ഗോള്‍വേട്ടയുടെ ഇടവേളയില്‍ മാര്‍ക്കസ് ജോസഫ്

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: തുകല്‍പന്തിന് പിറകേയുള്ള ഓട്ടം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ആളും ആരവവുമില്ലാത്ത അനിശ്ചിതത്വം നിറഞ്ഞ ഇത്തരം ദിനങ്ങള്‍ ജീവിതത്തിലിതുവരയുണ്ടായിട്ടില്ല. പറയുന്നത് ഗോകുലം കേരള എഫ്.സിയുടെ സ്റ്റാര്‍ സ്‌െ്രെടക്കറും ട്രിനിഡാഡ് ആന്റ് ടുബാഗോ താരവുമായ മാര്‍ക്കസ് ജോസഫ്. കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നുള്ള കൊറോണ കാലം വളരെ വിരസമാണ്. പന്തുമായുള്ള കൂട്ടുകെട്ട് തുടരാന്‍ അല്‍പകാലംകൂടി കാത്തിരിക്കേണ്ടിവരുമെന്നറിഞ്ഞതോടെ കോഴിക്കോട് കോട്ടൂളിയിലെ അപ്പാര്‍ട്ട്‌മെന്റിലിരുന്ന് കളിക്കളത്തിലെ മധുരസ്മരണകളുമായി സഹകളിക്കാരുമായി സമയം ചെലവഴിക്കുകാണ് ഗോകുലം ക്യാപ്റ്റന്‍.

ലോകമാകെ പടര്‍ന്നുപിടിക്കുന്ന കൊറോണ ഭീതിയിലും ട്രിനിഡാഡ് ആന്റ് ടുബാഗോയിലെ തന്റെ കുടുംബം സുരക്ഷിതമാണെന്നറിഞ്ഞതിന്റെ ആശ്വാസമുണ്ട് താരത്തിന്റെ മുഖത്ത്. നാട്ടിലെത്തി കുടുംബത്തെ കാണാനാകാത്തതിലെ സങ്കടവും. ഐലീഗില്‍ ഗോകുലത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന മാര്‍ക്കസ് ജോസഫ് ഗോള്‍വേട്ടക്കാരിലും മുന്നിലാണ്. ഇതുവരെ ഏഴ് ഗോള്‍നേടിയ മാര്‍ക്കസ് നാല് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ചരിത്രംതിരുത്തി ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന ഡ്യൂറന്റ്കപ്പ് കിരീടം ഗോകുലത്തിന്റെ ഷെല്‍ഫില്‍ എത്തിക്കുന്നതിലും നിര്‍ണായകം ഈ 29കാരന്റെ പ്രകടനമായിരുന്നു. ഗോള്‍ഡണ്‍ ബോള്‍, ഗോള്‍ഡന്‍ ബൂട്ട് നേട്ടം കൈവരിച്ചതിലൂടെ മലബാറിലെ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയംകീഴടക്കി ഈ ആഫ്രിക്കക്കാരന്‍.

ഐലീഗില്‍ അവശേഷിക്കുന്ന അഞ്ച് മത്സരങ്ങള്‍ വിജയത്തിലെത്തിച്ച് ലീഗില്‍ രണ്ടാംസ്ഥാനക്കാരായി ഗോകുലത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗോകുലം പ്ലേമേക്കര്‍ പറയുന്നു. മുന്‍ സീസണുകളേക്കാള്‍ ഇത്തവണ ഗോകുലം പ്രകടിപ്പിക്കുന്ന പോരാട്ടവീര്യവും താരത്തിന്റെ വാക്കുകളില്‍ പ്രകടം. ഐലീഗിലെ മുന്നേറ്റങ്ങള്‍ക്കിടെ വില്ലനായി കൊറോണയെത്തിയെങ്കിലും ലീഗ് പുനരാരംഭിക്കുമെന്ന മറ്റുള്ളവരെപോലെ പ്രതീക്ഷിക്കുന്നു മാര്‍ക്കസും. മലബാറിയന്‍സ് ആരാധകരുമായുള്ള അനുഭവം ഹൃദ്യമാണെന്ന് മാര്‍ക്കസ് പറയുന്നു. പരിശീലനസമയത്തും മത്സരത്തിന് ശേഷവുമെല്ലാം ആരാധകരുടെ സ്‌നേഹപ്രകടനം മുന്നോട്ടുള്ള യാത്രയില്‍ നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആവേശപൂര്‍വ്വം എത്തുകയും ടീമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെ പിന്തുണയുടെ കരുത്തിലാണ് എതിരാളികളുടെ പോസ്റ്റില്‍ ഗോള്‍ ഗോളടിച്ച്കൂട്ടാന്‍ ശക്തിപകരുന്നതെന്ന് മാര്‍ക്കസ് പറയുന്നു.

SHARE