Connect with us

Views

അന്താരാഷ്ട്ര ചലച്ചിത്രോത്സവം വെറും ഷോ ആയാല്‍ മതിയെന്ന് ഇടതുപക്ഷ സര്‍ക്കാരും തീരുമാനിച്ചുകഴിഞ്ഞോ?

Published

on

അബ്ദുല്‍റഷീദ്

”നമ്മുടെ ചലച്ചിത്രമേള ഇപ്പോള്‍ രാഷ്ട്രീയം നിരോധിക്കപ്പെട്ട കോളേജുപോലെ ശാന്തമായിരിക്കുന്നു…’ കൈരളിയുടെ ആളൊഴിഞ്ഞ പടവുകളില്‍ ഇരിക്കെ ചങ്ങാതി പറഞ്ഞു.
ചുറ്റും നോക്കിയപ്പോള്‍ ശരിയാണ്. ഓരോ സിനിമക്കും ഡെലിഗേറ്റുകള്‍ മണിക്കൂറുകള്‍ വരിനില്‍ക്കുന്നു. സീറ്റുകള്‍ ഫുള്‍ ആകുമ്പോള്‍ വരിയില്‍ ബാക്കിയാകുന്നവര്‍ ആട്ടിയകറ്റപ്പെടുന്നു. പ്രതിഷേധിച്ചാല്‍ പോലീസെത്തി തൂക്കിയെടുത്തു കൊണ്ടുപോകുന്നു. സ്വാശ്രയകോളജിലേക്കാള്‍ അച്ചടക്കത്തോടെ വെയിലില്‍ വരിനില്‍ക്കുന്ന ചലച്ചിത്രപ്രേമികള്‍..!
മുന്‍പൊക്കെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇങ്ങനെയേ ആയിരുന്നില്ല. സീറ്റുകള്‍ ഫുള്‍ ആയിക്കഴിഞ്ഞാണു ശരിക്കും ‘മേള’. സീറ്റു കിട്ടാത്തവര്‍ എല്ലാം കൂടി തറയില്‍ പത്രംവിരിച്ചു അതിലൊരു ഇരിപ്പാണ്.  എത്രയെത്ര ലോകോത്തര സിനിമകള്‍ അങ്ങനെ കൈരളിയുടെയും കലാഭവന്റെയുമൊക്കെ തറയിലിരുന്നു എത്രയോ പേര്‍ കണ്ടിരിക്കുന്നു. സ്വയം മറന്നു കയ്യടിച്ചിരിക്കുന്നു!
തിരുവനന്തപുരം നഗരത്തെ വെള്ളിയാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ഒരു ഉത്സവപറമ്പാക്കിയിരുന്നു മുന്‍പൊക്കെ ചലച്ചിത്രമേള. സൗഹൃദങ്ങളുടെ, ചര്‍ച്ചകളുടെ, സംവാദങ്ങളുടെ, തര്‍ക്കങ്ങളുടെ ഉത്സവപ്പറമ്പ്. കവികള്‍ കൈരളിയുടെ പടവുകളില്‍ ഇരുന്നു ഉറക്കെ കവിത ചൊല്ലിയിരുന്ന ഉത്സവം. ഫലസ്തീനും ക്യൂബയ്ക്കും വേണ്ടി പ്രകടനങ്ങള്‍ നടത്തിയിരുന്ന നിഷേധികളുടെ സമരോത്സവം. ഓപ്പണ്‍ഫോറങ്ങളില്‍ തീപ്പൊരി പടര്‍ത്തിയിരുന്ന സംവാദങ്ങളുടെ ഉത്സവം.

മണിക്കൂറുകള്‍ ക്യുവില്‍ നിന്നിട്ടും തീയേറ്ററില്‍ കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രതിഷേധിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു എന്നാണ് ഇന്നത്തെ പത്രവാര്‍ത്ത. ”മദ്യപിച്ചു ബഹളംവെച്ചു” എന്നാണ് കുറ്റം. കസ്റ്റഡിയില്‍ എടുക്കുകയോ താക്കീത് ചെയ്തു വിടുകയോ ഒന്നുമല്ല, അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമായിരിക്കും. ചിലപ്പോള്‍ ശിക്ഷിച്ചു ജയിലില്‍ ഇടുമായിരിക്കും.
പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്ത് മേള കാണാന്‍ വന്ന മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. മേളയില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ തര്‍ക്കിക്കുകയോ ചെയ്യുന്ന ആര്‍ക്കും (ബഹളമുണ്ടാക്കുക എന്ന് പോലീസ്ഭാഷ) ഇതായിരിക്കും അവസ്ഥ എന്നും ചലച്ചിത്രമേളയില്‍ അച്ചടക്കം പരമപ്രധാനമാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ മുന്‍പൊക്കെ ചലച്ചിത്രമേളകളില്‍ കൈരളിക്ക് മുന്നില്‍ നടന്നിരുന്ന നൂറു നൂറു പ്രതിഷേധങ്ങള്‍ ഓര്‍ത്തു. ഈ പട്ടാള അച്ചടക്കം അന്ന് ഉണ്ടായിരുന്നെങ്കില്‍ എത്രപേര്‍ അറസ്റ്റില്‍ ആവണമായിരുന്നു! എ അയ്യപ്പനൊക്കെ ഒരു ജീവപര്യന്തംതന്നെ കിട്ടിയേനെ!

സ്ഥിരമായി എത്തുന്ന പലരെയും ഇത്തവണ മേളയ്ക്ക് കണ്ടില്ല. അവര്‍ക്കൊന്നും പാസുകള്‍ കിട്ടിയില്ല. മെയില്‍ ഐഡിയും പാസ്വേര്‍ഡും എ ടി എം കാര്‍ഡും ഓണ്‍ലൈന്‍ ബാങ്കിങ്ങുമായി രാവിലെ എട്ടുമണിക്കുതന്നെ കംപ്യുട്ടറിന് മുന്നില്‍ ഇരിക്കാന്‍ കഴിഞ്ഞ യുവതലമുറയ്ക്ക് മാത്രമാണ് ഇത്തവണ ഡെലിഗേറ്റ് പാസ് കിട്ടിയത്. അതും വെറും രണ്ടു മണിക്കൂറില്‍ ക്‌ളോസ് ചെയ്തു. പണ്ടൊക്കെ ഓണ്‍ലൈന്‍ നിരക്ഷരര്‍ക്കും നേരിട്ട് പണമടച്ചു പാസ് വാങ്ങാമായിരുന്നു. ഇപ്പോള്‍ നമ്മുടെ ചലച്ചിത്രമേള അവരെ നിഷ്‌കരുണം പുറത്താക്കിയിരിക്കുന്നു.
ആവിഷ്‌കാരസ്വാതന്ത്ര്യം ഇന്ത്യയില്‍ മുന്‍പില്ലാത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്ത് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ കോടികള്‍ മുടക്കി നടത്തുന്ന ഒരു ചലച്ചിത്രമേള എന്ത് മുദ്രാവാക്യമാണ് മുന്നോട്ടുവെക്കുന്നത്? അത്തരമൊരു ചോദ്യം ആരും ചോദിച്ചുകണ്ടില്ല.
മേളയുടെ പോസ്റ്ററുകളിലൊക്കെ വലുതായി കാണുന്നത് 22 എന്നത് മാത്രമാണ്. വെറും എണ്ണത്തിന് അപ്പുറം ലോകത്തോട് ഒന്നും പറയാനില്ലാത്ത മേളയെന്നു സംഘാടകര്‍തന്നെ സമ്മതിച്ചുകഴിഞ്ഞതുപോലെ.
സിനിമകളുടെ തിരഞ്ഞെടുപ്പില്‍പോലും ഈ തികഞ്ഞ അരാഷ്ട്രീയത ഉണ്ട്. അര്‍ദ്ധരാത്രിയില്‍ പ്രേതസിനിമയായ ‘സാത്താനിക് സ്ലേവെസ്’ കാണിച്ചു കാണികളെ പേടിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘാടകര്‍ കേരളത്തിന്റെ ലോക ചലച്ചിത്രമേളയെ ഒരു ‘കോണ്‍ജെറിങ്’ അനുഭവത്തിനപ്പുറം മറ്റൊന്നുമാക്കാന്‍ ആഗ്രഹിക്കുന്നില്ല.
അങ്ങനെ, ആഗ്രഹിച്ചിരുന്നു എങ്കില്‍ വിളിപ്പാടകലെ ഒരു സമാന്തര മേള നടക്കില്ലായിരുന്നു. ചലച്ചിത്രമേളയുടെ തൊട്ടരികെ , തഴയപ്പെട്ട സിനിമകളുടെ ഒരു സമാന്തര ചലച്ചിത്രമേള പ്രതിഷേധം എന്ന നിലയില്‍ നടക്കുന്നുണ്ട്. അവിടെ നൂറു രൂപ അടച്ചു ആര്‍ക്കും സിനിമ കാണാം. കണ്ട സിനിമയെപ്പറ്റി വെറും നിലത്തു പായ വിരിച്ചിരുന്നു ചര്‍ച്ച ചെയ്യുന്ന കുറേപേരെ അവിടെ കണ്ടു.

മാധ്യമങ്ങള്‍ ഒന്നും ആ സമാന്തരമേളയെപ്പറ്റി ഒരക്ഷരംപോലും പറയുന്നില്ല. പക്ഷെ, ചലച്ചിത്രപ്രേമികള്‍ എങ്കിലും അറിയണം, അങ്ങനെയും ഒന്ന് നടക്കുന്നുണ്ട്. അതിനൊരു രാഷ്ട്രീയമുണ്ട്. അത് ഈ ചെത്തിമിനുക്കിയ ഔദ്യോഗികമേളയുടെ അരാഷ്ട്രീയതയെക്കാള്‍ കരുത്തുറ്റ രാഷ്ട്രീയമാണ്. ഹിംസയുടെ, അപരവിദ്വേഷനിര്‍മിതിയുടെ, അസഹിഷ്ണുതയുടെ, യുദ്ധോല്‍സുകതയുടെ ഒരു കാലത്ത് ഒരു കലാമേളയും വെറും മേളയല്ല. പ്രത്യേകിച്ചും അതിന്റെ സംഘാടനം ഒരു ഇടതുപക്ഷ ഭരണകൂടത്തിന് ആകുമ്പോള്‍. കമലിനെയും ബീന പോളിനെയും എല്ലാം ഏല്‍പ്പിച്ചു മാറിനില്‍ക്കല്‍ അല്ല സര്‍ക്കാരിന്റെ ചുമതല.

പതിമൂന്നു വര്‍ഷത്തിന് ശേഷം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തില്‍ എത്തിച്ച സുരഭിയെ പുറത്താക്കിയ മേളയാണ്. തെറ്റ് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ തയാറാകാത്ത ധാര്‍ഷ്ട്യത്തിന്റെ മേളയാണ്. പക്ഷെ അപ്പോഴും അവിടെ ‘വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്’ എന്ന ആഭിജാത സംഘടനയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അവിടെ രജിഷവിജയനും പാര്‍വതിക്കുമൊക്കെ ഇടമുണ്ട്. അതുകൊണ്ടുതന്നെ, സുരഭി അവഗണിക്കപ്പെട്ടത് അവിടൊരു ചര്‍ച്ചയെ ആകുന്നില്ല.

മാധ്യമങ്ങള്‍ പണ്ടൊക്കെ ചലച്ചിത്രമേളകള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞു. പത്രവാര്‍ത്തകള്‍ അധികവും തിരുവനന്തപുരം നഗരപരിധിയില്‍ ആണ് വരുന്നത്. എങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഏരീസ് തിയറ്ററില്‍ മാധ്യമങ്ങള്‍ക്കു മാത്രമായി പ്രധാനസിനിമകള്‍ മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്നു. മറ്റാരുമില്ലാത്ത അടച്ചിട്ട തിയറ്ററില്‍ ഇരുന്നു സിനിമകണ്ടാണോ മാധ്യമപ്രവര്‍ത്തകര്‍ ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നറിഞ്ഞുകൂടാ. മുന്‍പൊന്നും അങ്ങനെ ആയിരുന്നില്ല. ഓരോ സിനിമയുടെയും ആസ്വാദനവും പ്രതികരണവും ഓളവും എല്ലാം ജനങ്ങള്‍ക്ക് ഒപ്പമിരുന്നു സിനിമകണ്ടുതന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

അരാജകവാദി ഒരര്‍ത്ഥത്തില്‍ മനുഷ്യത്വത്തെ പുനര്‍നിര്‍വചിക്കുന്നവനാണ്. അരാജകത്വത്തിന്റെ കലയാണ് ലോകമെങ്ങും സിനിമ. നമ്മുടെ ചിട്ടവട്ട ചിന്തകളെ പൊളിയ്ക്കുന്ന ഒരു കല.
അത് ആസ്വദിക്കാന്‍ എത്തുന്ന എല്ലാവരും കമലിനെപ്പോലെ അലക്കിതേച്ച വേഷവും ഭാഷയും ഉള്ളവര്‍ ആകണമെന്നില്ല. ഉറക്കെ സംസാരിക്കുന്നവരും ചോദ്യം ചോദിക്കുന്നവരും മുദ്രാവാക്യം വിളിക്കുന്നവരുമൊക്കെ അവരില്‍ ഉണ്ടാവും. അവരെയും കാണികളായെങ്കിലും പരിഗണിക്കണം. പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കരുത്.
നമ്മുടെ ഉന്നതകുലജാത നായികാ സങ്കല്‍പ്പങ്ങളെ ഉടയ്ക്കുന്ന സുരഭിയെപ്പോലെയൊക്കെ മലബാര്‍ ഭാഷ പറയുന്ന, അത്ര വെളുത്ത നിറമില്ലാത്ത നടിമാരെക്കൂടി ഉള്‍ക്കൊള്ളാന്‍ കേരളത്തിന്റെ മേളയ്ക്ക് കഴിയണം. ആ സനല്‍കുമാര്‍ ശശിധരനെയൊക്കെ കേരളമെങ്കിലും ചവിട്ടി പുറത്താക്കരുത്.

കമലിന്റെയും ബീന പോളിന്റെയും മഹേഷ് പഞ്ചുവിന്റേയും ഗുഡ്ലിസ്റ്റില്‍ ഇല്ല എന്ന കാരണത്താല്‍ ആരും മേളയ്ക്ക് പുറത്താകരുത്. ഒരു സിനിമയും അവഗണിക്കപ്പെടരുത്.
മലയാളത്തിന്റെ വാണിജ്യസിനിമപോലും ശക്തമായ മാനുഷികത സംസാരിച്ചു തുടങ്ങിയ ഇക്കാലത്ത് മാനുഷികതയില്ലാത്ത ധര്‍ഷ്ട്യത്തിന്റെ മേള ആവരുത് മലയാളത്തിന്റേത്.
അതോ, കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു വെറും കോണ്‍ജെറിങ് ഷോ ആയാല്‍ മതിയെന്ന് ഇടതുപക്ഷ സര്‍ക്കാരും തീരുമാനിച്ചുകഴിഞ്ഞോ?

 

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending