നടിയെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി; അമ്മാവന്‍ റിമാന്റില്‍

തലശ്ശേരി: നടി പ്രണതിയെയും അമ്മയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ താരത്തിന്റെ അമ്മാവനെ മജിസ്‌ട്രേറ്റ് കോടതി റിമാന്റില്‍. തലശ്ശേരി സ്വദേശി അരവിന്ദ് രത്‌നാകറിനെയാണ് നടപടി. ഇയാളില്‍ നിന്നും തോക്കും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് സംഭവം. അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു നടിയും അമ്മയും.

എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയാണ് പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അരവിന്ദ് രത്‌നാകര്‍ തിര നിറച്ച പിസ്റ്റള്‍ ചൂണ്ടി വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ‘ഫോര്‍ ദ പീപ്പിള്‍’ ഉള്‍പ്പടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ച നടിയാണ് പ്രണതി. മുന്‍കാല മലയാള നടന്‍ ജോസിന്റെ മകളാണ് പ്രണതി.