ഏഷ്യയിലെ സമ്പന്നന്‍ മുകേഷ് അംബാനിക്ക് 2019ലുണ്ടായത് വന്‍ കുതിപ്പ്

മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ രാജ്യം മാന്ദ്യത്തിലായ 2019ലും വന്‍കുതിപ്പ്. ഈ വര്‍ഷം ഡിസംബര്‍ 23നുള്ളില്‍ അംബാനി തന്റെ സമ്പാദ്യത്തിലേക്ക് 18 ബില്യണ്‍ ഡോളര്‍ കൂടി നേടിയതായി ബിസ്‌നസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അംബാനിയുടെ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ വിപണി മൂല്യം അടുത്തിടെയാണ് 10 ലക്ഷം കോടി രൂപ കടന്നത്. ഇന്ത്യന്‍ വ്യവസായിയുടെ സമ്പാദ്യത്തിലുണ്ടായ കുതിച്ചുചാട്ടം അദ്ദേഹത്തിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികളില്‍ 40% വര്‍ദ്ധനവിന് കാരണമായി.

ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം ലോകത്തെ സമ്പന്നരുടെ 2019ലെ പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തിയിരുന്നു. ഫോബ്‌സിന്റെ ‘റിലയല്‍ ടൈം ബില്യണയേഴ്‌സ്’ പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ലെ ഫോബ്‌സിന്റെ സമ്പന്ന പട്ടികയില്‍ 13ാം സ്ഥാനമായിരുന്നു മുകേഷ് അംബാനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ആസ്തി’ 6080 കോടി ഡോളറാണ്.

പട്ടികയില്‍ ഒന്നാമന്‍ ആമസോണിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ ആസ്തി ഈ വര്‍ഷം കണക്കുപ്രകാരം 11300 കോടി ഡോളറാണ്.

റിലയന്‍സിന്റെ ഓഹരി വില ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണിമൂല്യം നേടുന്നതും ഇതാദ്യമായാണ്.

വിപണിമൂല്യത്തിന്റെ കാര്യത്തില്‍ റിലയന്‍സിന് പിന്നിലുള്ളത് ടിസിഎസാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള കമ്പനികള്‍.