ഇന്ത്യയെ തല്ലിതകര്‍ത്ത് ഓസീസ്; ജയം പത്ത് വിക്കറ്റിന്

ടോസില്‍ തുടങ്ങി തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ത്യക്ക് ഇന്ന്. മുംബൈ വാങ്കഡെയില്‍ ഇന്ത്യ ഓസീസിനോട് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 10 വിക്കറ്റിനാണ് ഓസീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ എല്ലാവരെയും നഷ്ടപ്പെടുത്തി നേടിയത് 255 റണ്‍സായിരുന്നു.എന്നാല്‍ ഓസീസ് ആരും പുറത്താവാതെ 74 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ചും ഇന്ത്യന്‍ ബോളര്‍മാരെ തല്ലിചതച്ചു. വാര്‍ണര്‍ 128 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഫിഞ്ച് 110 റണ്‍സെടുത്തു. വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.

ലോകത്തെ മികച്ച ബോളിങ് കൂട്ടുക്കെട്ടെന്ന് വിളിക്കപ്പെടുന്ന ജസ്പ്രീത് ബുമ്ര – മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന കരുത്തുറ്റ നിരക്ക് ഓസീസിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ പോയത് ഇന്ത്യയ്ക്ക് കനത്ത നാണക്കേടായി.ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍ ഒഴികെ മറ്റാര്‍ക്കും അര്‍ധസെഞ്ചുറി നേടാന്‍ സാധിച്ചില്ല.ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ് , റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടും ഏദം സാമ്പ, ആഷ്റ്റണ്‍ ആഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

SHARE