എല്ലാവരും എപ്പോഴും ഇവരെ മറക്കുന്നു

മുഹമ്മദ് കക്കാട്

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സമൂഹവും ഒരു പോലെ അംഗീകരിക്കുന്നതാണ് ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അര്‍ഹതകളും. പക്ഷേ ദുരിതപൂര്‍ണമായ ജീവിതം തള്ളിനീക്കുന്നവരാണ് ഇന്നും ഭിന്നശേഷിക്കാരില്‍ ഏറെ പേരും. ഇവരുടെ ആവശ്യങ്ങള്‍ പലതും പ്രാബല്യത്തില്‍ വരാതെ കാലം കടന്നു പോവുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചു പാസാക്കിയ ആനുകൂല്ല്യങ്ങള്‍ പോലും ഫയലില്‍ ഒതുങ്ങിയെന്നതാണ് വസ്തുത. അതിനാല്‍ നടക്കാനും ഇരിക്കാനും കഴിയാത്തവരും കേള്‍വിയും കാഴ്ചയും സംസാരശേഷിയുമില്ലാത്തവരുമടങ്ങിയ ഈ വിഭാഗം പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

1995ല്‍ രാജ്യത്ത് നിലവില്‍ വന്ന ഭിന്നശേഷി സംരക്ഷണ നിയമം 2017 ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പക്ഷേ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തുല്യ അവകാശവും സംരക്ഷണവും തുല്യ പങ്കാളിത്തവും ഉറപ്പു നല്‍കുന്ന ഈ സംരക്ഷണ നിയമത്തിന്റെ ഫലം യഥോചിതം ഇവര്‍ക്കു ലഭ്യമാകുന്നില്ലസംസ്ഥാനത്ത് പത്തു ലക്ഷത്തോളം ഭിന്നശേഷിക്കാര്‍ ഉള്ളതായാണ് ഒരു വര്‍ഷം മുമ്പത്തെ കണക്ക്. വര്‍ഷം തോറും എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയേ ഉള്ളൂ. 2011ലെ സെന്‍സസ് പ്രകാരം, 2.68 കോടി അഥവ മൊത്തം ജനസംഖ്യയുടെ 2.21 ശതമാനം ആളുകളാണു രാജ്യത്ത് ഭിന്നശേഷിക്കാരായി ഉള്ളത്. ശാരീരിക വെല്ലുവിളികള്‍ എന്ന വിഭാഗത്തില്‍ പെടുന്നവരാണ് പ്രധാനമായും അവകാശങ്ങള്‍ക്കും അര്‍ഹതകള്‍ക്കും വേണ്ടി സങ്കടപ്പെടുകയും പ്രതിഷേധിക്കുകയും പോരാടുന്നത്.

നട്ടെല്ലിനു ക്ഷതമേറ്റും ശരീരം തളര്‍ന്നും ജീവിതം കട്ടിലില്‍ അമര്‍ന്നവരും മുച്ചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവരുമാണ് ഏറെ പേരും ‘ആവശ്യങ്ങളും അവകാശങ്ങളും അര്‍ഹതകളുമെല്ലാം അവഗണിക്കപ്പെട്ട്, നിലവിളിയും മുറവിളിയുമായി തെരുവിലിറങ്ങേണ്ടവരായി ഈ വിഭാഗം മാറുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും സമൂഹവും രാഷ്ട്രീയ നേതൃത്വവും കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇവരില്‍ ഒരുപാടാളുകളുടെ ജീവിതം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ചുവരിനോടു ചേര്‍ത്തിട്ട കട്ടിലില്‍ അമര്‍ന്നിരിക്കുകയാണ്. പരസഹായം കൂടാതെ ഒന്നു തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ പോലും കഴിയാതെ പതിറ്റാണ്ടുകള്‍ പിന്നിട്ട വരേറെയുണ്ട്. കുടുംബം പുലര്‍ത്താനുള്ള നെട്ടോട്ടത്തിനിടെ നട്ടെല്ലിനു ക്ഷതമേറ്റും അത്യാഹിതങ്ങളില്‍ പെട്ടും കിടപ്പിലായവരില്‍ പ്രായഭേദമില്ല, ഇവരും കുടുംബവും ബാധ്യതകളും പുലര്‍ത്തേണ്ടവരാണ്.

രാപ്പകല്‍ അധ്വാനിച്ചാലും രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നതിനിടെ അനന്തമായ ഈ കിടത്തത്തിലേക്കും മുച്ചക്ര വാഹനത്തിലേക്കും ജീവിതം തളക്കപ്പെട്ടവരുടെ മാനസിക, ശാരീരിക, സാമ്പത്തിക, സാമൂഹിക, ധാര്‍മ്മികാവസ്ഥ തിരിച്ചറിയാതെയും പരിഹരിക്കപ്പെടാതെയും പോയാല്‍ ഭരണകൂടത്തിനും സമൂഹിക ബോധത്തിനും ഇവിടെ എന്തു പ്രസക്തി? മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവസ്ഥ ഇതിലേറെ ഗുരുതരമാണ്. വീട്ടില്‍ ഒരാള്‍ മാനസിക രോഗിയായി മാറുന്നതോടെ ആ കുടുംബത്തിന്റെ വിളക്കണഞ്ഞു. അതും കുടുംബനാഥനാണെങ്കിലോ? കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, ചലനവൈകല്യം, ബുദ്ധിപരമായ വൈകല്യം, ഓട്ടിസം, മാനസിക ബുദ്ധിമുട്ടുകള്‍, സമ്മിശ്ര വൈകല്യങ്ങള്‍ തുടങ്ങി ഓരോന്നും അനുഭവത്തില്‍ എത്തിയവര്‍ക്കും മനസുകൊണ്ട് വായിക്കുന്നവര്‍ക്കും മാത്രമേ ഗൗരവം ശരിക്കു മനസിലാകൂ.ലോക ഭിന്നശേഷി ദിനമായ ഇന്ന് ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ (എ.കെ.സ ബഌയു.ആര്‍.എഫ്), സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ക്കു മുമ്പില്‍ അവകാശങ്ങളും അര്‍ഹതകളും നേടിയെടുക്കാന്‍ മാര്‍ച്ചും ധര്‍ണയും നടത്തിയാണ് തങ്ങളുടെ ദിനാചരണം ‘ആലോഷിക്കുന്നത് ‘.

2019ലെ ഏറ്റവും മികച്ച ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ അവസ്ഥയൊന്നു വിലയിരുത്താം. മാസത്തില്‍ 1200 രൂപയാണ് ഇവര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത്. സന്നദ്ധ സംഘടനകളൊ ഉദാരമതികളൊ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കി ഒരു വീടുണ്ടാക്കിക്കൊടുക്കുകയോ, ആശുപത്രിയില്‍ പോകാന്‍ ഒരു വാഹനം ഉണ്ടാവുകയോ ചെയ്താല്‍ ഇത് നിറുത്തലാക്കുകയും ചെയ്യുന്നു. എന്തൊരു ദുരവസ്ഥയാണിത്. ഈ സ്ഥിതി മാറണം. മാനദണ്ഡങ്ങളില്ലാതെ പെന്‍ഷന്‍ ആനുകൂല്യം ലഭ്യമാകണമെന്നും തുക വര്‍ധിപ്പിക്കണമെന്നുമുള്ള ഇവരുടെ ആവശ്യം പരിഗണിക്കേണ്ടതാണ്.

ഭിന്ന ശേഷിക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ടായിരുന്നു. സ്വാലമ്പന്‍. പക്ഷേ രണ്ടു വര്‍ഷമായി നിശ്ചലമായിരിക്കുകയാണിത്. അടച്ച പ്രീമിയം തുക പോലും അനിശ്ചിതത്വത്തിലായ സങ്കടത്തിലാണിവര്‍.വൈദ്യുതി നിരക്കിലാണ് സര്‍ക്കാറിന്റെ മറ്റൊരാനുകൂല്യം. പക്ഷേ പലയിടത്തും ഇതു പ്രാബല്യത്തില്‍ വന്നിട്ടില്ല.സര്‍ക്കാറിന്റെ ബാരിയര്‍ ഫ്രീ ( തടസങ്ങള്‍ നീക്കല്‍) സംവിധാനം നിയമത്തിലുണ്ട്. പൊതുസ്ഥലങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഓഫീസുകളിലും ഭിന്നശേഷിക്കാര്‍ക്ക് കടന്നു ചെല്ലാനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് നിയമം. പക്ഷേ പോളിംഗ് ബൂത്തുകളിലല്ലാതെ വല്ലാതെയൊന്നും ഈ സൗകര്യം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഫയലുകളിലും മറ്റും വികലാംഗര്‍ എനതിനു പകരം ഭിന്നശേഷിക്കാര്‍ എന്ന് തിരുത്തി എഴുതുന്നതിയതുകൊണ്ടായില്ല, അവകാശങ്ങളും അര്‍ഹതകളും അംഗീകരിച്ച് പ്രാബല്യത്തില്‍ വരുത്തലാണ് ഇവര്‍ക്ക് ഏറെ ആവശ്യവും അഭികാമ്യവും.

SHARE