ഷാഹിന്‍ബാഗില്‍ കൈകോര്‍ക്കാം

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളുടെ സിരാ കേന്ദ്രം എന്ന നിലയിലാണിപ്പോള്‍ ഷാഹിന്‍ബാഗ് അറിയപ്പെടുന്നത്. സി.എ.എ നിയമത്തില്‍ രാഷ്ട്രപതി ഒപ്പ്‌വെച്ച ഡിസംബര്‍ 12 വരെയും ഡല്‍ഹിയിലെ ഈ പ്രദേശത്തെക്കുറിച്ച് ഇന്ത്യയിലെ ഭൂരിപക്ഷം പേര്‍ക്കും കേട്ടുകേള്‍വി പോലുമില്ലായിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ഭരണകൂടം മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 15 ന് പത്തോളം സ്ത്രീകള്‍ തുടങ്ങിവെച്ച പ്രക്ഷോഭമാണിപ്പോള്‍ ആഗോളതലത്തില്‍ തന്നെശ്രദ്ധക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഷഹീന്‍ എന്ന പദത്തിന് പരുന്ത് എന്നാണര്‍ത്ഥം. പരുന്ത് ദേശാടനപക്ഷികളുടെ ഇനത്തില്‍പെട്ടതല്ല. അതേവിധം തങ്ങളും ദേശാടന്മാരല്ലന്നും ഇന്ത്യയുടെ മണ്ണില്‍ ലയിച്ചുചേര്‍ന്നവരാണെന്നും ആര്‍ക്കെങ്കിലും തങ്ങളെ പുറന്തള്ളാനാവില്ലന്നുമാണ് ഇവിടെ സമരം ചെയ്യുന്നവര്‍ ഭരണകൂടത്തെ നിരന്തരം ഓര്‍മിപ്പിക്കുന്നത്.

പാട്ടു പാടിയും കവിതകള്‍ ആലപിച്ചും കാര്‍ട്ടൂണുകള്‍ വരച്ചും ചുമര്‍ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും സര്‍ഗാത്മക സമരമാണ് ഷാഹിന്‍ബാഗില്‍ നടക്കുന്നത്. തങ്ങള്‍ പൂച്ചെണ്ടാണ്, താമരയല്ല. സമരക്കാര്‍ കയ്യിലേന്തിയ പ്ലക്കാര്‍ഡുകളില്‍ എഴുതിയ വരികള്‍ ഇന്ത്യയുടെ ബഹുസ്വരതയിലേക്കു വെളിച്ചംവീശുന്ന ചുണ്ടുപലകയാണ്. സമരപന്തലില്‍ കാണുന്ന വാക്കുകളും വരകളും ചിത്രങ്ങളുമെല്ലാം ബഹുമത സമൂഹം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനെയും തൊട്ടുണര്‍ത്തുന്നതാണ്. ചരിത്രകാരന്മാര്‍, ജനപ്രതിനിധികള്‍, ബുദ്ധിജീവികള്‍, വിദേശ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ ഇവിടെ ദിനേന സന്ദര്‍ശിക്കുന്നതും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഉറക്കംകെടുത്തുകയാണ്. ദേശീയഗാനമാലപിച്ചും ഭരണഘടനയുടെ ആമുഖം വായിച്ചും റിപ്പബ്ലിക്ക്ദിനത്തില്‍ ഷാഹിന്‍ബാഗില്‍ ലക്ഷക്കണക്കിനാളുകള്‍ ഒത്തുകൂടിയതും കേന്ദ്ര ഭരണം കയ്യാളുന്നവരെ ചൊടിപ്പിച്ച സംഭവമായിരുന്നു.

ഇന്ത്യാചരിത്രത്തിന് പുതിയ ദിശാബോധം (ന്യൂയോര്‍ക്ക് ടൈംസ്), സാര്‍വദേശീയമാനമുള്ള സമരം (അറബ് ടൈംസ് ), മാനവ മോചനത്തിനായുള്ള സമരം (വാള്‍സ്ട്രീറ്റ് ജേണല്‍), അമ്മമാരും സഹോദരിമാരും മഹത്തായ ലക്ഷ്യത്തിനായി കൈകോര്‍ക്കുന്നു (ദി വാഷിങ്ടണ്‍ പോസ്റ്റ് ) വിദേശത്തെ പ്രമുഖ പത്രങ്ങള്‍ ഷാഹിന്‍ബാഗിലെ സമരത്തിന് നല്‍കിയതലക്കെട്ടുകളാണിതെല്ലാം. ഷെയിംബാഗ് എന്നു പരിഹസിക്കുകയും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ താമരയില്‍ വോട്ട് ചെയ്താല്‍ ഷഹീന്‍ബാഗ് ഒറ്റദിവസംകൊണ്ട് ഇല്ലാതാക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പ്രസംഗം. ജാലിയന്‍ വാലാബാഗില്‍ ബ്രട്ടീഷുകാര്‍ ഇന്ത്യക്കാരെ തോക്ക്‌കൊണ്ടാണ് നേരിട്ടതെങ്കില്‍ ഷാഹിന്‍ബാഗിനു നേരെ നാക്കുകള്‍ കൊണ്ടുള്ള നുണ പ്രചാരണങ്ങളിലൂടെ സമരവീര്യം ഊതിക്കെടുത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കയ്യാമങ്ങളും കല്‍തുറുങ്കുകളും കുപ്രചാരണങ്ങളും മറികടന്ന് ഓരോ ദിവസവും ഡല്‍ഹി മോഡലില്‍ പുതിയ ഷാഹിന്‍ ബാഗുകള്‍ രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന വാര്‍ത്തകളാണ് കാണുന്നതും കേള്‍ക്കുന്നതും. ഡല്‍ഹിയില്‍ ജാഫറാബാദ്, ഖുറേജി, ബംഗാളില്‍ പാര്‍ക്ക് സര്‍ക്കസ് ഗ്രൗണ്ട്, അസന്‍സോള്‍, മധ്യപ്രദേശിലെ ഭോപ്പാലില്‍ ഇഖ്ബാല്‍ മൈതാനം, ഇന്‍ഡോറിലെ മണിക് ബാഗ്, പുനെയിലെ കൊന്ദ്‌വഎന്നിങ്ങനെ പതിനാറോളം ഷഹീന്‍ബാഗുകളില്‍ ഇപ്പോള്‍ സമരത്തിന്റെ വേലിയേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ കോഴിക്കോട് കടപ്പുറത്ത് ഷാഹിന്‍ബാഗില്‍ പുതിയ സമരമുറ ആരംഭിക്കുകയാണ്. ഡല്‍ഹിയില്‍ 112 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പാണിപ്പോഴുള്ളത്.

മരം കോച്ചുന്ന തണുപ്പിനെ ഷാഹിന്‍ബാഗിലെ സമരക്കാര്‍ പുതപ്പുകള്‍ കൊണ്ടോ ചൂടുകുപ്പായങ്ങള്‍ കൊണ്ടോയല്ല, പകരം മുദ്രാവാക്യം വിളികള്‍കൊണ്ടും മുഷ്ടി ചുരുട്ടല്‍ കൊണ്ടുമാണ് അതിജയിക്കുന്നത്. 90 വയസ്സുകാരിയായ അസ്മ ഖാത്തൂനടക്കമുള്ള ഇന്ത്യക്കാരുടെ മുത്തശ്ശിമാര്‍ തുടങ്ങിവെച്ച സമരം പാതിവഴിയില്‍ കെട്ടടങ്ങരുത്. ഇപ്പോള്‍ നിങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍വെച്ച് ഫാസിസം നിങ്ങളെ തട്ടിഉണര്‍ത്തുമെന്ന വല്യമ്മമാരുടെ മുന്നറിയിപ്പുകള്‍ ഓരോ യുവാക്കളും മുഖവിലക്കെടുക്കണം. ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കുമെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അര്‍ത്ഥവത്തായ ചോദ്യം കാതുകളില്‍ അലയടിക്കണം. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശം പ്രദാനം ചെയ്യുന്നതും മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോപേരില്‍ ഒരുതരത്തിലും ഒരു പൗരനും വിവേചനം നേരിടാന്‍ പാടില്ലന്ന് പ്രഖ്യാപിച്ച ഭരണഘടനയുടെ മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഷാഹിന്‍ബാഗില്‍ നമുക്ക് കൈ കോര്‍ക്കാം. മോദിയും കൂട്ടരും തല കുനിക്കുകയും ഇന്ത്യന്‍ ജനത ജയിക്കുകയും ചെയ്യുന്ന ശുഭദിനത്തിനായുള്ള പോരാട്ടത്തില്‍ കണ്ണികളാവാം.

SHARE