Connect with us

Views

ചിന്തിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഇസ്‌ലാം

Published

on

വെള്ളിത്തെള്ളിച്ചം\ ടി.എച്ച് ദാരിമി

മനുഷ്യന്‍ എന്നതിന് ലഭ്യമായിടത്തോളം ഏറ്റവും നല്ല നിര്‍വചനം ‘ചിന്തിക്കുന്ന ജീവി’ എന്നതായിരിക്കും. ചിന്തയുടെയും ആലോചനയുടെയുമെല്ലാം പ്രാഥമികമോ ഭാഗികമോ ആയ ശേഷികളുള്ള ചില ജീവികളെക്കുറിച്ച് കേള്‍വിയുണ്ടെങ്കിലും ശരിക്കും ചിന്തിക്കാനും മനനം ചെയ്യാനുമുള്ള ശേഷിയാണല്ലോ മനുഷ്യനെ അവന്റെജീവകുടുംബത്തില്‍ വ്യതിരിക്തനാക്കുന്നത്.

കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്ന നായയും കൗതുകക്കാഴ്ചകള്‍ ഒരുക്കുന്ന ഡോള്‍ഫിനുകളുമെല്ലാം മനുഷ്യനോളമെത്താത്തത് ഒരു വിഷയത്തിലേക്ക് ചുഴിഞ്ഞിറങ്ങി തെരഞ്ഞുപിടിക്കാനും സാദൃശ്യതകള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളെ മറികടക്കാനും അവക്കു കഴിയാത്തതിനാലാണ്. എന്നാല്‍ മനുഷ്യന് ഇതിനെല്ലാമുള്ള കഴിവുകള്‍ ഉണ്ട്. ഈ വസ്തുത മനുഷ്യ പ്രപഞ്ചത്തിന്റെ രണ്ട് ന്യായങ്ങള്‍ സമര്‍ഥിക്കുന്നു. വിശാലമായ ജീവിലോകത്തില്‍ മനുഷ്യനു മാത്രം ചിന്താശേഷി നല്‍കിയതിന്റെയും അവന്റെ പ്രപഞ്ചത്തില്‍ തെറ്റും ശരിയും ഇടകലര്‍ന്നു കിടക്കുന്നതിന്റെയും. ശരിയും തെറ്റുമായ വഴികളും വസ്തുതകളും നിരന്നും നിറഞ്ഞും കിടക്കുന്ന തന്റെ ലോകത്തില്‍ ശരിയുടെ വഴി സ്വന്തം ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തി കണ്ടെത്തണമെന്നാണ് ദൈവഹിതം എന്നു ചുരുക്കം. അതിനുവേണ്ടിയാണ് മനുഷ്യന് സ്രഷ്ടാവ് ചിന്തിക്കാനുള്ള കഴിവ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ചിന്തിക്കുക എന്നത് മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ ഒരു താളമാണ്. അത് ഊന്നിപ്പറയുകയും പ്രോത്‌സാഹിപ്പിക്കുകയുമാണ് ഇസ്‌ലാം.

ഇക്കാര്യത്തില്‍ ഇസ്‌ലാം നല്‍കുന്ന പ്രചോദനങ്ങള്‍ ഇസ്‌ലാമിനെ തന്നെ മറ്റു മതങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നു എന്നു പറയാം. ഒരുഅതിരും വെക്കാതെ മനുഷ്യനെ ചിന്തിക്കാന്‍ തുറന്നുവിടുകയാണ് ഇസ്‌ലാം. ഇതുണ്ടാക്കുന്ന സ്വാതന്ത്ര്യമാണ് ഇസ്‌ലാമിന്റെ വലിയ ശക്തി തന്നെ. വേട്ടകളുടെ പുതിയ കാലത്തും പാശ്ചാത്യരും പൗരസ്ത്യരുമെന്ന ഭേദമില്ലാതെ ഇസ്‌ലാമിലേക്കൊഴുകുന്നതിനു പിന്നിലും ഒരു കാരണം ഇതുതന്നെയാണ്. അറേബ്യയില്‍ അസ്തിവാരമിട്ട ഇസ്‌ലാം ലോകത്തിന്റെ വന്‍കരകളിലൂടെ അതി ശീഘ്രം കുതിച്ചു പാഞ്ഞതും ലോകത്ത് വേറിട്ട സാംസ്‌കാരിക ചിത്രം വരച്ചതും ചിന്തകളും അതുവഴി നേടുന്ന വൈജ്ഞാനിക പ്രബുദ്ധതയും കാരണമായിരുന്നു. ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ബാക്ടീരിയകളെ കണ്ടെത്താന്‍ തുറസ്സായ ഒരിടത്ത് പച്ച മാംസം കെട്ടിത്തൂക്കിയിട്ട് തന്റെ ചിന്തകളിലൂടെ നിരീക്ഷണം നടത്തിയ അബൂബക്കര്‍ റാസി മുതല്‍ നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ ഗ്ലോബുപയോഗിച്ച് ഗോളശാസ്ത്ര ക്ലാസുകള്‍ എടുത്തിരുന്ന ഇമാം ഗസ്സാലി വരേയുള്ളവര്‍ ചിന്തയുടെ പ്രതീകങ്ങളാണ്. എ.ഡി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗലീലിയോ ഭൂമി ഉരുണ്ടതാണ് എന്നു പറഞ്ഞതിന്റെ പേരിലുണ്ടായ പൊല്ലാപ്പുകള്‍ക്കും ഒരുപാട് മുമ്പ് എ.ഡി പതിനൊന്നാം നൂറ്റാണ്ടിലായിരുന്നു ഇമാം ഗസ്സാലി ഉരുണ്ട ഗ്ലോബുപയോഗിച്ച് ഭൂമി ശാസ്ത്രവും ഗോള ശാസ്ത്രവും പഠിപ്പിച്ചിരുന്നത്. ഭൂമി ഉരുണ്ടതാണ് എന്നത് ഏതാണ്ട് അക്കാലത്തുതന്നെ ജീവിച്ച മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയും പറഞ്ഞിട്ടുണ്ട്. ആള്‍ജിബ്ര ആവിഷ്‌കരിക്കുന്നതിലേക്ക് ജാബിര്‍ ബിന്‍ ഹയ്യാനെയും വൈദ്യശാസ്ത്രത്തിനു ഊടും പാവും നെയ്യാന്‍ ഇബ്‌നു സീനായേയും രക്തജൈവകങ്ങള്‍ കണ്ടെത്താന്‍ ഇബ്‌നു നഫീസിനെയും കാഴ്ചയുടെ പ്രതലങ്ങളും പ്രതിഫലനങ്ങളും നിര്‍വചിക്കാന്‍ ഇബ്‌നുല്‍ ഹൈതമിനെയും പ്രചോദിപ്പിച്ചത് ചിന്തിക്കാനുള്ള ഇതേ പ്രേരണതന്നെ.

ചിന്തയിലേക്ക് മനുഷ്യനെ പിടിച്ചുവലിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഓരോ വസ്തകളും പറഞ്ഞുവെക്കുന്നത് ചിന്തിക്കാനുള്ള അഭ്യര്‍ഥനയോടെയാണ് എന്നത് ഖുര്‍ആന്റെ മാത്രം പ്രത്യേകതയാണ്. പല പ്രാപഞ്ചിക വസ്തകളും നിരീക്ഷിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നും ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്നും പര്‍വതങ്ങള്‍ എങ്ങനെ സ്ഥാപിക്കപ്പെട്ടുവെന്നും ഭൂമി എങ്ങനെ വിരിച്ചിടപ്പെട്ടുവെന്നുമെല്ലാം ചിന്തിക്കാന്‍ ആവശ്യപ്പെടുന്നത് അതിന്റെ ഉദാഹരണമാണ് (88: 17-20). ഇവക്കൊന്നും ഖുര്‍ആന്‍ വിശദീകരണം നല്‍കുന്നില്ല. അതിനര്‍ഥം ആ വിശദീകരണങ്ങള്‍ ചിന്തിച്ചുകണ്ടെത്താന്‍ ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നു എന്നാണ്. മറ്റൊരു വസ്തുതയാണ് ഖുര്‍ആന്‍ ഇടക്കിടെ ഉപയോഗിക്കുന്ന ഉദാഹരണങ്ങള്‍. ചെറുതും വലുതും പ്രസക്തമെന്ന് തോന്നുന്നതും അല്ലാത്തതുമായ പല ഉദാഹരണങ്ങളും ഖുര്‍ആനില്‍ കാണാം. കേവലം ഉദാഹരിക്കുകയല്ലാതെ ഇവിടെയും ഖുര്‍ആന്‍ പൊതുവെ വിശദീകരണങ്ങള്‍ നല്‍കാറില്ല. അവ കണ്ടെത്തുക എന്ന ദൗത്യം മനുഷ്യനും അവന്റെ ചിന്തക്കും വിട്ടുകൊടുക്കുകയാണ്. ഉദാഹരണങ്ങള്‍ ചിന്തിക്കാനുള്ള ഒരു മരുന്നിട്ടുകൊടുക്കലാണ്. ശ്രോതാവ് ആ ഉദാഹരണങ്ങളിലൂടെ ചിന്തയുമായി നീങ്ങി വസ്തകളിലും പഠനങ്ങളിലും എത്തിച്ചേരുന്നു. ഉദാഹരിക്കപ്പെട്ട വിഷയത്തിന് അങ്ങനെ ചിന്തക്കു വിടുമ്പോഴാണ് വലുപ്പവും വ്യാസവും കൈവരിക്കുക. തേനീച്ച എന്ന ഉദാഹരണം മനുഷ്യ കുലത്തിന്റെ വളര്‍ച്ചക്കനുസരിച്ച് ഓരോ കാലങ്ങളിലും മനുഷ്യനെ ചിന്തിപ്പിച്ചത് അതിനുദാഹരണമാണ്. നബി (സ)യുടെ കാലത്തെ അറേബ്യന്‍ മരുഭൂമിയെ അത്ര ചെറുപ്പവും അപൂര്‍വ്വവുമായ ഒരു പ്രാണിയെ പറഞ്ഞതുതന്നെ അല്‍ഭുതപ്പെടുത്താന്‍ മാത്രം പോന്നതായിരുന്നപ്പോള്‍ അതേ തേനീച്ച ഇപ്പോള്‍ മനുഷ്യനെ അല്‍ഭുതപ്പെടുത്തുന്നത് വോണ്‍ പ്രിക്‌സിന് നൊബേല്‍ നേടിക്കൊടുത്ത തേനീച്ചകളുടെ ജീവിതകൗതുകങ്ങളെകുറിച്ചുള്ള കണ്ടുപിടുത്തങ്ങളുടെ പേരിലാണ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചും രാപ്പകലുകളുടെ മാറ്റത്തെ കുറിച്ചുമെല്ലാം ചിന്തിക്കാന്‍ ആവശ്യപ്പെടുന്ന സൂറത്തുല്‍ ബഖറയിലെ 164ാം സൂക്തം പാരായണം ചെയ്തുകൊണ്ട് നബി തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി: ‘ഈ സൂക്തത്തെ കുറിച്ച് ചിന്തിക്കാതെ വെറുതെ വായിലിട്ട് ചവക്കുക മാത്രം ചെയ്യുന്നവന് ശാപമുണ്ട്’ എന്ന്. ചിന്തിക്കാനുള്ള നബിതിരുമേനിയുടെ ഒരു ഉദ്‌ബോധനമാണിത്. നല്ല കാര്യങ്ങളെകുറിച്ചുള്ള ചിന്ത ആരാധനക്ക് തുല്യമാണെന്ന് പല പണ്ഡിതരും പറഞ്ഞതായികാണാം.

ചിന്തയെ ഇങ്ങനെ പ്രോത്‌സാഹിപ്പിക്കുന്നതിനു പിന്നിലുള്ള യുക്തി തെരയുമ്പോള്‍ ഒരുപാട് നേട്ടങ്ങളില്‍ എത്തിച്ചേരും. അവയിലൊന്ന് മനുഷ്യന് ചിന്ത അടുത്ത കാല്‍വെക്കാനുള്ള ഇടം കാണിച്ചുകൊടുക്കും എന്നതുതന്നെയാണ്. തന്റെ മുന്നില്‍ നിറഞ്ഞുകിടക്കുന്ന പല വഴികളില്‍ നിന്ന് ശരിയായത് ഏതെന്ന് കണ്ടുപിടിക്കാന്‍ ചിന്ത സഹായിക്കുന്നു. ഇസ്‌ലാമിനാണെങ്കില്‍ ചിന്ത കൂട്ടിമുട്ടേണ്ടിവരുന്ന അയുക്തികമോ അശാസ്ത്രീയമോ ആയ ഒരുകാര്യവുമില്ലതാനും. മറ്റൊരു ഗുണം ആത്മാര്‍ഥതയാണ്. മറ്റൊരാളെ അന്ധമായി പിന്തുടരുക മാത്രം ചെയ്യുമ്പോള്‍ അവിടെ ആ ആളും അയാളുടെ സംതൃപ്തിയും അതുണ്ടാക്കുന്ന നേട്ടങ്ങളും മാത്രമേ വരൂ. എന്നാല്‍ ചിന്തിച്ച് ഒന്നിലെത്തിച്ചേരുകയാണ് എങ്കില്‍ അതിനോട് ഒരുതരം സത്യസന്ധമായ ആത്മാര്‍ഥത ഉണ്ടാകുന്നു. ആത്മ ആനന്ദമാണ്ചിന്തയുടെ മറ്റൊരു നേട്ടം. വിഷയങ്ങളുടെ അടരുകളിലൂടെ ഒരാള്‍ ചിന്തയുമായി കടന്നുപോകുമ്പോള്‍ അയാള്‍ എന്തെന്നില്ലാത്ത ഒരു ആത്മ അനുഭൂതി അനുഭവിക്കുന്നു. അയാള്‍ക്കു മുമ്പില്‍ പുതിയ പുറങ്ങള്‍ തുറക്കപ്പെടുന്നു. അവ വഴിവീണ്ടും വീണ്ടുംഉള്ളിലേക്ക് പോകുമ്പോഴാവട്ടെ അത് ആ വിഷയത്തെ ഹൃദയപൂര്‍വം ഉള്‍ക്കൊള്ളാനും അതിനു വേണ്ടി ത്യാഗം ചെയ്യാനുമുള്ള താല്‍പര്യമായി മാറുന്നു. കലാകാരന്മാരും കവികളും എല്ലാം തങ്ങളുടെ ആസ്വാദന മനസ്സിനെ മൂര്‍ച്ച കൂട്ടിയെടുക്കുന്നത് ഈ വഴിയാണ്. സത്യത്തെ കണ്ടെത്തുക, ആത്മാര്‍ഥത പുലര്‍ത്തുക, ആത്മാനുഭൂതി അനുഭവിക്കുക തുടങ്ങിയവയെല്ലാം ഇസ്‌ലാമിക തത്വങ്ങളുടെ വികാരക്കാതലുകള്‍ കൂടിയാണ്. പ്രമാണങ്ങളെ സ്വാംശീകരിച്ച് സ്രഷ്ടാവില്‍ വിലയം പ്രാപിച്ച് ഐഹിക ജീവിതം ജീവിച്ചുതീര്‍ക്കുക എന്ന പരമമായ ലക്ഷ്യത്തിലെത്താന്‍ ചിന്ത വലിയ സഹായകമാണ്.

സാമൂഹ്യ പരിസരത്തേക്ക് വരുമ്പോള്‍ അവിടെ ചിന്ത ഉണ്ടാക്കുന്ന ഏറ്റവും വലിയൊരു നേട്ടമാണ് അച്ചടക്കം. ശരിയായ ചിന്താശേഷിയുള്ളവര്‍ ശാന്തരായിരിക്കും എന്നത് പൊതു നിരീക്ഷണമാണ്. അവര്‍ ഓരോ വിഷയത്തിലും അതിന്റെ അകക്കാമ്പ് തേടാന്‍ ശ്രമിക്കുമ്പോള്‍ അതില്ലാത്തവര്‍ ബാഹ്യമായ വികാരങ്ങള്‍ മാത്രം ചികയുകയായിരിക്കും. അവര്‍ക്കു പഥ്യം ആ വികാരങ്ങളാണ്. അതിനുമപ്പുറത്തെ വിവേകത്തിലേക്ക് അവര്‍ വരുന്നില്ല. ബാഹ്യമായ വികാരങ്ങളാവട്ടെ പലപ്പോഴും ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുകയായിരിക്കും ചെയ്യുക. അതുകൊണ്ടാണ് അത്തരക്കാര്‍എപ്പോഴും പ്രശ്‌നക്കാരായി അവശേഷിക്കുന്നത്. നമ്മുടെ സാമൂഹ്യ പരിസരങ്ങളുടെ പ്രക്ഷുബ്ധത ശരിക്കും വിലയിരുത്തി നിരീക്ഷിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്നതാണ് ഇക്കാര്യം.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending