ബാംഗ്ലൂര്‍ ഡെയ്‌സ് ആഷിഖ് കുരുണിയന്‍ ചന്ദ്രികയോട് മനസുതുറക്കുന്നു

മലപ്പുറം: ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ കഴിഞ്ഞ് നാട്ടിലെത്തിയ ആഷിഖ് ഹാപ്പി മൂഡിലാണ്. പ്ലാന്‍ ചെയ്ത യാത്രകള്‍ കോറോണ കൊണ്ടുപോയെങ്കിലും കൂട്ടുകാരോടൊപ്പം പട്ടര്‍ക്കടവില്‍ തന്നെയുണ്ട് ആഷിഖ്. ബാംഗ്ലൂര്‍ എഫ്.സിയോടൊപ്പം ആദ്യ സീസണ്‍ മികച്ചതായിരുന്നുവെന്ന് തന്നെയാണ് ആഷിഖ് പറയുന്നത്. ഒരുപാട് കൊതിയോടെ നോക്കികണ്ട ക്ലബിലെത്തപ്പെട്ടത് സ്വപ്‌ന തുല്യമായിരുന്നു. ചേത്രി ബായിയും ഉദാന്തയും തുടങ്ങി ദേശീയ ടീമിലെ ഒരുപിടി നല്ല കൂട്ടുകാരുണ്ട് ബാംഗ്ലൂരില്‍. അവരുടെ പിന്തുണ ഗ്രൗണ്ടില്‍ വലിയ കരുത്താണ്. പരിശീലകനെ എടുത്തുപറയേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മികവ് തന്നെയാണ് ബാംഗ്ലൂര്‍ ടീം. ഒരു പ്രഫഷണല്‍ ക്ലബ്ബ് എങ്ങനെയെന്ന് ബാംഗ്ലൂര്‍ പഠിപ്പിച്ചുതരും. അവര്‍ക്ക് അവരുടെതായി ചിട്ടവട്ടങ്ങളുണ്ട്. പരിശീലന മുറകളുണ്ട്. ഒരു രക്ഷയുമില്ലാത്ത ക്ലബ്ബ് തന്നെയാണ് ബാംഗ്ലൂര്‍ എന്ന് ആഷിഖ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആയിരുന്നു ആദ്യ ടൂര്‍ണ്ണമെന്റ്. ആറുവര്‍ഷത്തില്‍ ആറു ട്രോഫി നേടിയ ടീം. നിലവിലെ ചാമ്പ്യന്‍സ്. വെല്ലുവിളികളും സമ്മര്‍ദ്ദവും ധാരാളം. ആദ്യ സീസണില്‍ നന്നായി തന്നെ തുടങ്ങാനായി. സെമിയില്‍ മികച്ചൊരു ഗോളും സ്വന്തമാക്കി. ഇനി മൂന്ന് വര്‍ഷത്തെ കരാര്‍ കൂടിയുണ്ട്. പൊളിക്കണം എന്ന് തന്നെയാണ് ആഗ്രഹം. എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ദൈവാനുഗ്രവും ഉണ്ടായാല്‍ സെറ്റ്.

വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്..അവര് പൊളിയല്ലേ…

ബാംഗ്ലൂരിന്റെ ഗ്രൗണ്ടിന്റെ പുറത്തെ കരുത്താണ് വെസ്റ്റ്‌ബ്ലോക്ക് ബ്ലൂസ്. ക്ലബ്ബിന്റെ ആരാധക കൂട്ടം. പ്രഫഷണലിസം എന്താണെന്ന് കാണിച്ചുതന്ന ഇന്ത്യയിലെ ആദ്യത്തെ ഫുട്‌ബോള്‍ ആരാധക കൂട്ടം. ഇവരെ കുറിച്ച് പറയാനും ആഷിഖിന് നൂറു നാവാണ്. ക്ലബ്ബില്‍ സൈന്‍ ചെയ്ത് ടീമിനൊപ്പം ചേരാന്‍ ബാംഗ്ലൂരിലെത്തിയത് ആഷിഖിനിന്നും റോമാഞ്ചമുള്ള ഓര്‍മ്മയാണ്. പരിശീലനത്തിന് ഗ്രൗണ്ടിലെത്തിയപ്പോഴും വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ആരാധക കൂട്ടം വന്‍വരവേല്‍പ്പാണ് താരത്തിന് നല്‍കിയത്. ഇത്തരം ആരാധകരാണ് ഫുട്‌ബോളിന്റെ ജീവനെന്നാണ് അഷിഖിന്റെ അഭിപ്രായം. സ്വന്തം നാട്ടില്‍ കളിക്കുന്ന പോലെ തന്നെയാണ് ബാംഗ്ലൂരിലും.

കോച്ചിന്റെ പയ്യന്‍

ബാഴ്‌സലോണയുടെ മുന്‍ പ്രതിരോധ താരമാണ് കാര്‍ളസ് ക്വാട്രഡ്. ബ്ലാംഗ്ലൂര്‍ എഫ്.സിയുടെ പരിശീലകന്‍. അടിപൊളി മനുഷ്യനാണെന്ന് ആഷിഖ്. യുവതാരങ്ങള്‍ ആ കരങ്ങളില്‍ സുരക്ഷിതമാണെന്ന് ആഷിഖ് പറയും. വളര്‍ന്നുവരുന്ന താരങ്ങളോടുള്ള സമീപനമെല്ലാം പക്ക പോസിറ്റീവ്. അദ്ദേഹത്തിന്റെ ഓരോ വാക്കും വലിയ ഊര്‍ജ്ജം തന്നെയാണ്. സാധാരണ എല്ലാ െ്രെടയിനിംഗ് സെക്ഷനു ശേഷവും തനിക്ക് വേണ്ടി മാത്രമായി കുറച്ചുനേരം കോച്ച് നില്‍ക്കും. ചിലപ്പോള്‍ അത് മണിക്കൂറുകളോളം നീണ്ട് നില്‍ക്കും. സാധാരണ ക്യാമ്പില്‍ നിന്ന് വ്യത്യസ്ഥമായി പലതും പഠിച്ചത് ഈ സമയങ്ങളില്‍ നിന്നായിരുന്നു. കഠിനവും പ്രയോചനപ്രദവുമായ പരിശീലന മുറ വലിയ ആത്മവിശ്വാസം തന്നെയാണ് ഗ്രൗണ്ടില്‍ നല്‍കിയത്.

ആ ഒപ്പില്‍ പലതുമുണ്ട്‌

ഈ സീണണ്‍ കുറച്ച് കാഠിന്യമേറിയത് തന്നെയായിരുന്നുവെന്ന് തന്നെ പറയാം. നേരത്തേയും പല വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും അതൊന്നും മനസ്സില്‍ വെച്ചിരുന്നില്ല. ഇത്തവണ പക്ഷെ അങ്ങനെ ആയിരുന്നില്ല. നല്ല ഒരു അസിസ്‌റ്റോ, മികച്ചൊരു ഗോളോ നേടാന്‍ കഴിയാത്തതില്‍ നല്ല നിരാശ ഉണ്ടായിരുന്നു. ഗോളടിക്കണം എന്ന നല്ല വാശിയും. നിര്‍ണ്ണായകമായ സെമിയില്‍ നല്ലൊരു ഗോള്‍ തന്നെ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു. അതിന്റെ ഒരു സന്തോഷമാണ് സെലിബ്രേഷനില്‍ കണ്ടത്. ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ കയറി എന്ന് കാണിക്കാനായിരുന്നു എന്ന് വേണമെങ്കില്‍ പറയാം അങ്ങനെ ഒരു സെലിബ്രേഷന്‍. സീണണില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും സുന്ദരമായ നിമിഷവും അതു തന്നെയായിരുന്നു.

ഏഷ്യന്‍ കപ്പ് മറക്കില്ല

ദേശീയ ടീമിനൊപ്പം എ.എഫ്.സി ഏഷ്യന്‍ കപ്പ് കളിച്ചതാണ് ഫുട്‌ബോള്‍ കരിയറിലെ മികച്ച നേട്ടമായി കരുതുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിനും വലിയ ആത്മവിശ്വാസമാണ് ഇത്തരം ടൂര്‍ണ്ണമെന്റുകള്‍ നല്‍കുന്നത്. മികച്ച ടീമുകളുമായി മാറ്റുരക്കുന്നത് നമ്മുടെ ടീമിന്റെ കരുത്ത് കൂട്ടാനുതകും. ഏഷ്യന്‍ കപ്പില്‍ കളികുന്നത് ലോകകപ്പ് വരെ കളിച്ച ടീമുകളാണ്. മത്സരങ്ങളെല്ലാം ആവേശം നിറഞ്ഞതായിരുന്നു. ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരം തന്നെ മികച്ച വിജയം നേടാനായത് രാജ്യത്തിന്റെ കരുത്തറിയിക്കുന്നതായി. മറ്റുള്ള രാജ്യങ്ങളൊക്കെ ഇന്ത്യന്‍ ഫുട്‌ബോളിനെ അറിയാന്‍ തുടങ്ങി എന്നത് തന്നെ വലിയ കാര്യമാണ്. ദേശീയ കുപ്പായത്തില്‍ കൂടുതല്‍ കാലം കളിക്കണമെന്നാണ് ആഗ്രഹം. ലോകകപ്പ് യോഗ്യത മത്സരങ്ങളെല്ലാം വരുന്നുണ്ട്. ദേശീയ ടീമിന്റെ പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പരിചയസമ്പത്തുള്ള പരിശീലകനാണ്. അദ്ദേഹത്തിന്റെ കീഴില്‍ ടീമിന് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. രാജ്യത്ത് ഫുട്‌ബോള്‍ വളര്‍ച്ചയിലെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

കറക്കമാ മെയ്ന്‍

ഫുട്‌ബോള്‍ കഴിഞ്ഞാല്‍ പിന്നെ യാത്രകളോടാണ് പ്രിയം. ഒഴിവ് സമയങ്ങളിലെല്ലാം ചങ്ങാതിമാരേയും കൂട്ടി കറക്കം തന്നെയാണ് മുഖ്യപണി. ഒഴിവ് ദിവസങ്ങളില്‍ ദൂരയാത്രകള്‍ കഴിഞ്ഞില്ലെങ്കിലും അടുത്ത സ്ഥലങ്ങളിലേക്കെങ്കിലും ഒന്നു ചുറ്റിയടിച്ച് വരല്‍ നിര്‍ബന്ധമാണ്. വീട്ടില്‍ കുത്തിയിരിക്കാന്‍ തീരെ ഇഷ്ടമില്ലെന്നര്‍ത്ഥം. യാത്രകള്‍ക്ക് കൂട്ടിന് പട്ടര്‍ക്കടിവലെ ചങ്കുകളും ഉണ്ടാകും. ചില സമയങ്ങളില്‍ കൂടെ പഠിച്ചവരും കളിച്ചവരുമെല്ലാം. ആഷിഖ് എപ്പോഴും ആള്‍കൂട്ടത്തിലാണ്. നാട്ടിലും പുറത്തുമെല്ലാം വലിയ സൗഹൃദ വലയം. ദേശീയ താരമായപ്പോഴും അതൊന്നും മറക്കാനോ അവരെയൊന്നും ഒഴിവാക്കാനോ ആഷിഖിന് കഴിയില്ല. ‘ദേശീയ’ ഡ്യൂട്ടിയെല്ലാം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാല്‍ പട്ടര്‍ക്കടവിലുണ്ടാകും ആഷിഖ്. അവരുടെ കൂടെ കളിക്കാനും സൊറ പറയാനുമെല്ലാം….