ഏഷ്യന്‍ ഗെയിംസ്: ബജ്‌റങ് പൂനിയയിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

Jakarta: India's Bajrang Punia poses with his gold medal after winning in the Finals of men's freestyle wrestling (65kg) against Japan's Daichi Takatani at the Asian Games 2018, in Jakarta on Sunday, August 19, 2018.

ജക്കാര്‍ത്ത: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ബജ്‌റങ് പൂനിയയിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 65 കിലോ ഗാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ബജ്‌റങ്ങിന്റെ സ്വര്‍ണനേട്ടം. വാശിയേറിയ പോരാട്ടത്തില്‍ ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെയാണ് ബജ്‌റങ് മലര്‍ത്തിയടിച്ചത് (സ്‌കോര്‍ 10-8).

ഇന്ത്യ ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ഗുസ്തിയില്‍ ബജ്‌റങ്ങിന്റെ സ്വര്‍ണവും ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച അപൂര്‍വി ചന്ദേല-രവികുമാര്‍ സഖ്യത്തിന്റെ വെങ്കലവും മാത്രമാണ് ആദ്യ ദിനത്തിലെ ഇന്ത്യയുടെ സമ്പാദ്യം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തിലാണ് ചന്ദേല-രവികുമാര്‍ സഖ്യം വെങ്കലം നേടിയത്.

ഗുസ്തിയില്‍ ഓളിംപ്യന്‍ സുശീല്‍ കുമാര്‍ ഉള്‍പ്പെടെയുള്ള മറ്റു താരങ്ങള്‍ നിരാശപ്പെടുത്തി. ഫ്രീസ്‌റ്റൈല്‍ 74 കിലോ വിഭാഗത്തില്‍ സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍, സന്ദീപ് ടോമര്‍ (57 കിലോ), പവന്‍കുമാര്‍ (86 കിലോ), മൗസം ഖത്രി (97) എന്നിവര്‍ക്കും നേട്ടമുണ്ടാക്കാനായില്ല.

ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീം ഇനത്തില്‍ മനു ഭാക്കറും അഭിഷേക് വര്‍മയും ഉള്‍പ്പെടുന്ന ടീം ഫൈനല്‍ കാണാതെ പുറത്തായി. പുരുഷ വിഭാഗം കബഡി, ബാഡ്മിന്റന്‍, ടെന്നിസ് മിക്‌സഡ് ഡബിള്‍സ്, വനിതാ വിഭാഗം ഹോക്കി, വനിതാ വിഭാഗം കബഡി എന്നിവയില്‍ ഇന്ത്യ വിജയത്തോടെ തുടക്കമിട്ടു. അതേസമയം, വനിതാ വിഭാഗം വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, എന്നിവയില്‍ ഇന്ത്യ തോല്‍വി രുചിച്ചു.

2018 ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയ ചൈന തന്നെയാണ് ആദ്യം ദിനം ഒന്നാം സ്ഥാനത്ത്. 21 ഇനങ്ങളില്‍ മെഡല്‍ തീരുമാനിക്കപ്പെട്ട ആദ്യ ദിനത്തില്‍ ഏഴു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 16 മെഡലുകളുമായി ചൈനയുടെ സമ്പാദ്യം. മൂന്നു സ്വര്‍ണവും ആറു വെള്ളിയും അഞ്ചു വെങ്കലവുമുള്‍പ്പെടെ 14 മെഡലുകളുമായി ജപ്പാന്‍ രണ്ടാമതും, രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 10 മെഡലുമായി കൊറിയ മൂന്നാമതുമുണ്ട്. ഒരു സ്വര്‍ണവും ഒരു വെങ്കലവുമായി ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്.