ശബരിമല: യുവതികള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ യുവാവിന് നേരെ ആക്രമണം

മലപ്പുറം: ശബരിമല പ്രവേശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച യുവതികള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ യുവാവിന് നേരെ ആക്രമണം. മലപ്പുറം കാരക്കോട് ഉത്സവത്തിനിടെയാണ് നിലമ്പൂര്‍ കാരക്കോട് സ്വദേശി സന്ദീപിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് സന്ദീപ് ആരോപിച്ചു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല പ്രവേശനത്തിന് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത് അടക്കമുള്ള മൂന്ന് യുവതികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് യുവതികള്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. ഇക്കാര്യം അറിയിക്കാന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ യുവതികള്‍ക്കൊപ്പം സന്ദീപും എത്തിയിരുന്നു. ഇതിന് പിന്നാലെ സന്ദീപ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

SHARE