ഏഷ്യന്‍ ഗെയിംസ്: ഗോദയില്‍ പുതുചരിതം രചിച്ച് വിനേഷ് ഫോഗട്ട്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരമായി വിനേഷ് ഫോഗട്ട്. ജക്കാര്‍ത്തയില്‍ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ 6-2ന് വീഴ്ത്തിയാണ് ഇരുപത്തിനാലുകാരിയായ ഫോഗട്ട് ചരിത്രം കുറിച്ചത്. ആദ്യദിനം പുരുഷവിഭാഗം ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയും സ്വര്‍ണം നേടിയിരുന്നു. രണ്ടാം ദിനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണ് ഫോഗട്ടിന്റേത്.

പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പില്‍ ഇരുപതുകാരന്‍ താരം ലക്ഷയ്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളി നേടിയിരുന്നു. വനിതാ വിഭാഗം ടെന്നിസ് സിംഗിള്‍സില്‍ അങ്കിത റെയ്‌നയും പുരുഷവിഭാഗം സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥനും പ്രീക്വാര്‍ട്ടറിലെത്തി. പുരുഷവിഭാഗം ക്വാഡ്രപ്പിള്‍ സ്‌കള്‍സില്‍ സ്വാന്‍ സിങ്, ദത്തു ഭോകനാല്‍, ഓംപ്രകാശ്, സുഖ്മീത് സിങ് എന്നിവരും ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്തി. പുരുഷന്‍മാരുടെ ലൈറ്റ്വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്തും ഫൈനലില്‍ ഇടംപിടിച്ചു. പുരുഷ വിഭാഗം ഹാന്‍ഡ്‌ബോള്‍, വനിതാ വിഭാഗം കബഡി എന്നിവയില്‍ വിജയത്തുടക്കമിട്ടു.

അതേസമയം, വനിതാ ബാഡ്മിന്റന്‍ ടീം ഇനത്തില്‍ ഇന്ത്യ തോറ്റു. ജപ്പാനെതിരെ പി.വി. സിന്ധു ഇന്ത്യയ്ക്കായി വിജയത്തോടെ തുടക്കമിട്ടെങ്കിലും സൈന നെഹ്വാള്‍ ഉള്‍പ്പെടെയുള്ളവര്‍ തോറ്റതാണ് വിനയായത്. സ്വര്‍ണം ഉറപ്പിച്ചിറങ്ങുന്ന കബഡിയില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി.ദക്ഷിണ കൊറിയയുടെയും ഉത്തര കൊറിയയുടെയും സംയുക്ത ടീമിനോട് 23-24നാണ് ഇന്ത്യ തോറ്റത്. പ്രോ കബഡി ലീഗില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സാന്നിധ്യമാണ് കൊറിയക്ക് കരുത്തായത്. ഇതാദ്യമായാണ് കബഡിയില്‍ കൊറിയ ഇന്ത്യയെ കീഴടക്കുന്നത്.

SHARE