‘ഇരു കൂട്ടരുടേയും പ്രവൃത്തി അപക്വം’; ഷൈന്‍ വിഷയത്തില്‍ പ്രതികണവുമായി സംവിധായകന്‍ ആഷിഖ് അബു

കൊച്ചി: യുവനടന്‍ ഷൈന്‍ നിഗത്തിന് സിനിമയില്‍ നിര്‍മ്മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. നിര്‍മ്മാതാക്കളുടെ വിലക്കും ഷൈന്‍ നിഗത്തിന്റെ മുടിവെട്ടും അപക്വമായ പ്രവൃത്തികളായിപ്പോയെന്ന് ആഷിഖ് അബു പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

വിലക്ക് ഒരു കാലത്തും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ്. കരാര്‍ ലംഘനം ഉണ്ടായെങ്കില്‍ അതിന് നിയമപരമായ വഴികള്‍ തേടുകയാണ് വേണ്ടിയിരുന്നത്. നിര്‍മ്മാതാക്കള്‍ വൈകാരികമായാണ് ഇതിനോട് പ്രതികരിച്ചത്. പത്രസമ്മേളനവും അപക്വമായിപ്പോയെന്നും ആഷിഖ് അബു പറഞ്ഞു. ഷൈനിന്റെ ഭാഗത്തുനിന്ന് വളരെ അപക്വമായ രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഷൈന്‍ അത് തിരുത്തണമെന്നും മുടങ്ങിപ്പോയ സിനിമകള്‍ ചെയ്തു തീര്‍ക്കണമെന്നും ആഷിഖ് അബു പറഞ്ഞു. പുതുമുഖ സംവിധാകരുടെ സിനിമകളാണ് അത് രണ്ടും. അവരുടെ ഭാവി കൂടി നോക്കിയിട്ട് വേണം പ്രതികരണം.

‘സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ കാരവനൊക്കെ ഇടക്ക് പരിശോധിക്കുന്നതു കൊണ്ടായിരിക്കും. അവര്‍ക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ കാണും. മറ്റു സെറ്റുകളിലെ കാരവനുകളില്‍ നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. എനിക്ക് എന്റെ സെറ്റിലെ കാര്യം മാത്രമേ അറിയൂ. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുമില്ല. ആക്ഷേപം ഉന്നയിച്ച നിര്‍മാതാക്കള്‍ ഇങ്ങനെ കാരവനുകളില്‍ കയറുകയും കാര്യങ്ങള്‍ നേരിട്ട് കാണുകയും ചെയ്തതു കൊണ്ടാവാം അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞത്. അവര്‍ പറയുന്നതു പോലെ പൊലീസ് അന്വേഷണം വരട്ടെ. സംഘടന അങ്ങനെ ആവശ്യപ്പെടട്ടെ. ഇവിടുത്തെ നിര്‍മാതാക്കളെക്കുറിച്ച് ഒരു കാലത്ത് എന്തൊക്കെ അപവാദങ്ങള്‍ ആരൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം ശരിയായിരുന്നോ. അതു കൊണ്ട് സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ‘ ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

ഷൈന്‍ നിഗം സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചിത്രീകരണത്തിലിരിക്കുന്ന ഖുര്‍ബാനി, വെയില്‍ എന്നീ രണ്ട് ചിത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ അറിയിച്ചത്. കൂടാതെ സിനിമയില്‍ ഷൈനോട് സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

SHARE