അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം.

പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസ് വാഹനത്തില്‍ മധുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാവൂവെന്ന് പൊലീസ് അറിയിച്ചു. മധുവിന്റെ മരണത്തില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയാണ്.

SHARE