സിനിമയുടെ ഗതികേട്

ചിക്കു ഇര്‍ഷാദ്

കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നു എന്ന എക്‌സൈസ് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് സിനിമാ മേഖല ലഹരിക്ക് അടിമപ്പെടുന്നതായ വാര്‍ത്തകള്‍ പുറത്താവുന്നത്. കരാര്‍ വിഷയത്തില്‍ യുവ താരം ഷൈന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള വാക്കു തര്‍ക്കം ചെന്നെത്തിനില്‍ക്കുന്നത് വാസ്തവത്തില്‍ മലയാള സിനിമ മേഖലയുടെ പിന്നാമ്പുറങ്ങളിലേക്കാണ്. മദ്യവും മദിരാശിയുമെന്ന ദോഷപ്പേരു കേട്ട പഴകകാല സിനിമാ അധോലോകം, കാലം മാറിയപ്പോള്‍ പുതിയ മേഖലതേടി നീങ്ങിതാണെന്ന നിസാരഭാവത്തില്‍ ഒതുക്കാവുന്നതല്ല പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പലതും.

വിവിധ മേഖലകളില്‍ നിന്നായി എക്‌സൈസ് വന്‍ വേട്ടകളില്‍ ഒന്നില്‍ എല്ലെങ്കില്‍ മറ്റൊന്നിലായി സിനിമാ-സീരിയല്‍ മേഖലയിലെ അളുകള്‍ ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ വിദ്യാര്‍ഥി മേഖലയെ പിടികൂടുന്നത് പോലെ തന്നെ സിനിമാ-സീരിയല്‍ മേഖലകളില്‍ തുടക്കക്കാരായ പല യുവതി-യുവാക്കളേയാണ് ലഹരി മാഫിയ നോട്ടമിടുന്നത്. വിവിധ ശൃഖലകളിലൂടെ ഇത്തരക്കാരെ തപ്പിപ്പിടിച്ചു ലഹരിക്ക് അടിമകളാക്കുകയും പിന്നീട് ഇവരെ അതിന്റെ ഇടപാടുകാരാക്കുകയുമാണ് ചെയ്യുന്നത്. പല ചൂഷണങ്ങളാല്‍ സിനിമാ സ്വപ്‌നം പോലും അസ്തമിച്ചുപോയവര്‍ പിന്നീട് വന്‍ ഇടപാടുകാരാവുകയാണ്. ഇത്തരത്തില്‍ ഇടപാടുകാരായ നിരവധിപേരെ എക്‌സൈസ് പൊലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ വന്‍ മാഫിയകളുമായി ബന്ധപ്പെടുന്നതായും സ്ഥിരം ഇടപാടുകാരായി ബാംഗ്ലൂര്‍, ഗോവ, വര്‍ക്കല, കോവളം ഉള്‍പ്പെടെയുള്ള മേഖലകളിലെ ഇടപാടുകാരുമായി ബന്ധമുണ്ടാക്കുന്നതായും പൊലീസിനു ബോധ്യമായിട്ടുണ്ട്.

എറണാകുളത്ത് ലഹരിമരുന്നുമായി നടി അശ്വതി ബാബു പിടിയിലായതും വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ അശ്വതിയുടെ സഹായി കോട്ടയത്തുകാരനായ ഡ്രൈവറായിരുന്നു. സഹായിയില്‍ നിന്നും ലഹരി മരുന്ന് പിടികൂടയതിന് രണ്ടു മാസത്തിനിടെയാണ് നടിയെ അതേ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യുന്നത്. നടി ലഹരിമരുന്നിന് അടിമയാണെന്ന വിവരവും അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇവരുടെ ഫഌറ്റിലെ സ്ഥിരം സന്ദര്‍ശകരായി എത്തുന്നവരില്‍ പലരും സിനിമ, സീരിയല്‍ പ്രവര്‍ത്തകരാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത്തരം നടി നടന്മാരുടെ ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടിയും അനാശാസ്യവും നടക്കാറുള്ളതായും സ്ഥിരീകരിച്ചിട്ടുള്ളത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട പല ലഹരി ഗുളികകളും കൊറിയര്‍ സര്‍വീസുകള്‍ വഴിയാണ് വിതരണം നടക്കുന്നതെന്നാണ് വിവരം.

എറണാകുളം എംജി റോഡിലെ പാഴ്‌സല്‍ കേന്ദ്രം വഴി 200 കോടി രൂപയുടെ രാസലഹരി മരുന്നു കടത്ത് കയ്യോടെ പിടികൂടിയ പൊലീസ്ഇവര്‍ക്കു പിന്നില്‍ കൊച്ചി കേന്ദ്രീകരിച്ച് വിദേശത്തേക്കു ലഹരിമരുന്നു കടത്തുന്ന വന്‍ സംഘമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിലയേറിയ ലഹരിമരുന്ന് ഇന്ത്യയിലേക്കെത്തിയത് ചൈനയില്‍ നിന്നാണെന്നാണ് വിവരം. ഇവ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങി വിദേശ രാജ്യങ്ങളില്‍ എത്തിക്കാന്‍ പദ്ധതി.

കേരളത്തിലെ പ്രമാദമായ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിനിമാ വൃത്തങ്ങളില്‍ നിന്നും പുറത്തുവന്ന വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി വേണ്ടപ്പെട്ടവര്‍ക്ക് ലഹരിയും, സ്ത്രീകളേയും തരപ്പെടുത്തി കൊടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡ്രൈവറായി നിന്നിരുന്ന സുനി സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പലയിടങ്ങളായി വര്‍ഷങ്ങള്‍ ചെലവഴിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഡ്രൈവറായ സുനി സിനിമാ ലൊക്കേഷനില്‍ വെച്ച് ഇത്തരം വിഷയത്തില്‍ കമ്പമുള്ളവരുമായി പെട്ടെന്ന് ചങ്ങാത്തം സ്ഥാപിക്കുകയും പലരേയും കെണിയിലകപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടേയും അനാശാസ്യമായിരുന്നു ടാര്‍ജറ്റ് ചെയ്യപ്പെട്ടിരുന്നത്. ഇത്തരം രഹസ്യ സംഗമങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗിനും ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

യുവനടിക്കുനേരെയുണ്ടായ ആക്രമണത്തിന് സമാനമായി സംവിധായകരുടെ രണ്ടു ഭാര്യമാരുള്‍പ്പെടെ അഞ്ചു നടിമാരെ നേരത്തെ ബ്ലാക്ക് മെയിലിംഗ് ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ലഹരി മരുന്ന് കടത്തു കേസിലെ മുഖ്യ പ്രതിയാ നൈജീരിയക്കാരന്റെ മൊഴി പൊലീസ് മുക്കിയതായ ആരോപണവും ഈ അടുത്ത് പുറത്തായിരുന്നു. നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നുമായി അറസ്റ്റിലായ കേസിലെ മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിനെ പിടികൂടയപ്പോള്‍ നടത്തിയ മൊഴിയായിരുന്നത്. മലയാള സിനിമയിലെ നാല് ന്യൂജെന്‍ നടന്മാരും രണ്ട് സംവിധായകരും രണ്ട് യുവ നിര്‍മ്മാതാക്കളും തന്റെ ഇടപാടുകാരാണെന്നായിരുന്നു ഒക്കാവോ വെളിപ്പെടുത്തിയിരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015 ജനുവരി 31ന് കടവന്ത്ര അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ലഹരിപ്പാര്‍ട്ടിക്കിടെയാണ് ഒക്കാവോ അറസ്റ്റിലായത്. ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ചത് ഇയാളായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കേസില്‍ തുമ്പുമണ്ടാകാത്ത രീതിയില്‍ തിരിമറി നടന്നതായും ആരോപണങ്ങളുണ്ട്.

അതേസമയം, സിനിമാ ലൊക്കേഷനില്‍ ലഹരി മരുന്ന് ഉപയോഗത്തിനെതിരെ നിര്‍മാതാക്കളും താരസംഘടനയായ അമ്മയും അനുകൂല നിലപാടാണ് എടുക്കുന്നത്. നിര്‍മാതാക്കള്‍ പരിശോധന ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥതരാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരുന്നു. ലഹരിയുടെ വിപത്തിനെ മുളയിലേ നുള്ളാന്‍ ആയില്ലെങ്കിലും ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ശരിയായ വഴിയില്‍ നടന്നാല്‍ മലയാള സിനിമയേയും അതുവഴി കേരളത്തിലെ യുവത്വത്തേയും ദുഷ്‌പേരില്‍ തടഞ്ഞു നിര്‍ത്താനാവുമെന്നാണ് പ്രതീക്ഷ.

SHARE