ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കുന്ന ഇടതുസര്‍ക്കാര്‍

ഡോ. ടി. സൈനുല്‍ ആബിദ്

ഇടതുസര്‍ക്കാര്‍ ഏതാണ്ട് പകുതി സമയം പിന്നിട്ടപ്പോള്‍ കേരള ചരിത്രത്തില്‍ ആദ്യമായി വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയും രവീന്ദ്രനാഥില്‍ നിന്നും കോളജിയേറ്റ് എജ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവ എടുത്തു മാറ്റി ഉന്നതവിദ്യാഭ്യാസത്തിനു മാത്രമായി ഈ മന്ത്രിസഭയില്‍ അതുവരെ തദ്ദേശ സ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ടി ജലീല്‍ നിയമിക്കപ്പെടുകയും ചെയ്തു. ഫലത്തില്‍ രണ്ട് കോളജ് അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പ് പങ്കിട്ടു ഭരിക്കുന്ന സ്ഥിതി വിശേഷം. എന്നിട്ടും വിദ്യാഭ്യാസരംഗത്ത് കേരളത്തില്‍ കാതലായ മുന്നേറ്റമോ ഗുണകരമായ പദ്ധതികളോ ആവിഷ്‌കരിച്ചു നടപ്പാക്കാനായില്ല എന്ന് മാത്രമല്ല, ഏറ്റവും വലിയ കെടുകാര്യസ്ഥതയുടെയും അനീതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇടമായി ആ മേഖല മാറി എന്നതാണ് പരമാര്‍ത്ഥം.

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മയും പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരവും പരിശോധിച്ച് ഗ്രേഡിങ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1994ല്‍ സ്ഥാപിച്ചതാണ് നാക്ക് (നാഷണല്‍ അസസ്‌മെന്റ് ആന്റ്അക്രഡിറ്റേഷന്‍ കൗണ്‍സില്‍). കേരളത്തിലെ കോളജുകളും യൂണിവേഴ്‌സിറ്റികളുമെല്ലാം ഇപ്പോള്‍ നാക്കിന്റെ തേര്‍ഡ് സൈക്കിള്‍ അക്രഡിറ്റേഷന്‍ പൂര്‍ത്തിയാക്കുകയോ അല്ലെങ്കില്‍ അതിനായുള്ള തയ്യാറെടുപ്പുകളിലോ ആണ്. ഒന്നും രണ്ടും വിസിറ്റുകളില്‍നിന്നും വ്യത്യസ്തമായി ഏറെ കടമ്പകള്‍ നിറഞ്ഞതാണ് നാക്ക് തേര്‍ഡ് സൈക്കിള്‍ വിസിറ്റ്. സെമസ്റ്റര്‍ സമ്പ്രദായം നടപ്പില്‍ വന്നതിനുശേഷം പരീക്ഷകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച കലാലയങ്ങളില്‍ നാക്കിനായുള്ള തയ്യാറെടുപ്പുകളും തുടങ്ങിയാല്‍പിന്നെ വിദ്യാര്‍ത്ഥികളുടെ കാര്യം കഷ്ടമാണ്. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ സാക്കുമായി കടന്നുവരുന്നത്. നാക്കിന്റെ അതേ മാതൃകയില്‍ സ്റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ (ടഅഅഇ) എന്ന പേരില്‍ മറ്റൊരു പരിശോധനാസമിതി തയ്യാറാക്കിയിരിക്കുന്നു. തീര്‍ത്തും അനവസരത്തില്‍ അനാവശ്യമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയവും ഊര്‍ജ്ജവും പണവും ചിലവഴിക്കുന്നതിന് മാത്രമാണിത്.

ദേശീയ തലത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന ഒരു അക്രഡിറ്റേഷന്‍ പൂര്‍ത്തിയാക്കി അതില്‍ ഗ്രേഡ് കരസ്ഥമാക്കുന്ന സ്ഥാപനങ്ങള്‍ക്ക്പിന്നെ എന്തിനാണ് സംസ്ഥാന തലത്തില്‍ മറ്റൊരു അക്രഡിറ്റേഷന്‍ എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തതയില്ല. അത്‌കൊണ്ടുതന്നെ സാക്കുമായി സഹകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതുവരെ തയ്യാറായിട്ടുമില്ല. നാക്കിന്റെ പുതിയ നിയമാവലിപ്രകാരം ഏഴു ക്രൈറ്റീരിയയാണ് പൂര്‍ത്തിയാക്കേണ്ടത് എങ്കില്‍ സാക്കിനത് പത്താണ്. യാതൊരു തത്വദീക്ഷയുമില്ലാതെ കുറെ വിരമിച്ച അധ്യാപകര്‍ക്ക് പിയര്‍ടീം എന്ന പേരില്‍ ഇറങ്ങിനടക്കുന്നതിനായി മാത്രം വിദ്യാര്‍ത്ഥികളുടെ പഠന സമയം ഇനിയും മുടക്കേണ്ടതുണ്ടോ?.

മുസ്‌ലിം, ക്രിസ്ത്യന്‍, ഈഴവ അടക്കമുള്ള ഒ. ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത വരുമാന പരിധിയില്‍ അതത് എയ്ഡഡ് സ്‌കൂളുകളിലും കോളജുകളിലും സൗജന്യ പഠനം ഇക്കാലമത്രയും നല്‍കിവന്നിരുന്നത് കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുന്നു. ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി പി.ജി പഠനത്തിന് പരീക്ഷാഫീസ് അടക്കം അയ്യായിരത്തിലധികം രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ വരുത്തിവെച്ചിരിക്കുന്നത്. ഫീസ് ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച അറിയിപ്പ് വളരെ തന്ത്രപരമായി ജില്ലാ പട്ടികജാതി ഓഫീസുകളില്‍നിന്നും കഴിഞ്ഞവര്‍ഷം നേരിട്ട് അതത് സ്ഥാപനങ്ങളെ അറിയിക്കുകയും ഈ വര്‍ഷം സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരിക്കുന്നു. ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കിവന്നിരുന്ന ആനുകൂല്യം അകാരണമായി പിന്‍വലിച്ച സര്‍ക്കാര്‍ വലിയ അനീതിയാണ് ചെയ്തിരിക്കുന്നത്.

കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ മുതല്‍ ഫിനാന്‍സ് ഓഫീസര്‍ അടക്കമുള്ള ഉന്നത പദവികളില്‍ അതതു കാലത്ത് ഭരിക്കുന്ന സര്‍ക്കാറുകളാണ് നിയമനം നടത്താറുള്ളത്. ആ പദവികള്‍ക്ക് യോഗ്യരായ എല്ലാ വിഭാഗക്കാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കാറുണ്ട്. എന്നാല്‍ ഈ സര്‍ക്കാര്‍ സ്റ്റാറ്റിയൂട്ടറി പദവികളില്‍ നിയമനങ്ങള്‍ നടത്തിയപ്പോഴെല്ലാം ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ അവഗണിച്ചു. ജനസംഖ്യാനുപാതിക പ്രാതിനിധ്യം പോയിട്ട് പ്രാദേശിക പരിഗണനപോലും അവര്‍ക്ക് നല്‍കിയില്ല. പതിമൂന്ന് യൂണിവേഴ്‌സിറ്റികളിലായി ആകെയുള്ള അറുപത്തിയഞ്ച് പോസ്റ്റുകളില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നും മൂന്നു പേരെ മാത്രം പരിഗണിച്ചപ്പോള്‍ അവരേക്കാള്‍ ജനസംഖ്യാ പ്രധിനിധ്യമുള്ള മുസ്‌ലിം വിഭാഗത്തിനും ദലിത് വിഭാഗത്തിനും അത്രപോലും പ്രാതിനിധ്യം നല്‍കിയില്ല എന്നറിയുമ്പോഴാണ് ഈ സര്‍ക്കാറിന്റെ തനിനിറം പുറത്തുവരുന്നത്.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും നാമമാത്രമായ അധ്യാപക അനധ്യാപക നിയമനങ്ങളാണ് നടന്നത്. യൂണിവേഴ്‌സിറ്റികള്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളെല്ലാം സംവരണ അട്ടിമറികള്‍ക്ക് സഹായകമായതുമാണ്. കാലിക്കറ്റ് സര്‍വകലാശാല ഈയിടെ പുറപ്പെടുവിച്ച 116 അധ്യാപകരെ നിയമിക്കുന്നതിനായുള്ള വിജ്ഞാപനത്തില്‍ സംവരണ തത്വങ്ങള്‍ പാലിച്ചില്ലെന്ന് മാത്രമല്ല, ഏതെല്ലാം തസ്തികകളിലാണ് സംവരണമെന്നത് വേര്‍തിരിച്ചു രേഖപ്പെടുത്തിയത് പോലുമില്ല. അപേക്ഷകള്‍ വന്നതിന്‌ശേഷം സംവരണ വിഭാഗങ്ങളില്‍പെട്ടവരുടെ അപേക്ഷകള്‍ തീരെ ഇല്ലാത്ത സബ്ജക്ടുകള്‍ അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണെന്ന് പിന്നീട് സര്‍ക്കുലര്‍ ഇറക്കി സംവരണത്തില്‍ പകല്‍കൊള്ള നടത്തി അവരെ പടിക്ക് പുറത്തുനിര്‍ത്തുന്നതിനാണ് ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ഇടതുപക്ഷ സിന്‍ഡിക്കേറ്റും താല്‍ക്കാലിക വി.സി ചാര്‍ജ് വഹിക്കുന്ന മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

മാത്രമല്ല 2500 രൂപയാണ് ഒരു തസ്തികയിലേക്ക് അപേക്ഷ നല്‍കാനുള്ള ഫീസ്. ഫലത്തില്‍ ജനറല്‍ അടക്കം എല്ലാ വിഭാഗത്തില്‍പെട്ടവരും എല്ലാ തസ്തികയിലേക്കും അപേക്ഷ നല്‍കുന്നതിനാല്‍ ഈയിനത്തില്‍ നല്ലൊരു തുക പിരിച്ചെടുക്കുകയും ചെയ്യാം. സര്‍വകലാശാലാ ഭരണാധികാരികളുടെ തെറ്റായ തീരുമാനത്തിതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ.സി. ടി) എം.എല്‍.മാരുടെ നേതൃത്വത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ കണ്ട് പരാതി നല്‍കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റിയോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്.

കേരളത്തിലെ പല യൂണിവേഴ്‌സിറ്റികളിലും ഇപ്പോള്‍ പഠന ബോര്‍ഡുകള്‍ നിലവിലില്ല. കഴിഞ്ഞ ഒരു വര്‍ഷമായി പഠന ബോര്‍ഡുകള്‍ ഇല്ലാതിരുന്ന കാലിക്കറ്റ് സര്‍വകലാശാല ഈ മാസം രൂപീകരിച്ച പഠന ബോര്‍ഡുകളാകട്ടെ അപാകതകള്‍ നിറഞ്ഞതുമാണ്. മാനദണ്ഡങ്ങളും നിയമാവലികളും സീനിയോറിറ്റിയും മറികടന്നു രൂപീകരിച്ച പഠന ബോര്‍ഡുകള്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകള്‍ക്കിടയില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുകയും പലരും രജിസ്ട്രാര്‍ക്ക് രാജിക്കത്തും പരാതിയും കൈമാറുകയും ചെയ്തിരിക്കുകയാണ്. സ്വന്തക്കാരില്ലാത്തതിനാല്‍ ചില ബോര്‍ഡുകളില്‍ പകുതി അംഗങ്ങളെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. പ്രസ്തുത ബോര്‍ഡുകള്‍ യോഗം ചേരാന്‍ ആവശ്യമായ അംഗങ്ങള്‍ ഇല്ലാതെ വരികയും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പിരിയേണ്ടിവരികയും ചെയ്യും.

പൊളിറ്റിക്കല്‍ സയന്‍സ് പി.ജി ബോര്‍ഡ് ചെയര്‍മാനായി ഹിസ്റ്ററി അധ്യാപകനെയാണ് നിയമിച്ചത്. ഒരേ അധ്യാപകനെതന്നെ രണ്ടു വ്യത്യസ്ത ബോര്‍ഡുകളുടെ ചെയര്‍മാന്‍ ആക്കിയപ്പോള്‍ ദലിത്, മുസ്‌ലിം വിഭാഗത്തില്‍പെട്ടവരെ പൂര്‍ണമായും അവഗണിക്കുകയും ചെയ്തു. വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, ഫംഗ്ഷണല്‍ ഇംഗ്ലീഷ് എന്നീ പഠന ബോര്‍ഡുകളില്‍ ഓരാളെ പോലും ആ സബ്ജക്ടുകളില്‍നിന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എത്രയോ പ്രഗല്‍ഭ അധ്യാപകരെ ഒഴിവാക്കുകയും അതേസമയം പുറമെനിന്നുള്ള ഇഷ്ടക്കാരെ പല ബോര്‍ഡുകളിലായി ആവര്‍ത്തിച്ച് ഉള്‍പ്പെടുത്തുകയും ചെയ്തു. പഠന ബോര്‍ഡ് രൂപീകരണ സമയത്ത് യോഗ്യതയും പ്രവൃത്തിപരിചയവും മാനദണ്ഡമായി പറയുന്നവര്‍ അതെല്ലാം കാറ്റില്‍പറത്തി എന്ന് മാത്രമല്ല സ്വന്തക്കാരെ നിയമിക്കുന്നതിന് വ്യാജ ഡോക്ടറേറ്റും പതിച്ചുനല്‍കി.

നാക്ക് എപ്ലസ് നേടിയ കോളജുകളില്‍ മാത്രമായി പുതിയ കോഴ്‌സുകള്‍ അനുവദിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് നിര്‍ദ്ദേശം സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നതിനേക്കാള്‍ വലിയ പ്രാദേശിക അസംതുലിതാവസ്ഥ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കും. കൂടുതല്‍ കോഴ്‌സുകളും അടിസ്ഥാന സൗകര്യങ്ങളും ഉള്ള കോളജുകള്‍ക്കാണ് സംസ്ഥാനത്ത് നാക്കിന്റെ പരിഷ്‌കരിച്ച നിയമാവലിപ്രകാരം എ പ്ലസ് ഗ്രേഡ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ ഭൂരിപക്ഷവും തെക്കന്‍ കേരളത്തിലെ എയ്ഡഡ് കോളജുകള്‍ക്ക് മാത്രവുമാണ്.

ഈ സാഹചര്യത്തില്‍ ഇത്തരം മാനദണ്ഡത്തില്‍ കോഴ്‌സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചാല്‍ ഭൂരിപക്ഷം സര്‍ക്കാര്‍ കോളജുകള്‍ക്കും വടക്കന്‍ കേരളത്തിലെ ഭൂരിപക്ഷം എയ്ഡഡ് കോളജുകള്‍ക്കും പുതിയ കോഴ്‌സുകള്‍ ലഭിക്കാതെ വരും. അതിനാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പ്രാദേശിക അസംതുലിതാവസ്ഥ ഇനിയും വര്‍ധിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയ പ്രകാരം കൂടുതല്‍ കോഴ്‌സുകള്‍ ഉള്ളഓട്ടോണമസ് കോളജുകള്‍ക്ക് മാത്രമാണ് ഭാവിയില്‍ നിലനില്‍പ്പ്. അത്തരം സാഹചര്യത്തില്‍ ഒരു വിഭാഗം കോളജുകളില്‍ മാത്രം കോഴ്‌സുകള്‍ അനുവദിച്ച് അവരെ മാത്രം സംരക്ഷിക്കാനുള്ള നീക്കം കൂടിയാണിത്. നാക് എപ്ലസ് എന്ന മാനദണ്ഡം മറയാക്കി വടക്കന്‍ കേരളത്തെ ഇനിയും പിന്നാക്കാവസ്ഥയിലേക്ക് തള്ളിവിടാനുള്ള സര്‍ക്കാര്‍ നീക്കം തിരുത്തപ്പടണം.

2016ല്‍ യു.ജി.സി പ്രഖ്യാപിക്കുകയും രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നടപ്പിലാക്കിയതുമായ ഏഴാം ശമ്പള പരിഷ്‌ക്കരണം സംസ്ഥാനത്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാതെ തുടര്‍ച്ചയായി അവ്യക്തമായ ഉത്തരവുകള്‍ ഇറക്കി അധ്യാപകരെ നിരന്തരം അപമാനിക്കുയാണ്. കോളജ് അധ്യാപകരുടെ ശമ്പളം ഹയര്‍സെക്കന്‍ഡറി അധ്യാപകരേക്കാള്‍ താഴ്ന്ന അവസ്ഥയിലാണിപ്പോള്‍. എം.ഫില്‍/പി.എച്ച്.ഡി എന്നിവക്ക് നല്‍കിവന്നിരുന്ന അധിക ഇന്‍ക്രിമെന്റ് അടക്കം പല ആനുകൂല്യങ്ങളും അകാരണമായി സര്‍ക്കാര്‍ നിര്‍ത്തലാക്കി. കോളജുകളില്‍ കാലങ്ങളായി നിലവിലുള്ളതും നിരവധി അധ്യാപകര്‍ ജോലി ചെയ്തുവരുന്നതുമായ പി.ജി കോഴ്‌സുകളുടെ വെയ്‌റ്റേജ് എടുത്തുമാറ്റി വര്‍ക്ക്‌ലോഡ് വെട്ടിച്ചുരുക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഇതിലൂടെ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് ഏറ്റവും വലിയ അനീതിയും തൊഴില്‍ സുരക്ഷാനിയമങ്ങളുടെ ലംഘനവുമാണ്. കേരളത്തില്‍ ഒരോ കോളജിലും പത്ത് മുതല്‍ ഇരുപത് വരെ അധ്യാപക തസ്തികകള്‍ വെട്ടിമാറ്റാന്‍ കഴിയുന്ന കരിനിയമമാണിത്.

പുതിയതായി അനുവദിച്ച കോഴ്‌സുകള്‍ക്ക് തസ്തികകള്‍ അനുവദിക്കുന്നു എന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ മൂന്നോ നാലോ പോസ്റ്റുകള്‍ അനുവദിക്കുന്നതിനായി നിലവിലുള്ള പത്തിലധികം പോസ്റ്റുകള്‍ ഒരോ കോളജില്‍നിന്നും ഇല്ലാതാക്കുന്ന തന്ത്രമാണ് പി.ജി വെയ്‌റ്റേജ് ഒഴിവാക്കുന്നതിലൂടെ ചെയ്യുന്നത്. കേരളത്തില്‍ നിലവിലുള്ള അഞ്ഞൂറോളം കോളജ് അധ്യാപക തസ്തികകള്‍ അന്യാമായി വെട്ടിക്കുറച്ച് പുതിയ കോഴ്‌സുകള്‍ക്ക് ഏതാനും തസ്തികകള്‍ അനുവദിച്ചു എന്ന് പെരുമ്പറ മുഴക്കുന്ന സര്‍ക്കാര്‍ ഏറ്റവും വലിയ അധ്യാപക വിദ്യാര്‍ത്ഥി ദ്രോഹ നടപടിക്കാണ് മുതിരുന്നത്. മാത്രമല്ല ഒരു അധ്യാപക തസ്തികക്ക് പതിനാറ് മണിക്കൂര്‍ എന്നത് നിര്‍ബന്ധമാക്കുന്നതിലൂടെ കോംപഌമെന്ററി പേപ്പറുകളുടെ അനേകം തസ്തികകള്‍ ഇതിന്റെ പേരില്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നു.

കേരളത്തില്‍ 2013 മുതല്‍ അനുവദിച്ച പുതിയ കോഴ്‌സുകള്‍ക്ക് എയ്ഡഡ് കോളജുകളില്‍ ഇതുവരെ തസ്തിക നിര്‍ണയം നടത്തിയിട്ടില്ല. എത്രയോ അധ്യാപകര്‍ ആ പോസ്റ്റുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കേരളത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്പകരം ആസൂത്രിതമായി അവരെ അന്യവത്കരിക്കുന്ന ഇടതു സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ തിരുത്തപ്പെടേണ്ടതാണ്. കോളജ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്തു എന്നതാണ് കഴിഞ്ഞ നാലു വര്‍ഷമായി ഇടതു സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച ഏക നേട്ടം. അവരോട് ഇത്രയും വലിയ അനീതി കാണിച്ച ഒരു ഗവണ്‍മെന്റും കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല.

SHARE