ജനവിധി തേടുന്നത് ജനാധിപത്യം

ജനവിധി തേടുന്നത് ജനാധിപത്യം

പുത്തൂര്‍ റഹ്മാന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന പെരുമയില്‍ ഇന്ത്യ തുടരണമോയെന്നു തീരുമാനിക്കപ്പെടുന്ന നിര്‍ണായക ജനവിധിയാണ് ഇത്തവണത്തേത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന പണ്ടേ പറഞ്ഞുപോരുന്ന ആഹ്വാനത്തിനുപകരം ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ദേശബോധത്തിന്റെയും ദിശാബോധത്തിന്റെയും കച്ചകെട്ടിയിറങ്ങുക എന്നു രാജ്യമെങ്ങു നിന്നും മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു. ഒപ്പം സംഘ്പരിവാറിന്റെ ഉള്ളിലിരിപ്പുകളും പുറത്തു വന്നുതുടങ്ങി. ഇത്തവണ രാജ്യത്ത് ബി.ജെ.പി അധികാരത്തില്‍വന്നാല്‍ പിന്നീടൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ബി.ജെ.പി എം.പികൂടിയായ സാക്ഷി മഹാരാജ് വിളിച്ചുപറഞ്ഞതു അദ്ദേഹത്തിന്റെ ഇംഗിതം മാത്രമല്ല. താനൊരു സന്യാസിയാണെന്നും ഭാവി തനിക്ക് മുന്‍കൂട്ടി പ്രവചിക്കാനാകുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഉള്ളിലിരിപ്പു പുറത്തായതാണ്. 2019ല്‍ ബി.ജെ.പി വിജയിച്ചാല്‍ അടുത്ത അമ്പത് വര്‍ഷത്തേക്ക് പാര്‍ട്ടിയെ അധികാരത്തില്‍നിന്നും താഴെയിറക്കാനാവില്ലെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രതീക്ഷ കൃത്യതയോടെ സംഘ്പരിവാരം നടപ്പാക്കുന്ന പദ്ധതികളില്‍ ഊന്നിയുള്ളതാണ്. ഇത്തവണത്തേത് ഇന്ത്യ ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലനില്‍ക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണെന്നാലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണുന്നുണ്ടോ എന്ന് സംശയമാണ്. ഇന്ത്യന്‍ ജനതയുടെ മൂന്നിലൊന്നിനെപോലും സ്വാധീനിക്കാത്ത ഫാഷിസത്തിന്റെയും ഏകാധിപത്യത്തിന്റെയും രാഷ്ട്രീയ സംഹിത വീണ്ടും അധികാരത്തിലേക്കെത്തുന്നുണ്ടെങ്കില്‍ അത് പ്രതിപക്ഷ കക്ഷികളുടെ ഏകീകരണമില്ലായ്മകൊണ്ടുമാത്രമായിരിക്കും. ഭരണത്തേക്കാള്‍ രാജ്യത്ത ിന്റെ ഭാവി പരിഗണിച്ചുള്ള രാഷ്ട്രീയ ബാന്ധവങ്ങള്‍ കാലത്തിന്റെ ആവശ്യമായിരിക്കുന്നു. ബി. ജെ.പി ഭരണം കുത്തിവെച്ച വെറുപ്പും വിദ്വേഷവും ഇല്ലായ്മ ചെയ്യുകയെന്നതു മാത്രമല്ല ജനാധിപത്യം നിധിപോലെ കാത്തുസൂക്ഷിക്കേണ്ടതും ഇന്നോരോ ഭാരതീയന്റെയും ഉത്തരവാദിത്തമാണ്.
വ്യാജ പ്രചാരണങ്ങള്‍കൊണ്ട് സ്വയം കൃതാനര്‍ത്ഥങ്ങളെ മറച്ചുപിടിക്കാനുള്ള ഒടുക്കത്തെ പരിശ്രമങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിവാരവും. അതേസമയം ഉള്ളുപൊള്ളയായ വൈകാരികത്തള്ളിച്ചകളും വാഗ്ദാന ലംഘനവും സ്വജനപക്ഷപാതവും അഴിമതിയുമാണ് മോദി ഭരണമെന്ന യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും. വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന ഒരവസരമാണെന്നതിനു ഇനിയും എണ്ണിയാല്‍ തീരാത്ത കാരണങ്ങള്‍ വേറെയുമുണ്ട്. അധസ്ഥിത ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതക്കും ഫാഷിസ്റ്റ് നിലപാടുകള്‍ക്കുമെതിരെയുള്ള പൗരസമൂഹത്തിന്റെ പ്രതികരണംകൂടി പ്രതിഫലിക്കുന്ന ജനവിധിയാണ് ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ കൊതിക്കുന്നത്.
പശു ഭക്തിയുടെ പേരില്‍ നൂറിലേറെ മനുഷ്യര്‍ക്ക് ജീവഹാനി വന്നുഭവിച്ച രാജ്യമായി മോദി ഭരണത്തില്‍ ഇന്ത്യ മാറി. എല്ലാ ജനവിഭാഗങ്ങളുടെയും നിലനില്‍പ്പ് സംരക്ഷിക്കപ്പെടുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുന്ന രീതിയില്‍ മനുഷ്യാവകാശം ഉറപ്പുവരുത്തേണ്ടതു ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. പകരം ന്യൂനപക്ഷങ്ങള്‍ അരക്ഷിതരായി മാറുന്നതും വിദേശ രാജ്യങ്ങളുടെ പഠനങ്ങളിലും റിപ്പോര്‍ട്ടുകളിലും ഇന്ത്യനവസ്ഥകളെ ചൊല്ലി ആശങ്കയുയരുകയുമാണുണ്ടായത്. ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുത ക്രമാതീതമായി കൂടിയെന്നും അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാറിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലെന്നും മത സ്വാതന്ത്ര്യത്തെക്കുറിച്ച് തയ്യാറാക്കിയ അമേരിക്കന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രസിഡണ്ട് ട്രംപും മോദിയും തമ്മിലുള്ള അടുപ്പം നിലനില്‍ക്കവേ തന്നെയായിരുന്നു അത്. മതത്തിന്റെ പേരില്‍ രാജ്യം ഇന്ന് കൂടുതല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. പുരോഗമന സംസ്‌കാരമുള്ള രാജ്യം എന്നത് വെറുംവാക്കായി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഒരിക്കല്‍പോലും ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ല, ജനതയുടെ സ്വരമായ മാധ്യമങ്ങളെ അഭിമുഖീരിച്ചില്ല. ഏറ്റവും കൂടുതല്‍ റേഡിയോ പ്രസംഗങ്ങള്‍ നടത്തിയ മോദി ഒരിക്കല്‍പേലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീരിക്കാന്‍ തയ്യാറായതേയില്ല.
ആദ്യമായി സ്വന്തം പണം ക്യൂ നിന്നു വാങ്ങി ജീവസന്ധാരണം ചെയ്യേണ്ട ഗതികേട് രാജ്യത്തെ പൗരന്മാര്‍ക്ക് സമ്മാനിച്ചതും മോദി ഭരണത്തിന്റെ ദുരന്തഫലമായിരുന്നു. നോട്ടു നിരോധനംമൂലം സ്വന്തം പണമെടുക്കാനുള്ള ക്യൂവിലും തെരക്കിലുംപെട്ട് നൂറുകണക്കിനാളുകള്‍ മരിച്ചതുമാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ താറുമാറാക്കിയതും മോദിയന്‍ വങ്കത്തത്തിന്റെ ഫലം തന്നെ. മുന്‍ പ്രധാനമന്ത്രിയും ലോകത്തിലെ മികച്ച സമ്പദ് ശാസ്ത്രജ്ഞനുമായ മന്‍മോഹന്‍ സിങ് പറഞ്ഞതുപോലെ ഒരുപാട് പാടുപെട്ടിട്ടാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പത്തു വര്‍ഷത്തോളം ഏഴു ശതമാനത്തില്‍ നിലനിര്‍ത്താന്‍ യു.പി.എക്ക് സാധിച്ചത്. നോട്ടു നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും മോദി അത് കളഞ്ഞുകുളിച്ചു. ഇപ്പോള്‍ നോട്ട് നിരോധനത്തെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല മോദി.
കണ്ണില്‍ ചോരയില്ലാത്ത വിവേചനം കൊണ്ടു ലക്ഷക്കണക്കിന് പൗരന്മാരെ അഭയാര്‍ത്ഥി ജീവിതത്തിലേക്കു തള്ളിവിട്ട ദേശീയ പൗരത്വ രജിസ്റ്ററാണ് മോദി ഭരണത്തിന്റെ മറ്റൊരു ദുരന്തം. ഇപ്പോള്‍ 40 ലക്ഷം പേരാണ് പൗരത്വം തെളിയിക്കാന്‍ പറ്റാതെ ലിസ്റ്റിലുള്ളത്. മോദിക്കൊപ്പം ഘടകകക്ഷികളായിനിന്ന നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ ഇപ്പോള്‍ ഈ ക്രൂരത കണ്ടു സഖ്യത്തില്‍നിന്നും പിന്മാറി. ഗോവധ നിരോധനം സംബന്ധിച്ച മോദിയുടെ തീരുമാനം രാജ്യത്തെ പിടിച്ചുകുലുക്കിയതുപോലെ പൗരത്വ പട്ടികയും ഇന്ത്യ എന്ന ഏകതയെ ഏറെ ഭിന്നിപ്പിച്ചു. ആധുനിക കാലത്തെ ജാതി വ്യവസ്ഥ എന്ന് ആക്ഷേപിക്കപ്പെട്ട, പത്താംക്ലാസ് പാസാകാത്തവര്‍ രാജ്യത്തിന് പുറത്തുപോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി ഇവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കാന്‍ തീരുമാനമെടുത്തതുപോലെ വങ്കത്തങ്ങളും പാപ്പരത്തങ്ങളും വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. പൗരന്മാരെ രണ്ട് തട്ടിലാക്കാനും സാമൂഹ്യ ജീവിതത്തില്‍ അധസ്ഥിതരായ മനുഷ്യരെ പുറത്താക്കി ശുദ്ധീകരണം നടത്താനമുള്ള നിഗൂഢ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ളവയായിരുന്നു ആ ശ്രമങ്ങളില്‍ പലതും. ഭയം പലപ്പോഴും രാജ്യത്തെ പൊതു വികാരമാക്കി മാറ്റാന്‍ മോദിക്കു കഴിഞ്ഞു.
എതിരഭിപ്രായമുള്ളവരെയും നീതിന്യായത്തിനു വില കല്‍പിച്ചവരേയും കൊന്നുതള്ളാനും നിശബ്ദരാക്കാനും മോദി മൗനാനുവാദം നല്‍കി. രാജ്യത്ത് ആദ്യമായി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും അതി നിന്ദ്യമായി അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. വാതോരാതെ സംസാരിക്കുന്ന മോദി മൗനം ഭൂഷണമാക്കി. വര്‍ഗീയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മോദി മൗനം അവലംബിക്കുന്നു. മോദിയുടെ മൗനവും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും നേരെ നടന്ന ആക്രമണവും ചോദ്യം ചെയ്തവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സംവാദങ്ങളും രാജ്യത്തുണ്ടായി. അമീര്‍ഖാനെയും ഷാരൂഖ്ഖാനെയും പോലുള്ളവര്‍ പോലും രാജ്യത്ത് സുരക്ഷിതത്വമില്ലായ്മയുണ്ടെന്നു പറഞ്ഞതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. മോദി ഭക്തി ദേശഭക്തിയാക്കി അവതരിപ്പിക്കപ്പെട്ടു. ഈ ആക്രമണങ്ങള്‍ ഒരിക്കലും നിലച്ചില്ല. സഹിഷ്ണുത പാഴ്‌വാക്കായി മാറി. അസഹിഷ്ണുത രാഷ്ട്രീയ രീതിയായി അംഗീകരവും നേടി.
രാജ്യ ചരിത്രത്തിലാദ്യമായി നീതിന്യായ വ്യവസ്ഥ തകരാറിലായതിനെ ചൊല്ലിയുള്ള വിലാപവുമായി നാല് സുപ്രിം കോടതി ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടതും മോദി ഭരണത്തില്‍ മാത്രം സാധ്യമായി. മതേതരത്വം ഭരണഘടനയില്‍നിന്ന് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെടുന്ന അനുയായികള്‍ ഏറെയുള്ള ഭരണാധികാരിയുടെ നാട്ടില്‍ നടക്കാവുന്നതെല്ലാം നടന്നു കഴിഞ്ഞു. ഇന്ത്യയിലെ പല സമുന്നത സ്ഥാപനങ്ങള്‍ക്കും അവയുടെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ മാറ്റംവരുത്തേണ്ടി വന്നതും വലിയ പ്രതിഷേധങ്ങള്‍ നേരിട്ടതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ്. 2018 ജനുവരിയിലാണ് സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ രാജ്യത്തെ നിയമ സംവിധാനംതന്നെ അപകടത്തിലാണ് എന്ന് വിളിച്ചു പറഞ്ഞത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സഹികെട്ട് ഉര്‍ജിത്പട്ടേല്‍ രാജിവെച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അതിരുകടന്ന ഇടപെടലുകള്‍ മൂലമായിരുന്നു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാനോ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കാനോവേണ്ടി നടന്ന ശ്രമങ്ങള്‍ നിരന്തരം പുറത്തുവന്നു. പല സ്ഥാപനങ്ങളും സര്‍ക്കാരിനോട് കലഹിക്കുന്ന അവസ്ഥ വന്നു. സി. ബി.ഐ ഭരണകക്ഷിയുടെ ഏജന്‍സിയായി മാറി. ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചും സീപ്ലെയിനുകളെക്കുറിച്ചുമൊക്കെ വീമ്പു പറയുമ്പോഴാണ് മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ സഞ്ചിത കടം 82 ലക്ഷം കോടി രൂപയായി ഉയര്‍ന്നത്. ധനകാര്യ മന്ത്രാലയം പുറത്തുവിട്ട 2018 സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കടം 82,03,253 കോടി രൂപയാണ്. 2014 ജൂണ്‍ വരെ 54,90,763 കോടി രൂപ മാത്രമായിരുന്നു കടം. നാലര വര്‍ഷത്തിനിടെ പൊതുകടം 48 ലക്ഷം കോടിയില്‍ നിന്ന് 73 ലക്ഷം കോടിയായി ഉയര്‍ന്നു 49 ശതമാനം വര്‍ധിച്ചു.
ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം പ്രധാനമന്ത്രിയുടെ ഓഫീസ് സമ്പന്ന ചേരികളുടെ ഇടനിലക്കരാനായി നില്‍ക്കുന്നതും വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ മൂടിവെക്കാന്‍ മുമ്പൊരിക്കലുമില്ലാത്തവിധം അപഹാസ്യമായി പ്രവര്‍ത്തിക്കുന്നതും രാജ്യം കണ്ടു. റഫാല്‍ അഴിമതിയും അത് മൂടിവെക്കാനുള്ള സി.എ.ജി റിപ്പോര്‍ട്ടുകളും സുപ്രിംകോടതി ഇടപെടലുകളും അങ്ങേയറ്റം പരിഹാസ്യമായി. അഴിമതി വിരുദ്ധത പ്രചാരണമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട മോദി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍തന്നെ ആ പ്രതീക്ഷയെല്ലാം നഷ്ടമായിരുന്നു. മന്ത്രിസഭയിലെ കാല്‍ഭാഗം പേരും അഴിമതി ആരോപണവിധേയരായവരായതിനാല്‍ മോദി ഭരണത്തിലേറിയിട്ടും ലോക്പാല്‍ സമിതിയെപ്പോലും നിയമിച്ചില്ല. റഫാല്‍ ഇടപാടിനൊച്ചൊല്ലി നാണക്കേടിലായ മോദി ഇപ്പോള്‍ മുഖം മിനുക്കാനായി ലോക്പാല്‍ നിയമനം നടത്തിയെന്നു വരുത്തിയിരിക്കുന്നു. സുതാര്യഭരണം, വര്‍ഷംതോറും ഒരു കോടി ജനങ്ങള്‍ക്ക് ജോലി, ധാരാളം വിദേശ നിക്ഷേപം, എല്ലാറ്റിനുമുപരി അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കല്‍. പോരാത്തതിന്, വിദേശരാജ്യങ്ങളില്‍നിന്ന് കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന വാഗ്ദാനവും. എന്നാല്‍ ഇന്ത്യ കണ്ടത് കോടിക്കണക്കിനു രൂപയുമായി വമ്പന്മാര്‍ രാജ്യംവിടുന്നതാണ്. ലോക്പാല്‍ ആക്ടിന്റെ കാര്യമാവട്ടെ, നിയമം നേരത്തെ പാസായിട്ടും സര്‍ക്കാര്‍ അത് നടപ്പാക്കിയിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി ചോദിച്ചപ്പോള്‍ മാത്രമാണ് ലോക്പാല്‍ നിയമനം നടത്താം എന്ന് വാഗ്ദാനം ചെയ്തത്.
ജനങ്ങളെ സ്വാധീനിക്കാന്‍ മോദി ഏറ്റവും ഉപയോഗിച്ചത് അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പ്രചാരമാണ്. പക്ഷേ കോടികള്‍ കൊണ്ടുള്ള അഴിമതിയുടെ തുലാഭാരമാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നടന്നതെന്നതിന്റെ തെളിവുകളാണ് ഒളിപ്പിക്കാനാവാതെ പുറത്താവുന്നത്. നീരവ് മോദി, ലളിത് മോദി കുംഭ കോണങ്ങള്‍ക്കു പുറമേ, ഏറ്റവും പുതിയ അഴിമതിക്കഥ പുറത്തു വന്നിരിക്കുന്നു. ബി.ജെ.പി യുടെ മൂലധനത്തില്‍ വന്ന വമ്പന്‍ കുതിച്ചുചാട്ടത്തിന്റെ പിന്നിലെ രഹസ്യം എന്തെന്നുകൂടി വെളിവാക്കുന്നതാണ് കര്‍ണാടകയിലെ നേതാവ് യെദ്യൂരപ്പയുടെ ഡയറിയിലെ കണക്കുകള്‍. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയില്‍ പിടിയിലായവര്‍ പാര്‍ട്ടിയുടെ പ്രധാനികളായതും ബി.ജെ.പി കുതിരക്കച്ചവടത്തിനിറങ്ങിയതും ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടിയ കക്ഷികളെ നോക്കുകുത്തികളാക്കി കുതിരക്കച്ചവടം നടത്താന്‍ ബി.ജെ.പിക്കു സാധിച്ചതിന്റെ രഹസ്യം ഇപ്പോള്‍ പുറത്തായിരിക്കുന്നു. അഴിമതിയുടെ ചളിക്കുണ്ടിലാണു താമര വളരുന്നതെന്നു ഉറപ്പായിരിക്കുന്നു.
വിദേശരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള മോദിയുടെ നീക്കം ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന റെക്കോഡ് മാത്രമായി പരിമിതപ്പെട്ടു. ആ വിദേശ യാത്രകള്‍ കൊണ്ടൊന്നും ഒരു നേട്ടവുമുണ്ടായില്ല. വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നതുമില്ല. പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധവും മോശമായി. കശ്മീര്‍ വിഷയം ഇപ്പോഴും തിളച്ചുമറിയുകയാണ്. അതിര്‍ത്തി വീണ്ടും പ്രക്ഷുബ്ധമായി. പാകിസ്താന്‍-ചൈന ബന്ധം കൂടുതല്‍ വളര്‍ന്നു. ഇന്ത്യന്‍ അതിര്‍ത്തികളില്‍ റോഡുകള്‍ നിര്‍മിക്കാന്‍ പാകിസ്താന്‍ ചൈനക്ക് അനുവാദം നല്‍കി. നേപ്പാളും ഇന്ത്യയും തമ്മിലുണ്ടായിരുന്ന നല്ല ബന്ധം പോലും മോദി കാരണം വഷളായി. പുല്‍വാമയില്‍ സൈനികര്‍ അക്രമിക്കപ്പെട്ടതു മോദിയുടെ ദേശഭക്തിയും സൈനിക ഗീര്‍വാണങ്ങളും അര്‍ത്ഥമില്ലാത്തതെന്നു തെളിയിച്ചു.
വര്‍ഷം ഒരു കോടി ജോലികളായിരുന്നു മോദിയുടെ വാഗ്ദാനം. പക്ഷേ, ദേശീയ തൊഴില്‍ ലഭ്യത മുമ്പുണ്ടായിരുന്നതിലും കുറഞ്ഞു. എവിടെയും കണക്കുകൊണ്ടുള്ള കളിയാണ്. സാധാരണ, തൊഴില്‍ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏജന്‍സി മാറ്റി കള്ളക്കണക്കവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2016ല്‍ മുഖംമിനുക്കാന്‍ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കാനുള്ള ഫോര്‍മുല തിരുത്തിയതുപോലെ ജോലിക്കണക്കിന്റെ സമവാക്യവും സൗകര്യമനുസരിച്ചു മാറ്റി. പരമാധികാര, ജനാധിപത്യ, സോഷ്യലിസ്റ്റ്, മതേതര റിപ്പബ്ലിക് എന്ന ആശയമാണ് ഇന്ത്യ. അത് തകര്‍ത്തു കളയാനുള്ള യജ്ഞമായിരുന്നു ഫലത്തില്‍ മോദി ഭരണം. തത്വത്തില്‍ അതൊരു സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗം കൂടിയാണ്. ഇന്ത്യയെ തങ്ങളുടെ ഇംഗിതമനുസരിച്ചു ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തില്‍ സംഘ്പരിവാറിനു ഭീഷണി രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയാണ്. ബി.ജെ.പിയും മോദിയും പരസ്യമായി തന്നെ പറയുന്ന കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തിന് മതേതര ഇന്ത്യയുടെ അവസാനം എന്നതു തന്നെയാണ് അര്‍ത്ഥം. ഹിന്ദുത്വ ഇന്ത്യ എന്നതാണതിന്റെ പൂര്‍ത്തീകരണം. മതേതര, ജനാധിപത്യ, പരമാധികാര രാഷ്ട്രം എന്ന ഇന്ത്യയുടെ അടിത്തറ ഇളക്കുകയാണതിനുള്ള മാര്‍ഗം എന്ന കാര്യത്തില്‍ സംഘ്പരിവാരത്തിന് സംശയമില്ല. അതിനായവര്‍ പ്രവര്‍ത്തിക്കുന്നു. ഗാന്ധിയും നെഹ്റുവും അംബേദ്കറും രൂപപ്പെടുത്തിയ ഇന്ത്യയുടെ അന്ത്യമാണ് അവരുടെ അഭിലാഷം. ജനാധിപത്യ കക്ഷികള്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷ അതുകൊണ്ട് അവസാനത്തെ അഭിലാഷമാണ്. ഈ ജനവിധി അതിനുള്ള അവസാനത്തെ അവസരമാണ്. ഇനിയൊരവസരം ഉണ്ടാകണമെന്നില്ല.

NO COMMENTS

LEAVE A REPLY