ഗോലിമാരോ രാഷ്ട്രീയം

ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍

ഇന്ത്യയുടെ തലസ്ഥാന സംസ്ഥാനം എങ്ങനെയയും കൈപ്പിടിയിലൊതുക്കാനുള്ള സംഘ് പരിവാര്‍ ശ്രമം പരാജയമടഞ്ഞു. കപട രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ചെങ്കോല്‍ കൈക്കലാക്കിയ അമിത്ഷാ തന്നെയാണ് ഡല്‍ഹിയിലെ പ്രചാരണങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ വിദ്വേഷവും ക്രിമിനലിസവുംകൊണ്ട് ഇന്ത്യന്‍ ജനതയെ തകര്‍ക്കാനാവില്ല എന്നതിന്റെ പ്രകടമായ തെളിവാണ് എന്‍.ഡി.എയുടെ ഡല്‍ഹി പരാജയം.

രണ്ടായിരത്തിലധികം പൊതുപരിപാടികളിലും 46 റാലികളിലും പങ്കെടുത്ത അമിത്ഷാ 246 എം.പിമാരെയാണ് ഡല്‍ഹിയിലെ പ്രചാരണ കളത്തിലിറക്കിയിരുന്നത്. വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളും മോദിയും യോഗിആദിത്യനാഥുമെല്ലാം വോട്ടു ചോദിച്ച് ഗോദയിലിറങ്ങിട്ടും എട്ടു സീറ്റില്‍ ഒതുങ്ങുകയായിരുന്നു ബി.ജെ.പി. ഡല്‍ഹി പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി മൗനം വെടിഞ്ഞു പറഞ്ഞിരിക്കുന്നത് ഇന്ത്യ-പാക് മാച്ചും ഗോലിമാരോ സാലോം കോ (രാജ്യത്തെ ഒറ്റുകാര്‍ക്കെതിരെ വെടിവെക്കൂ) എന്നീ വിദ്വേഷ പ്രസ്താവനകളുമാണ് പരാജയകാരണം എന്നാണ്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റേതായിരുന്നു ഈ പ്രസ്താവന. രാജ്യദ്രോഹികള്‍ക്ക് ബിരിയാണിയല്ല വെടിയുണ്ടയാണ് നല്‍കേണ്ടത് എന്ന് പറഞ്ഞത് ബി.ജെ.പി എം.പി സി.ടി രവിയായിരുന്നു. ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാരോട് നിങ്ങളെ മാനഭംഗപ്പെടുത്തുമെന്നും കുടിലുകള്‍ കത്തിച്ചുകളയുമെന്നും പറഞ്ഞത് മറ്റൊരു ബി.ജെ.പി എം.പി പര്‍വേശ് സിങാണ്.

ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിട്ടില്ലായിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ വിജയസാധ്യത ഉണ്ടാകുമായിരുന്നോ? പൗരത്വവുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഷാഹിന്‍ബാഗിലെ നീണ്ടുനില്‍ക്കുന്ന സമരങ്ങളൊന്നും ഇലക്ഷന്‍ പരാജയത്തിന് കാരണമായില്ലയെന്ന് പറഞ്ഞു ഫലിപ്പിക്കുകയാണോ ആഭ്യന്തര മന്ത്രി അമിത്ഷാ. തീവ്രഹിന്ദുത്വം ബാധിച്ചിട്ടില്ലാത്ത മനസ്സുകളെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് സമീപകാല ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സിവിക് നാഷണലിസം (മത വൈവിധ്യങ്ങളുള്‍കൊണ്ട് ശക്തമായ ദേശീയ ബോധ വികാരം) എന്ന പൊതുധാരയില്‍നിന്ന് ഉയര്‍ന്നുവന്ന ഇന്ത്യയെ എത്‌നിനിക് നാഷണലിസത്തിലേക്ക് (ഒരു പ്രത്യേക മതവിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മറ്റുള്ളവരെ മാറ്റിനിര്‍ത്തുകയും ദേശസ്‌നേഹം സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുക) തിരിച്ചുവിടാനുള്ള തീവ്രശ്രമത്തിലാണ് ഫാസിസ്റ്റുകള്‍.

പൗരത്വ പ്രതിഷേധത്തെ മറച്ചുവെക്കാനുള്ള കുടില തന്ത്രമാണ് ഈ പ്രസ്താവനകള്‍. അല്ലാതെ ഗോലി മാരോ എന്ന ആക്രോശത്തിലൂടെ മുസ്‌ലിംകള്‍ക്കും ഷാഹിന്‍ബാഗിലെ ദേശസ്‌നേഹികള്‍ക്കും ഉണ്ടായ പ്രയാസത്തിന്റെ വികാരമുള്‍ക്കൊള്ളുന്ന പ്രസ്താവനയല്ല അമിത് ഷായുടേത്. ഹീനമായ ഹിന്ദു രാഷ്ട്ര സങ്കല്‍പത്തെ നെഞ്ചോടു ചേര്‍ത്ത്പിടിക്കുകയും താത്വികാചാര്യനായ ഗോള്‍വാക്കറുടെ വിചാരധാരയിലെ ആന്തരിക ശത്രുക്കളായ മുസ്‌ലിംകള മാറ്റിനിര്‍ത്താനാഗ്രഹിക്കുകയും ചെയ്യുന്ന ആഭ്യന്തര മന്ത്രി അമിത്ഷാക്ക് എങ്ങനെയാണ് മുസ്‌ലിംകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ പരാജയ കാരണമായി കാണാന്‍ കഴിയുക.

ഫാസിസ്റ്റുകളും മതേതരവാദികളും തമ്മിലുള്ള മത്സരമായിരുന്നു ഡല്‍ഹിയിലേത്. ഇതിനെയാണ് ഇന്ത്യാ-പാക് മാച്ച് ആണെന്ന വിശേഷണം നല്‍കിയത്. ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ ടീമാണന്നും അല്ലാത്തവര്‍ പാകിസ്താന്‍ അനുകൂലികളാണന്നും പറയുന്നതിലൂടെ ഇന്ത്യയുടെ വിജയമാണ് അഭിമാനകരം എന്ന തോന്നലുണ്ടാക്കിപ്പിക്കുകയും ചെയ്യുന്നു. ബി.ജെ.പി സംഘ്പരിവാരങ്ങള്‍ നടത്തിയ കപടവും നിരര്‍ത്ഥകവുമായ പ്രസ്താവനകള്‍ക്ക് ഇനി സ്ഥാനമില്ല എന്ന് വിളിച്ചുപറയുക കൂടിയാണ് ഡല്‍ഹി ഇലക്ഷന്‍. കള്ള പ്രചാരണങ്ങളിലൂടെ ബി.ജെ.പി ഭരണ പരാജയങ്ങളും ആശയ പാപരത്തങ്ങളും മറച്ചുവെച്ച് ഇന്ത്യ ഹിന്ദുവിന്റേത് മാത്രമാണന്ന ബോധം സൃഷ്ടിക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ആസൂത്രിത പുല്‍വാമ അക്രമണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം രാജ്യം പാകിസ്താന്റെ ഭീഷണിയിലാണന്നും അവര്‍ക്കെതിരെ ഒന്നിക്കേണ്ടത് ഇന്ത്യന്‍ ജനതയുടെ ധര്‍മ്മമാണന്ന ബോധമുണ്ടാക്കി വോട്ടു മറിക്കുന്നതില്‍ ബി.ജെ.പി വിജയിക്കുകയും ചെയ്തിരുന്നുവെങ്കിലും ഡല്‍ഹി പരാജയം തികച്ചും ആശയപരം തന്നെയായിരുന്നു. ദേശീയപരവും ധാര്‍മ്മികപരവുമായ സമരമുറയണ് ഡല്‍ഹിയിലും ഷാഹിന്‍ഭാഗിലും നടന്നുകൊണ്ടിരിക്കുന്നത്. അത് ഇന്ത്യയുടെ പ്രശ്‌നമാണ് അതുകൊണ്ടുതന്നെ മതേതര വാദികളുടെ വീര്യത്തെ ആയുധങ്ങള്‍കൊണ്ടോ പെല്ലറ്റുകള്‍ കൊണ്ടോ തകര്‍ക്കാന്‍ സാധിക്കുകയില്ല. മരണത്തിലൂടെ അല്ലെങ്കില്‍ അറസ്റ്റിലൂടെ എല്ലാം ഒതുക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ധീരദേശാഭിമാനികളുടെ ചരിത്രങ്ങളും വീര സാഹസ സമരങ്ങളെല്ലാം തന്നെ തിരശീലക്ക് പിറകിലാകുമായിരുന്നു. ഇന്ത്യക്ക് വേണ്ടി ജീവന്‍ ത്യജിച്ച മഹത്തുക്കളുടെ ആശയാദര്‍ശങ്ങള്‍ ഇഴുകിച്ചേര്‍ന്ന ഇന്ത്യന്‍ മണ്ണില്‍ ഫാസിസം പച്ചപിടിക്കുകയില്ലായെന്ന് തെളിയിക്കുന്നതാണ് ഝാര്‍ഖണ്ഡിന് ശേഷമുള്ള ഡല്‍ഹി പരാജയവും.

SHARE