രോഗീപരിചരണത്തിന്റെ സാന്ത്വന കേന്ദ്രങ്ങള്‍

ഉബൈദുല്ല താനാളൂര്‍

രോഗികള്‍ക്ക് പലപ്പോഴും പരസഹായവും പരിചരണവും മരുന്നിനേക്കാള്‍ കൂടുതല്‍ അവശ്യമായിവരുന്നത് സ്വാഭാവികമാണ്. ഇത്തരം പരിചരണങ്ങള്‍ക്ക് അയല്‍പക്ക കൂട്ടായ്മ വളരെയേറെ സഹായകമായിമാറും. രോഗം ദുരിതത്തിലാഴ്ത്തിയവരെ പരിചരിക്കാനായി കേരളത്തില്‍ രൂപംകൊണ്ട ‘പാലിയേറ്റീവ് കെയര്‍’ പ്രസ്ഥാനത്തിന്കാല്‍നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഏഷ്യയില്‍തന്നെ ഏറ്റവും കൂടുതല്‍ പാലിയേറ്റീവ് പ്രവര്‍ത്തനം നടക്കുന്നത് കേരളത്തിലാണ് എന്നറിയുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ആവശ്യവും പ്രസക്തിയും വര്‍ധിച്ചതായി ഗ്രഹിക്കാനാവും. പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ കണ്ണികളാവാന്‍ പലരും മുന്നോട്ട്‌വരുന്നത് രോഗികള്‍ക്ക് ആശ്വാസമേകുന്നു. ഏറെക്കാലം ചികിത്സയില്‍ കഴിഞ്ഞ് ഒടുവില്‍ യാതൊരു രക്ഷയുമില്ലെന്ന് കരുതി വീട്ടിലേക്ക് മടങ്ങിപോകുന്ന രോഗികള്‍ക്ക് ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും തണലേകാന്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് കഴിയുന്നു.

രോഗികള്‍ക്ക് ആശ്വാസത്തിന്റെ കൈത്തിരി സമ്മാനിക്കാനും അവസരം ഒരുക്കുന്നു. രോഗികളോട് സ്‌നേഹപൂര്‍ണ്ണമായ സമീപനവും സൗഹാര്‍ദപൂര്‍വമുള്ള ഇടപെടലുകളും ആത്മാര്‍ത്ഥമായ ഇടപെടലുകളും രോഗിക്ക് മരുന്നിനേക്കാള്‍ ഫലം നല്‍കുന്നതാണ്. ഇതുവഴി മാനസികവും ആത്മീയവുമായ കരുത്ത് വീണ്ടെടുക്കാന്‍ രോഗിക്ക് കഴിയുന്നു. എല്ലാ ആശങ്കകള്‍ക്കും അപ്പുറത്താണ് ദൈവ ബോധത്തിന്റെ കരുത്ത് എന്ന് രോഗി കണ്ടെത്തുന്നു. വര്‍ഷങ്ങളായി രോഗബാധിതനായി ശയ്യാവലംബിയായി കഴിയുന്ന രോഗി ആളൊഴിഞ്ഞ മുറികളില്‍ ഏകാന്തനായി ദിനങ്ങള്‍ തള്ളിനീക്കുമ്പോള്‍, അത്തരക്കാരെ നേരില്‍ കണ്ടു ആശ്വാസ വാക്കുകളിലൂടെയും സ്‌നേഹമസൃണമായ പെരുമാറ്റത്തിലൂടെയും സമീപിക്കുമ്പോള്‍ രോഗികള്‍ക്കുണ്ടാവുന്ന മാനസിക ആശ്വാസം ചെറുതല്ലാത്തതാണ്.

രോഗത്തിന്റെ കാഠിന്യവും സാമ്പത്തിക പരാധീനതയും ഒറ്റപ്പെടലിന്റെ വേദനയും ഒന്നിച്ചുചേരുമ്പോള്‍ ഉണ്ടാകുന്ന പിരിമുറുക്കവും മനോവേദനയും ലഘൂകരിക്കാന്‍ രോഗീ പരിചരണവുമായി എത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. നൈരാശ്യം വെടിയാന്‍ രോഗികളെ ഉണര്‍ത്തുന്നതോടൊപ്പം പ്രതീക്ഷ വളര്‍ത്താനുതകുന്ന വാക്കുകളും സമീപനങ്ങളും പരിചാരകരില്‍ നിന്നുണ്ടാകുന്നു. ദൃഢമായ ആത്മീയബോധം രോഗികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ഒരളവോളം അത് രോഗികള്‍ക്ക് ആശ്വാസത്തിന്റെയും പ്രതീക്ഷയുടേയും വാതായനങ്ങള്‍ തുടക്കപ്പെടാന്‍ വഴിയൊരുക്കും.

രോഗം പരീക്ഷണമാണ്. പരീക്ഷണത്തില്‍ തളര്‍ച്ച പാടില്ല. പ്രതീക്ഷ പരീക്ഷണത്തെ അതിജയിക്കണം. രോഗവും ദാരിദ്ര്യവും ജീവിതത്തെ ദുരിതക്കയത്തിലെത്തിക്കാന്‍ വഴിയൊരുക്കുക സാധാരണമാണ്. രോഗം മൂലം എല്ലാം നഷ്ടപ്പെട്ടു, ഇനി എന്ത് പ്രതിവിധി എന്ന് വേവലാതിപ്പെടുന്നവര്‍ ധാരാളമുണ്ട്. വേണ്ടുവോളം സ്വത്തും സമ്പാദ്യവും ഉണ്ടായിട്ടും അവയെല്ലാം ചികിത്സക്കായി ചെലവഴിച്ച് മനസ്സും ശരീരവും തളര്‍ന്ന പലരും സമൂഹത്തിലുണ്ട്. സ്വന്തമായി അന്തിയുറങ്ങാനൊരു കൊച്ചുവീട് സ്വപ്‌നം കാണുന്നവരും കുറവല്ല. സാമ്പത്തിക പ്രയാസങ്ങളും രോഗത്തിന്റെ വേദനയും ഒന്നിച്ചനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഏറെയുണ്ട്. മാറാരോഗങ്ങളില്‍പെട്ട് ദിനങ്ങള്‍ തള്ളിനീക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളുടെ ആധിക്യം സമൂഹത്തെ വേദനിപ്പിക്കുന്നതാണ്. നിത്യരോഗികളായി ചികിത്സിക്കാന്‍ വകയില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസത്തിന്റെ വചനങ്ങളുമായെത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സാന്നിധ്യം കരുത്തേകുന്നതാണ്.

രോഗീ പരിചരണം വിശ്വാസത്തിന്റെ ഭാഗമായി മാറണം. രോഗം ദുരിതത്തിലാഴ്ത്തിയവരെ പരിചരിക്കുന്നതിനായി രൂപംകൊണ്ട പാലിയേറ്റീവ് ക്ലിനിക്കുകള്‍ നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കപ്പെടണം. സന്നദ്ധ സംഘടനകളാണ് ഈ രംഗത്ത് കാര്യമായ ഇടപെടലുകള്‍ നടത്തുന്നത്്. തദ്ദേശ സ്ഥാപനങ്ങളും ഏറെക്കുറെ രംഗത്തുണ്ട്. രോഗം രോഗിയുടേയും കുടുംബത്തിന്റെയും മാത്രം ബാധ്യതയായി കാണാതെ ഇക്കാര്യത്തില്‍ സമൂഹത്തിനും സാമൂഹിക സംഘടനകള്‍ക്കും ആവശ്യമായ പിന്തുണ നല്‍കാന്‍ കഴിയണമെന്ന തിരിച്ചറിവ് വേണം. സമൂഹത്തിന്റെ ഇടപെടലുകള്‍ കാരണം പാലിയോറ്റീവ് ക്ലിനിക്കുകളുടെ വളര്‍ച്ച ശക്തിപ്പെട്ടുവരികയാണ്. ഹോം കെയറിലൂടെ രോഗികളെ പരിചരിക്കാന്‍ എത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും രോഗികളെ സന്ദര്‍ശിച്ച് മരുന്നും മറ്റും നല്‍കി തിരിച്ചുവരുമ്പോഴുണ്ടാകുന്ന മാനസിക സംതൃപ്തി ഏറെയാണ്. ഡയാലിസിസിന് വിധേയരാവുന്ന രോഗികളുടെ എണ്ണം പൂര്‍വോപരി വര്‍ധിച്ച്‌വരികയാണ്. അതോടൊപ്പം ഡയാലിസിസ് സെന്ററുകള്‍, രോഗികളുടെ വര്‍ധനവിനനുസരിച്ച് തികയാതെ വരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. കൂടുതല്‍ ഡയാലിസിസ് സെന്ററുകള്‍ ഉയര്‍ന്ന്‌വരേണ്ടതുണ്ട്. ഇത്തരം സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ ഉദാരമതികളായ മനുഷ്യസ്‌നേഹികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം അനിവാര്യമാണ്.

പാലിയേറ്റീവ് പരിചരണത്തിന്റെ ദേശീയ ശരാശരിയില്‍ പതിന്‍മടങ്ങാണ് കേരളത്തിലുള്ളത്. സാമൂഹിക സന്നദ്ധസംഘടനകള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അതീവ ശ്രദ്ധ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്. നൂറുകണക്കിന് പ്രവര്‍ത്തകര്‍യാതൊരു ഐഹിക പ്രതിഫലവും കാംക്ഷിക്കാതെ ആത്മാര്‍ത്ഥമായി സേവനരംഗത്ത് കടന്നുവരുന്നത് ശുഭ സൂചകമാണ്. പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് സ്വന്തമായി കെട്ടിടം പണിയാനും വാഹനങ്ങള്‍ വാങ്ങാനുമെല്ലാം ഉദാരമനസ്‌കത കാണിക്കുന്നവര്‍ ഏറെയുണ്ട്. നല്ല മനുഷ്യരുടെ നിസ്സീമമായ സഹായസഹകരണങ്ങളാണ് ഇത്തരം ക്ലിനിക്കുകളുടെ പുരോഗതിക്കും നിലനില്‍പ്പിനും നിദാനം. ജീവിതത്തിലെ ഏറ്റവും സുവര്‍ണ്ണാവസരമായി രോഗീ പരിചരണത്തെ കാണുന്നവരേറെയുണ്ട്. ഈ സമീപനം പ്രതീക്ഷക്കും പ്രത്യാശക്കും വഴിയൊരുക്കുന്നതാണ്. രോഗികളെ തേടിയെത്തി അവര്‍ക്ക് ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും വാക്കുകളിലൂടെ സ്‌നേഹം പകരാന്‍ അവസരം കണ്ടെത്തുന്നത് ഈ പ്രവര്‍ത്തനത്തിന്റെ പുണ്യം കണക്കിലെടുത്തുകൊണ്ട് മാത്രമാണ്. പാലിയേറ്റീവ് പ്രവര്‍ത്തനത്തെപോലെതന്നെ രോഗികള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളും സൗജന്യമായി നല്‍കാന്‍ മുന്നോട്ട് വരുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളും വിലമതിക്കപ്പെടുന്നതാണ്. ജീവകാരുണ്യ പ്രവര്‍ത്തനം വിശ്വാസത്തിന്റെ ഭാഗമായി കണക്കിലെടുത്ത്, സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ മുന്നോട്ടുവരുന്നവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ‘കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക’ എന്ന മുദ്രാവാക്യവമായി രംഗത്തുവരുന്ന ഇത്തരം സംഘടനകളുടേയും കൂട്ടായ്മകളുടേയും പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. പാലിയേറ്റീവ് പ്രവര്‍ത്തന മേഖലയും ജീവകാരുണ്യ പ്രവര്‍ത്തനരംഗവും ശക്തിപ്പെടുത്തുന്നതിനും അത്തരം രംഗങ്ങളില്‍ പങ്കാളികളാകാനും ഈ വര്‍ഷത്തെ പാലിയോറ്റീവ് ദിനത്തില്‍ പ്രതിജ്ഞയെടുക്കാം.

SHARE