കെ.പി ജലീല്‍

വര്‍ഷം 2008. ബി.ജെ.പിയുടെ ദേശീയ ജനറല്‍സെക്രട്ടറിയായിരിക്കവെ അരുണ്‍ജെയ്റ്റ്‌ലി തന്റെ സുഹൃത്തായ ഗുജറാത്ത് മുഖ്യമന്ത്രിയുമായി ഒരു ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെടുന്നു. ഗുജറാത്തിലെ 2002ലെ മുസ്‌ലിം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ തനിക്കും തന്റെ മന്ത്രിസഭയിലെ അമിത്ഷാ അടക്കമുള്ള മന്ത്രിമാര്‍ക്കുമെതിരെ കോടതികളില്‍ കേസ് നടക്കുന്നു. ഇസ്രത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ള കൊലപാതകക്കേസുകളില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ അറസ്റ്റിലാകുകയും ഗുജറാത്തില്‍ കടക്കരുതെന്ന് സുപ്രീംകോടതി കല്‍പിക്കുകയും ചെയ്തിരിക്കുന്ന സമയം. ഇതില്‍നിന്നെല്ലാം തലയൂരാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമായിരുന്നുവെന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും വി.പി സിങ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്ററുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയോട് മോദിയുടെ ചോദ്യം. ജെയ്റ്റ്‌ലിയുടെ മറുപടി: അതിന് ഭരണഘടനപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകണം. ചോദ്യം ആവര്‍ത്തിക്കുന്ന മോദിയോട് ഭരണഘടനയെക്കുറിച്ചും നിയമത്തെക്കുറിച്ചുമൊക്കെയാണ് ജെയ്റ്റ്‌ലി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. സഹികെട്ട മോദി ഒരുവേള ജെയ്റ്റ്‌ലിയോട് പറയുന്നു. ആപ് സിര്‍ഫ് കോണ്‍സ്റ്റിറ്റിയഷന്‍ ബാത്ത് കര്‍രഹാഹേ.. (താങ്കളെപ്പോഴും ഭരണഘടനയെക്കുറിച്ച് മാത്രമാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.)
ആ സംഭാഷണം അവിടെ തീരുന്നു. പക്ഷേ വെറും ഇരുപത്തെട്ടാം വയസ്സില്‍ വക്കീലായി കോട്ടിട്ട ജെയ്റ്റ്‌ലിയും ആര്‍.എസ്.എസ് കൂടാരത്തില്‍ നിന്ന് കാക്കിക്കളസമണിഞ്ഞുവന്ന നരേന്ദ്ര ദാമോദര്‍ദാസും തമ്മില്‍ ആശയപരമായി വലിയ അന്തരമുണ്ടായിരുന്നു. എ.ബി.വി.പി നേതാവായായിരുന്നു ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയപ്രവേശമെങ്കില്‍, കറകളഞ്ഞ സംഘ്പരിവാറുകാരനായാണ് മോദി പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഭരണഘടനക്കും നിയമങ്ങള്‍ക്കും അപ്പുറത്ത് രാഷ്ട്രീയക്കാരന് പലതും ചെയ്യാനുണ്ടെന്നും അത് ചെയ്യണമെന്നുമായിരുന്നു മോദിയുടെ എപ്പോഴത്തെയും ആശയം. ജെയ്റ്റ്‌ലിയുമായി വിയോജിപ്പുണ്ടായെങ്കിലും അമിത്ഷായെപോലെ അല്ലെങ്കിലും ജെയ്റ്റ്‌ലിയെയും മോദി കൂടെക്കൂട്ടി. തികഞ്ഞ ബ്രാഹ്മണനായ ജെയ്റ്റ്‌ലി ഒരു വാജ്‌പേയി ആയിമാറുമോ എന്ന ആശങ്ക പലപ്പോഴും മോദിയുടെ മനസ്സിനെ മദിച്ചിരുന്നതാണ് ഈ ജെയ്റ്റ്‌ലി പ്രേമത്തിന് കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
കര്‍ണാടകയിലെ പുതിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭൂരിപക്ഷം തികക്കാനാവാതെ തന്റെ പാര്‍ട്ടിയുടെ സര്‍ക്കാരിന് ഇന്നലെ രാജിവെക്കേണ്ടിവന്നപ്പോള്‍ അത് മോദിയുടെയും അമിത്ഷായുടെയും നേരത്തെപറഞ്ഞ കളംവിട്ടുള്ള കളിക്കുള്ള തിരിച്ചടിയായിരുന്നു. അത് അവര്‍ നേരിട്ട് ഏറ്റെടുത്തില്ലെങ്കിലും രാജ്യം കഴിഞ്ഞ നാലുവര്‍ഷമായി കണ്ട മോദി-ഷാ ദ്വയത്തിന്റെ ഫീനിക്‌സ് സമാനമായ ഉയര്‍ച്ചയുടെ നെറുകെ തട്ടിയ അടിയായി കര്‍ണാടകത്തിലെ യെദിയൂരപ്പയുടെ രാജിയെ വിശേഷിപ്പിക്കാം.
കാലത്തിന്റെ പകരംവീട്ടലോ പാഠമോ ആണോ എന്നറിയില്ല. കര്‍ണാടകയില്‍ തന്റെ എല്ലാമെല്ലാമായ പാര്‍ട്ടി തിരിച്ചടി നേരിട്ട് നാണംകെട്ട് മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ പാര്‍ട്ടിയും മോദി-ഷാ സഖ്യവും ജനാധിപത്യത്തിനും ഭരണഘടനക്കും ഏല്‍പിച്ച മുറിവുകൂടി ജെയ്റ്റ്‌ലിയുടെ മനസ്സിനേല്‍ക്കുന്നുണ്ടാകും. വൃക്കമാറ്റിവെക്കലിന് വിധേയമായ ജെയ്റ്റ്‌ലിയുടെ ആസ്പത്രി വാസത്തിനിടെയാണ് ഇരുപത്തൊന്നാമത് സംസ്ഥാനം കൂടി പിടിച്ചടക്കാമെന്ന മോദിയുടെ മോഹന സ്വപ്‌നത്തിന്‌മേല്‍ കനത്ത പ്രഹരമേല്‍പിക്കപ്പെട്ടിരിക്കുന്നത്. ജെയ്റ്റ്‌ലി ഇവിടെ ഇല്ലാത്തത് അദ്ദേഹത്തോട് കാലം ചെയ്ത കാവ്യനീതിയാകാമിത്. തനിച്ച് ഭൂരിപക്ഷമില്ലാഞ്ഞിട്ടും കുതിരക്കച്ചവടത്തിലൂടെ ഗോവയിലും മണിപ്പൂരിലും മേഘാലയയിലും വിജയിച്ച കളി തെക്ക് കര്‍ണാകടകയില്‍ ചെലവായില്ല.
ആനന്ദകുമാര്‍, പ്രകാശ ്ജാവദേക്കര്‍, പീയൂഷ് ഗോയല്‍ തുടങ്ങിയ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ അധികാരത്തിന്റെ സര്‍വസന്നാഹങ്ങളോടെ ബംഗളൂരുവില്‍ ആഴ്ചകളോളം ഇരുന്ന് പാര്‍ട്ടിക്കുവേണ്ടി സമയം ചെലവഴിക്കുമ്പോള്‍ ജനാധിപത്യവും അവരില്‍ രാഷ്ട്രം ഏല്‍പിച്ച ഭരണഘടനാദൗത്യവുമാണ് മോദിയും ഇക്കൂട്ടരും മറന്നുപോയത്. ബെല്ലാരിയിലെ സഹോദരന്മാരുടെ ഖനിമാഫിയ ബന്ധവും അതില്‍നിന്ന് ലഭിച്ച പണ സമ്പത്തും ഇന്ന് ബി.ജെ.പിക്ക് ഉപകാരപ്പെട്ടില്ല. മണിക്കൂറുകള്‍ നീണ്ട ഭരണം വഴിയിലിട്ടെറിഞ്ഞുകൊണ്ട് യെദിയൂരപ്പ ബംഗളൂരു വിധാന്‍ സൗധയുടെ പടിയിറങ്ങിയപ്പോള്‍ മോദിയും ഷായും മാനസികമായി തകര്‍ന്നുതരിപ്പണമായെന്ന് ആരെങ്കിലും ധരിച്ചാല്‍ അവര്‍ക്ക് തെറ്റി. ഇരുവരും വീഴ്ചയെ നേട്ടമാക്കാന്‍ പഠിച്ചവരാണെന്നതിനാല്‍ വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലേക്കുള്ള മാര്‍ഗമായി അവരീ തിരിച്ചടിയെ ഉപയോഗപ്പെടുത്തുമെന്നതില്‍ സംശയമില്ല. സഹതാപത രംഗമാണ് ഇപ്പോള്‍ ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഒരുകണക്കിന് കര്‍ണാടകയില്‍ അധികാരം കിട്ടിയാല്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയുമായി ഉണ്ടാക്കാന്‍ പോകുന്ന കൂട്ടുകെട്ടിന് അത് തിരിച്ചടിയാകും. കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടിനെ വഞ്ചിച്ചുവെന്ന ദുഷ്‌പേരിനും അത് കാരണമാകും.
കര്‍ണാടകയോ തമിഴ്‌നാടോ എന്നതല്ല മോദി-ഷാ, ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇപ്പോഴുള്ള ലക്ഷ്യം. അവര്‍ക്ക് വേണ്ടത് ഹിന്ദു രാഷ്ട്രമാണ്. അതിനായി വേണ്ടത് രാജ്യത്തിന്റെ അധികാരമാണ്. 2019ല്‍ മോദിയുടെ ഭരണം തുടരാന്‍ കഴിഞ്ഞാല്‍ അത് ആ വഴിക്കുള്ള കുതിച്ചുചാട്ടമാകുമെന്ന് നാഗ്പൂരിലെയും ഡല്‍ഹിയിലെയും കാവിനേതൃത്വത്തിന് ഉറപ്പുണ്ട്. അപ്പോള്‍ കര്‍ണാടകയിലെ തോല്‍വി തിരിച്ചുവരവിനുമുമ്പുള്ള തോല്‍വിയായി കാണാനാണ് അവര്‍ക്ക് ആഗ്രഹം.
തെക്കേ ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ സംസ്ഥാനമായിട്ടും കര്‍ണാടക നിയമസഭയിലേക്ക് മല്‍സരിച്ച 2654 സ്ഥാനാര്‍ത്ഥികളില്‍ മൂന്നിലൊന്നുപേര്‍ കോടിപതികളായിരുന്നുവെന്ന കാര്യം ആലോചിക്കണം. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയുമൊക്കെ എം.എല്‍.എമാര്‍ കോടിപതികളാണ്. അവര്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നത് മാത്രമാണ് ഇപ്പോഴത്തെ ചോദ്യം. കോണ്‍ഗ്രസും ജനതാദള്‍ എസും ചേര്‍ന്നുള്ള ഭരണം വരും മാസങ്ങളില്‍ കര്‍ണാടകയില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനായിരുന്നു അവിടെ 122 സീറ്റുമായി ഭരണം. എം.എം കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വെടിവെച്ചുകൊന്നവര്‍ സനാതന്‍ സംസ്ഥാനാണെന്ന സംശയത്തിനിടയിലും വെടിയുടെ ഒച്ചകള്‍ നീളുന്നത് ബി.ജെ.പിയിലേക്കാണ്. എന്നിട്ടും എന്തുകൊണ്ട് കര്‍ണാടകത്തിലെ 36 ശതമാനം പേര്‍ ബി.ജെ.പിയെ പിന്തുണച്ചു എന്ന് ചോദിക്കരുത്. അത്രകണ്ട് മലീമസമാണ് സംസ്ഥാനത്തെ ജാതി-മത രാഷ്ട്രീയവും വര്‍ഗീയ ധ്രുവീകരണത്തിന്റെ അളവും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള മോദിയുടെ ലക്ഷ്യത്തിന് കോണ്‍ഗ്രസ്-ജനതാദള്‍ എസ് ഭരണം ഒരുവിധ സഹായവുമായിക്കൂടാ. ഇരുപാര്‍ട്ടികളും ബി.എസ്.പിയും ചേര്‍ന്നുണ്ടാക്കിയിരിക്കുന്ന തെരഞ്ഞെടുപ്പാനന്തര കൂട്ടുകെട്ട് വിള്ളലിലേക്ക് നീങ്ങിയാല്‍ അതാകും ബി.ജെ.പിക്കുള്ള വലിയ പ്രചാരണായുധം. മോദിയും അമിത്ഷായും യെദിയൂരപ്പയും ദീര്‍ഘദര്‍ശനം നടത്തുന്നതും അതിനാണ്. അപ്പോള്‍ ഉത്തരവാദിത്തം പരമാവധി ചെന്നുനില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ തലയിലാണ്. അവരാണ് രാജ്യത്തെ ഏറ്റവും വലിയ മതേതരകക്ഷി. ബി.ജെ.പിയുടെ കാവിമോഹങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ എന്തുകൊണ്ടും ഭാരിച്ച ബാധ്യതയുള്ളത് കോണ്‍ഗ്രസിനാണ്. ജനതാദള്‍, ഇടതുകക്ഷികള്‍, യു.പിയിലെ എസ്.പി, ബി.എസ്.പി, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, വേണ്ടിവന്നാല്‍ ജമ്മുകശ്മീരിലെ പി.ഡി.പി, തമിഴ്‌നാട്ടിലെ ഡി.എം.കെ എന്നിവയെയൊക്കെ വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പിലേക്കെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് നേതൃത്വം നിറവേറ്റേണ്ടത്. അതിനുള്ള ആത്മവിശ്വാസം കര്‍ണാടക ഇന്നലത്തെ മതേതര വിജയത്തിലൂടെ കോണ്‍ഗ്രസ് അണികള്‍ക്ക് ആവോളം തന്നിട്ടുണ്ട്. അതിനെ വോട്ടാക്കിമാറ്റുക എന്നതായിരിക്കണം 2019 മെയിലേക്കുള്ള അന്തിമലക്ഷ്യം. കര്‍ണാടകയിലേത് മോദി-ഷാത്വത്തിന്റെ അന്ത്യമാകണം. അധ്യക്ഷ പദമേറ്റെടുത്ത ശേഷം 2017ല്‍ പഞ്ചാബിലും ഇപ്പോള്‍ കര്‍ണാടകയിലും ഉണ്ടായ രാഹുല്‍ഗാന്ധിയുടെ വിജയം ഓരോ മതേതരവിശ്വാസിയുടെയും ആഹ്ലാദാരവം കൂടിയാണ്. ഗുജറാത്തില്‍ കഴിഞ്ഞവര്‍ഷം രാജ്യസഭാസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോല്‍പിക്കാന്‍ മോദി കാട്ടിയ പരാക്രമം അമ്പേ പരാജയപ്പെട്ടതിന് സമാനമാണ് കര്‍ണാടകയിലെ നേട്ടം. ഭരണഘടനാസ്ഥാപനങ്ങളെ അവഹേളിച്ച മോദിയുടെ നീക്കങ്ങളിലൂടെ ജനാധിപത്യത്തിന്റെ കരിനാളുകളായി 2018 മെയ് 15 മുതലുള്ള മൂന്നുദിനങ്ങള്‍ അറിയപ്പെടുമ്പോള്‍ അതിലെ പുതുപുത്തന്‍ അധ്യായമായി ഇന്ത്യാ ചരിത്രത്തില്‍ 2018 മെയ് 19 എന്നെന്നും തിളങ്ങിനില്‍ക്കുകതന്നെ ചെയ്യും.