ഇ സാദിഖ് അലി

മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും മികവായിരുന്ന ഇന്ത്യയിന്ന് വര്‍ഗീയ ഫാസിസത്തിന്റെ കരാളഹസ്തങ്ങളിലമര്‍ന്നിരിക്കുന്നു. ഫാസിസ്റ്റ്‌വല്‍കൃത ജനാധിപത്യ ഇന്ത്യയില്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ്‌പോലും ചോദ്യംചെയ്യപ്പെടുകയും മതേതര ചിന്താഗതിക്കാര്‍ നിശബ്ദരാക്കപ്പെടുകയും ചെയ്യുമ്പോള്‍ ‘ഭയമില്ലാത്ത ഇന്ത്യ, സകലരുടെയും ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി മുസ്‌ലിംലീഗ് ദേശവ്യാപകമായി നടത്താന്‍പോകുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകളും ദലിതരും മറ്റിതര മതസ്ഥരും അതീവ ജാഗ്രതയോടെ സഹിഷ്ണുത കൈവിടാതെ ജീവിക്കണമെന്ന് വിളിച്ച്പറയുന്നതോടൊപ്പം അവരില്‍ സുരക്ഷിതബോധം വളര്‍ത്തുകയെന്നതും കാമ്പയിന്റെ ലക്ഷ്യമായിരിക്കും. വര്‍ഗീയതയെ വളരെ മികച്ച മാര്‍ഗത്തിലൂടെ പ്രതിരോധിക്കുന്നതിന് രാജ്യമൊട്ടാകെ ബോധവത്കരണമെന്നൊരുദ്ദേശവും ഇതിന്റെ പിന്നിലുണ്ട്.

വര്‍ഗീയതക്കെതിരെ വൈകാരികമായ പ്രതിരോധം അപകടം വരുത്തിവെക്കും. ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചും ദേഷ്യംപിടിപ്പിച്ചും ഇളക്കിവിട്ട് ഭൂരിപക്ഷവിഭാഗത്തെ അവര്‍ക്കെതിരെ തിരിച്ച്‌വിട്ട് വര്‍ഗീയരാഷ്ട്രീയം കളിക്കുകയെന്നതാണ് ഫാസിസ്റ്റ് സംഘ്പരിവാര ശക്തികളുടെ രീതിശാസ്ത്രം. ഇത് മനസ്സിലാക്കി തന്റേടത്തോടെയും പക്വതയോടെയും ഇടപെടാനും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങള്‍ക്ക് കഴിയണം. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഗതകാല ചരിത്രം സാഹോദര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും കഥ പറയുന്നതാണ്.

രാജ്യ പ്രതിരോധത്തിന് ജീവന്‍ സമര്‍പ്പിക്കുകയും രാജ്യവികാസത്തില്‍ നിസ്തുല പങ്ക് വഹിക്കുകയും ചെയ്ത എത്രയോ മുസ്‌ലിംകളുണ്ട് ഇന്ത്യയില്‍. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ സായുധപോരാട്ടത്തിനിറങ്ങിയ കുഞ്ഞാലിമരക്കാര്‍മാര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ രാജ്യത്തിന്റെ സ്വതന്ത്ര്യത്തിന്‌വേണ്ടി വീരമൃത്യുവരിച്ച 1857 ലെ ഒന്നാം സ്വാതന്ത്ര്യസമര നായകന്‍ ബഹദൂര്‍ഷാസഫര്‍ തൊട്ട് പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ വരെ നീളുന്നുണ്ട് ആ പട്ടിക. മതസഹിഷ്ണുതയുടെയും പരസ്പര സ്‌നേഹത്തിന്റെയും അതുല്യ സന്ദേശങ്ങള്‍ ലോകത്തിന് കൈമാറിയ മുസ്‌ലിംകള്‍ ബഹുസ്വര സമൂഹത്തില്‍ ശാന്തിയും സമാധാനവും കാംക്ഷിച്ച് സൗഹൃദത്തോടെ ജീവിക്കുന്നവരാണ്. വര്‍ഗീയതക്കും തീവ്രവാദത്തിനും വെള്ളവും വളവും നല്‍കുന്ന പണി അവര്‍ക്കില്ല. അതേസമയം അഭിമാനകരമായ അസ്തിത്വത്തിന്റെ പൂര്‍ത്തീകരണത്തിന് നിലകൊള്ളുന്ന, അവകാശങ്ങള്‍ നിഷേധിക്കപ്പെടാത്ത, രാജ്യത്തെ ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി ജീവിക്കാന്‍ അവസരമുണ്ടാകണമെന്ന് മാത്രമാണ് അവരാഗ്രഹിക്കുന്നത്.

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്) രംഗത്ത്‌വരുന്നതിനും മുമ്പേതന്നെ ‘ഗോ മാതാ’വിഷയം വൈകാരിക പ്രശ്‌നമായി തീവ്രവലതുപക്ഷ വാദികള്‍ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. ഇത്തരം വൈകാരികവിതാനങ്ങള്‍ സംഘ്പരിവാറിന്റെ എക്കാലത്തെയും തുറുപ്പ്ചീട്ടാണ്. അവരുടെ ദേശീയതയുടെ പ്രധാനമാതൃക യൂറോപ്യന്‍ ദേശീയതയാണ്. ‘ഭാരത് മാതാ’ ‘ഗോ മാതാ’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഒരമ്മകേന്ദ്രീകൃത സങ്കല്‍പത്തിലേക്ക് രാജ്യത്തെ കൊണ്ട്പോകുന്നതിന് പിന്നിലൊരു നിഗൂഢ ലക്ഷ്യമുണ്ട്. അത് ‘അമ്മയെ തൊട്ടാല്‍’…. എന്നൊരു വൈകാരിക ചിന്ത സമൂഹത്തില്‍ പടര്‍ത്തുന്നുണ്ട്. അത്‌കൊണ്ട് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം ഇതേ പ്രത്യയശാസ്ത്രം തന്നെയായിമാറുമ്പോള്‍ വളരെ ഭീകരമായ വിനാശമായിരിക്കുമതുണ്ടാക്കുക.

ഈ ഏകമുഖ സംസ്‌കൃതിക്കാര്‍ നടത്തുന്നത് രാഷ്ട്രത്തിന്റെ സംസ്‌കാരങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കുമെതിരായുള്ള വെല്ലുവിളിയാണ്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍കൊണ്ട് ശ്രദ്ധേയമായ ഇന്ത്യയുടെ ആത്മാവിനോട് തന്നെയുള്ള വെല്ലുവിളി. ആധിപത്യപ്രത്യയശാസ്ത്രത്തിന്റെ തത്വശാസ്ത്രം, സാധാരണ മനുഷ്യരുടെ പൊതുബോധമായി മാറുകയാണിവിടെ ചെയ്യുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തന്നെയാണിത്. തീര്‍ത്തും അപകടകരമായ സാഹചര്യത്തെ നിസ്സാരമായി കണക്കാക്കി തള്ളിക്കളയാനോ ചെറുതായിക്കണ്ട് ഒഴിവാക്കാനോ ഒരിക്കലും കഴിയില്ല. ഇവിടെയാണ് ‘ഭയമില്ലാത്ത ഇന്ത്യ, സകലരുടെയും ഇന്ത്യ’ യെന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത തിരിച്ചറിയുന്നത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ അസ്തിത്വവും അസമത്വവും അരക്ഷിതാവസ്ഥയുമാണ്. സാധാരണനിലയില്‍ ന്യൂനപക്ഷമെന്ന് പറയുന്നത് ഭാഷ, ജാതി, വര്‍ഗം, മതം എന്നിവയില്‍ ഏതെങ്കിലും അടിസ്ഥാനമാക്കി സമൂഹത്തില്‍ ചെറിയ പ്രാതിനിധ്യമുള്ളവരെയാണ്. അതേസമയം പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗത്തെയാണ് ഈ ഗണത്തില്‍പെടുത്തിയിട്ടുള്ളത്. സാമൂഹികവും രാഷ്ട്രീയവുമായ ഒറ്റപ്പെടുത്തലുകള്‍ക്ക് സ്വതന്ത്ര ഇന്ത്യയിലെ മത ന്യൂനപക്ഷമായ മുസ്‌ലിംകള്‍ വിധേയരായിട്ടുണ്ട്. ന്യൂനപക്ഷാവകാശങ്ങളെ സംരക്ഷിക്കുകയും അവ നിലനിര്‍ത്താന്‍ സഹായങ്ങളൊരുക്കുകയും ചെയ്യേണ്ടത് മതേതര ജനാധിപത്യ ഭരണകൂടങ്ങളുടെ കടമയാണെന്നിരിക്കെ ക്രിയാത്മകവും സൃഷ്ടിപരവുമായ സമീപനം ഭരണഘടനാപരമായിത്തന്നെ സ്വീകരിക്കാനിതുവരെ അവര്‍ മുന്നോട്ട്‌വന്നിട്ടില്ല.

മുസ്‌ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുക്കുന്നുവെന്ന പ്രചാരണം രാജ്യത്തെ ജോലിയനുപാതങ്ങളുടെ കണക്ക്‌വെച്ച് നോക്കിയാല്‍ വ്യാജമാണെന്ന് കണ്ടെത്താനാകും. മുസ്‌ലിംകളുടെ സാമ്പത്തിക രംഗമെടുത്ത് പരിശോധിച്ചാലിത് ബോധ്യമാകുകയും ചെയ്യും. സര്‍ക്കാര്‍ ജോലികളിലും ധനകാര്യ സ്ഥാപനങ്ങളിലും മുസ് ലിം പ്രാതിനിധ്യം വളരെ കുറവാണ്. രാജ്യത്തെ ഏറ്റവും വലിയ 10 വ്യാവസായിക സ്ഥാപനങ്ങളുടെ കണക്ക് പരിശോധിച്ചാലും ഒരു മുസ്‌ലിമിനെയും കാണില്ല. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലിത് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ഇത്.

ജനസംഖ്യാനുപാദത്തിനടുത്ത്‌പോലും മുസ്‌ലിം പ്രാതിനിധ്യം താഴെത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെയുള്ള സര്‍ക്കാര്‍ ജോലികളില്‍ കിട്ടുന്നില്ല. ഉന്നത ഉദ്യോഗങ്ങളില്‍ മുസ്‌ലിംകള്‍ ഒരു ശതമാനത്തിന് താഴെയാണ്. നാലാംകിട ജീവനക്കാരുടെ കണക്ക് നോക്കിയാല്‍ നാലോ അഞ്ചോ ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളത്. വിഭജനശേഷം ഇന്ത്യയിലുണ്ടായ വര്‍ഗീയ കലാപങ്ങളിലും വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ നടന്ന സാമുദായിക സംഘര്‍ഷങ്ങളിലും 2000 മാണ്ടിന് പിറകെ മുസഫര്‍നഗറിലും ഗുജറാത്തിലും മറ്റുമുണ്ടായ കലാപങ്ങളിലും ഇരകളായവരും ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചവരും മുസ്‌ലിംകളായിരുന്നു. ഈ കലാപങ്ങളൊക്കെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതരാണെന്ന തോന്നലുണ്ടാക്കി. 15 ശതമാനത്തോളമാണ് ഇന്ത്യയിലെ മുസ്‌ലിംകളെങ്കില്‍ കലാപങ്ങളില്‍ ഇരയായവരില്‍ 90 ശതമാനവും ഈ വിഭാഗത്തില്‍ പെടുന്നവരാണ്.

ഇന്ത്യയിലെ ക്രിസ്ത്യന്‍ സമുദായവും വര്‍ഗീയ കലാപങ്ങളുടെ ഇരകളാണ്. കേരളത്തിലെ അവരുടെ അവസ്ഥ സുരക്ഷിതവും മെച്ചപ്പെട്ടതുമാണെങ്കിലും കേരളത്തിന്പുറത്ത് മധ്യപ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത് തുടങ്ങി വിവിധ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലൊക്കെ അവരും ആര്‍.എസ്.എസ് സംഘ്പരിവാര ശക്തികളുടെ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ക്രിസ്ത്യാനികളെ മതപരിവര്‍ത്തകരായി ചിത്രീകരിച്ചും ആരോപിച്ചുമാണ് ആക്രമിക്കുന്നതെങ്കില്‍ മുസ്‌ലിംകളെ തീവ്രവാദികളെന്ന മുദ്രകുത്തിയാണ് ആക്രമിക്കുന്നത്. രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ പുതിയ കാനേഷുമാരി പ്രകാരം 2.3 ശതമാനമാണ്. 2001 ലും അതില്‍ വലിയ മാറ്റമില്ല. 1991ല്‍ ഇത് 2.34 ശതമാനമായിരുന്നു. എന്നിട്ടും ക്രിസ്ത്യന്‍ മെഷിനറി വലിയതോതില്‍ മത പരിവര്‍ത്തനം നടത്തുന്നുവെന്നാണ് പ്രചാരണം. മനപ്പൂര്‍വമുള്ള ഇത്തരം ഊഹാപോഹങ്ങളും പ്രചാരണങ്ങളുമുണ്ടാക്കുന്ന വെറുപ്പില്‍നിന്നാണ് വര്‍ഗീയ കലാപങ്ങള്‍ ഉടലെടുക്കുന്നത്. സാമുദായിക ധ്രുവീകരണത്തിനിത് കാരണമാവുകയും വര്‍ഗീയ രാഷ്ട്രീയത്തിനിത് വളമാവുകയും ചെയ്യുന്നു.

രാജ്യത്തെ വര്‍ഗീയ കലാപങ്ങളുടെ പൊതുചിത്രമെടുത്ത് പരിശോധിച്ചാല്‍ ഏറ്റവുമധികം ഇരകളായത് മുസ്‌ലിംകളാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ആര്‍.എസ്.എസ് പോലെയുള്ള പല ഹിന്ദുത്വ തീവ്രവാദ വര്‍ഗീയകക്ഷികളും മുസഫര്‍ നഗറിലെ കലാപത്തെ അണയാതെ സൂക്ഷിക്കുകയായിരുന്നു. കലാപത്തെ അടിച്ചമര്‍ത്തുന്നതിന് പകരം ഭരണകൂടം അവര്‍ക്ക് ഒത്താശ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ചില മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ അര്‍ത്ഥഗര്‍ഭമായ മൗനംപാലിച്ചു. കലാപകലുഷിതമായ അന്തരീക്ഷത്തെ നിയന്ത്രിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്ന്പ്രവര്‍ത്തിച്ചില്ല. നിയമസംവിധാനവും പൊലീസും കാഴ്ചക്കാരായി നോക്കിനിന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ നിയന്ത്രണ വിധേയമാക്കി മാറ്റേണ്ട രാഷ്ട്രീയ നേതൃത്വവും നിയമപാലകരും ഉദ്യോഗസ്ഥരും മൗനാനുവാദം നല്‍കി കലാപങ്ങള്‍ക്ക് കോപ്പ്കൂട്ടുന്നു. ഇതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല ദലിതരുടെ സ്ഥിതി. ‘ഗോ രക്ഷക് ദള്‍’ എന്ന പശു സംരക്ഷണ തീവ്രവാദികള്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ദലിതരെ നഗ്‌നരാക്കി ക്രൂരമര്‍ദ്ദനത്തിനിരയാക്കപ്പെട്ടത് മനുഷ്യമനഃസാക്ഷിയെ കിടിലംകൊള്ളിച്ചു. ബി.ജെ.പി സര്‍ക്കാറിന്റെ പിന്തുണയോടെ കരുത്ത്‌നേടിയ പശുരാഷ്ട്രീയത്തിന്റെ പ്രകടമായ പ്രയോഗവത്കരണമായിരുന്നു അത്.

രാജ്യം സ്വതന്ത്രയായിട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ടു. സാമൂഹ്യജീവിതത്തില്‍ വളരെവലിയ മാറ്റങ്ങളുണ്ടായി. എന്നിട്ടും ജാതീയ ചിന്തകള്‍ക്കും അനുബന്ധ തിന്മകള്‍ക്കും യാതൊരു കുറവും വന്നിട്ടില്ല. ജാതീയതയില്‍ വിശ്വസിക്കുകയും സവര്‍ണ്ണത ആഘോഷിക്കുകയും ചെയ്യുന്ന ഗോരക്ഷകരുടെ ദൃഷ്ടിയില്‍ മുസ്‌ലിംകളില്‍നിന്ന് ഒട്ടും ഭിന്നമല്ല ദളിതര്‍. ആര്‍.എസ്.എസും ബി.ജെ.പിയും കീഴ്ജാതിക്കാരെക്കൂടിയുള്‍ക്കൊണ്ട് അടിത്തറ ഭദ്രമാക്കിവെക്കാന്‍ കിണഞ്ഞ്ശ്രമിക്കുമ്പോള്‍, സ്വന്തം തത്വശാസ്ത്രംതന്നെ തിരിഞ്ഞ്കുത്തുന്നത് കാണുന്നു. മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരെ കടുത്ത നിലപാടുകളുമായാണ് ആര്‍.എസ്.എസും മറ്റ് സംഘ്പരിവാര സംഘടനകളും രൂപീകരിക്കപ്പെട്ടിട്ടുള്ളത്. രസകരമായൊരു അനുഭവമാണിതെങ്കിലും ദലിതര്‍ സംഘടിത ശക്തിയായി മാറുന്നത് കാണുന്നു. ദലിതര്‍ കുറഞ്ഞകൂലിക്ക് എല്ല്മുറിയെ മോശപ്പെട്ട പണികളെടുത്ത് അടിമകളായി അവകാശികളില്ലാതെ അടങ്ങിയൊതുങ്ങിക്കഴിയേണ്ടവരാണെന്നൊരു മുദ്രയും കുത്തിവെച്ചിട്ടുണ്ട് .

അതായത് അമേദ്യമടക്കമുള്ള മാലിന്യം നീക്കം ചെയ്യുക, നിരത്തുകളും ഓടകളും വൃത്തിയാക്കുക, ചത്ത മൃഗത്തിന്റെ തോലുരിയുകയും അവയെ കുഴിച്ചിടുകയും ചെയ്യുക തുടങ്ങിയ പണികള്‍ വെറുതെയോ കുറഞ്ഞ കൂലിയിലോ ചെയ്തുകിട്ടാന്‍വേണ്ടി തന്ത്രപരമായി സവര്‍ണ്ണരുണ്ടാക്കിയെടുത്ത സിദ്ധാന്തമാണ് ജാതിവ്യവസ്ഥ. പ്രശസ്തിയുടെ കൊടുമുടിയില്‍ കയറിപ്പറ്റിയാലും അധ്വാനത്തിലൂടെ ശതകോടീശ്വരനായാലും എത്രമാത്രം വിദ്യാസമ്പന്നനായാലും പിന്നാക്കക്കാരെ ആ മേല്‍വിലാസത്തില്‍ മാത്രമേ കാണാനാവൂ എന്നൊരു മനോഗതിയും സവര്‍ണ്ണരുണ്ടാക്കിവെച്ചിട്ടുണ്ട്.

മരണദേവനായ യമന്റെ സ്ഥലമായ തെക്ക് വശത്തേക്ക് തിരിഞ്ഞ്കിടക്കാന്‍പോലും പാടില്ലെന്നാണ് സവര്‍ണ്ണവിശ്വാസമായ വാസ്തുപ്രകാരം ‘നിയമം’. ഉറക്കത്തില്‍പോലും അറിയാതെയാണെങ്കിലും തിരിഞ്ഞ്കിടക്കാന്‍ പാടില്ലാത്തിടത്ത് കിടക്കേണ്ടവരാണ് ദലിതരെന്നാണ് സവര്‍ണ്ണസങ്കല്‍പം. പൊതുകിണറുകളില്‍നിന്നും ടാപ്പുകളില്‍നിന്നും വെള്ളമെടുത്തതിന്റെ പേരില്‍ ദലിതര്‍ മര്‍ദ്ദിക്കപ്പെടുന്നു. മറ്റ് ജാതിക്കാരില്‍നിന്ന് അവര്‍ നേരിടേണ്ടിവരുന്നത് ബഹിഷ്‌കരണത്തേക്കാള്‍ രൂക്ഷമായ വിവേചനമാണ്. കന്നുകാലികളെ വളര്‍ത്തിയും കച്ചവടം ചെയ്തും ഉപജീവനം നടത്തിവരുന്ന ദലിത് വിഭാഗങ്ങളും ‘ഗോരക്ഷ’ക്കാരുടെ മര്‍ദ്ദനം സഹിക്കേണ്ടിവന്നു. ജനാധിപത്യ രാജ്യത്ത് ഓരോ വ്യക്തിയുടെയും അസ്തിത്വം പരിക്കേല്‍ക്കാതെ സംരക്ഷിക്കപ്പെടുകയും വളര്‍ന്ന് വികസിക്കാന്‍ അനുവദിക്കുകയും വേണം.

നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും കാലാകാലമായി തങ്ങളുടെ അസ്തിത്വം നിര്‍വചിക്കാനാവാതെ പ്രയാസപ്പെടുന്നു. ഇന്ത്യയിലെ ദലിതരും മുസ്‌ലിംകളും ക്രിസ്ത്യാനികളും സമത്വം, സുരക്ഷിതത്വം, സ്വത്വബോധം എന്നീ മൂന്ന് ഘടകങ്ങളിലാണ് ഭീഷണി നേരിടുന്നത്. സകല സമൂഹത്തേയും ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ് രാഷ്ട്രത്തിന്റെ ഭരണഘടനയും നയങ്ങളും. പക്ഷേ, സങ്കുചിതചിന്താഗതിക്കാരായ നിഷേധാത്മക രാഷ്ട്രീയത്തിന്റെ വക്താക്കളും സില്‍ബന്ധികളും അവ പ്രയോഗവത്കരിക്കാതെ രേഖയില്‍ മാത്രമൊതുക്കുന്നു. ഇവിടെ അന്യവര്‍ഗവിദ്വേഷത്തിനും അസമത്വത്തിനും നീതിനിരാകരണത്തിനുമെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തി നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. സങ്കുചിതരാഷ്ട്രീയത്തെ തടയാനുള്ള ഒരു പോംവഴിയാണിത്. എങ്കില്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മാനവികാശയങ്ങളും ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്ന മതേതര കാഴ്ചപ്പാടുകള്‍ക്കും ഊര്‍ജ്ജം പകരാന്‍ കഴിയൂ.