തീവ്ര വലത് ഫാസിസ്റ്റുകള്‍ ഇന്ത്യ താവളമാക്കുന്നു

കെ. മൊയ്തീന്‍കോയ

യൂറോപ്യന്‍ രാജ്യങ്ങളിലെ ഫാസിസ്റ്റ്, നാസിസ്റ്റ് എം.പിമാരുടെ കശ്മീര്‍ യാത്രയും വാട്സ്ആപ്പ് വഴി ഇസ്രാഈല്‍ നടത്തിയ ചാരപ്പണിയും മോദി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്ന പാത ഒരിക്കല്‍ കൂടി പുറത്ത്‌കൊണ്ട്‌വരികയാണ്. ലോകരാജ്യങ്ങളിലെ അതിതീവ്ര വലതുപക്ഷ വിഭാഗങ്ങളുമായി മോദി സര്‍ക്കാറിന്റെ കൂട്ട് ഇന്ത്യയുടെ പരമ്പരാഗത നയത്തെ തകര്‍ക്കുന്നതാണ്. യൂറോപ്പിലെ തീവ്ര വലത് എം.പിമാരെ കശ്മീരില്‍ കൊണ്ട്‌വന്ന് മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് ഓശാന പാടിക്കേണ്ടതില്ലായിരുന്നു. ഇന്ത്യയിലെ എം.പിമാരെ കശ്മീരില്‍ കടക്കാന്‍ അനുവദിക്കാതെ എന്തിന് ഇത്തരമൊരു പ്രഹസനം. തിരിച്ചുപോകുമ്പോള്‍ എം.പി സംഘം ശ്രീനഗറില്‍ തെരഞ്ഞെടുത്ത ഏതാനും വാര്‍ത്താലേഖകരോട് വ്യക്തമാക്കിയ കാര്യം വിലയിരുത്തിയാല്‍ യാത്രാലക്ഷ്യം കേവലം വിനോദം മാത്രമാണെന്ന് തെളിയുന്നു. കശ്മീര്‍ യാത്ര സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നില്ലെന്ന് എം.പി സംഘം പറയുമ്പോള്‍ മോദി സര്‍ക്കാറിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗം തന്നെയാണ് യൂറോപ്യന്‍ നാടകം.
കുപ്രസിദ്ധയായ ഇടനിലക്കാരിയെ കെട്ടി എഴുന്നള്ളിച്ച നടന്ന ‘യൂറോപ്യന്‍ നാടകം’ ലോക സമൂഹത്തില്‍ ഇന്ത്യയെ പരിഹാസ്യമാക്കി.

ബ്രസല്‍സ് (ബെല്‍ജിയം) കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജ മാഡി ശര്‍മ്മയാണ് കശ്മീര്‍ യാത്ര ആസൂത്രണം ചെയ്തത്. വുമണ്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ തിങ്ക് ടാങ്ക് എന്ന എന്‍.ജി. ഒയുടെ ഉടമ. ഇന്റര്‍നാഷനല്‍ ബിസിനസ് ദല്ലാള്‍ എന്നാണ് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്നത്. 30 എം.പിമാര്‍ക്ക് ഇവര്‍ കത്തയച്ചു. ബ്രിട്ടനിലെ ലിബറല്‍ ഡമോക്രാറ്റിക് അംഗം ക്രിസ് ഡേവിഡ് ക്ഷണം നിരസിക്കുകയും കത്ത് പുറത്ത്‌വിടുകയും ചെയ്തതോടെ യാത്ര വിവാദമായി. കശ്മീര്‍ യാത്രയും മോദിയുമായുള്ള കൂടിക്കാഴ്ചയുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. മോദി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വികസന പരിപാടികള്‍ക്ക് പിന്തുണ നല്‍കാന്‍ യൂറോപ്പില്‍ സ്വാധീനമുള്ള എം.പിമാരായ നിങ്ങള്‍ക്ക് കഴിയുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ നോണ്‍ അലൈന്‍ഡ് സ്റ്റഡീസ് എന്ന സ്ഥാപനമാണ് യാത്ര സ്പോണ്‍സര്‍ ചെയ്യുക എന്നും കത്തില്‍ അറിയുന്നു. ചേരിചേരാ നയം പ്രോത്സാഹിപ്പിക്കുന്നതിന് 1980-ല്‍ ഡല്‍ഹി കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട ഇന്‍സ്റ്റിറ്റിയൂട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

സ്ഥാപകനായ ഡോ.ഗോവിന്ദ് നാരായന്‍ ശ്രീവാസ്തവ 1999ല്‍ മരിച്ച ശേഷം തലപ്പത്ത് ആരുമില്ല. സഫ്ദര്‍ജംഗ് റോഡിലെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. ഫോണ്‍ എടുക്കാറുമില്ല. അത്‌കൊണ്ട്തന്നെ യാത്ര ആസൂത്രണം ചെയ്ത ബുദ്ധികേന്ദ്രം മാഡി ശര്‍മ്മയോ ഇന്‍സ്റ്റിറ്റിയൂട്ടുകാരോ അല്ലെന്ന് വ്യക്തമാണ്. നരേന്ദ്രമോദിക്ക്‌വേണ്ടി കേന്ദ്ര സര്‍ക്കാറും സംഘ്പരിവാര്‍ കേന്ദ്രങ്ങളും ഒരുക്കിയ യൂറോപ്യന്‍ നാസിസ്റ്റ് സംഘത്തിന്റെ യാത്ര പാളിപ്പോയെന്ന് ബി.ജെ.പി വൃത്തങ്ങള്‍തന്നെ സമ്മതിക്കുന്നു. മാലദ്വീപ് ഇലക്ഷന്‍ കാര്യത്തില്‍ ഇടപെട്ട് വിവാദ നായികയായ മഡി ശര്‍മ്മ ഒരിക്കല്‍കൂടി പരിഹാസപാത്രമാവുന്നു. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും മോദി സര്‍ക്കാറിന്റെ നിലപാടിനെ ചോദ്യം ചെയ്തും പ്രതികരിച്ചു. അന്ന് സഖ്യകക്ഷിയായിരുന്ന ശിവസേന എതിര്‍ത്തു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ശിവസേന വിമര്‍ശിച്ചു. സന്ദര്‍ശനത്തിന് ഡല്‍ഹിയിലെത്തിയ 27 എം.പിമാരില്‍ നാലു പേര്‍ അവസാന നിമിഷം പിന്‍മാറിയത് കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന് കനത്ത പ്രഹരവുമായി. കശ്മീരികളുമായി സംസാരിക്കാനോ ഇഷ്ടമുള്ള പ്രദേശങ്ങളില്‍ പോകാനോ പാടില്ലെന്ന് വിലക്കിയതാണ് നാല് എം.പിമാര്‍ യാത്രയില്‍നിന്ന് പിന്‍മാറാന്‍ കാരണം.

രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് കശ്മീരില്‍ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍പോയ പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. ജമ്മു കശ്മീര്‍ ആഗസ്ത് 5ന് വെട്ടിമുറിച്ച ശേഷം മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ തടങ്കലിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. പൊതുഗതാഗതം പരിമിതം. സര്‍വത്ര സൈനിക ഭരണം. വാര്‍ത്താമാധ്യമങ്ങള്‍ക്ക് നിയന്ത്രണം. ടെലഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ നിയന്ത്രിക്കപ്പെട്ടു. 35000 അധിക സൈനികരെ ഇറക്കി കശ്മീരികളെ തുറന്ന ജയിലില്‍ ആക്കിയിരിക്കുകാണ്. പ്രത്യേക പദവി 370 വകുപ്പും 35 എ. വകപ്പും എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കള്‍ അവരുടെ സംസ്ഥാന പദവിയും റദ്ദാക്കിയിട്ടുണ്ട്. 371 എ വകുപ്പ് നാഗന്‍മാര്‍ക്കും ബി.വകുപ്പ് അസമിനും സി. വകുപ്പ് മണിപ്പൂരിനും ഡി. വകുപ്പ് ആന്ധ്രക്കും ജി വകുപ്പ് മിസോറാമിനും എച്ച് വകുപ്പ് അരുണാചലിനും ഇ വകുപ്പ് സിക്കിമിന്നും നിലവിലുള്ളത് എന്ത്‌കൊണ്ട് ഒഴിവാക്കുന്നില്ല. ഇവിടെയാണ് ബി.ജെ.പി ഹിഡന്‍ അജണ്ട.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം തടയുന്ന കേന്ദ്ര സര്‍ക്കാര്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ വിമര്‍ശനത്തേയും അവഗണിക്കുകയാണ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇന്ത്യന്‍ കാര്യങ്ങള്‍ക്കുള്ള റിപ്പോട്ടിലെ ആക്ഷേപം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. കശ്മീര്‍ സന്ദര്‍ശനത്തിന് തയാറായ അമേരിക്കന്‍ സെനറ്റര്‍ ക്രിസ് വാന്‍ഹോളിന് അനുമതി നിഷേധിക്കകയുണ്ടായി. 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം ഉണ്ടായ സ്ഥിതിഗതിയെ കുറിച്ച് ഒന്നും മറച്ച്‌വെക്കാനില്ലെങ്കില്‍ സന്ദര്‍ശനം തടയുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് അമേരിക്കന്‍ എം.പിക്ക് മറുപടി നല്‍കാത്തവരാണ് യൂറോപ്പിലെ തീവ്ര വലത് പക്ഷക്കാരായ എം.പിമാര്‍ക്ക് കശ്മീരിലെത്താന്‍ യാത്രാസൗകര്യവും താമസവും ഭക്ഷണവും നല്‍കി ആദരിച്ചത്.

യൂറോപ്യന്‍ സംഘത്തെകുറിച്ച് പരിശോധിച്ചാല്‍ മിക്കവരും മുസ്‌ലിം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും മുദ്രാവാക്യമാക്കിയ പാര്‍ട്ടിയില്‍ പെട്ടവരാണ്. ഇറ്റലിയിലെ ഫ്രോസാ ഇറ്റാലിയ, ഫ്രാന്‍സിലെ റിസം ബിള്‍മെന്റ് നാഷനല്‍, പോളണ്ടിലെ ജസ്റ്റീസ് ആന്റ് ലോ പാര്‍ട്ടി, ജര്‍മ്മനിയിലെ ആള്‍ട്ടര്‍നേറ്റീവ് ഫര്‍വ്യൂഷ് ലാന്റ് എന്നീ പാര്‍ട്ടിക്കാരാണ് എം.പിമാര്‍. ഇവരുടെ രാഷ്ട്രീയവും മതപരവുമായ സമീപനം യൂറോപ്പിലെ രാഷട്രീയ നിരീക്ഷകര്‍ക്ക് വ്യക്തമാണ്. രണ്ട് മാസത്തിലധികമായി പരസ്പരം സംസാരിക്കാനോ കാണാനോ കഴിയാത്ത കശ്മീരികള്‍ സ്വതന്ത്രരാണെന്ന് യൂറോപ്യന്‍ സംഘം അറിയിച്ചാല്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ ഇന്ത്യക്കാര്‍; ലോക സമൂഹവും.

കഴിഞ്ഞ ആഴ്ച ന്യൂഡല്‍ഹിയിലെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിനും കശ്മീരിലെ സ്ഥിതിഗതികളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ചൈനീസ് പ്രസിഡന്റില്‍നിന്നും അനുകൂല സമീപനം പ്രതീക്ഷിച്ചുവെങ്കിലും അസ്ഥാനത്തായി. കശ്മീര്‍ നടപടിയില്‍ കേന്ദ്ര സര്‍ക്കാറിന് അനുകൂലമായി ലോക രാഷ്ട്രങ്ങളില്‍ പ്രചാരണം നടത്താനുള്ള മോദിയുടെ തന്ത്രം വിലപ്പോയില്ല. മറ്റൊരു പ്രഹരമാണ് ഇസ്രാഈലി ചാരപ്പണി. ജൂലൈ മാസം തന്നെ ഈ വിവരം വാട്സ്ആപ്പ് അധികാരികള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. വളരെ നേരത്തെ ചാരപ്പണി തുടങ്ങിയിരുന്നുവെന്ന് വ്യക്തം. പൊതു തെരെഞ്ഞെടുപ്പിന് മുമ്പേ പ്രമുഖ പ്രതിപക്ഷ നേതാക്കളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയതിന് തെളിവ് പുറത്തു വരികയാണ്. പ്രിയങ്കാഗാന്ധി, മമതാബാനര്‍ജി, മായാവതി, ശരത് പവാര്‍ തുടങ്ങി നിരവധി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതായി വാര്‍ട്സ് അപ്പ് അധികൃതര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയത് ഗുരുതര പ്രശ്നമാണ്. അധികാരം നിലനിര്‍ത്തുന്നതിന് സംഘ്പരിവാര്‍ ശക്തികള്‍ നടത്തിയ ജനാധിപത്യ വിരുദ്ധ നിലപാടിന്റെ ഏറ്റവും തരംതാണ പരിപാടിയാണിത്. 27 രാജ്യങ്ങളിലെ 1400 ഫോണുകളില്‍ ചാരപ്പണി നടത്തിയതില്‍ ഇന്ത്യയില്‍ ആദ്യവിവരം അനുസരിച്ച് 121 ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെ വിവരം അറിയച്ചിട്ടും നടപടി സ്വീകരിക്കാത്തത് നല്‍കുന്ന സൂചന ഇസ്രാഈലുമായി മോദി സര്‍ക്കാറിന്റെ അവിഹിത ബന്ധമാണ്. ഫോണ്‍ ചോര്‍ത്തിയ ഇന്ത്യക്കാരായ 121 പേരുടെ ലിസ്റ്റ് ഇതോടൊപ്പം കൈമാറിയിട്ടും മൗനത്തിലായ കേന്ദ്ര സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടില്‍ തന്നെയാണ്. ഇസ്രാഈലി ചാരപ്പണി മോദി – അമിത്ഷാ കൂട്ടുകെട്ടിന്റെ ആവശ്യപ്രകാരമാണെന്ന് സംശയിക്കാവുന്നതുമാണ്. ഇന്ത്യയിലെ സൈബര്‍ കുറ്റങ്ങളുടെ നിരീക്ഷകരായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി സ്പോണ്‍സ് ടീമിനെ (സേര്‍ട്ട് – ഇന്‍) അറിയിച്ചിരുന്നുവെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നുണ്ട്.

ഇക്കാര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാറിന് അയച്ചതിന്റെ ഇ മെയില്‍ രേഖകളും അവര്‍ പുറത്ത്‌വിട്ടു. കേന്ദ്രത്തിന്റെ കള്ളക്കളി ഇതിലൂടെ പൊളിയുന്നു. ലോക വ്യാപകമായി വളര്‍ന്ന പുത്തന്‍ കൂട്ട്കെട്ട് ഇവിടെ പ്രസക്തമാണ്. വെള്ള വംശീയതയുടെ പ്രചാരകനായ ഡോണാള്‍ഡ് ട്രംപും സയണിസ്റ്റ് ഭീകരതയുടെ പ്രതീകമായ ഇസ്രാഈലും സംഘ്പരിവാര്‍ ഫാസിസ്റ്റ് ശക്തികളും തമ്മിലുള്ള ചങ്ങാത്തം ലോക പ്രശസ്തമാണ്. ഇസ്രാഈല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രചാരണ ബോര്‍ഡില്‍ ട്രംപിന്റേയും മോദിയുടെയും ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹൂസ്റ്റണില്‍ ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട്‌ചെയ്യാന്‍ മോദി നടത്തിയ അഭ്യര്‍ത്ഥന വിവാദമായിരുന്നു. ഇസ്രാഈലി ചാരപ്പണി ലോക വ്യാപകമായി വന്‍ വിവാദം സൃഷ്ടിക്കുന്നു. സഊദി വിമത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെയും മെക്സിക്കന്‍ സര്‍ക്കാറിന്റെയും ഫോണ്‍ ചോര്‍ത്തി എതിര്‍ കക്ഷികള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം ആഭ്യന്തര, വൈദേശിക വിഷയങ്ങളില്‍ ഉപദേശം സ്വീകരിക്കുന്നത് അമേരിക്കയില്‍നിന്നും ഇസ്രാഈലില്‍ നിന്നുമാണ്. സ്വാതന്ത്ര്യാനന്തരം നാം സ്വീകരിച്ച്‌വന്ന നിലപാടുകള്‍ തകര്‍ക്കുകയാണ്. യൂറോപ്പിലെ തീവ്ര വലത്പക്ഷ ഫാസിസ്റ്റുകളുടെ കശ്മീര്‍ സന്ദര്‍ശനം ഈ സാഹചര്യത്തില്‍ ഭീകരമായ അപകടസൂചനയാണ്. ലോകത്തെ തീവ്ര വലത് ഫാസിസ്റ്റുകള്‍ ഇന്ത്യയെ സജീവ കേന്ദ്രമാക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നു. ജനാധിപത്യ – മതേതര ശക്തികള്‍ ആലസ്യം വെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

SHARE