മതേതര രാജ്യത്തെ നിയമങ്ങളില്‍ മതം കലരുന്നു

കെ.വി വിഷ്ണുദാസ്

ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ കോളനികളായിരുന്ന പല രാജ്യങ്ങളും സ്വാതന്ത്ര്യാനന്തരം പട്ടാള ഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും വിഭജനങ്ങളിലേക്കും രാഷ്ട്രീയ സാമൂഹിക അരക്ഷിതാവസ്ഥയിലേക്കും അരാജകത്വത്തിലേക്കും കാലിടറിവീണപ്പോള്‍, ഇത്രയേറെ മതങ്ങളും ജാതികളും വര്‍ഗങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യ എഴുപതിലേറെ വര്‍ഷക്കാലം നിലകൊള്ളുന്നത് ഇവിടുത്തെ ജനാധിപത്യ വ്യവസ്ഥിതിയുടെയും ദീര്‍ഘവീക്ഷണത്തോടെ എഴുതപ്പെട്ട ഭരണഘടനയും നീതിന്യായ വ്യവസ്ഥയും മതേതരത്വ മൂല്യങ്ങളും കൈമുതലായി ഉണ്ടായിരുന്നതുകൊണ്ടാണ്. അഭിമാനത്തോടെ ഏറ്റുപറഞ്ഞ ഒരുമയുടെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍ 2014ല്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ അധികാരമേറ്റതിന്‌ശേഷം അടിച്ചമര്‍ത്തപ്പെടുകയാണ്.

ഒരുകൂട്ടം ആളുകള്‍ രാജ്യത്തിന്റെ അടിത്തറ ഇളക്കുകയാണ്. അതിന്റെ പ്രകമ്പനം ഓരോ വീടുകളുടെ വാതിലുകളിലും കലാപമായും അടിച്ചമര്‍ത്തലായും വരാന്‍ അധികം നാളെടുക്കുമെന്ന് തോന്നുന്നില്ല. പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ‘മുസ്‌ലിംകളല്ലാത്ത’ എല്ലാവര്‍ക്കും പൗരത്വ അവകാശം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ (Citizenship (Amen-dment) Bill, 2019) ഈ ശൈത്യകാല സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള തത്രപ്പാടിലാണ് ഭരണകൂടം. വ്യക്തമായി ഒരു മതത്തിലെ ആളുകളെ മാത്രം ഒഴിവാക്കി, മതത്തിന്റെ പേരില്‍ തന്നെ വേര്‍തിരിവ് കാണിക്കുന്ന നിയമം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സഭ പാസ്സാക്കാനിരിക്കുന്നു. സെക്കുലര്‍ എന്ന് അവകാശ പെടുന്ന രാജ്യം എന്നുമുതലാണ് നിയമങ്ങളില്‍ മതത്തിനു ഇടം നല്‍കിയത്? അനധികൃതമായി കുടിയേറിയവരില്‍ മുസ്‌ലിംകള്‍ മാത്രം എങ്ങനെ യാണ് വിവേചനത്തിന് ഇരയാകുന്നത്? ഒരു മതത്തിന്റെ വളര്‍ച്ചയും നിലനില്‍പ്പും മാത്രം ആഗ്രഹിക്കുന്നവര്‍ ഭരണകൂടമായാല്‍ ന്യൂനപക്ഷങ്ങള്‍ തുടച്ചുനീക്കപ്പെടേണ്ടവരാകുന്നത് എങ്ങനെ?

ഭരണഘടനയില്‍ എഴുതിവെച്ചിരിക്കുന്ന മൗലികാവകാശങ്ങളെ ഇത്ര പ്രത്യക്ഷമായി ധിക്കരിക്കുന്ന, പരിഹസിക്കുന്ന നിയമം ചരിത്രത്തില്‍ തന്നെ ഉണ്ടാകില്ല. പല മതക്കാരും നൂറ്റാണ്ടുകളായി ഒന്നിച്ചുവസിക്കുന്ന രാജ്യത്ത് ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയിരുന്ന ‘ഭിന്നിപ്പിച്ചു ഭരിക്കല്‍’ നയത്തെ അപ്പാടെ ആവര്‍ത്തിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. ജാതിയുടെയോ മതത്തിന്റെയോ വര്‍ഗത്തിന്റെയോ വര്‍ണത്തിന്റെയോ വിവേചനമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണേണ്ട ജനാധിപത്യ ഭരണകൂടംതന്നെ നീതിയെ കൊലപ്പെടുത്തി വര്‍ഗീയതയെ ന്യായീകരിക്കുകയാണ്.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കപ്പെടുന്നു എന്നത് മാത്രമല്ല ഈ നിയമ ഭേദഗതിയുടെ പ്രശ്‌നം. മുസ്‌ലിംകളെ അതിന്റെ തുടക്കകാലം തൊട്ടുതന്നെ പ്രതിസ്ഥാനത്തു ആരോഹിച്ച് രാജ്യത്തിന്റെ ഒരു ചരിത്രത്തിലും ഇടംനല്‍കേണ്ടവരല്ല എന്ന് ആരോപിച്ചു കലാപങ്ങളിലൂടെയും ആള്‍ക്കൂട്ടക്കൊലയിലൂടെയും കൊന്നൊടുക്കാന്‍ വെമ്പല്‍കൊള്ളുന്ന ഒരു പ്രസ്ഥാനവും അവരുടെ ആശയങ്ങളെ ആവാഹിച്ച സര്‍ക്കാറുമാണ് ഭരണത്തില്‍. അവര്‍ നടപ്പിലാക്കുന്ന നിയമമാണ് ഇതെന്ന് വിസ്മരിച്ചുകൂടാ.

അനധികൃതമായി കുടിയേറുന്നവര്‍ക്ക് പൗരത്വം നല്‍കുന്നത് വിലക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന് മാറ്റംവരുത്തുമ്പോള്‍ മുസ്‌ലിംകളല്ലാത്ത മറ്റെല്ലാവര്‍ക്കും മാത്രമായി പൗരത്വം സാധ്യമാക്കുന്ന ഭേദഗതി കൊണ്ടുവരുന്നതില്‍ എന്ത് ന്യായമാണ് ഈ സര്‍ക്കാരിന് അവകാശപ്പെടാനുള്ളത്. 1955 പൗരത്വ നിയമമാണ് ഭേദഗതി ചെയ്യുന്നത്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് അതായത് ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പൗരത്വം തെളിയിക്കാനാകാത്തവരെ രാജ്യത്ത്‌നിന്ന് പുറത്താക്കുന്ന നടപടികള്‍ക്ക് അസമില്‍ നിന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍ ഈ പട്ടികയില്‍ ഹിന്ദുക്കളും ഉള്‍പ്പെടുന്നു എന്നതാണ് ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നത്. ഒരൊറ്റ ഹിന്ദുവിനും ഇന്ത്യ വിട്ടുപോകേണ്ടിവരില്ലെന്നും മേല്‍പറഞ്ഞ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത് വലിയ വിവാദമായിരുന്നു.

മതാടിസ്ഥാനത്തില്‍ നിയമവിരുദ്ധ കുടിയേറ്റവും പൗരത്വവും നിര്‍ണയിക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലിനെ വിവാദപരവും ഭരണഘടനാവിരുദ്ധ മാനങ്ങളുള്ളതുമായി മാറ്റുന്നത്. കഴിഞ്ഞ 12 മാസവും കഴിഞ്ഞ 14 വര്‍ഷത്തിനിടെ 11 വര്‍ഷവും ഇന്ത്യയില്‍ താമസിച്ചിട്ടുള്ളവര്‍ക്കാണ് 1955ലെ നിയമ പ്രകാരം പൗരത്വത്തിന് അര്‍ഹതയുള്ളത്. പുതിയ ഭേദഗതി ഈ 11 വര്‍ഷം ആറ് വര്‍ഷമായി കുറച്ചു. ഇന്ത്യയില്‍ ജനിച്ച ഒരാള്‍ക്ക്, അല്ലെങ്കില്‍ ഇന്ത്യന്‍ മാതാപിതാക്കളുള്ളവര്‍ക്ക്, ഒരു പ്രത്യേക കാലപരിധിയില്‍ ഇന്ത്യയില്‍ താമസിച്ചിട്ടുള്ളവര്‍ക്കും പൗരത്വം നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. അതേസമയം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ വിദേശികളാണ്. മതിയായ യാത്രാരേഖകളില്ലാതെ പാസ്‌പോര്‍ട്ട്, വിസ, മറ്റ് രേഖകള്‍ എന്നിവയില്ലാതെ രാജ്യത്തെത്തുന്നവരും യാത്രാരേഖകളുണ്ടെങ്കിലും വിസാകാലാവധിക്കപ്പുറം അനുമതിയില്ലാതെ താമസിക്കുന്നവരും 1955ലെ നിയമ പ്രകാരം നിയമവിരുദ്ധ കുടിയേറ്റക്കാരാണ്. ഇവരെ ജയിലിടക്കുകയോ, 1946ലെ വിദേശി നിയമം (The Foreigners Act), 1920ലെ പാസ്‌പോര്‍ട്ട് നിയമം (The Passport Etnry into India Act) എന്നിവ പ്രകാരം നാട് കടത്തുകയോ ചെയ്യാം.

2016 ജൂലൈ 19നാണ് ആദ്യമായി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആഗസ്ത് 12ന് ബില്‍ പരിശോധനക്കായി ജെ.പി.സിക്ക് (ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി) റഫര്‍ ചെയ്തു. ജനുവരി എട്ടിന് ബില്‍ ലോക്‌സഭ പാസാക്കി. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തുടങ്ങിയത് മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. അസമില്‍ അസം ഗണപരിഷദ് അടക്കമുള്ളവ പ്രക്ഷോഭങ്ങളുടെ ഭാഗമായി. രാജ്യസഭ ഫെബ്രുവരി 13ന് നിര്‍ത്തിവച്ചു. രാജ്യസഭയില്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 16ാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ ലാപ്‌സായി. പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ അനുസരിച്ച് രാജ്യസഭയുടെ പരിഗണനയിലുള്ളതും ലോക്‌സഭ പാസാക്കാത്തതുമായ ബില്ലുകള്‍ രാജ്യസഭയില്‍ ലാപ്‌സാകില്ല. എന്നാല്‍ ലോക്‌സഭ പാസാക്കുകയും രാജ്യസഭ പാസാക്കാത്തതുമായ ബില്ലുകള്‍ ലോക്‌സഭ കാലാവധി അവസാനിക്കുന്നതോടെ ലാപ്‌സാകും.

മുസ്‌ലിംകളെ പുറത്താക്കാന്‍ ലക്ഷ്യമിടുന്നു എന്നതാണ് പൗരത്വ ഭേഗതി ബില്ലിനെതിരായ ഏറ്റവും പ്രധാന പരാതി. എല്ലാ പൗരന്മാര്‍ക്കും മത, സാമുദായിക, ജാതി, ലിംഗ ഭേദങ്ങള്‍ക്ക് അതീതമായി സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് ബില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. ഭരണഘടനയില്‍ പറയുന്നത്, ‘ഇന്ത്യന്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒരു വ്യക്തിയുടെയും’ നിയമത്തിനുമുന്നിലെ സമത്വമോ, നിയമത്തിന്റെ തുല്യസംരക്ഷണമോ മതം, വര്‍ഗം, ജാതി, ലിംഗം, ജന്മനാട് എന്നിവയുടെ പേരില്‍ നിഷേധിക്കാന്‍ രാജ്യത്തിന് കഴിയില്ല എന്നാണ്. ഇങ്ങനെയൊരു മൗലികാവകാശംതന്നെ നിലനില്‍ക്കുമ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത കുടിയേറ്റക്കാരെ സര്‍ക്കാര്‍തന്നെ വേര്‍തിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. രാജ്യത്തിന്റെ പരമോന്നത നിയമസംഹിതയെ തന്നെ അട്ടിമറിച്ചു നിയമങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് രാജ്യത്തെതന്നെ ഇല്ലാതാക്കാന്‍ കഴിയും.

2019ല്‍ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അസമിലെത്തിയപ്പോള്‍ അസം ഗണ പരിഷത് അടക്കമുള്ളവ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കരിങ്കൊടികളുമായാണ് മോദിയെ സ്വീകരിച്ചത്. അസമിലും മേഘാലയയിലും മിസോറാമിലുമെല്ലാം ശക്തമായ പ്രതിഷേധമുണ്ടായി. തങ്ങളുടെ തൊഴിലവസരങ്ങള്‍ ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാര്‍ തട്ടിയെടുക്കും, തദ്ദേശീയ ജനവിഭാഗങ്ങള്‍ ന്യൂനപക്ഷമാക്കപ്പെടും തുടങ്ങിയ വംശീയമായ ആശങ്കകളാണ് വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളിലുള്ളത്. ബംഗാളി മുസ്‌ലിംകള്‍ക്കെതിരെ അസമിലെ ബോഡോകള്‍ നടത്തിവന്നിരുന്ന ആക്രമങ്ങളുടെ സമയത്ത് മുസ്‌ലിം കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ബോഡോകള്‍ക്ക് പിന്തുണ നല്‍കുകയുമാണ് ബി.ജെ.പി ചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേടിയ വിജയങ്ങള്‍ക്കും ഭൂരിപക്ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അധികാരം നേടുകയും ചെയ്തതിന് പിന്നില്‍ ഈ കുടിയേറ്റ വിരുദ്ധ പ്രചാരണത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ സഖ്യകകക്ഷികളില്‍ നിന്നടക്കം അവര്‍ക്കെതിരെ പ്രതിഷേധമുയരാന്‍ ഇടയാക്കി.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരത്തില്‍ തന്നെ ബംഗ്ലാദേശില്‍നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൃത്യമായി വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയാണ് പ്രചാരണമെന്ന് എതിരാളികള്‍ ആരോപിച്ചു. അമിത്ഷാ ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ബംഗ്ലാദേശില്‍നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാരെ ലക്ഷ്യംവെച്ചുള്ള ഈ പ്രചാരണം ശക്തമാക്കി. രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായശേഷം പൊതുയോഗത്തില്‍ പ്രസംഗിക്കവേ, രേഖകളില്ലാത്ത ഏതൊക്കെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കും എന്ന് വ്യക്തമാക്കുകയുണ്ടായി. മതാടിസ്ഥാനത്തില്‍ തന്നെയാവും പൗരത്വം നല്‍കുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ ദേശീയ പൗരത്വ പട്ടിക വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കപ്പെട്ടുവെന്ന ആരോപണവും ഉണ്ടായി. അസമില്‍ ഹിന്ദുക്കളും പൗരത്വ പട്ടികയില്‍നിന്ന് പുറത്താകുന്നു എന്ന് വ്യക്തമായതോടെ പൗരത്വ പട്ടികയെ വിമര്‍ശിച്ച് ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ രംഗത്ത്‌വരാന്‍ തുടങ്ങി. രാജ്യത്താകെ പൗരത്വ പട്ടിക നടപ്പാക്കുമെന്നും അതേസമയം അസമില്‍ സംഭവിച്ച ‘തെറ്റുകള്‍’ തിരുത്തും എന്നും അമിത്ഷാ പറഞ്ഞിരുന്നു.

നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷവും മ്യാന്‍മറിലും ശ്രീലങ്കയിലും ബുദ്ധിസ്റ്റ് ഭൂരിപക്ഷ മതതീവ്രവാദികളില്‍നിന്ന് ആക്രമണങ്ങള്‍ നേരിടുന്നവരുമായ മുസ്‌ലിംകളെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കും ന്യായങ്ങള്‍ക്കും ഭരണഘടനക്കും ജനാധിപത്യത്തിനും മതേതരത്വത്തിനുമൊന്നും വില കല്‍പ്പിക്കാത്ത ഒരു കൂട്ടമാണ് ഭരണത്തിലിരിക്കുന്നത് എന്നതുതന്നെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

SHARE