ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

പ്രൊഫ. പി.കെ.കെ. തങ്ങള്‍

മനുഷ്യന്‍ ജന്മംകൊള്ളുന്നത് പരിപൂര്‍ണ്ണ സ്വതന്ത്രനായിട്ടാണ്; ഒരു വിധേയത്വവും ഒന്നിനോടുമില്ലാതെ. പിറന്നുവീഴുന്ന നേരംതൊട്ട് അവന്റെ സഹചര്യമാണ് അവനെ രൂപപ്പെടുത്തുന്നത്. കാണുന്ന നിറവും കേള്‍ക്കുന്ന ശബ്ദവും, അനുഭവിക്കുന്ന ചൂടും തണുപ്പും രുചിയുമെല്ലാം അവന്റെ സ്വഭാവത്തെയും വളരുന്തോറുമുള്ള കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നു. അതിന്‍പ്രകാരം അവന്‍ ഭാവിയില്‍ ആയിത്തീരുകയും ചെയ്യുന്നു. ഇതനുസരിച്ച് മനസ്സിലാക്കാവുന്ന ഒരു കാര്യം ശൈശവം തൊട്ട് ശിശു ഇടതടവില്ലാതെ ബന്ധപ്പെടുന്നത് മാതാവും പിതാവുമായിട്ടാണ് -അക്കാരണം കൊണ്ടുതന്നെ അവരുടെ ജീവിതശൈലി, പെരുമാറ്റരീതി, വളര്‍ന്നുവരുന്നതിനനുസരിച്ച് കാഴ്ചപ്പാടുകള്‍ എന്നിവ അവന്‍ പകര്‍ത്തിയെടുക്കുന്നു. ഈ ഒരു കാരണംകൊണ്ടാണ് ലോകത്ത് മുസ്‌ലിമും, ക്രിസ്ത്യാനിയും ജൂതനും ഹിന്ദുവുമെല്ലാം ഉണ്ടാവുന്നത്- മറിച്ച് ഇന്ന് നിലവിലുള്ള ജനസംഖ്യയില്‍ ആശയങ്ങളും ആദര്‍ശങ്ങളും കാഴ്ചപ്പാടുകളും പഠിച്ചറിഞ്ഞ് ഏതെങ്കിലും ഒരു ചിന്താധാര തെരഞ്ഞെടുത്തു പിന്തുടരുന്നവരായി എത്ര പേരുണ്ടാവും? ഇത് ഏതെങ്കിലും കുറച്ചുപേരെക്കുറിച്ചല്ല- മറിച്ച് ഒരു പൊതു അവസ്ഥയാണ്. ഇക്കാരണം കൊണ്ടാണ് ‘ഓരോ ശിശുവും (മുന്‍വിധിയില്ലാത്ത) നിഷ്‌കളങ്കരായി പിറവികൊള്ളുന്നു, പിന്നെ മാതാപിതാക്കള്‍ അവനെ ഏകദൈവവാദിയോ, ജൂതനോ, ക്രിസ്ത്യാനിയോ എല്ലാം ആക്കി മാറ്റുന്നു’ എന്ന് നബി തിരുമേനി പഠിപ്പിച്ചത്.

ഈ ഒരു സാഹചര്യത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ സംബോധന ശിശുക്കളോടല്ല, മറിച്ച് മുതിര്‍ന്നവരോടാണ്, മാതാപിതാക്കളോടാണ്, അഥവാ മാതാപിതാക്കളാവാന്‍ ഒരുങ്ങുന്നവരോടാണ്. ശൈശവം മുതല്‍ക്കേ മക്കളെ നല്ലത് കാണിക്കുകയും കേള്‍പ്പിക്കുകയും അനുഭവിപ്പിക്കുകയും രുചിപ്പിക്കുകയും വേണമെന്ന ബോധം രക്ഷിതാക്കളില്‍ രൂഢമൂലമാവുകയും അതിനൊത്തു അവരുടെ ജീവിതശൈലി അവര്‍ ക്രമപ്പെടുത്തുകയും ചെയ്യേണ്ടതാണ്. കുട്ടികള്‍ നേരത്തെ എഴുന്നേല്‍ക്കുകയും ദിനകൃത്യങ്ങള്‍ നിര്‍വ്വഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പഠിക്കുകയുമൊന്നും ചെയ്യാത്തതിന് അവരെ താഢനപീഢനങ്ങള്‍ക്ക് രക്ഷിതാക്കള്‍ വിധേയരാക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് മക്കള്‍ക്ക് മാതൃകയാകുമാറ് ഇത്തരം കൃത്യങ്ങളെല്ലാം മാതാപിതാക്കള്‍ ചിട്ടപ്രകാരം അനുഷ്ഠിക്കുന്നത് അവര്‍ കണ്ടനുഭവിക്കുമാറ് അവര്‍ അതില്‍ കൃത്യത പുലര്‍ത്തുകയാണ് വേണ്ടത്. വായ്ത്താരിയെക്കാള്‍ എത്രയിരട്ടി സദ്ഫലം അതിനുണ്ടാവുമെന്നോ! ‘നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് നിങ്ങള്‍ പറയരുത്’, (ഉപദേശിക്കരുത്) എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ചുരുക്കത്തില്‍ മക്കള്‍ സ്വഭാവപരമായും, ചിന്താപരമായും, കര്‍മ്മപരമായും എന്തായിത്തീരണമെന്ന് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നോ, അവര്‍ നേരത്തെ തന്നെ അതായിത്തീര്‍ന്നു മാതൃകയാവട്ടെ. എങ്കില്‍ ജീവിതംസഫലം അല്ലെങ്കില്‍ നിരാശാജനകം.

ഒരു ഉത്തമ സമൂഹ സൃഷ്ടിയുടെ അടിത്തറയെക്കുറിച്ചാണിതുവരെ പരാമര്‍ശിച്ചത്. ഇന്നിപ്പോള്‍ സമൂഹം നേരിടുന്ന വളരെ ഗുരുതരമായ ഒരവസ്ഥയുണ്ട്. നമ്മുടെ രാജ്യത്തെ പൊതുസമഹൂം ഇന്ന് വമ്പിച്ച ഒരു ആശയക്കുഴപ്പത്തില്‍ കിടന്നുഴലുകയാണ്. നമ്മുടെ രാജ്യത്ത് എല്ലാ മേഖലയിലും നാം കണ്ടും അനുഭവിച്ചും കൊണ്ടിരുന്നത് തികഞ്ഞ സാഹോദര്യവും സൗഹൃദവുമായിരുന്നു. ‘മനുഷ്യരെ നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്, പിന്നെ നിങ്ങളെ വിവിധ വര്‍ഗങ്ങളും ഗോത്രങ്ങളും ആക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്; ദൈവഭക്തിയില്‍ മികച്ചവന്‍ ഏറ്റവും മാന്യന്‍’ എന്നേയുള്ളൂ. എന്നല്ലാതെ മനുഷ്യര്‍ക്കിടയില്‍ വെളുത്തവന്‍ മുന്തിയവന്‍ കറുത്തവന്‍ താണവന്‍ പണക്കാരന്‍ കുലീനന്‍ പാവപ്പെട്ടവന്‍ നിന്ദ്യന്‍ എന്നൊന്നുമുള്ള യാതൊരു വേര്‍തിരിവുമില്ല. തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനുമില്ല. ദൃഷ്ടിയില്‍പെട്ടാല്‍ ദോഷമുള്ളവനുമില്ല. ഇസ്‌ലാമിക ദര്‍ശനത്തില്‍ ഇപ്പറഞ്ഞ വസ്തുത സാര്‍വ്വലൗകിക അംഗീകാരമുള്ള ഒരു ആശയമാണ്. ഏതോ അത്യാന്താധുനിക നിഷേധ സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്നേടത്തുപോലും ആ ആശയം മുന്നില്‍ നില്‍ക്കുന്നു; ബഹുമാനിക്കപ്പെടുന്നു. തിരിച്ചറിവു സാദ്ധ്യതകള്‍ അത്യാവശ്യമാണെന്ന യാഥാര്‍ത്ഥ്യം ലോകവ്യാപകമായി ഏറ്റവും ബോദ്ധ്യപ്പെടുന്ന ഒരു കാലഘട്ടത്തിലല്ലേ നാം ജീവിക്കുന്നത്.

തിരിച്ചറിവ് (ഐഡന്റിറ്റി) രേഖകളില്ലെങ്കില്‍ ഒരു കാലടിപ്പാട് അപ്പുറത്തേക്ക് കടക്കാന്‍ ഏതെങ്കിലും ഒരു അതിര്‍ത്തി കാവല്‍ക്കാരന്‍ അനുവദിക്കുമോ? ഈ ലോകത്ത് ഐഡന്റിറ്റി ഭൗതികമാണ്, വിശ്വാസം, ആദര്‍ശം അത് അഭൗതികവും അഥവാ ആത്മീയം- ലോക വ്യവസ്ഥയില്‍ ആശയങ്ങള്‍ക്കോ ആദര്‍ശങ്ങള്‍ക്കോ അതിര്‍ത്തി നിശ്ചയിക്കാന്‍ ആര്‍ക്കു കഴിയും യാത്രാരേഖയില്‍ മുസ്‌ലിം എന്ന് രേഖപ്പെടുത്തിയ ഒരു വ്യക്തിയുടെ മനസ്സില്‍ ഈമാനും ഇസ്‌ലാമും ഉണ്ടെന്ന് ആര്‍ക്ക് കണ്ടെത്താന്‍ കഴിയും? താല്‍ക്കാലികമായ, ഭൗതിക ആവശ്യങ്ങള്‍ക്ക് വേണ്ടി നാം വിഭജനങ്ങള്‍ കണ്ടെത്തുന്നുവെന്നല്ലാതെ, വിശാല അര്‍ത്ഥത്തില്‍, അടിസ്ഥാനപരമായി മനുഷ്യന്‍ ഏകോദര സഹോദരങ്ങളാണ്. അക്കാരണത്താല്‍ തന്നെയല്ലേ ‘തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെയും കാണണ’മെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. അവന്റെ യാതനകളകറ്റാന്‍, സമ്പത്തില്‍ നിന്നൊരംശം ദാനമായി കൊടുക്കാന്‍, രോഗാവസ്ഥയില്‍ ചികിത്സാ സഹായത്തിനും മറ്റ് ആശ്വാസപ്രവര്‍ത്തനത്തിനും, പരിചരണത്തിനുമൊന്നും ‘രോഗി മുസ്‌ലിമാണെങ്കില്‍’ എന്ന് നബി തിരുമേനി പഠിപ്പിച്ചിട്ടില്ല. ലോകാടിസ്ഥാനത്തില്‍ തന്നെ നോക്കുകയാണെങ്കില്‍ വിദ്യാഭ്യാസം, അനാഥസംരക്ഷണം, അഗതി പരിപാലനം, രോഗചികിത്സ, പട്ടിണി നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ സേവന മേഖലകളിലെല്ലാം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ -അവയുടെ ഗുണഭോക്താക്കള്‍ മുസ്‌ലിംകള്‍ മാത്രമാണെന്നാര്‍ക്കെങ്കിലും പറയാനാവുമോ? നിര്‍ബന്ധദാന (സക്കാത്ത്) ത്തില്‍ കുടുംബത്തില്‍ അര്‍ഹതപ്പെട്ടവരുണ്ടെങ്കില്‍ അത് കഴിഞ്ഞാലുള്ള പരിഗണനാവൃത്തത്തില്‍ അയല്‍ക്കാര്‍, യാത്രക്കാര്‍, സമൂഹത്തിലെ അര്‍ഹരായവര്‍ എന്നെല്ലാം വകതിരിച്ചു പറയുന്നേടത്ത്് അവരെല്ലാം മുസ്‌ലിംകളാണെങ്കില്‍ എന്ന് പറഞ്ഞിട്ടില്ല. അതിവിശാലമായ സമൂഹ സങ്കല്‍പമാണ് നമുക്കതില്‍ കാണാന്‍ കഴിയുന്നത്. പാര്‍പ്പിടമില്ലാത്തവന് തണലൊരുക്കികൊടുക്കുന്നതും അങ്ങിനെത്തന്നെ.

അതിവിശാലമായ ഒരു സാമൂഹ്യ വ്യവസ്ഥിതി എന്ന നിലയില്‍ ഇസ്‌ലാമിന്റെ ഏറ്റവും വലിയ മാതൃകാഘടകം അതിന്റെ സൂതാര്യത തന്നെയാണ്. ആളുകളില്‍ ആശയക്കുഴപ്പമോ സംശയമോ ജനിപ്പിക്കുന്ന ഒന്നുംതന്നെ അതിലാര്‍ക്കും കണ്ടെത്തുക സാദ്ധ്യമല്ല. വിശ്വാസവും കര്‍മ്മങ്ങളുമെല്ലാം അങ്ങിനെത്തന്നെ. ഏതെങ്കിലും വിഷയങ്ങളില്‍ സംശയമോ, ആശയക്കുഴപ്പമോ ഉണ്ടെങ്കില്‍ അക്കാര്യത്തില്‍ ലഭ്യമായ സംശയദൂരീകരണ ഉപാധികള്‍ ആശ്രയമാക്കുക. എന്നിട്ടും സംശയം തീരുന്നില്ലെങ്കില്‍ പിന്നെ അത് ഉപേക്ഷിച്ചു സംശയമില്ലാത്തതിനെ ആശ്രയിക്കുക; അതിനായി സമയവും വിഭവവുമെല്ലാം ഉപയോഗപ്പെടുത്തുക. പൊതുജീവിതത്തില്‍ ഏറ്റവും പ്രസക്തമായ ഒരു ആശയമാണിത്. സംശയാസ്പദമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അത് സമൂഹത്തില്‍ വമ്പിച്ച പ്രത്യാഘതങ്ങള്‍ ഉണ്ടാക്കാനിടയുള്ളതു കൊണ്ടായിരിക്കാം നബി തിരുമേനി ‘സംശയമുള്ളത് ഒഴിവാക്കി സംശയമില്ലാത്തതിനെ ആശ്രയിക്കുകു’ എന്ന് വളരെ പ്രകടമായി നിര്‍ദ്ദേശിച്ചത്. സാധാരണ പൗരന്മാര്‍ മുതല്‍ ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ക്ക് വരെ ബാധകമായ ഒരു തത്വമാണിത്. ഒട്ടും സുതാര്യമല്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്? അത്യുന്നതമായ നീതിപീഠം പോലും ഇന്ന് ജനതയുടെ മുന്നില്‍ ആശയക്കുഴപ്പത്തിലാവുന്നില്ലേ! ഇരുട്ടില്‍ തപ്പുക എന്ന പ്രയോഗമല്ലേ ഈ അവസ്ഥക്കനുയോജ്യം? ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ദുരവസ്ഥ വളരെ കഠിനം തന്നെയാണ്. ജനങ്ങളെ ഇരുട്ടിലും അവ്യക്തതയിലും അതുവഴി ആകുതലയിലുമാക്കുകയെന്നത് ഒരു ഭരണകൂടം ചെയ്യുന്ന പാപമാണ്. പൗരന്മാരെയെല്ലാവരെയും ഒന്നായി കാണുകയും ഒരു വിഭാഗത്തിനും ഹാനികരമായ അവ്യക്തമായ നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുകയെന്നത് ഒരിക്കലും നീതീകരിക്കാനാവുന്നതല്ലല്ലോ. ഭാരതീയ വേദ-ഉപനിഷത്ത് പാഠങ്ങളൊന്നും തന്നെ അങ്ങനെയുള്ള ഒരു സന്ദേശമല്ല സമൂഹത്തിന് നല്‍കുന്നത്. ഇരുട്ടില്‍ നിന്ന്, അതായത് അജ്ഞതയില്‍ നിന്ന് വെളിച്ചത്തിലേക്കും, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കും, മൃത്യുവില്‍ നിന്ന് അമരത്വത്തിലേക്കുമുള്ള ഒരു പ്രയാണമായിട്ടല്ലേ മനുഷ്യജീവിതത്തെ ഹൈന്ദവ തത്വസംഹിത നമ്മെ പഠിപ്പിക്കുന്നത്:

‘തമസോമഃ ജ്യോതിര്‍ഗമയഃ
അസതോമഃ സദ്ഗമയ
മൃത്യോര്‍മഃ അമൃതംഗമയഃ’
ഇതു ഭാരതീയ തത്വചിന്തയാണെങ്കില്‍ ലോകജനതയുടെ മുന്നില്‍ ഇസ്‌ലാം സമര്‍പ്പിച്ച ആശയം അതു തന്നെയല്ലേ?
‘(അജ്ഞാതാ)ന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക്’
ദുഷ്‌കര്‍മ്മങ്ങള്‍ വെടിഞ്ഞ് സല്‍ക്കര്‍മ്മങ്ങളിലേക്ക്
‘മരണത്തിനുശേഷം അനന്തമായ (പരലോക) ജീവിതത്തിലേക്ക്’
അപ്പോള്‍ പ്രകടമായും നമുക്ക് മനസ്സിലാക്കാവുന്നത്: ആശയങ്ങളുടെ പേരിലല്ല, മറിച്ച് തുച്ഛമായ ഭൗതിക നേട്ടത്തിന് അഥവാ ഭരണകര്‍ത്താക്കളുടെ മനസ്സിനകത്ത് പുകഞ്ഞ് പൊങ്ങുന്ന കുടിലമായ വര്‍ക്ഷീയ ചിന്താഗതി ഒന്നുകൊണ്ടു മാത്രമാണ് ഇന്ത്യയെന്ന മഹാരാജ്യം ഇക്കാലമത്രയും കണ്ടിട്ടില്ലാത്ത അത്യന്തം സംഭ്രമജനകമായ ഒരു ദുരവസ്ഥയിലേക്ക് ഇപ്പോള്‍ വഴുതി വീണുകൊണ്ടിരിക്കുന്നത്. ‘സ്വരാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗ’മെന്നാണ് ഇസ്‌ലാമിക തത്വശാസ്ത്രം ലോകത്തിന് നല്‍കുന്ന സന്ദേശം.

അഭിപ്രായ വ്യത്യാസമോ, പൊരുത്തക്കേടുകളോ ഉണ്ടെങ്കില്‍ തുറന്ന സംവാദം, ചര്‍ച്ച, പ്രചാരണങ്ങള്‍, എന്നിങ്ങനെയൊക്കെ പരിഹാരം കണ്ടെത്തുകയെന്നല്ലാതെ കൂരിരുട്ടില്‍ കൂടിയിരുന്ന് സംഘാഷ്ടകം ചൊല്ലി ഈ നാട് ഹിന്ദുരാഷ്ട്രാമാവാന്‍ വേണ്ടി ജനങ്ങളിലേക്കിറങ്ങി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയല്ല വേണ്ടത്. ഹിന്ദുരാഷ്ട്രം നിലവില്‍ വരാനും ദേശീയപതാക കാവിപതാകയായി മാറാനും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും അത്തരക്കാര്‍ ഇരുട്ടിന്റെ മറവില്‍ പ്രചാരണം നടത്തുന്നു. ദണ്ഡയുദ്ധ കൂട്ടക്കുരുതി പരിശീലനത്തിലൂടെ 16-17 വയസ്സുകാരെ സജ്ജരാക്കി, ഈ ചെറുപ്പക്കാര്‍ വാര്‍ദ്ധക്യം പ്രാപിക്കുന്നതിന് മുമ്പായി മുസ്‌ലിം-ക്രൈസ്തവമുക്ത രാഷ്ട്രം കണികാണാന്‍ അവസരമൊരുക്കണം. ശരീരത്തിലെ ഇരുപത്തേഴ് മര്‍മ്മങ്ങളില്‍ ഏതിലെങ്കിലും കുന്തം കയറ്റിയാല്‍ ഒന്നുകില്‍ മനോരോഗി, അല്ലെങ്കില്‍ പ്രവര്‍ത്തനരഹിതന്‍, അല്ലെങ്കില്‍ മരണം- ഇതിലേതെങ്കിലുമൊന്ന് സുനിശ്ചിതം- കാടുകള്‍ക്കുള്ളില്‍ രാത്രികാലങ്ങളില്‍, തിന്നാല്‍ തടിക്കാത്ത പ്രകൃതക്കാരായ യുവാക്കളെ, പ്രതീകാത്മകമായി നബിയുടെയും, യേശുവിന്റെയും ശിരസില്‍ വെട്ടിശീലിക്കുക, കുത്തിത്തിരിച്ചാല്‍ പിന്നെ സര്‍ജറിപോലും സാദ്ധ്യമാവാത്തവിധം മരണം ഉറപ്പാക്കുന്ന ‘ട’ കത്തിപ്രയോഗം, ചുവടുവെയ്പുകള്‍ ശീലിപ്പിക്കുന്ന പാദവിന്യാസ്, ഇരക്ക് പിന്നീട് ഓടി രക്ഷപ്പെടാന്‍ കഴിയാത്തവിധം കൈമുട്ട് അടിച്ചുതകര്‍ക്കുക (മനുഷ്യ ശരീരത്തിന്റെ ബാലന്‍സ് കൈകളിലാണെന്നോര്‍ക്കുക) തുടങ്ങിയ ഭീകര പരിശീലന മാര്‍ഗങ്ങലിലൂടെ അവര്‍ ലക്ഷ്യംവെക്കുന്നത് എന്താണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഈ സിദ്ധാന്തത്തിന്റെ ആളുകള്‍ വിഡ്ഡികള്‍ തന്നെയാണോ? കാരണം തന്നെപ്പോലൊത്തവരോടോ തന്നെക്കാള്‍ കരുത്തരോടോ ഏറ്റുമുട്ടുന്നതിലല്ലേ മിടുക്ക് -ദുര്‍ബലനെ കീഴടക്കുന്നതിലോ കൊല്ലുന്നതിലോ എവിടെയാണ് വീരത്തം! പക്ഷേ, അവരത് ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയവരാണ്.

ഇന്ത്യാ മഹാരാജ്യത്തിന്റെ കരുത്തും യശസ്സുമെല്ലാം ഇവിടുത്തെ നാനാത്വത്തിലെ ഏകത്വമാണ്. അതിവിടെ നിലനിന്നതുകൊണ്ടാണ് നാം ഇക്കാലമത്രയും ലോകത്തിന്റെ നെറുകയിലായിരുന്നത്. ‘വസുധൈവകുടുംബകം’ – ‘ലോകമേ തറവാട്’ എന്ന മഹാശയം നമ്മുടെ രാജ്യത്തിന്റെ സര്‍വ്വസ്വീകാര്യമായ തത്വചിന്തയല്ലേ? എന്നാലിനിമുതല്‍ നമ്മുടെ രാജ്യത്തിന്റെ പദവി എവിടെയായിരിക്കുമെന്ന് കണ്ടുതന്നെ അറിയണം. പക്ഷേ, ‘പീഢിതന്റെ പ്രാര്‍ത്ഥനയും ദൈവവും തമ്മില്‍ ഒരു അകലവും ഇല്ലെന്ന്’ വിശ്വസിക്കുന്നവരാണിവിടുത്തെ ജനത; ലോകത്ത് പല തവണ അത് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അപ്രകാരം തന്നെ പീഢകന് പ്രഹരം ഏത് ദിശയില്‍ നിന്ന് ആയിരിക്കുമെന്നത് ദുരൂഹമാണെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും. കാരാഗൃഹങ്ങളൊരുക്കിവെച്ച് പാവം ഇരകളുടെ പിന്നാലെ വേട്ടയോട്ടം നടത്തുന്ന രക്തദാഹിയായ കൊടും ഭീകര ഭരണാധികാരിക്ക് സ്വാഭാവിക പതനം പ്രകൃതി നിയമമാണെന്നോര്‍ക്കുക. കാരണം ഫറോവയും, ഖാറൂനും ഹാമാനുമൊക്കെ നമ്മെ ഉണര്‍ത്തുന്നത് അതല്ലേ? ദൈവനിഷേധിയും ധിക്കാരിയുമായിരുന്നുവെന്നതിന് പുറമെ പുരുഷ നരവംശത്തിന്റെ ‘കാലന്‍’ കൂടിയായിരുന്നില്ലേ ഫറോവ? എന്നിട്ടു ഒടുവില്‍ സംഭവിച്ചതോ? കേവലം ഒരു നിസ്സാരനായി ആ അഹങ്കാരി കണക്കാക്കിയ മൂസാ നബിയെ വകവരുത്താന്‍ പിന്തുടരവെ നദിയില്‍ മുങ്ങിച്ചത്തില്ലേ! പ്രവാചകനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും വല്ല പോറലുമേറ്റോ? തന്നെയുമല്ല പ്രവാചകന്റെ ദൗത്യം പരമ്പരകളിലൂടെ ഇന്നും ജീവിക്കുന്നില്ലേ? ഇവിടെയാണ് പരമകാരുണികന്‍ നമുക്ക് ആത്മവിശ്വാസം പകര്‍ന്നു തരുന്നത്: ‘സന്ദേശം അവതരിപ്പിച്ചത് നാമാണ്; നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും.’ അതാണ് ഇന്ത്യന്‍ മുസ്‌ലിമിന്റെ ഇന്നത്തെ ആശ്വാസം. ഈ ലോകത്ത് ദൈവികസുരക്ഷ ദൈവ വിശ്വാസിക്ക് മാത്രമല്ല; അത് മനുഷ്യസമൂഹത്തിനാണ് ‘ലോകാഃ സമസ്തഃ സുഖിനോ ഭവന്തു’ എന്ന ആശയവും അതു തന്നെയല്ലെ? എന്നിട്ടെന്തേ ഇതിന്റെയെല്ലാം വക്താക്കളായി ചമയുന്ന ഭരണകര്‍ത്താക്കള്‍ ഈ വിധം പ്രവര്‍ത്തിക്കുന്നു? ഇനിയൊരു കൊടുങ്കാറ്റെങ്ങാനും ഉണ്ടാവുകയാണെങ്കില്‍ കടപുഴകുന്നത് ‘വന്‍മരങ്ങളാ’യിരിക്കുമെന്നത് പ്രകൃതി നിയമമാണ്.

SHARE