ ഒരു മുസ്‌ലിം പോലുമില്ലാത്ത ഗ്രാമ പഞ്ചായത്ത് സി.എ.എക്കെതിരെ പ്രമേയം പാസാക്കി.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പ്രധാനമന്ത്രിയെയും ഭരണകക്ഷിയെയും ഏറെ വിറളിപിടിപ്പിക്കുന്നത് സമരക്കാര്‍ ഉപയോഗിക്കുന്ന ദേശീയ പതാകയാണെന്നു വിദേശ പത്രങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു. പതാക ഉപയോഗിക്കുന്നതിനെതിരെ മോദി പല സ്ഥലങ്ങളിലും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചത് പത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യു.പിയിലെ അധികൃതര്‍ പല കോളനികളിലും ചെന്ന് സമരക്കാരോട് പതാക അഴിച്ചുവെക്കാന്‍ ഭീഷണിയുടെ സ്വരമാണുപയോഗിക്കുന്നതെന്നും ഹഫിങ്ടണ്‍ പോസ്റ്റ്, ബി. ബി.സി തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ഖാനെതിരെ കേസുടുത്തു പീഢനം നടത്തുന്നതും വിദേശ മാധ്യമങ്ങള്‍ പുറത്തുവിടുന്നു.
മധ്യപ്രദേശില്‍ ബി.ജെ.പി ശിവരാജ്‌സിങ് ചൗഹാന്റെ ഭരണ കാലത്ത് 550 കോടി ചെലവില്‍ നിര്‍മിച്ച നാലര ലക്ഷം കക്കൂസുകള്‍ കാണാതായത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതേക്കുറിച്ചു കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ്‌സിങ് പ്രതികരിച്ചത് ‘ഇപ്പോള്‍ ഭരിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ ആറു വര്‍ഷക്കാലത്തിനിടയില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം സ്‌കൂളുകളും രാജ്യത്തു കാണാതായിട്ടുണ്ടെന്നായിരുന്നു’.

SHARE