Connect with us

Video Stories

ഇന്നല്ലെങ്കില്‍ നാളെ നാം ഒരുമിച്ച് നില്‍ക്കേണ്ടിവരും

Published

on

കാലം കാലികം
അഡ്വ. കെ.എന്‍.എ ഖാദര്‍
ഇന്ത്യയിലെ മതേതര രാഷ്ട്രീയ കക്ഷികള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഫാസിസത്തിനും വര്‍ഗീയതക്കും ഏകാധിപത്യത്തിനുമെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതായി വരും. ആ ചരിത്രദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യവും ബഹുസ്വരതയും ഇന്ത്യയില്‍ മരിച്ചു മണ്ണടിയും. ഇപ്പോള്‍തന്നെ അവ ഗുരുതരമാംവിധം രോഗബാധിതമാണ്. കറന്‍സി വിപ്ലവം കള്ളപ്പണം തടയാനുള്ള ഒരു നിഷ്‌കളങ്ക പരിശ്രമം മാത്രമല്ല. ജനസഞ്ചയത്തെ തങ്ങളുടെ താല്‍പര്യസംരക്ഷണം ലക്ഷ്യമാക്കി മെരുക്കിയെടുക്കുവാനുള്ള ഒരു ഭരണകൂട പരീക്ഷണം കൂടിയാണ്.
ആരെയും ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കും വിധം മുദ്രയടിക്കപ്പെട്ടതാണ് ഈ സാമ്പത്തിക പരിഷ്‌കരണം. ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ കാര്യങ്ങള്‍ വിശദീകരിക്കുവാനോ യാതൊരു ബാധ്യതയും ഏകാധിപതികള്‍ ഏറ്റെടുക്കാറില്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരികയോ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി മറുപടി പറയുകയോ ചെയ്യാതിരുന്നാല്‍ എന്താണ് സംഭവിക്കുകയെന്നറിയാനും അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും ആഗ്രഹമുണ്ട്. ഏത് പരിഷ്‌കരണങ്ങളും തങ്ങള്‍ക്ക് തോന്നിയ വിധം യഥേഷ്ടം ഒരു വിശദീകരണത്തിനും ഇടംകൊടുക്കാതെ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് തെളിയുകയാണ് അവര്‍ക്ക് വേണ്ടത്. ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇനിയും ജനാധിപത്യവിരുദ്ധമായ നടപടികളുമായി അവര്‍ മുന്നോട്ട് പോയേക്കാം. പ്രധാനമന്ത്രി അതില്‍ ആനന്ദം കൊള്ളുന്ന ഭരണാധികാരിയാണെന്ന് വ്യക്തം. ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒന്നടങ്കം നാം അഭിമുഖീകരിക്കുന്ന ഭീഷണിയെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ടോ?
പൊതുവായ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഒരുമിച്ച് പ്രവൃത്തിക്കുവാന്‍ കാണിക്കുന്ന വിമുഖത ആശങ്കയുളവാക്കുന്നു. ഒരേ പാര്‍ട്ടിക്കകത്ത് കാലക്രമത്തില്‍ കടന്നുവരാറുള്ള അനൈക്യവും പരസ്പരമത്സരങ്ങളും, നിക്ഷിപ്ത താല്‍പര്യങ്ങളും അത്തരം പാര്‍ട്ടികളുടെ പ്രഹരശേഷി നശിപ്പിക്കുന്നു. വെറുപ്പും വിദ്വേഷവും ശിഥിലീകരിക്കപ്പെടുന്ന ബന്ധങ്ങളും ബഹുജന പിന്തുണയുടെ കേന്ദ്രീകൃതമായ വിനിയോഗത്തിനു തടസ്സം സൃഷ്ടിക്കുന്നു. പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധങ്ങളിലും ഇതു സംഭവിക്കുന്നു. പൊതുവായ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി പൊരുത്തക്കേടുകള്‍ വിസ്മരിക്കുവാനുള്ള കഴിവാണ് ഒരു പാര്‍ട്ടിയുടെ സംഘടനാപരമായ ആരോഗ്യത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത്. എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഇതര ബഹുജനപ്രസ്ഥാനങ്ങള്‍ക്കും ഈ തത്വം ബാധകമാണ്. പ്രായോഗിക പ്രശ്‌നങ്ങളെയും ആശയങ്ങളെയും കൂട്ടിയിണക്കുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ജനാധിപത്യം ജനങ്ങളുടെ നേരിട്ടുള്ള ഭരണമാണെന്നും അവര്‍ക്ക് വേണ്ടിയാണ് സൗകര്യാര്‍ത്ഥം അവരുടെ പ്രതിനിധികള്‍ അവരെതന്നെ ഭരിക്കുന്നതെന്നും മറക്കാവതല്ല. ഈ ആശയം ഇന്ന് വിസ്മൃതിയിലായി വരികയാണ്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇഷ്ടമാണ് ഭരണമെന്നും അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കരുതിയാല്‍പോലും വലിയ പാപമാകുന്നില്ല. നേരെ മറിച്ച് ജനങ്ങള്‍ക്ക് ഭരിക്കുന്നവരുടെ നടപടികള്‍ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമേയുള്ളൂവെന്നും നിരാകരിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അഭിപ്രായ പ്രകടനങ്ങള്‍പോലും സഹിക്കുകയില്ലെന്നും ഭരണാധികാരികള്‍ കരുതുന്നതോടെ ജനാധിപത്യം മരിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സകലപൗരന്മാരും ഭരിക്കുന്ന കക്ഷിയുടെ ആശയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കണമെന്ന നിബന്ധന നടപ്പിലാക്കാന്‍ തുടങ്ങുമ്പോള്‍ ബഹുസ്വരതയും നാശമടയുന്നു. മതവും ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും വംശവും ഭാഷയും ലിംഗവും സംസ്‌കാരവും ആചാരവും അനുഷ്ഠാനവും ആഹാരവും വസ്ത്രധാരണ രീതികളും അഭിപ്രായങ്ങളും വ്യത്യസ്തമാണെങ്കിലും പരസ്പരപോരാട്ടവും മത്സരവും വെറുപ്പും വിദ്വേഷവും ഇല്ലാതെ സമാധാനപരമായ സഹവര്‍ത്തിത്ത്വത്തിലേര്‍പ്പെടുന്നതാണ് ബഹുസ്വരതയുടെ ലക്ഷണം. മേല്‍പ്രസ്താവിച്ച സകലവൈവിധ്യങ്ങളും വിവേചനരഹിതമായി കരുതുന്നതിന് പകരം ഭിന്നതകള്‍ സൃഷ്ടിക്കുവാനുള്ള ഉപാധിയാക്കുമ്പോള്‍ ഫാസിസ്റ്റ് ഭീകരതയുടെ ദ്രംഷ്ടങ്ങള്‍ പുറത്തുകാണിക്കപ്പെടുന്നു. വേദങ്ങളും ഉപനിഷത്തുകളും ഖുര്‍ആനും, ബൈബിളും ഇതര വേദഗ്രന്ഥങ്ങളും മഹദ്‌വചനങ്ങളും രാഷ്ട്രത്തിന്റെ ഭരണഘടനയും സ്വീകരിക്കുന്ന ഈ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും അഹിംസയുടെയും മാര്‍ഗ്ഗം രാജനീതിയിയായി സ്വീകരിക്കുവാന്‍ തയ്യാറില്ലാത്ത ഭരണാധികാരികള്‍ നാടുവാഴുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി മതേതരകക്ഷികള്‍ എന്ത് ചെയ്യണമെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യജീവിതത്തിന്റെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും അടിസ്ഥാനശിലകള്‍ ആടിയുലയാന്‍ തുടങ്ങുമ്പോള്‍ നന്‍മക്ക് വേണ്ടി ഐക്യപ്പെടുവാന്‍ നമുക്ക് കഴിയാതെ പോകരുത്.
ദളിത് പീഡനങ്ങളും, ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ആഹാരശീലത്തിന്റെ പേരില്‍ നടന്നുവരുന്ന കലാപങ്ങളും, എഴുത്തുകാരും കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും നേരിട്ട മര്‍ദനങ്ങളും കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും, ഏകീകൃതസിവില്‍ കോഡിന് വേണ്ടിയുള്ള മുറവിളികളും കള്ളപ്പണത്തിന്റെ പേരില്‍ നടത്തുന്ന ജനദ്രോഹനടപടികളും വേറിട്ടുകാണേണ്ടുന്ന കാര്യങ്ങളല്ല. പൊതുവായ ചിലതും അതില്‍ അന്തര്‍ലീനമാണ്. കേന്ദ്രസര്‍ക്കാരിന്റെയും അതേപാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളുടെയും നടപടികളെല്ലാം ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. അവയെല്ലാം ഒരേമരത്തില്‍ വിരിഞ്ഞ വിഷപുഷ്പങ്ങളാണ്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കുവാനും ജനാധിപത്യവും ബഹുസ്വരതയും കാത്ത് സൂക്ഷിക്കുവാനും ഭരിക്കുന്ന കക്ഷി ഏത് പാര്‍ട്ടിയാണെങ്കിലും തയ്യാറാവേണ്ടതാണ്. നിലപാടുകളും നയങ്ങളുമാണ് പ്രശ്‌നം. പ്രായോഗിക ഭരണനടപടികളുടെ അടിസ്ഥാനം ഭരിക്കുന്ന കക്ഷികളുടെയും സര്‍ക്കാരിന്റെയും നയസമീപനങ്ങളാണ്. ദേശവ്യാപകമായി പന്ത്രണ്ടോളം പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പ്രതിഷേധിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത് ശുഭസൂചകമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടുവാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ബുദ്ധി. മതേതരകക്ഷികള്‍ക്കിടയിലുള്ള ഭിന്നതകള്‍ പെരുപ്പിച്ച് കാണിക്കുവാനും ആ പഴുതിലൂടെ രക്ഷപ്പെടുന്നതിനും ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ പരിശ്രമിച്ചേക്കും. ഗുണഭോക്താക്കളായി തീരേണ്ടുന്ന പൊതുജനമാണിപ്പോള്‍ വേട്ടയാടപ്പെടുന്നത്. അഴിമതിയും കുംഭകോണവും കുലത്തൊഴിലാക്കി സമ്പത്തും പണവും കുന്നുകൂട്ടിയ ഒരാള്‍ക്ക് പോലും ഒരു ബുദ്ധിമുട്ടും ഇതുവരെ ഇന്ത്യയിലുണ്ടായിട്ടില്ല. വിദേശിയും സ്വദേശിയുമായ കള്ളപ്പണക്കാരും അനധികൃതസ്വത്ത് സമ്പാദിച്ചിട്ടുള്ളവരും അഗാധമായ ആനന്ദത്തിലുമാണ്. അവരില്‍ ഭരണത്തോടൊട്ടി നില്‍ക്കുന്നവര്‍ക്ക് ഈ പുത്തന്‍ സാമ്പത്തിക ആക്രമണത്തിന്റെ വിവരം ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമായ കറന്‍സി പരിഷ്‌കരണവും കള്ളപ്പണവേട്ടയുടെ പേരില്‍ നടക്കുന്ന ജനപീഡനങ്ങളും മാത്രമല്ല നമ്മുടെ മുമ്പിലുള്ള പ്രശ്‌നം.
ഈ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും അവഗണിക്കുവാന്‍ പാടില്ലാത്തതാണ്. അവയെല്ലാം പുതിയ വേഷങ്ങളില്‍ ആവര്‍ത്തിക്കപ്പെടാം. ഭരിക്കുന്ന കക്ഷികളുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്ക് ബദല്‍ ആവിഷ്‌കരിക്കുവാനും ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കുവാനും സമാനമനസ്‌കരായ സകലരും ഒന്നുചേരുകയാണ് വേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ അത് വേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending