യൂബര്‍ ഡ്രൈവറെ ആക്രമിച്ച് കാറുമായി കടന്നു

പുതുക്കാട്/കാലടി: അളഗപ്പനഗറില്‍ ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് പിന്‍തുടര്‍ന്ന് കാര്‍പിടിച്ചെടുത്തു. തട്ടിയെടുത്ത പ്രതികള്‍ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ ടാക്‌സി ഡ്രൈവര്‍ മണ്ണംപേട്ട കരുവാപ്പടി പാണ്ടാരി വീട്ടില്‍ രാജേഷിനെ പുതുക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയിലാണ് സംഭവം. തൃശൂരില്‍ നിന്ന് യൂബര്‍ ടാക്‌സി കാറാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപത്തുനിന്നാണ് രണ്ടുപേര്‍ പുതുക്കാട്ടേയ്ക്ക് യൂബര്‍ ടാക്‌സി വിളിച്ചത്. പുതുക്കാട് എത്തിയ ഇവര്‍ കാണേണ്ടയാളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് കാര്‍ ചുങ്കം വഴി ആമ്പല്ലൂരിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അളഗപ്പനഗറില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട യാത്രക്കാര്‍ പൈസ എടുക്കാന്‍ പുറത്തിറങ്ങിയ ഉടനെയാണ് ഡ്രൈവറെ ആക്രമിച്ചത്. ഒരാള്‍ സ്‌പ്രേ അടിച്ച് മയക്കാന്‍ ശ്രമിച്ചെങ്കിലും രാജേഷ് തട്ടിമാറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ തലക്കടിച്ചശേഷം കത്തികാണിച്ച് രാജേഷിനോട് ഇറങ്ങിയോടാന്‍ പറയുകയായിരുന്നു. രാജേഷ് പുറത്തിറങ്ങിയ ഉടന്‍ ആക്രമികള്‍ കാറുമായി രക്ഷപ്പെട്ടു. രാജേഷ് അപ്പോള്‍തന്നെ സുഹൃത്തിനെയും പുതുക്കാട് പൊലീസിനെയും വിളിച്ചറിയിച്ചു. പുതുക്കാട് പൊലീസ് എത്തിയാണ് രാജേഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊരട്ടിയിലുണ്ടായിരുന്ന ഹൈവേ പൊലീസ് അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്‍തുടര്‍ന്ന് കാലടിയില്‍വെച്ച് പിടികൂടുകയായിരുന്നു. പൊലീസ് പിന്‍തുടരുന്നതറിഞ്ഞ പ്രതികള്‍ കാര്‍ റോഡരികില്‍ നിര്‍ത്തി രക്ഷപ്പെട്ടു. രണ്ടംഗസംഘമാണ് ഇതിന് പിന്നിലെന്നും മലയാറ്റൂര്‍,നീലീശ്വരം പ്രദേശങ്ങളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നുമാണ് പ്രാഥമിക നിഗമനം. കെ എല്‍ 8 എ ഇസഡ് 9 2 5 0 എന്ന നമ്പരിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് തട്ടിക്കൊണ്ടുപോയശേഷം ഉപേക്ഷിച്ചത്. തുടര്‍ന്ന് കാലടി സ്റ്റേഷനിലെത്തിച്ച വാഹനം ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ വിശദമായ പരിശോധന നടത്തി.

SHARE