മണ്ണു തിന്നാന്‍ വിധിക്കപ്പെടുമ്പോള്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍

മണ്ണുവാരിക്കളിച്ചും കളിവീടുണ്ടാക്കിയും കഴിയുന്ന ബാല്യം എന്നും സുന്ദരകാഴ്ചയാണ്. മണ്ണിലുരുണ്ട് മേനി ചെളിയില്‍ പുരളുന്നതും ബാല്യകാലകഥകള്‍, എല്ലാം മലിനമായ കാലത്ത് അമേരിക്കയിലെ വിസ്‌കോന്‍സില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു ടീസ്പൂണ്‍ മണ്ണ് പഠനവിധേയമാക്കിയപ്പോള്‍ 500 കോടിയോളം ബാക്ടീരിയകളെയും രണ്ടു കോടിയോളം ആക്ടിനോമൈസൈറ്റിസുകളെയും രണ്ടു ലക്ഷത്തോളം ആല്‍ഗകളെയും ഫംഗസ്സുകളെയും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. കൈയില്‍ കിട്ടിയതെന്തും ഉപയോഗശേഷം സംശുദ്ധതയുടെ മണ്ണിലേക്ക് വലിച്ചെറിഞ്ഞതിന്റെ കണക്കെടുപ്പ് കൂടിയായിരുന്നു ഇത്. കുസൃതിക്ക് മണ്ണ് തിന്നുന്ന ചില കുട്ടികളുണ്ട്. എന്നാല്‍ ആ മണ്ണിനെ വിശപ്പടക്കാന്‍വേണ്ടി കഴിക്കുന്നതോ. ആര്‍ക്കും ചിന്തിക്കാനാവില്ല. ലോകത്തിന്റെ ഏതെങ്കിലും മൂലയില്‍ പറഞ്ഞുകേട്ടിരുന്ന അവിശ്വസനീയമായ ആകഥ ആരോഗ്യത്തില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വിശപ്പുരഹിത പദ്ധതിക്കും കോടികള്‍ ചെലവിടുന്ന ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെയാണ് മണ്ണ് തിന്നു ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ദയനീയ കാഴ്ച പുറത്തുവന്നത്. ആരോഗ്യരംഗവും ക്ഷേമപ്രവര്‍ത്തനവും വളരെ നന്നായി എന്ന് മേനി നടിക്കുന്ന കേരളത്തില്‍ ഇങ്ങിനെയൊരു സ്ഥിതിയുണ്ടായത് ഇടത് ഭരണത്തിന്റെ തികഞ്ഞ കെടുകാര്യസ്ഥതയെയും പരാജയത്തെയുമാണ് എടുത്തു കാട്ടുന്നത്. ഓരോ വാര്‍ഡിനും ആരോഗ്യ പ്രവര്‍ത്തകരെയും മറ്റും നിയോഗിച്ച സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതിയെന്തുകൊണ്ടുണ്ടായി എന്ന് വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

പട്ടിണിമൂലം മണ്ണുവാരി തിന്നാന്‍ തുടങ്ങിയതോടെ ആ അമ്മക്ക് നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്നു. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്. വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മക്ക് പറയേണ്ടി വന്നുവെന്നത് എത്ര മാത്രം ഗൗരവതരമാണ്.

വിശപ്പടക്കാന്‍ മാര്‍ഗമില്ലാത്തവര്‍ക്ക് വേണ്ടിയുള്ള പദ്ധതികളെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയതാണ് ഇത്തരം സംഭവം ഉണ്ടാകാന്‍ കാരണം. പദ്ധതികളെ പൊളിച്ചെഴുതിയില്ലെങ്കില്‍ ഇത് ആവര്‍ത്തിക്കാനിടവരും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തില്‍ തുടങ്ങിയ ആശ്രയ പദ്ധതിയെയാണ് അഗതികേരളം പദ്ധതിയാക്കി ഇടത് സര്‍ക്കാര്‍ മാറ്റിയത്. എന്നാല്‍ അഗതികളായി കണ്ടെത്തിയ സര്‍വേ ലിസ്റ്റ് സംസ്ഥാനത്ത് പുറത്തിറക്കിയപ്പോള്‍ ഏതാനുംപേര്‍ മാത്രമാണ് ഉള്‍പ്പെട്ടത്. ഭൂരിഭാഗം പേരും പദ്ധതിയില്‍ നിന്നും പുറത്താവുകയായിരുന്നു. നിലവില്‍ ആശ്രയപദ്ധതിയില്‍ ഉള്‍പ്പെട്ട് ഭക്ഷ്യകിറ്റുകളും മറ്റും ലഭിച്ചു വന്ന നിരവധി പാവപ്പെട്ടവരും ലിസ്റ്റില്‍ നിന്നും പുറത്തായി. സര്‍ക്കാര്‍ പാവപ്പെട്ടവരെ നിരന്തരം വട്ടം കറക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അഗതി കേരളം പദ്ധതി. നേരത്തെ ലൈഫ് ഭവന പദ്ധതിലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. എത്രയോ പാവങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. അവരെല്ലാം ഇന്നും വീടിനായി കാത്തിരിക്കുന്നു. ലൈഫ് പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് നിരവധി പേര്‍ക്ക് വീടുകള്‍ ലഭിച്ചിരുന്നു. ഇതേ സ്ഥിതിയാണ് വിഷപ്പ് മാറ്റാനുള്ള പദ്ധതിക്കും സംഭവിച്ചത്. 

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അശരണരും നിരാലംബരുമായ മുഴുവന്‍ അഗതി കുടുംബങ്ങളേയും നിലവിലെ ആശ്രയ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയും അര്‍ഹരായ ഗുണഭോക്താക്കളെയും കണ്ടെത്തി ഏകീകൃത പദ്ധതി എന്ന നിലയിലാണ് അഗതിരഹിത കേരളം പദ്ധതി ആരംഭിച്ചത്. അഗതി രഹിത കേരളം പദ്ധതിയുടെ സര്‍വേക്ക് ഒരു വര്‍ഷം മുമ്പ് കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് കുടുംബശ്രീക്ക് അനുവദിച്ചത്തന്നെ. യാതൊരു പരിരക്ഷയും ലഭിക്കാത്ത അഗതി കുടുംബങ്ങളെ കണ്ടെത്തുവാനും അര്‍ഹതയില്ലാതെ ആനുകൂല്യം വാങ്ങുന്നവരെ കണ്ടെത്തുവാനും നിര്‍ദേശിച്ചിരുന്നു.

കുടുംബശ്രീ നിയമിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സര്‍വെ നടത്തിയത്. ഇതില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം വളരെ പാവപ്പെട്ടവര്‍ പോലും ഉള്‍പ്പെട്ടില്ല. ആപ്ലിക്കേഷനില്‍ രൂപ കല്‍പ്പന ചെയത മാനദണ്ഡങ്ങള്‍ പ്രകാരം കയറി കൂടാന്‍ പടവുകള്‍ ഏറെയാണ്. നിര്‍ധനരായ കുടുംബമാണെങ്കിലും ആ കുടുംബത്തിലെ ഒരംഗം തൂപ്പു ജോലിക്ക് പോവുകയാണെങ്കില്‍ പോലും ലിസ്റ്റില്‍ നിന്നും ഔട്ടാണ്. പരമദയനീയമായ കുടുംബക്കാഴ്ചകള്‍ കണ്ട് സര്‍വേ ടീം മടങ്ങിയെന്നല്ലാതെ അവരാരും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. തിരുവനന്തപുരത്ത് ഭരണകേന്ദ്രത്തിനു താഴെ മണ്ണു തിന്നു വിശപ്പടക്കേണ്ടി വന്ന നിരവധി കുടുംബങ്ങള്‍ അഗതി കേരളം പദ്ധതിയില്‍ നിന്നും പുറത്താണ്. പ്രതിമാസം ഭക്ഷണകിറ്റുകള്‍ നല്‍കുന്നതാണ് നേരത്തെ തുടങ്ങിയ ആശ്രയ പദ്ധതി. കഴിഞ്ഞ യ.ുഡി.എഫ് സര്‍ക്കാര്‍ ആണ് അന്ന് പദ്ധതിയെ വിപുലപ്പെടുത്തി നിരവധി പാവങ്ങള്‍ക്ക് അവസരം ഒരുക്കിയത്.

അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടികള്‍ ആശ്രയ പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടു വന്ന ഇടത് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് അഗതി രഹിത കേരളം എന്ന പദ്ധതിയാക്കി മാറ്റി. അഗതികളായി പ്രയാസപ്പെടുന്നവരായി ആരുമുണ്ടാകരുതെന്ന് പറഞ്ഞ സര്‍ക്കാര്‍ പക്ഷേ അവരെ ഉള്‍പ്പെടുത്താനുള്ള വഴികള്‍ കഠിനമാക്കി. അര്‍ഹതാ മാനദണ്ഡങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ കയറ്റിയതോടെ ഉള്‍പ്പെടുത്തണമോയെന്നത് കമ്പ്യൂട്ടര്‍ സൈറ്റുകള്‍ നിശ്ചയിച്ചു. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ താമസിക്കുന്നവരും കിടപ്പിലായവരുമുള്‍പ്പെടെ ഏറ്റവും അര്‍ഹതപ്പെട്ടവരെയാണ് സര്‍ക്കാര്‍ തഴഞ്ഞത്. ആരുമില്ലാത്ത എത്രയെത്രപേരാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിതരണേയെന്ന് പറഞ്ഞ് തദ്ദേശസ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴായാത്ത വിധം സൈറ്റ് ലോക്ക് ആക്കി വെച്ചിരിക്കുകയാണ് സര്‍ക്കാര്‍, എന്തിനുവേണ്ടിയാണ് ഇങ്ങിനെയൊരു പദ്ധതിയെന്ന് പലരും ചോദിക്കുന്നതിനിടയിലാണ് തിരുവനന്തപുരം സംഭവമെന്നത് അഗതി കേരളം പദ്ധതിയുടെ പിഴവുകള്‍ വെളിവാക്കുന്നതാണ്. സുല്‍ത്താന്‍ബത്തേരിയില്‍ സെഹ്‌ല ഷറിന്‍ എന്ന വിദ്യാര്‍ഥിനിയുടെ ജീവന്‍ ക്ലാസ്മുറിയില്‍ അപഹരിക്കപ്പെട്ട വേദന തളംകെട്ടി നില്‍ക്കുമ്പോഴാണ് വിശപ്പടക്കാന്‍ മണ്ണുതിന്നുന്ന കുട്ടിയുടെ കഥ പുറംലോകമറിയുന്നത്.

 ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും രാജ്യത്ത് ഒന്നാം സ്ഥാനമെന്ന് നാം കൊട്ടിഘോഷിക്കുമ്പോഴാണ് കണ്ണു നനഞ്ഞ് മാത്രം ഈ കാഴ്ചകള്‍ കാണുന്നത്. കേള്‍ക്കാനിഷ്ടപ്പെടാത്ത സംഭവങ്ങള്‍ക്കാണ് സമീപ കാലത്ത് കേരളം സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ മേനിപറച്ചിലുകള്‍ വെറും പരസ്യത്തില്‍ മാത്രം ഒതുങ്ങുകയാണോ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഏതായാലും കോടതി ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ വാക്കുകള്‍ ഇടത് സര്‍ക്കാറിന്റെ കൊള്ളരുതായ്മകളെ വരച്ചു കാട്ടി. രാജിവെക്കുകയാണ് സര്‍ക്കാറിനു നല്ലതെന്ന് ആരും പറയും. മന്ത്രിമാര്‍ക്ക് വിദേശ യാത്രയില്‍ മാത്രമാണ് താല്‍പര്യമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകുന്നില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചത് കണ്ട് ഓരോ മലയാളിയും സ്തബ്ധമായിരിക്കുകയാണ്.  ഉദ്യോഗസ്ഥരുടെ ബന്ദികളായി സര്‍ക്കാര്‍ മാറിയെങ്കില്‍ കൂടുതല്‍ ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്നുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയത്. 

നാളികേര വികസന വകുപ്പിലെ ശമ്പളകുടിശിക നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാറിനെതിരെ പരാതിക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി നീതിപീഠത്തെ സമീപിച്ചത്. മൂന്നു മാസത്തിനുള്ളില്‍ ശമ്പള കുടിശിക നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 2018ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ശമ്പള കുടിശിക വിതരണം ചെയ്യാത്തതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. മന്ത്രിമാര്‍ക്ക് വിദേശയാത്രയില്‍ മാത്രമാണ് താല്‍പര്യമെന്നായിരുന്നു ഇതിനോട് കോടതിയുടെ പ്രതികരണം. കോടതി വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പിന്നെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു കോടതി വ്യക്തമാക്കി. ഐ.എ.എസ്സുകാര്‍ എ.സി മുറികളില്‍ ഇരുന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. സര്‍ക്കാറിനെ ശരിക്കും വിലയിരുത്തിയാണ് കോടതി ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നത് സുവ്യക്തമാണ്. ഈയൊരു സാഹചര്യത്തില്‍ സര്‍ക്കറിനു രാജിവെച്ച് പുറത്തുപോവുകയാണ് നല്ലത്. കോടതിക്കു പോലും വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാറിനു എത്രനാള്‍ അധികാരത്തില്‍ തുടരാന്‍ കഴിയും. പ്രതിപക്ഷം നേരത്തെ തന്നെ സര്‍ക്കാറിന്റെ കൊള്ളതരുതായ്മകളെ വളരെ ശക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അപ്പോഴെല്ലാം അത് പ്രതിപക്ഷത്തിന്റെതല്ലേഎന്ന് പറഞ്ഞ് തള്ളിക്കളയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

 കോടതി തുറന്നു പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ജനങ്ങളുടെ കോടതിയില്‍ ഇക്കാര്യം സര്‍വഥാബോധ്യമായികഴിഞ്ഞിട്ടുണ്ട്. ആശ്രിതര്‍ക്കും അടുപ്പക്കാര്‍ക്കുമെല്ലാം ഉന്നത തസ്തികകളില്‍ നിയമനം നല്‍കുന്നതിലും ഇഷ്ടക്കാര്‍ക്ക് വാരിക്കോരി ക്യാബിനറ്റ് റാങ്കുകള്‍ നല്‍കുന്നതിലും പരീക്ഷയില്‍ തോറ്റവര്‍ക്ക് മാര്‍ക്ക് വീതിച്ചു നല്‍കുന്നതിലുമാണ്് ഒരു നാട് ഭരിക്കുന്ന ഭരണകൂടത്തിനു താല്‍പ്പര്യമെന്നത് എത്ര നാണക്കേടാണ്. അപ്പോഴും ഭരണത്തിന്റെ മൂക്കിനു താഴെ വിഷപ്പടക്കാന്‍ പ്രയാസപ്പെടുന്നവരുടെ രോദനം എത്ര ദുഃഖകരമാണ്. ഈ മണ്ണിനെയും ജീവനെയും സംരക്ഷിക്കാന്‍ നമുക്കെന്തുചെയ്യാന്‍ കഴിയും? മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. മണ്ണിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ നമുക്കും പങ്കാളിയാകാം. മണ്ണു തിന്ന് വിഷപ്പടക്കുന്ന സംഭവം ഇനി ആവര്‍ത്തിച്ചൂകൂടാ. ഇതിനായി കൈകോര്‍ക്കണം. സര്‍ക്കാറിനോട് പ്രതിരോധത്തിന്റെ ശബ്ദം ഒറ്റക്കെട്ടായി ഉയര്‍ത്താം. 
SHARE